ചിത്തിര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസമാണ് ചൈത്രം. മീനം, മേടം മാസത്തിൽ എപ്പോൾ വേണമെങ്കിലും ഇത് വരാം. കൂടുതലും മേടത്തിൽ വരുന്ന ചിത്രാ പൗർണ്ണമി ചില സമയങ്ങളിൽ മീനത്തിൽ വന്നേക്കാം. ഇത്തവണ ചിത്രാപൗർണ്ണമി മീന മാസത്തിൽ വരുന്നു. 2026 ഏപ്രിൽ 1, ബുധനാഴ്ചയാണ് ഇക്കുറി ചിത്രാ പൗർണ്ണമി. യമധർമ്മന്റെ കണക്കെഴുത്തുകാരനായ ചിത്രഗുപ്തൻ ജനിച്ച ദിവസമാണ് ചൈത്ര പൗർണ്ണമി. അന്നു ചിത്രഗുപ്തനെ പൂജിച്ചാൽ പാപമോചനം ലഭിക്കും എന്നാണ് വിശ്വാസം. ശിവശക്തി പൂജയും, ദേവിക്ക് കുങ്കുമാർച്ചനയും അന്ന് നടത്തുന്നത് ഏറെ വിശേഷമാണ്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ചിത്രാപൗർണ്ണമിക്കാണ്.
പൗർണ്ണമി പൂജ ബുധനാഴ്ച
ഇത്തവണ ഹനുമദ് ജയന്തി ആഘോഷം ഏപ്രിൽ 2 വ്യാഴാഴ്ചയാണ്. ഉദയത്തിൽ പൗർണ്ണമിയുള്ളത് അന്നായതിനാലാണ് വ്യാഴാഴ്ച ഹനുമദ് ജയന്തി ആഘോഷിക്കുന്നത്. ക്ഷേത്രാചാരങ്ങളിൽ വരുന്ന ഐശ്വര്യപൂജ, പൗർണ്ണമി പൂജ, പൗർണ്ണമി പൊങ്കാല എന്നിവ ചന്ദ്രോദയത്തിൽ പൗർണ്ണമിയുള്ള ഏപ്രിൽ ഒന്ന് ബുധനാഴ്ച നടക്കും. എന്നാൽ ഉദയത്തിൽ പൗർണ്ണമി തിഥിയുള്ള 2026
വ്യാഴാഴ്ചയാണ് പിറന്നാൾ, മാന്ത്രിക കർമ്മങ്ങൾ എന്നിവയ്ക്ക് സ്വീകരിക്കുന്നത്. എല്ലാ വെളുത്തവാവിനും വ്രതം നോൽക്കുന്നത് സർവ്വദോഷ ശമനത്തിന് ഏറെ നല്ലതാണ്. ചന്ദ്രദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ആ ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഈ ആചരണം. പൗർണ്ണമി നോൽക്കുന്ന കുട്ടികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും.
ലക്ഷ്മീനാരായണ പൂജ ശ്രേഷ്ഠം
യോഗേശ്വരനായ ശ്രീകൃഷ്ണ ഭഗവാൻ നടത്തിയ ആറുമാസത്തെ രാസക്രീഡാ ഉത്സവത്തിന്റെ സമാപനം നടന്നത് ചിത്രാ പൗർണ്ണമി ദിവസമായിരുന്നു. ഭഗവാൻ തന്റെ അനന്തയോഗ ശക്തികൊണ്ട് അനേക രൂപം ധരിച്ച് എത്രയും ഗോപികമാരുണ്ടോ അത്രയും കണ്ണൻ എന്ന അത്ഭുതം പ്രകടിപ്പിച്ചതും ഈ അവസരത്തിലാണ്.ഭഗവാന്റെ യോഗനിഷ്ഠാശക്തിയുടെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു അത്. ഈ ദിവസം ലക്ഷ്മീനാരായണ പൂജ നടത്തുന്നതും, ഏറെ ശ്രേയസ്കരമായി കരുതപ്പെടുന്നു.
മാതൃസ്വരൂപിണിയാണ് ദേവി
മാതൃപൂജ വ്യക്തിയുടെ സകലപാപവും കഴുകിക്കളയുന്നു. ദേവീകടാക്ഷ മാഹാത്മ്യം അപാരമാണ്. മന:ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് അന്ന് ദേവിയെ ധ്യാനിച്ച് ലളിതസഹസ്രനാമം, ദുർഗ്ഗാമൂലമന്ത്രം ഓം ദും ദുർഗ്ഗായൈ നമഃ, ഏത് ഘോരമായ വിപത്തിൽ നിന്നും കയറ്റുന്ന ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം, ലളിതാസഹസ്രനാമ ധ്യാനം, ദുർഗ്ഗാ സപ്തശ്ലോകി, ദുർഗ്ഗാ അഷ്ടോത്തരം തുടങ്ങിയവ ജപിക്കുന്നത് ഗുണം ചെയ്യും.പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആപദുദ്ധാരക ശ്രീദുർഗ്ഗാ സ്തോത്രം:
പൗർണ്ണമി വ്രതവിധി
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. മന:ശുദ്ധി, ബ്രഹ്മചര്യം, ആഹാരശുദ്ധി എന്നിവ പാലിക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം. സന്ധ്യക്ക് നിലവിളക്ക് കത്തിച്ച് ദേവീനാമങ്ങൾ ഭക്തിയോടെ ജപിക്കുക.
പൗർണ്ണമി വ്രത ഫലം
(ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്)
ചിങ്ങം ………..കുടുംബഐക്യത്തിനും
കന്നി ………………….സമ്പത്ത് വർദ്ധന
തുലാം ……………….വ്യാധിനാശം
വൃശ്ചികം …………..സത്കീർത്തി
ധനു …………………..ആരോഗ്യവർദ്ധന
കുംഭം ………………..ദുരിതനാശം
മീനം ……………….ശുഭചിന്ത വർദ്ധന
മേടം …………………..ധാന്യവർദ്ധന
ഇടവം …………………വിവാഹതടസം മാറും
മിഥുനം ……………….പുത്രഭാഗ്യം
കർക്കടകം …………ഐശ്വര്യവർദ്ധന
ALSO READ
ദീർഘ സുമംഗലീ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
ദേവീ പ്രാർത്ഥനാ മന്ത്രം
1
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ
ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം
ച മാം ച പാലയ പാലയ.
Story Summary: Significance of Chitra Powrnami
Highlights
ഐശ്വര്യപൂജ, പൗർണ്ണമി പൂജ, പൊങ്കാല ബുധനാഴ്ച നടക്കും
പൗർണ്ണമിയിലെ മാതൃപൂജ സകലപാപവും കഴുകിക്കളയുന്നു
ചിത്രാ പൗർണ്ണമിയിലെ ലക്ഷ്മീനാരായണ പൂജ ശ്രേയസ്കരം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.