Thursday, November 12, 2026
Thursday, November 12, 2026
Home » കുജൻ ഇനി 118 ദിവസം ചിങ്ങത്തിൽ; തൊഴിലിലും, സാമ്പത്തികകാര്യങ്ങളിലും മാറ്റങ്ങൾക്ക് സാധ്യത

കുജൻ ഇനി 118 ദിവസം ചിങ്ങത്തിൽ; തൊഴിലിലും, സാമ്പത്തികകാര്യങ്ങളിലും മാറ്റങ്ങൾക്ക് സാധ്യത

by NeramAdmin
0 comments

2026 നവംബർ 12 വ്യാഴാഴ്ച രാത്രി ഏകദേശം 8:01 മണിക്ക് കുജൻ  കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിൽ പ്രവേശിക്കും. ഒപ്പം ആയില്യം നക്ഷത്രത്തിൽ നിന്ന് മകം നക്ഷത്രത്തിലേക്കും കടക്കും. ജ്യോതിഷപരമായി കുജൻ്റെ ചിങ്ങം രാശി പ്രവേശം ഏറെ പ്രത്യേകതയുള്ളതാണ്. കർക്കടകത്തിൽ ചൊവ്വ നീചസ്ഥിതിയിലാണ്. അവിടെ നിന്ന് സ്വന്തം
ബന്ധു ഗ്രഹമായ സൂര്യന്റെ രാശിയായ ചിങ്ങത്തിൽ വരുന്നത് ചൊവ്വയുടെ പ്രവർത്തന ശേഷിയിലും ഊർജ്ജത്തിലും മാറ്റം വരുത്തുന്നതായി ജ്യോതിഷം വിലയിരുത്തുന്നു.

118 ദിവസത്തെ രാശിഫലം

കുജൻ ഒരു രാശിയിൽ 45 ദിവസത്തോളമാണ് സഞ്ചരിക്കുന്നത്. അതിനാൽ ഒരു രാശിമാറ്റ സ്വാധീനം ഏകദേശം ഒന്നര മാസം പ്രതീക്ഷിക്കാം. എന്നാൽ ഇന്നത്തെ ചൊവ്വയുടെ മാറ്റം കൃത്യമായി പറഞ്ഞാൽ 2026 നവംബർ 12 രാത്രി ഏകദേശം 8:01 ന് നടക്കും. അടുത്ത രാശിമാറ്റം 2027 മാർച്ച് 10 നാണ്. അതിനാൽ കുജൻ ചിങ്ങം രാശിയിൽ ഏകദേശം 118 ദിവസം സഞ്ചരിക്കും. ചൊവ്വയുടെ വക്രഗതിയും അതിന്റെ സഞ്ചാരവേഗ മാറ്റവുമാണ് ഒരു രാശിയിൽ ഇത്രയധികം ദിവസം തുടരുന്നതിന് പ്രധാന കാരണം. ചുരുക്കിപ്പറഞ്ഞാൽ നവംബർ 12 മുതൽ 2027 മാർച്ച് 10 വരെയുള്ള കാലയളവിലെ കുജ സഞ്ചാരഫലമായി ഇന്നത്തെ ചിങ്ങം രാശിയിലേക്കുള്ള ചൊവ്വമാറ്റത്തെ കണക്കാക്കണം.

Mookambika Sahasranamam with Commentary https://www.okalasha.com/shop/sree-mookambika-sahasranama-stotram-with-commentarysoft-binding

