Friday, November 20, 2026
Friday, November 20, 2026
Home » ശിവപാർവതിമാരെ ഭജിച്ച് പ്രദോഷ പൂജ തൊഴുതാൽ സുഖം , സന്തോഷം

ശിവപാർവതിമാരെ ഭജിച്ച് പ്രദോഷ പൂജ തൊഴുതാൽ സുഖം , സന്തോഷം

by NeramAdmin
0 comments

ശിവപാർവതി പ്രീതി നേടാൻ ഏറ്റവും
നല്ല ദിവസമാണ് സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസം ആചരിക്കുന്ന പ്രദോഷം. ഭക്തിയും ശുദ്ധിയും പാലിച്ച്
പ്രദോഷ നാളിൽ ശിവപാർവതിമാരെ ആരാധിച്ചാൽ പാപമോചനം നേടി എല്ലാ ആഗ്രഹങ്ങളും സാധിക്കാം. ഭൗതികമായ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കും.

എല്ലാ ദോഷവും തീരും

മാസംതോറും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രുദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.

പുണ്യ കർമ്മങ്ങള്‍ക്ക് ഉത്തമം

എല്ലാ മാസവും കുറഞ്ഞത് രണ്ട് ദിവസം സന്ധ്യയ്ക്ക് ത്രയോദശി തിഥി വരും. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന രണ്ടു പ്രദോഷ വ്രതവും ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പുണ്യ കർമ്മങ്ങള്‍ അനുഷ്ഠിക്കാൻ ഉത്തമമായ ദിവസമാണ് പ്രദോഷം. ഇതിൽ തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും വളരെ ശ്രേഷ്ഠമാണ്. ഈ ദിവസത്തെ ശിവപൂജ, വഴിപാടുകൾ, വ്രതം എന്നിവയ്ക്ക് ഇരട്ടിഫലം ലഭിക്കുമെന്ന് പറയുന്നു.

ALSO READ

Shop Now Visit Okalasha
Antique Brass Shiva Parvati Family Idol (7.5 cm) – Shiva Parivar Brass Statue https://www.okalasha.com/shop/antique-brass-shiva-parvati-family-idol-75-cm-shiva-parivar-brass-statue

മന്ത്ര, സ്‌തോത്ര ജപം ഉത്തമം
2026 നവംബർ 22 ഞായാറാഴ്ച വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്. അന്ന് ശിവ ക്ഷേത്രത്തിൽ ദർശനം, വഴിപാടുകൾ എന്നിവ നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും ശിവപഞ്ചാക്ഷരി ഓം നമഃ ശിവായ, ശിവ അഷ്ടോത്തരം, ഉമാമഹേശ്വര സ്തോത്രം, പാർവതീ വല്ലഭാഷ്ടകം, ലിംഗാഷ്ടകം, കാലഭൈരവാഷ്ടകം, ശിവാഷ്ടകം, ശങ്കര ധ്യാന പ്രകാരം, ദാരിദ്ര്യദുഃഖ ദഹന സ്തോത്രം, ശിവപഞ്ചാക്ഷര സ്‌തോത്രം തുടങ്ങിയവ ജപിക്കുന്നത് ഗുണപ്രദമാണ്.

സർവ്വൈശ്വര്യങ്ങളും ലഭിക്കും

പ്രദോഷ ദിവസം വ്രതം നോറ്റാൽ
ദാരിദ്ര്യശമനം, ആയുരാരോഗ്യം, ആഗ്രഹസാഫല്യം, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും. ഭഗവാൻ ശ്രീ മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം.

എല്ലാ ദേവതകളുടെയും സാന്നിദ്ധ്യം

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, പാർവതി ദേവിയെ രത്‌നപീഠത്തിലിരുത്തി ഭഗവതിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീ ഭഗവതി വീണ വായിക്കും. ബ്രഹ്മദേവൻ താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴലൂതും. മഹാലക്ഷ്മി ഗീതം ആലപിക്കും. മഹാവിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വയക്ഷകിന്നരന്മാര്‍, അപ്‌സരസുകള്‍ തുടങ്ങി എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും. അങ്ങനെ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയിൽ കൈലാസത്തില്‍ മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യമുണ്ടാകും. അതിനാൽ ഈ തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം.

ഒരിക്കലെടുക്കണം

പ്രദോഷ വ്രതം നോൽക്കുന്നവർ അതിന്റെ തലേന്ന് ഒരിക്കലെടുക്കണം. മാനസികമായും ശാരീരികമായും
ശുദ്ധി പാലിക്കണം. ദുഷിച്ച കൂടുകെട്ടുകൾ, ലഹരി വസ്തുക്കൾ, മത്സ്യമാംസാദികൾ, പരദ്രോഹചിന്ത ഇവ പാടില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരെയും ദ്രോഹിക്കരുത്. മനസ് ഈശ്വര ചിന്തയിൽ ഏകാഗ്രമാക്കി കഴിയണം. സ്ത്രീപുരുഷബന്ധം, പുകവലി, വെറ്റില
മുറുക്ക് ഇതൊന്നും പാടില്ല.

പ്രദോഷ പൂജ തൊഴണം

പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം.
ഉപവാസം അനുഷ്ഠിക്കണം. അതിന് ആരോഗ്യം അനുവദിക്കാത്തവർക്ക് ലഘു ഭക്ഷണം കഴിക്കാം. വൈകുന്നേരം പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷപൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീ സ്തോത്രം, ശിവ അഷ്ടോത്തരം, സഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം.

ഉദ്ദിഷ്ടകാര്യം സാധിക്കും

ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിവാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം :

ജോതിഷി പ്രഭാസീന സി പി,
മൊബൈൽ: + 91 9961442256

Story Summary: Significance of Pradosha Viratham on Vrichikam Sukla Paksha

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?