Wednesday, October 21, 2026
Wednesday, October 21, 2026
Home » ഈ വെള്ളിയാഴ്ച പ്രദോഷം നോറ്റാൽ ദുഃഖം തീരും, ആശകൾ സാധിക്കും

ഈ വെള്ളിയാഴ്ച പ്രദോഷം നോറ്റാൽ ദുഃഖം തീരും, ആശകൾ സാധിക്കും

by NeramAdmin
0 comments

പരമശിവൻ്റെയും പാർവതി ദേവിയുടെയും പ്രീതി നേടാൻ ഏറ്റവും മഹത്തായ ആചരണമാണ് പ്രദോഷ വ്രതം. ഭക്തിയോടെയും ശുദ്ധിയോടെയും പ്രദോഷവ്രതം എടുത്താൽ സർവ്വപാപങ്ങളും നശിക്കുകയും ജീവിതാഭിലാഷങ്ങൾ സാധിച്ച ശേഷം ശിവലോക പ്രാപ്തിയും നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. മാസത്തില്‍ കുറഞ്ഞത് രണ്ട് ത്രയോദശി തിഥി വരും. അതിനാൽ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും 2 പ്രദോഷ വ്രതം ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. അതിവേഗം
ഫല സിദ്ധിയാണ് ഇതിന് പറയുന്നത്.

ത്രയോദശി സന്ധ്യയ്ക്ക്
2026 ഒക്ടോബർ 23 വെള്ളിയാഴ്ച തുലാത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതമാണ്. അന്ന് കാലത്ത് ദ്വാദശിയാണെങ്കിലും
വൈകിട്ട് ത്രയോദശിയുള്ളതിനാണ് അന്നാണ് പ്രദോഷം ആചരിക്കുന്നത്. 23 ന് പകൽ 2:36 ന് തുടങ്ങുന്ന ത്രയോദശി 24 ന് പകൽ 1:36 വരെയുണ്ട്

ദുഃഖങ്ങൾ ശമിക്കും
പ്രദോഷ ദിവസം ശിവ പാർവതിമാരെ ഭക്തിപൂർവം മന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് ഭജിക്കുകയും യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുകയും ചെയ്താൽ ദാരിദ്ര്യദുഃഖശമനം, ആരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിൽ ഇരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ മുപ്പത്തി മുക്കോടി ദേവതകളുടെയും സാന്നിധ്യമുണ്ട്. അതിനാൽ ഈ തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ മഹാദേവന്റെയും പരാശക്തിയുടെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹ കടാക്ഷം ലഭിക്കും.

വ്രതശുദ്ധി അനിവാര്യം
മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി പ്രദോഷവ്രതം അനുഷ്ഠിക്കണം. ദുഷിച്ച കൂടുകെട്ടുകൾ, ലഹരി വസ്തുക്കൾ, മത്സ്യമാംസാദികൾ, പരദ്രോഹചിന്ത ഇവ
പാടില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരെയുംദ്രോഹിക്കരുത്. മനസ് ഈശ്വര ചിന്തയിൽ ഏകാഗ്രമാക്കി കഴിയണം. സ്ത്രീപുരുഷബന്ധം പാടില്ല. പുകവലി, വെറ്റില മുറുക്ക് ഇതൊന്നും പാടില്ല. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കൽ എടുക്കണം. പ്രദോഷ ദിവസം ഉപവാസമായി വ്രതം അനുഷ്ഠിക്കണം. രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവ സഹസ്രനാമം, ശിവപുരാണപാരായണം, ലിംഗാഷ്ടകം, വിശ്വനാഥാഷ്ടകം ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷ വ്രതപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രു ദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാവിധ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.

വേഗം കാര്യസിദ്ധി
ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിഞ്ഞു പോകും. ആബാലവൃദ്ധം ശിവഭക്തർക്കും ഏറ്റവും പ്രിയപ്പെട്ട, ശിവ ഭഗവാൻ്റെ സ്വരൂപവർണ്ണനയായ ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം.. എന്ന് തുടങ്ങുന്ന കീർത്തനം, 11 പ്രദോഷത്തിന് തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി നിശ്ചയമാണ്. വ്രതം അനുഷ്ഠിക്കാത്തവർ പ്രദോഷനാൾ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നത് അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമാണ്.

ALSO READ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിശ്വനാഥാഷ്ടകം കേൾക്കാം :

https://youtu.be/qmavh4Iw2g8

ജോതിഷി പ്രഭാസീന സി പി, മൊബെൽ+91 9961442256

Story Summary: Significance of Pradosha Viratham of Thulam Sukla Paksha

Highlights
കാലത്ത് ദ്വാദശിയാണെങ്കിലും
വൈകിട്ട് ത്രയോദശിയുള്ളതിനാണ് വെള്ളിയാഴ്ച പ്രദോഷം

മാസംതോറും ഒരു പ്രദോഷമെങ്കിലും എടുത്താൽ ദുരിതങ്ങൾ ശമിക്കും

പ്രദോഷനാൾ ധാര, കൂവളമാല, പിന്‍വിളക്ക്  വഴിപാടുകള്‍ സമർപ്പിച്ചാൻ അഭീഷ്ടസിദ്ധി നടത്തും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?