രാജേഷ് പുല്ലാട്ടിൽ
വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് ഏകാദശി വ്രതം. കറുത്ത പക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. കറുത്തപക്ഷ ഏകാദശി പിതൃപ്രീതിയും വെളുത്തപക്ഷ ഏകാദശി ദേവപ്രീതിയും നല്‍കും. വിഷ്ണുഭഗവാനെ മുരന്‍ എന്ന അസുരന്റെ ഉപദ്രവത്തില്‍നിന്നും രക്ഷിച്ച ദേവിയായി ഏകാദശിയെ പറയുന്നു. അസുരനുമായുള്ള യുദ്ധത്തില്‍ ക്ഷീണിതനായ വിഷ്ണുഭഗവാന്‍ ബദര്യാശ്രമത്തിലെ സിംഹവതി ഗുഹയില്‍ പ്രവേശിച്ച് യോഗനിദ്ര പ്രാപിച്ചു. ഈ സമയത്ത് ആക്രമിക്കാന്‍ തുനിഞ്ഞ മുരനെ ഭഗവാന്റെ ശരീരത്തില്‍ നിന്നും ആവിര്‍ഭവിച്ച് ഏകാദശി ദേവി ഭസ്മമാക്കിത്തീര്‍ത്തു. സന്തുഷ്ടനായ വിഷ്ണു ഭഗവാന്‍ ഏകാദശിനാളില്‍ വ്രതം അനുഷ്ഠിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാദ്ധ്യമായിത്തീരുമെന്ന് ആ ദേവിയെ അനുഗ്രഹിച്ചു.
ഒരു മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ആവിര്‍ഭവിച്ച് ഏകാദശി ദേവി ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം വന്ന ശുക്ലപക്ഷ ഏകാദശിനാളില്‍ മുരാസുരനെ വധിച്ചു എന്നാണ് വിശ്വാസം. മാര്‍ഗ്ഗശീര്‍ഷം കേരളത്തിൽ ധനുമാസമാണ്. അതുകൊണ്ട് ഒരു വര്‍ഷത്തെ എല്ലാ ഏകാദശിയും നോൽക്കുന്ന ആചരണം ഈ ദിവസം മുതലാണ് തുടങ്ങേണ്ടത്. അതായത് ധനുമാസത്തിലെ കറുത്തപക്ഷ ഏകാദശി മുതല്‍ എല്ലാ ഏകാദശികളും ആചരിക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയോടുകൂടി അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് രീതി.
ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസങ്ങളും ഏകാദശി വ്രതത്തിൽ പ്രധാനപ്പെട്ടതാണ്. ദശമിനാളില്‍ ഉച്ചയ്ക്കു മാത്രമേ അരി ആഹാരം കഴിക്കാന്‍ പാടുള്ളൂ. അന്ന് രാത്രി പഴവര്‍ഗ്ഗങ്ങളോ ഗോതമ്പിന്റെ നുറുക്കരി കഞ്ഞിയോ കഴിക്കാം. ഏകാദശി നാൾ പൂര്‍ണ്ണമായും ഉപവസിക്കണം. അതിനു സാധിക്കാത്തവര്‍ക്ക് ഗോതമ്പുകഞ്ഞി, പഴവര്‍ഗ്ഗങ്ങള്‍ മുതലായവ കഴിച്ച് വ്രതം അനുഷ്ഠിക്കാം. ദ്വാദശി രാവിലെ വിഷ്ണു ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ചോ തുളസിയില ഇട്ട ജലം സേവിച്ചോ പാരണ വീട്ടാം. ദ്വാദശി ദിനത്തിലും ഉച്ചയ്ക്കു മാത്രമേ അരിഭക്ഷണം പാടുള്ളൂ. രാത്രി പഴവര്‍ഗ്ഗങ്ങള്‍ മുതലായവ കഴിക്കാം.