ധൈര്യവും ആവേശവും വർദ്ധിക്കും

ഈ രാശിമാറ്റത്തിൻ്റെ മറ്റൊരു പ്രത്യേകത ചിങ്ങത്തിൽ സഞ്ചരിക്കുന്ന കേതുവിനോടും വ്യാഴത്തോടും കുജൻ അടുത്ത ദിവസങ്ങളിൽ സംയോജിക്കുന്നതാണ്.
സ്‌കന്ദഷഷ്ഠി ദിനമായ നവംബർ 15 ഞായറാഴ്ചയാണ് കുജനും കേതുവും അടുത്ത സംയോഗത്തിലെത്തുക.
നവംബർ 16 തിങ്കളാഴ്ച ചൊവ്വയും വ്യാഴവും അടുത്ത സംയോഗത്തിലെത്തും. കുജനും കേതുവും ഒന്നിക്കുന്നതിനെ ചില ജ്യോതിഷ പാരമ്പര്യങ്ങളിൽ അംഗാരകയോഗം എന്നു വിളിക്കുന്നു. ഇത് ധൈര്യം, ആവേശം, പെട്ടെന്നുള്ള തീരുമാനങ്ങൾ, തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാറുണ്ട്. അതേസമയം വ്യാഴത്തിന്റെ സാന്നിധ്യം വിവേകത്തിനും ധാർമ്മിക ചിന്തകൾക്കും പ്രാധാന്യം നൽകുന്നതായ ഘടകമായും കണക്കാക്കപ്പെടുന്നു.

ALSO READ

വാശിയേക്കാൾ ക്ഷമയ്ക്ക് പ്രാധാന്യം

ജ്യോതിഷത്തിൽ ശക്തിയുടെയും ധൈര്യത്തിന്റെയും ഊർജസ്വലതയുടെയും പ്രതീകമാണ് കുജൻ. ഭൂമി, സഹോദരങ്ങൾ, ധൈര്യം, വീര്യം, ഭൂസ്വത്ത്, രക്തം, ആയുധം, സൈനികശക്തി, മത്സരവിജയം തുടങ്ങിയ കാര്യങ്ങളുടെ കാരകനായാണ് ചൊവ്വയെ പറയുന്നത്. കുജൻ്റെ ചിങ്ങം രാശി പ്രവേശനം ധൈര്യം, പ്രവർത്തനശേഷി, തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ ചൊവ്വയും കേതുവും തമ്മിലുള്ള സംയോഗം സമീപദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഘടകമാണ്. ആവേശത്തേക്കാൾ വിവേകത്തിനും വാശിയേക്കാൾ ക്ഷമയ്ക്കും പ്രാധാന്യം നൽകുന്നത് എല്ലാവർക്കും ഗുണകരമാകും.

12 കൂറുകളുടെയും രാശിമാറ്റ ഫലം

കുജൻ്റെ മാറ്റം 12 കൂറുകളെയും 27 നക്ഷത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം. ശ്രദ്ധിക്കുക, ഇത് ചന്ദ്രരാശി അടിസ്ഥാനമാക്കിയുള്ള പൊതുവായ ഫലങ്ങളാണ്. വ്യക്തിഗത ജാതക ഗ്രഹനിലകളും ദശാകാലവും അനുസരിച്ച് അനുഭവങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും.

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)

ചൊവ്വ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കുന്നത് കാരണം സന്താനങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധയും ഉത്തരവാദിത്വവും ആവശ്യമുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മത്സരബുദ്ധിയും ആത്മവിശ്വാസവും വർദ്ധിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിക്കും. ഏറെ ആലോചിച്ചു മാത്രം നിക്ഷേപങ്ങൾ നടത്തുക. പ്രണയത്തിലും കുടുംബബന്ധങ്ങളിലും അനാവശ്യമായ വാശിയും ദേഷ്യവും ഒഴിവാക്കണം. ഗണപതി പ്രാർത്ഥനയും സുബ്രഹ്മണ്യ ഭജനവും ഗുണകരമാണ്. ഓം ഗം ഗണപതയേ നമഃ, ഓം വചത്ഭുവേ നമഃ എന്നും 108 ഉരു
വീതം ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങൾ)

