(2026 മാർച്ച് 8 മുതൽ – 14 വരെ)
തുലാക്കൂറിൽ ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ വാരാഹി പഞ്ചമി , മണ്ടയ്ക്കാട് കൊട, ഗുരുവായൂർ ആറാട്ട് എന്നിവയാണ്. വാരം ആരംഭിക്കുന്ന മാർച്ച് 8 നാണ് വാരാഹി പഞ്ചമി. വരാഹി ദേവിയെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിവസമാണ് വാരാഹി പഞ്ചമി. ഓരോ മാസത്തെയും ശുക്ലപക്ഷ, കൃഷ്ണപക്ഷ പഞ്ചമി തിഥികളിലാണ് ദേവിക്കായി പ്രത്യേക പൂജകൾ നടത്തുന്നത്. കുംഭത്തിലെ കൃഷ്ണപക്ഷ പഞ്ചമിയാണ് ഞായറാഴ്ച. അന്ന് തന്നെയാണ് ഗുരുവായൂരപ്പൻ്റെ പള്ളിവേട്ട. അന്ന് ദീപാരാധനയ്ക്ക് ശേഷം ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം രാവിലെ 6 മണിക്ക് ഉണരുന്നു. ഉഷപൂജ, എതിരേറ്റുപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആറാട്ട് ദിവസം നടത്താറുണ്ട്. അന്ന് സ്വർണ്ണത്തിൽ തീർത്ത ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നഗര പ്രദക്ഷിണം കഴിഞ്ഞ് ആറാട്ട് മഹോത്സവം നടക്കും. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജയുണ്ട്. തുടർന്ന് കൊടിയിറക്ക് നടക്കുന്നതോടെ 10 ദിവസത്തെ ഉത്സവം സമാപിക്കും. മാർച്ച് 14 ന് മകരക്കൂറ് തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. പിറ്റേന്ന് ഞായറാഴ്ചയാണ്
പാപമോചിനി ഏകാദശിയും. മീന സംക്രമവും ഏകാദശി വ്രതം എടുക്കുന്നവർ ശനിയാഴ്ച ദ്വാദശിയിൽ വ്രതം തുടങ്ങണം. ഈ ആഴ്ചത്തെ നക്ഷത്രഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4) പൊതുവെ അനുകൂലമായ ഫലങ്ങളാണ് പ്രവചിക്കപ്പെടുന്നത്. കർമ്മരംഗത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. അതെല്ലാം വിജയകരമായി പൂർത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടാക്കടങ്ങൾ ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ബന്ധുക്കളും സുഹൃത്തുക്കളും പിന്തുണയ്ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക ഉന്മേഷം നിലനിർത്തും. ഭക്ഷണത്തിൽ മിതത്വം വേണം. വിനോദയാത്രകൾക്കും ഔദ്യോഗിക യാത്രകൾക്കും യോഗമുണ്ട്. ഓം നമഃ ശിവായ എന്നും ജപിക്കണം. തിങ്കളാഴ്ച ശിവക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി കഴിപ്പിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കർമ്മ രംഗത്ത് സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും . സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും സഹായിക്കും. മൊത്തത്തിൽ ശാന്തമായ ജീവിതവും സാമ്പത്തിക നേട്ടങ്ങളും കാണുന്നു. വിവേകപൂർണ്ണമായ നിക്ഷേപങ്ങൾ ഭാവിയിൽ നേട്ടം നൽകും. ചെലവുകൾ നിയന്ത്രിക്കണം. കുടുംബത്തിൽ സമാധാനവും ഐക്യവും നിലനിൽക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം സന്തോഷം പകരും. വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കാൻ അവസരം കിട്ടും. ആരോഗ്യകാര്യത്തിൽ പുരോഗതി ഉണ്ടാകും. ശാരീരിക, മാനസിക ആരോഗ്യം നിലനിർത്താൻ ശ്രമിക്കണം. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. വിവാഹം കാര്യത്തിൽ സമയം അനുകൂലമാണ്. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും ജപിക്കുക. ദേവീക്ഷേത്രത്തിൽ ദർശനം അർച്ചന നടത്തുന്നത് തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽപരമായി സമ്മർദ്ദങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ തുടങ്ങാൻ ശ്രമിക്കും. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. സാമ്പത്തികമായി അതീവ ജാഗ്രത വേണം. പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സൂക്ഷ്മത വേണം. അപ്രതീക്ഷിത ചെലവ് വരാനിടയുണ്ട്. കടം കൊടുക്കുന്നത് ഒഴിവാക്കുക. വീട്ടിൽ ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകളിൽ മിതത്വം പാലിച്ചാൽ ബന്ധങ്ങൾ സൂക്ഷിക്കാൻ കഴിയും. ഉദര രോഗങ്ങൾ, മാനസികസമ്മർദ്ദം എന്നിവ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ഷമയോടെയും ആസൂത്രണത്തോടെയും മുന്നോട്ട് നീങ്ങി പ്രതിസന്ധികൾ മറികടക്കും. ഓം ക്ലീം കൃഷ്ണായ നമഃ എന്നും ജപിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസിമാല സമർപ്പിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി തടസ്സങ്ങൾ പരിഹരിക്കാൻ സാധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കുമ്പോൾ ജാഗ്രത പാലിക്കുക. വരവിനൊപ്പം ചെലവും വർദ്ധിക്കാൻ സാധ്യതയുണ്ട്. ആഡംബരങ്ങൾക്ക് പണം ചെലവഴിക്കുന്നത് നിയന്ത്രിക്കണം. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. തൊഴിൽ സ്ഥലത്ത് കഠിനാധ്വാനം ആവശ്യമായി വരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയും. രക്ഷിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പങ്കാളിയുമായി നിലനിന്ന തർക്കങ്ങൾ പരിഹരിക്കും. ജലദോഷം, പനി തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ദൂരയാത്രയിൽ വിലപ്പെട്ട രേഖകളും വസ്തുക്കളും സൂക്ഷിക്കുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ആദിത്യ അഷ്ടോത്തരം എന്നും ജപിക്കണം.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ജോലിയിൽ വൻ മാറ്റം പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അനുയോജ്യ സമയമാണ്. അധികാര പദവികളിലുള്ളവർക്ക് സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ലഭിക്കും. സവിശേഷമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത. ലോട്ടറി, ചിട്ടി എന്നിവ വഴി അപ്രതീക്ഷിത ലാഭം കിട്ടും. ലഭിക്കാം.വലിയ തുകകൾ കടം കൊടുക്കുന്നത് ഒഴിവാക്കുക. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത. പ്രണയ വിവാഹത്തിലേക്ക് നീങ്ങും. മക്കളുടെ കാര്യത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ശാരീരിക അസ്വസ്ഥത വരാതെ ശ്രദ്ധിക്കണം. ദീർഘയാത്രകൾ ഫലപ്രദമാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം കിട്ടും . അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് അപകീർത്തി വരാതെ ശ്രദ്ധിക്കണം. ഓം നമോ നാരായണായ ജപിക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പാൽപ്പായസം വഴിപാടായി കഴിപ്പിക്കുന്നത് തടസ്സം നീക്കും.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
തടസ്സങ്ങൾ മാറി നേട്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സമാധാനമുണ്ടാകും. മനസ്സിന് സന്തോഷം ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും. നേത്രരോഗങ്ങൾക്ക് സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക. തടസ്സപ്പെട്ടു കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. പരീക്ഷയിലും അഭിമുഖങ്ങളിലും മികച്ച വിജയം കൈവരിക്കും. ലക്ഷ്യങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിക്കും.മറ്റുള്ളവരുടെ അനാവശ്യ ഉപദേശങ്ങൾ കേട്ട് വഴി തെറ്റാതിരിക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ തേടിവരും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. ബിസിനസ്സ് രംഗത്തുള്ളവർക്ക് ലാഭം വർദ്ധിക്കും. സാമ്പത്തിക നില ഭദ്രമാകും. ആഡംബരങ്ങൾക്കായി അമിതമായി പണം ചിലവഴിക്കുന്നത് നിയന്ത്രിക്കണം. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. ഓം വചത്ഭുവേ നമഃ ജപിക്കുക. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തി അർച്ചന സമർപ്പിക്കുന്നത് ഉത്തമമാണ്.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. തുടക്കത്തിൽ സഹപ്രവർത്തകരുമായി ഒത്തുപോകാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. പിന്നീട് തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ചെലവ് കുറയ്ക്കണം.കൃത്യമായ സാമ്പത്തിക ആസൂത്രണം നന്നായിരിക്കും. വൻ നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് മുതിർന്നവരുടെ ഉപദേശം തേടുക. വീട്ടിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ശാന്തിയും സമാധാനവും നിലനിർത്താനാകും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും. ടെൻഷൻ കുറയ്ക്കാൻ ശ്രദ്ധിക്കണം. ത്വക് രോഗം, ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാം. വിദേശ യാത്രയ്ക്ക് നല്ല സമയമാണ്. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക. പതിവായി ദേവീ ക്ഷേത്രദർശനം നടത്തുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗത്ത് വൻ മുന്നേറ്റമുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ പറ്റിയ സമയമാണ്. ഒട്ടേറെ ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കുമെങ്കിലും അതോടൊപ്പം ചെലവുകളും ഉണ്ടാകും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്ന് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബന്ധുക്കൾക്കിടയിലെ പിണക്കങ്ങൾ മാറി ഐക്യം പുനഃസ്ഥാപിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യം മെച്ചപ്പെടും. യാത്രകളിൽ ജാഗ്രത വേണം. ദൂരയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ഏത് പ്രതിസന്ധിയെയും നേരിടാൻ സാധിക്കും. ഓം വചത്ഭുവേ നമഃ 108 ഉരു ജപിക്കണം. സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിയിൽ ചുമതലകൾ വർദ്ധിക്കും. എന്നാൽ അതെല്ലാം ഭംഗിയായി പൂർത്തിയാക്കാൻ കഴിയും. പുതിയ സ്ഥാനമാനങ്ങളും ശമ്പളവർദ്ധനവും പ്രതീക്ഷിക്കാം. കലാരംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും. പൊതുവേ അനുകൂലമായ ഫലങ്ങൾ കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ ലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ആദായം ലഭിക്കും. ഓഹരി വിപണിയിൽ ജാഗ്രത പാലിക്കുക. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. പിതാവിൽ നിന്നും സഹായം ലഭിക്കും. സുഹൃത്തുക്കളുമായി യാത്ര പോകാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും. അമിതമായ ജോലി മൂലം ക്ഷീണം അനുഭവപ്പെടാം. ചിരകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സാധിക്കും. വീട് പണി പൂർത്തിയാക്കും. പുതിയ വാഹനം വാങ്ങാൻ നല്ല സമയമാണ്. ഓം നമോ നാരായണായ ജപിക്കുക. വിഷ്ണു ക്ഷേത്ര ദർശനം തടസ്സങ്ങൾ നീങ്ങാൻ ഗുണകരമായിരിക്കും.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽരംഗത്ത് നിന്ന് തിരിയാൻ സമയം കിട്ടില്ല. അത് കാരണം സഹപ്രവർത്തകരോട് കലഹിക്കരുത്. ആരുമായും തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വാരാന്ത്യത്തിൽ കാര്യങ്ങൾ അനുകൂലമാകും. തടസ്സങ്ങൾ നീങ്ങും. സാമ്പത്തികം കാര്യങ്ങളിൽ ജാഗ്രത വേണം. അനാവശ്യ ചിലവുകൾ ഒഴിവാക്കണം. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. വീട്ടിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ച വേണ്ടി വരും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ദൂരദേശത്തുള്ള ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കും. സന്ധിവേദനയോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കുറച്ച് കാത്തിരിക്കുന്നത് നന്നായിരിക്കും. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. ക്ഷമയോടെയുള്ള സമീപനം പല പ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക. ശാസ്താ ക്ഷേത്ര ദർശനം നടത്തുന്നത് ഗുണകരമാണ്.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പൊതുവെ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. അദ്ധ്വാനത്തിന് അനുസരിച്ച് അംഗീകാരം ലഭിക്കാൻ അല്പം കാത്തിരിക്കേണ്ടി വരും. ധനസ്ഥതിയിൽ പുരോഗതി ഉണ്ടാകും. നിക്ഷേപങ്ങൾ നടത്തും മുൻപ് വീട്ടുകാരുമായി ആലോചിക്കണം. കുടുംബത്തിൽ സമാധാനമുണ്ടാകും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. സുഹൃത്തുക്കളിൽ നിന്ന് സഹായ സഹകരണം പ്രതീക്ഷിക്കാം.
അലർജി സംബന്ധമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഏറെ നാളായി ആഗ്രഹിച്ച കാര്യങ്ങൾക്കായി പണം ചെലവഴിക്കും. ആത്മവിശ്വാസം വിജയത്തിന് വഴിതുറക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിന് നീരാജനം തെളിയിക്കുന്നത് ഗുണം ചെയ്യും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പുതിയ ചുമതലകൾ തേടിവരും. മേലുദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിക്കും. സഹപ്രവർത്തകരുടെ അലസത മൂലം ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ശ്രദ്ധയോടെ ജോലി ചെയ്ത് പ്രശംസ നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ വരുമാന മാർഗങ്ങൾ ആലോചിക്കും. നിക്ഷേപങ്ങൾ ശ്രദ്ധിച്ചു മാത്രം മതി. സന്തോഷകരമായ വാർത്ത കേൾക്കും. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസം തീരും. ജീവിതപങ്കാളിയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാകും. നേത്രരോഗം ശ്രദ്ധിക്കണം. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. ദീർഘദൂര യാത്ര കുറയ്ക്കുന്നത് നന്നായിരിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുക. ക്ഷേത്രദർശനം പതിവാക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: +91 9847475559
Story Summary: Astrological predictions for March 8 to 14
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.