അരുണോദയസമയത്ത് ദശമി തിഥി ഇല്ലാത്ത ദിനമാണ് ഏകാദശി അനുഷ്ഠിക്കേണ്ടത്. ദശമി സംബന്ധം വന്നാല്‍ അടുത്ത ദിവസം വ്രതമനുഷ്ഠിക്കണം. ഏകാദശിയുടെ അവസാനത്തെ പതിനഞ്ചു നാഴികയും ദ്വാദശി യുടെ ആദ്യത്തെ പതിനഞ്ചു നാഴികയും ചേര്‍ന്ന സമയമാണ് ഹരിവാസരം. ഇത് ഏകദേശം പന്ത്രണ്ടു മണിക്കൂറാണ്. വിഷ്ണുഭഗവാന്റെ സാന്നിദ്ധ്യം ഭൂമിയില്‍ ഉണ്ടായിരിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് ഹരിവാസരം. ഈ സമയത്ത് ചെയ്യുന്ന വിഷ്ണുകീര്‍ത്തനം, വൈഷ്ണവ ക്ഷേത്ര ദര്‍ശനം മുതലായവ പൂര്‍ണ്ണഫലം നല്‍കും. ഹരിവാസരം കഴിഞ്ഞ ശേഷം വ്രതസമാപ്തി വരുത്താം. വിധിപ്രകാരം ഒരു വര്‍ഷം ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മുജ്ജന്മ പാപങ്ങള്‍ കൂടി നശിക്കും. 24 ഏകാദശി വ്രതം ആരംഭിക്കേണ്ട ധനുമാസത്തിലെ ഏകാദശി മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ഏകാദശി ദിവസങ്ങളും ഹരിവാസര സമയവും താഴെ ചേര്‍ക്കുന്നു.
1) 2022 ഡിസംബര്‍ 19: തിങ്കളാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. അന്നേ ദിവസം രാത്രി 8.45 മുതല്‍ ഡിസംബർ 20-ാം തീയതി രാവിലെ 8.02 വരെ ഹരിവാസരം. ഒരു വര്‍ഷത്തേക്ക് ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ഈ ദിവസം മുതല്‍ക്കാണ് വ്രതം ആരംഭിക്കേണ്ടത്.
2) 2023 ജനുവരി 2: തിങ്കളാഴ്ച . സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം. അന്നേ ദിവസം പകല്‍ 2 മണി 9 മിനിട്ടു മുതല്‍ രാത്രി 2.57 വരെ ഹരിവാസരം.
3) 2023 ജനുവരി 18: ബുധനാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. രാവിലെ 10.28 മുതല്‍ രാത്രി 9.45 വരെ ഹരിവാസരം.
4) 2023 ഫെബ്രുവരി 1: ബുധനാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. രാവിലെ 7.32 മുതല്‍ രാത്രി 8.40 വരെ ഹരിവാസരം.
5) 2023 ഫെബ്രുവരി 17: വെള്ളിയാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. ഫെബ്രുവരി 16ന് രാത്രി 9:29 മുതല്‍ രാവിലെ 7:59 വരെ ഹരിവാസരം. തിരുവില്വാമല ഏകാദശി എന്ന പേരില്‍ കേരളത്തില്‍ ഇത് പ്രസിദ്ധം.
6) 2023 മാര്‍ച്ച് 3: വെള്ളിയാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. വെളുപ്പിന് 2 :34നും പകല്‍ 3:50നും മദ്ധ്യേ ഹരിവാസരം. തിരുന്നാവായ ഏകാദശി എന്ന പേരില്‍ ഇത് പ്രസിദ്ധം.
7) 2023 മാര്‍ച്ച് 18: ശനിയാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. അന്ന് വെളുപ്പിന് 5:56 മുതല്‍ പകല്‍ 4:27 വരെ ഹരിവാസരം.
8) 2023 ഏപ്രില്‍ 1: ശനിയാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. അന്ന് രാത്രി 9:45 മുതല്‍ 2ന് രാവിലെ 10:51 വരെ ഹരിവാസരം.
9) 2023 ഏപ്രില്‍ 16: ഞായറാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. അന്ന് പകല്‍ 12:52നും രാത്രി 11:38നും മദ്ധ്യേ ഹരിവാസരം.