ചൊവ്വ നാലാം ഭാവത്തിലേക്ക് വരുന്നത് ഗൃഹം, ഭൂമി, വാഹനം, കുടുംബസുഖം തുടങ്ങിയ കാര്യങ്ങളിൽ ചില അസ്വസ്ഥതകൾക്ക് കാരണമായേക്കാം. വീട്, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ജാഗ്രത പാലിക്കണം. മാതാവിന്റെ ആരോഗ്യകാര്യങ്ങളിലും കുടുംബത്തിലെ മുതിർന്നവരുടെ കാര്യങ്ങളിലും ശ്രദ്ധ വേണം. തൊഴിൽരംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കാം. വാഹനമോടിക്കുമ്പോഴും യാത്രകളിലും ഏറെ ശ്രദ്ധ പുലർത്തുക. അനാവശ്യമായ കോപവും കുടുംബപരമായ തർക്കങ്ങളും ഒഴിവാക്കണം. ശിവക്ഷേത്രദർശനവും ധാരയും ദിവസവും 108 തവണ ഓം നമഃ ശിവായ നാമജപവും ഉത്തമം.

Ornate Ruby Floral Gold Plated Bangle Pair https://www.okalasha.com/shop/ornate-ruby-floral-gold-plated-bangle-pair

മിഥുനക്കൂറ്
(മകയിരം അവസാന രണ്ട് പാദങ്ങൾ, തിരുവാതിര, പുണർതം ആദ്യ മൂന്ന് പാദങ്ങൾ)

ചൊവ്വ മൂന്നാം ഭാവത്തിലേക്ക് വരുന്നത് ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന അനുകൂലമായ മാറ്റമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ പൂർത്തീകരിക്കാനും അവസരം കിട്ടും. സഹോദരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കൈവരിക്കാം. തൊഴിൽരംഗത്ത് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നേടാൻ കഠിനാദ്ധ്വാനം സഹായിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാകാം. യാത്രകൾ ഗുണകരമാകും. സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുന്നത് ഉത്തമം. നിത്യവും ഓം ശരവണഭവ 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം അവസാന പാദം, പൂയം, ആയില്യം)

ചൊവ്വ രണ്ടാം ഭാവത്തിലേക്ക് മാറുന്നത് സാമ്പത്തിക കാര്യങ്ങളിലും കുടുംബജീവിതത്തിലും കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു. വരുമാനത്തിൽ പുരോഗതി ലഭിക്കും എങ്കിലും ചെലവുകൾ കർശനമായി നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കണം. തൊഴിൽരംഗത്ത് ചില പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഭക്ഷണകാര്യങ്ങളിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധിക്കുക. പണം കടം കൊടുക്കുക, വാങ്ങുക എന്നീ കാര്യങ്ങളിൽ ജാഗ്രത വേണം. വീട്ടിൽ സമാധാനം നിലനിൽക്കുന്നതിനായി ദുർഗ്ഗാദേവീ പ്രാർത്ഥനയും ശിവഭജനവും നല്ലതാണ്. നിത്യവും ഓം ദും ദുർഗ്ഗായൈ
നമഃ 108 തവണ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ പാദം)

ബന്ധു ക്ഷേത്രത്തിലേക്ക് കുജൻ പ്രവേശിക്കുന്നത് ഊർജവും കർമ്മശേഷിയും വർദ്ധിപ്പിക്കുന്ന മാറ്റമാണ്. എന്നാൽ ഇത് അമിത ആവേശത്തിനും ദേഷ്യത്തിനും കാരണമായേക്കാം. തൊഴിൽരംഗത്ത് നേതൃപരമായ ചുമതലകൾ ലഭിക്കാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ ആത്മവിശ്വാസം വർദ്ധിക്കും. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കണം. ദാമ്പത്യബന്ധത്തിലും കുടുംബബന്ധങ്ങളിലും വിട്ടുവീഴ്ചാ മനോഭാവം വേണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകിച്ച് ഉറക്കം, രക്തസമ്മർദം, പനിബാധ എന്നിവ സംബന്ധിച്ച് ശ്രദ്ധ പുലർത്തുക. സുബ്രഹ്മണ്യ പ്രാർത്ഥന ഉത്തമം. നിത്യവും ഓം വചത്ഭുവേ നമഃ 108 ഉരു വീതം ജപിക്കണം.

