ജീവിതവിജയമുൾപ്പെടെ ഏതൊരുകാര്യസിദ്ധിക്കും ഏറ്റവും ഫലസിദ്ധിയുള്ള സുബ്രഹ്മണ്യ പ്രീതികരമായ ആരാധനയാണ് ഷഷ്ഠി വ്രതാചരണം. എല്ലാ ഷഷ്ഠിയും സുബ്രഹ്മണ്യന് പ്രധാനമാണെങ്കിലും തുലാമാസത്തിലെ
വെളുത്ത പക്ഷത്തിൽ വരുന്ന സക്ന്ദഷഷ്ഠിയാണ് ഏറ്റവുമധികം ഫലസിദ്ധിയേകുന്നതും വ്രതമെടുക്കാൻ
അത്യുത്തമവുമായ സ്കന്ദഷഷ്ഠി വ്രതം. അസുരന്മാരിൽ നിന്നും സുബ്രഹ്മണ്യ ഭഗവാൻ ലോകത്തെ രക്ഷിച്ചു സകല മനുഷ്യർക്കും ശാന്തി പകർന്ന സ്കന്ദഷഷ്ഠി വ്രതാചരണം സന്താനങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും മഹത്തരമാണ്. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആറാം നാൾ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. ഇത്തവണ തുലാമാസം 29, നവംബർ 15 ഞായറാഴ്ചയാണ് സ്കന്ദഷഷ്ഠി. ഇതിന് ആറു ദിവസത്തെ വ്രതം ശുക്ലപക്ഷ പ്രഥമയായ നവംബർ 10ചൊവ്വാഴ്ച തുടങ്ങണം
ക്ലേശങ്ങൾ അകലും
അറിഞ്ഞോ അറിയാതെയോ ചെയ്ത പുണ്യപാപങ്ങളാണ് മനുഷ്യന്റെ സുഖദു:ഖങ്ങൾക്കു കാരണം. ലോകനാഥനായ ശിവന്റെയും ലോകമാതാവായ പാർവ്വതിയുടെയും പ്രിയപുത്രനായ സുബ്രഹ്മണ്യനെ പ്രാർത്ഥിച്ചാൽ പാപദുരിതങ്ങളകലും. തത്ഫലമായി ജീവിത ക്ലേശങ്ങളുമകലും. പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ ധർമ്മത്തിലാണ്. എപ്പോഴേല്ലാം ധർമ്മം നശിക്കുന്നോ അപ്പോഴെല്ലാം പരബ്രഹ്മശക്തി ധർമ്മ സംരക്ഷണത്തിനായെത്തുന്നു. അങ്ങനെ താരകാസുരനിൽ നിന്നും ശൂര പത്മാസുരനിൽ നിന്നും പ്രപഞ്ചത്തെ രക്ഷിക്കാൻ ഉണ്ടായ തിരുഅവതാരമാണ് സുബ്രഹ്മണ്യൻ.

6 ദിവസ വ്രതചര്യ
സുബ്രഹ്മണ്യന്റെ ആരാധനാ ദിവസങ്ങളിൽ ഏറ്റവും ഉത്തമവും പ്രശസ്തവുമാണ് സ്കന്ദഷഷ്ഠി വ്രതം. പ്രഥമ മുതൽ ആറ് ദിവസമായും 3 ദിവസമായും ഒരു ദിവസം മാത്രമായും വ്രതം എടുക്കാം. പൂർണ്ണ ഉപവാസമായോ ലഘുഭക്ഷണമെടുത്തോ വ്രതം പാലിക്കാം. 6 ദിവസം ഒന്നിച്ചു വ്രതമെടുക്കുകയാണ് എങ്കിൽ ഉച്ചയ്ക്ക് ഊണ് കഴിക്കുകയും മറ്റ് നേരങ്ങളിൽ പഴവർഗ്ഗം കഴിക്കുകയും ആകാം. എല്ലാവിധ പാപങ്ങളും അകറ്റി ഇഷ്ടകാര്യ വിജയം നൽകുന്നതിന് സ്കന്ദഷഷ്ഠി വ്രതം ശ്രേഷ്ഠമാണ്. ഭൗതിക വിജയങ്ങൾക്കും മോക്ഷപ്രാപ്തിക്കും സുബ്രഹ്മണ്യനെ ഭജിക്കാം. തുലാമാസത്തിൽ അവസാനിക്കും വിധം 6 മാസം ഷഷ്ഠിയെടുത്താൽ 12 ഷഷ്ഠി നോറ്റ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കുന്നു. സ്കന്ദഷഷ്ഠി നോറ്റാൽകഷ്ടപ്പാടും അലച്ചിലും മാറി തൊഴിൽ വിജയവും ജീവിതവിജയവും ഉണ്ടാകും. ചൊവ്വാ ദോഷങ്ങൾ മാറും. സന്താനങ്ങൾക്ക് ക്ഷേമം ലഭിക്കും. സ്കന്ദഷഷ്ഠി വ്രതമെടുത്ത് സുബ്രഹ്മണ്യാരാധന നടത്തേണ്ടത് എങ്ങനെയെല്ലാമാണെന്ന് നോക്കാം:
സ്കന്ദപുരാണ പാരായണം
ALSO READ
സ്കന്ദഷഷ്ഠി നാളിൽ രാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്രദർശനം നടത്തി ശുദ്ധമായ സ്ഥലത്തിരുന്ന് സുബ്രഹ്മണ്യ
മന്ത്രങ്ങളും സ്തുതികളും സ്കന്ദപുരാണവും പാരായണം ചെയ്താൽ പാപശമനമുണ്ടാകും. രോഗാദിദുരിതങ്ങൾ, കാര്യവിഘ്നം, ശത്രുദോഷം, തടസ്സം എന്നിവ മാറി ശാന്തിയും സമാധാനവും ഭാഗ്യവും ഉണ്ടാകാനും മന്ത്ര ജപവും സ്കന്ദപുരാണ പാരായണവും നല്ലതാണ്. തികഞ്ഞ ശ്രദ്ധയോടെ ശുദ്ധിയോടെയും തെറ്റുകൂടാതെ വേണം പാരായണം ചെയ്യാൻ. സ്കന്ദപുരാണം മുഴുവനായോ കുറച്ചുമാത്രമായോ പാരായണം ചെയ്യാം.
വിജയത്തിന് മന്ത്രജപം
വിദ്യാവിജയത്തിനും കർമ്മവിജയത്തിനും
ഗുണകരമായ ആറ് സുബ്രഹ്മണ്യമന്ത്രങ്ങൾ
ഓം സനലക്കുമാരായ നമഃ
ഓം സ്കന്ദായ നമഃ
ഓം ഇന്ദ്രായ നമഃ
ഓം വിശാഖായ നമഃ
ഓം ഷഷ്ഠയേ നമഃ
ഓം ഷൺമുഖായ നമഃ
ഈ 6 മന്ത്രങ്ങളും 2 നേരവും 36 പ്രാവശ്യം വീതം ചൊല്ലുക. സ്കന്ദഷഷ്ഠി തുടങ്ങി 41 ദിവസം ജപിക്കുക. ഏതൊരു വിഷയത്തിലേയും തടസ്സമകന്ന് ഭാഗ്യം തെളിയും. വ്രതനിഷ്ഠ നിർബന്ധമാണ്.
മനോദു:ഖങ്ങൾ അകറ്റുന്ന
സുബ്രഹ്മണ്യഗായത്രി
ഓം സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹേ തന്നോ സ്കന്ദ: പ്രചോദയാൽ വളരെയധികം ശക്തിയുള്ള ഈ മന്ത്രം 36 വീതം 2 നേരം നിത്യേന ജപിക്കണം. മനോദു:ഖങ്ങൾ മാറാനും അതിശക്തമായ മുൻജന്മദോഷങ്ങളും പാപങ്ങളും അകലാനും ഗുണകരം.
ഗ്രന്ഥദാനം ദുരിതമകറ്റും
ഉപാസകരായ ധാർമ്മികചര്യകളുള്ള വ്യക്തികൾക്ക് സ്കന്ദപുരാണം ദാനം ചെയ്യുന്നത് ദുരിതമകറ്റും. 6,12,18 തുടങ്ങി യഥാശക്തി വ്യക്തികൾക്ക് വെറ്റില, പാക്ക്, ദക്ഷിണ, വസ്ത്രം, സ്കന്ദപുരാണം ഗ്രന്ഥം എന്നിവ സമർപ്പിച്ച് നമസ്കരിക്കുന്നതാണ് ചടങ്ങ്. മുൻ ജന്മാർജ്ജിതമായ പാപങ്ങൾ പോലുമകലാൻ ഈ കർമ്മം ഉത്തമമാണ്. ഉപാസകരായ സുബ്രഹ്മണ്യ ഭക്തർക്ക് തന്നെ പുസ്തകം ദാനം നൽകാൻ ശ്രദ്ധിക്കണം. എന്നാലേ പൂർണ്ണഫലം ലഭിക്കൂ. ചൊവ്വ, തൈപ്പൂയം, ഷഷ്ഠി, പൗർണ്ണമി ദിവസങ്ങൾ ദാനത്തിന് ഉത്തമം. സ്കന്ദഷഷ്ഠി ഏറ്റവും ഉത്തമം.
Story Summary: Six days Skandasahati Vritham begins on November 10 Tuesday
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.