10) 2023 മേയ് 1: തിങ്കളാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. പകല്‍ 3:42 മുതല്‍ രാത്രി 4:24 വരെ ഹരിവാസരം.
11) 2023 മേയ് 15: തിങ്കളാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. രാത്രി 7:32നും പിറ്റേന്ന് മേയ് 16 രാവിലെ 6:43 വരെ ഹരിവാസരം.
12) 2023 മേയ് 31: ബുധനാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. അന്ന് രാവിലെ 7.33നും രാത്രി 7.40നും മദ്ധ്യേ ഹരിവാസരം.
13) 2023 ജൂണ്‍ 14: ബുധനാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. വെളുപ്പിന് 3 മണിക്കും ജൂൺ 15 പകല്‍ 2:46 മണിക്കും മദ്ധ്യേ ഹരിവാസരം.
14) 2023 ജൂണ്‍ 29: വ്യാഴാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. അന്നേ ദിവസം രാത്രി 8:49 മുതല്‍ വെള്ളിയാഴ്ച രാവിലെ 8:18 വരെ ഹരിവാസരം.
15) 2023 ജൂലൈ 13: വ്യാഴാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. പകല്‍ 12 മണി 23 മിനിട്ട് മുതല്‍ രാത്രി 12.42 വരെ ഹരിവാസരം.
16) 2023 ജൂലൈ 29 . ശനിയാഴ്ച ശുക്ലപക്ഷ ഏകാദശി വ്രതം. അന്ന് രാവിലെ 7:26 മുതല്‍ വൈകിട്ട് 6:23 വരെ ഹരിവാസരം.
17) 2023 ആഗസ്റ്റ് 12: ശനിയാഴ്ച . കൃഷ്ണ പക്ഷ ഏകാദശി വ്രതം. രാത്രി 12.06 മുതല്‍ 12-ാം തീയതി പകല്‍ 1 മണി വരെ ഹരിവാസരം.
18) 2023 ആഗസ്റ്റ് 27: ഞായറാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. പകല്‍ 4: 7 മണി മുതല്‍ രാത്രി 2: 41 മണി വരെ ഹരിവാസരം.
19) 2023 സെപ്തംബര്‍ 10: ഞായര്‍. കൃഷ്ണപക്ഷ ഏകാദശി വ്രതം. പകല്‍ 2.58 മുതല്‍ രാത്രി 4.06 വരെ ഹരിവാസരം.
20) 2023 സെപ്തംബര്‍ 25 : തിങ്കള്‍. ശുക്ലപക്ഷ ഏകാദശി വ്രതം.
21) 2023 ഒക്‌ടോബര്‍ 10: ചൊവ്വാഴ്ച . കൃഷ്ണപക്ഷ ഏകാദശിവ്രതം.
22) 2023 ഒക്‌ടോബര്‍ 25. ബുധനാഴ്ച . ശുക്ലപക്ഷ ഏകാദശിവ്രതം.
23) 2023 നവംബര്‍ 9: വ്യാഴാഴ്ച. കൃഷ്ണപക്ഷ ഏകാദശി വ്രതം. ഇത് തൃപ്രയാര്‍ ഏകാദശിയായി അറിയപ്പെടുന്നു.
24) 2023 നവംബര്‍ 23: വ്യാഴാഴ്ച ശുക്ലപക്ഷ ഏകാദശി വ്രതം. ഇത് ഗുരുവായൂര്‍ ഏകാദശി എന്നറിയപ്പെടുന്നു.
25) 2023 ഡിസംബര്‍ 9: ശനിയാഴ്ച . കൃഷ്ണപക്ഷ ഏകാദശിവ്രതം.
26) 2023 ഡിസംബര്‍ 23: ശനിയാഴ്ച. ശുക്ലപക്ഷ ഏകാദശി വ്രതം.
രാജേഷ് പുല്ലാട്ടിൽ,
+9895502025
Story Summary: Significance of Ekadeshi Vritham
And Ekadeshi Dates 2023