കന്നിക്കൂറ്
(ഉത്രം അവസാനത്തെ മൂന്ന് പാദങ്ങൾ, അത്തം, ചിത്തിര ആദ്യ രണ്ട് പാദങ്ങൾ)

ചൊവ്വ പന്ത്രണ്ടാം ഭാവത്തിലേക്ക് വരുന്നത് അനാവശ്യ ചെലവ് വർദ്ധിക്കാനിടയുള്ള സാധ്യത കാണിക്കുന്നു. ധനപരമായ കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമാണ്. വിദേശയാത്രയ്ക്കും വിദേശബന്ധമുള്ള ജോലിക്കും ശ്രമിക്കുന്നവർക്ക് ചില അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കാര്യങ്ങൾ പൂർത്തിയാകാൻ താമസം നേരിടാം. ഉറക്കക്കുറവും മാനസിക സമ്മർദവും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും ക്ഷമയോടെ അത് കൈകാര്യം ചെയ്യണം. ദാനധർമ്മങ്ങളും ഹനുമാൻ പ്രാർത്ഥനയും നിത്യവും 108
തവണ ഓം ഹം ഹനുമതേ ജപവും ഗുണകരമാണ്.

Premium Brass Lord Ayyappa Idol (2.36 Inches) https://www.okalasha.com/shop/premium-brass-lord-ayyappa-idol-236-inches

തുലാക്കൂറ്
(ചിത്തിര അവസാന രണ്ട് പാദങ്ങൾ, ചോതി, വിശാഖം ആദ്യ മൂന്ന് പാദങ്ങൾ)

ചൊവ്വ പതിനൊന്നാം ഭാവത്തിലേക്ക് വരുന്നത് പൊതുവേ നേട്ടങ്ങൾ നൽകുന്ന അനുകൂല ഗോചരഫലമാണ്. സാമ്പത്തികമായി പുരോഗതിയുണ്ടാകാനും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കപ്പെടാനും സാദ്ധ്യതയുണ്ട്. തൊഴിൽരംഗത്ത് ആഗ്രഹിച്ച മാറ്റങ്ങൾക്കും മികച്ച സ്ഥാനക്കയറ്റത്തിനും അനുകൂലമായ സാഹചര്യം ഉണ്ടാകാം. സുഹൃത്തുക്കൾ വഴിയും ബന്ധങ്ങളിലൂടെയും നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ സഫലമാകാൻ സാദ്ധ്യതയുണ്ട്. മത്സരങ്ങളിൽ വിജയം നേടാനും സാധ്യത കൂടുതലാണ്. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉത്തമമായ സമയമാണ്. മഹാവിഷ്ണുവിനെ ഭജിക്കണം. നിത്യവും 108 തവണ ഓം നമോ നാരായണ ജപം ഗുണകരമാണ്.

വൃശ്ചികക്കൂറ്
(വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട)

ചൊവ്വ പത്താം ഭാവത്തിലേക്ക് വരുന്നത് തൊഴിലിൽ കൂടുതൽ സജീവമാകാനുള്ള സാഹചര്യം സൃഷ്ടിക്കും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയും പുതിയ ചുമതല ഏറ്റെടുക്കേണ്ടിവരികയും ചെയ്യാം. ഉദ്യോഗസ്ഥർക്കും ബിസിനസ്സ് ചെയ്യുന്നവർക്കും പ്രവർത്തനങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. സഹപ്രവർത്തകരുമായും മേലധികാരികളുമായും ഇടപെടുമ്പോൾ സംയമനം പാലിക്കണം. പിതാവിന്റെ കാര്യങ്ങളിലും കുടുംബത്തിലെ മുതിർന്നവരുടെ കാര്യങ്ങളിലും വളരെ ശ്രദ്ധ വേണം. തൊഴിൽമാറ്റത്തിന് ശ്രമിക്കുന്നവർ ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ശിവക്ഷേത്രദർശനവും ധാരയും ദിവസവും 108 തവണ ഓം നമഃ ശിവായ നാമജപവും
ഗുണം ചെയ്യും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)

ചൊവ്വ ഒൻപതാം ഭാവത്തിൽ വരുന്നത് ഭാഗ്യത്തിലും
ദീർഘദൂര യാത്രകളിലും മാറ്റങ്ങൾക്ക് കാരണമാകാം. പിതാവുമായോ ഗുരുതുല്യരായ വ്യക്തികളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസത്തിനും വിദേശത്ത് പഠനത്തിനും ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടാം. തൊഴിലിൽ പുതിയ അവസരങ്ങൾ ലഭിച്ചാലും തീരുമാനങ്ങൾ എടുക്കുന്നതിൽ ഒട്ടും ധൃതി കാണിക്കരുത്. ധാർമ്മിക കാര്യങ്ങളിലും തീർത്ഥാടനത്തിലും ഇപ്പോൾ താൽപര്യം വർദ്ധിക്കും. വ്യാഴാഴ്ചകളിൽ സഹസ്രനാമം ജപവും നിത്യവും 108 ഉരു ഓം നമോ നാരായണ ജപവും ഗുണം ചെയ്യും.

മകരക്കൂറ്
(ഉത്രാടം അവസാന മൂന്ന് പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യ രണ്ട് പാദങ്ങൾ)

കുജൻ എട്ടാം ഭാവത്തിലേക്ക് വരുന്നു. എല്ലാത്തിലും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയം. അപ്രതീക്ഷിത ചെലവുകൾക്കും സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങൾക്കും സാധ്യത കൂടുതലാണ്. പണം കടം കൊടുക്കുന്നതിലും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിലും ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോഴും യന്ത്രസാമഗ്രികൾ ഉപയോഗിക്കുമ്പോഴും നല്ല ജാഗ്രത പാലിക്കുക. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. തൊഴിൽരംഗത്ത് ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വൈകിയേക്കാം. കുടുംബത്തിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. ശനീശ്വര പ്രാർത്ഥനയും ധർമ്മ ശാസ്താ ഭജനവും നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപവും ഉത്തമമാണ്.

കുംഭക്കൂറ്
(അവിട്ടം അവസാന രണ്ട് പാദങ്ങൾ, ചതയം,
പൂരുരുട്ടാതി ആദ്യ മൂന്ന് പാദങ്ങൾ)

ചൊവ്വ ഏഴാം ഭാവത്തിലേക്ക് വരുന്നു. ദാമ്പത്യത്തിലും പങ്കാളിത്ത ബിസിനസിലും കൂടുതൽ ശ്രദ്ധ വേണ്ടുന്ന സമയം. ജീവിതപങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളികളുമായി ഇടപാടുകൾ നടത്തുമ്പോൾ വ്യക്തമായ ധാരണയും രേഖകളും ഉറപ്പാക്കണം. തൊഴിൽരംഗത്ത് പുതിയ കരാറുകളും സഹകരണങ്ങളും ഉണ്ടാകാം. എന്നാൽ ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ ഒഴിവാക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയും യാത്രകളിൽ ജാഗ്രത പാലിക്കുകയും വേണം. മഹാദേവനെയും സുബ്രഹ്മണ്യസ്വാമിയെയും ഭജിക്കുന്നത് ഉത്തമമാണ്.

മീനക്കൂറ്
(പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി)

ചൊവ്വ ആറാം ഭാവത്തിലേക്ക് വരുന്നത് പൊതുവേ അനുകൂലമാണ്. ശത്രുദോഷങ്ങൾ അതിജീവിക്കാനും മത്സരങ്ങളിൽ വിജയം നേടാനും ഇത് സാഹായിക്കും. തൊഴിൽരംഗത്തെ തടസ്സങ്ങൾ മാറും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കടബാധ്യതകൾ കുറയ്ക്കാനും സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമം നടത്താം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ നല്ല ഫലങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂലമായ സമയമാണ്. സുബ്രഹ്മണ്യസ്വാമിയെയും ഹനുമാൻ സ്വാമിയെയും പ്രാർത്ഥിക്കുന്നത് ഉത്തമം. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

അസ്ട്രോളജർ വേണു മഹാദേവ് ,
മൊബൈൽ: +9l 89217 09017

Story Summary: Mars to Remain in Leo for 118 Days; Changes Likely in Career and Financial Matters

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?