Thursday, April 2, 2026
Thursday, April 2, 2026
Home » മേൽശാന്തിയുടെ സഹായിയെ മേൽശാന്തിയാവാൻ വിളിച്ച ഗുരുവായൂരപ്പൻ

മേൽശാന്തിയുടെ സഹായിയെ മേൽശാന്തിയാവാൻ വിളിച്ച ഗുരുവായൂരപ്പൻ

0 comments

ഏപ്രിൽ ഒന്ന്, 2026

പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുമ്പോൾ ഭഗവാന്റെ പുതിയ മേൽശാന്തിയായി പാലക്കാട് ചെർപ്പുളശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം നാരായണൻ നമ്പൂതിരി ചുമതയേൽക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല. 31 ന് രാത്രിയാണ് അദ്ദേഹം ചുമതലയേറ്റതെങ്കിലും ഏപ്രിൽ ഒന്നിനാണ് കണ്ണനെ പരിചരിച്ചു തുടങ്ങിയത്. രണ്ടുമണിക്കൂറോളം വരിനിന്ന് നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ സുരക്ഷാ ജീവനക്കാരിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു. മനസർപ്പിച്ച് തൊഴുതോളു, ഭഗവാൻ ബാലഗോപാല ഭാവത്തിലാണ്.

മനസും കണ്ണും തുറന്ന് ഭഗവാനെ നോക്കുമ്പോൾ അതാനിൽക്കുന്നു ബാലഗോപാലൻ. കണ്ണുകളിലും കൈകളിലുമുണ്ട് കുസൃതി. നിറഞ്ഞചിരിയിൽ ഭഗവാൻ അങ്ങനെ തെളിഞ്ഞു നിൽക്കുകയാണ്…

മേൽശാന്തിയായി ചുമതലയേറ്റപ്പോൾ നാരായണൻ നമ്പൂതിരി പറഞ്ഞത് ഓർമ്മവന്നു: തനിക്ക് ചന്ദനംചാർത്തലിൽ വൈദഗദ്ധ്യം കുറവാണത്രേ..

അത് ശരിയാവണമെന്നില്ലല്ലോ.

ALSO READ

ബാലഗോപാലനെ ഇതിലും ഭംഗിയായി
എങ്ങനെ അണിയിച്ചൊരുക്കാനാണ് എന്നു ചോദിക്കും മുമ്പ് മേൽശാന്തി പറഞ്ഞു:

ഒരുക്കുന്നത് ഞാനല്ല…. സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ്. ഒരനുഭവം തന്നെ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഊരാണ്മ ക്ഷേത്രത്തിന്റെ ഭാഗമായ മൂർക്കത്ത് മഹാവിഷണു ക്ഷേത്രത്തിൽ കഴിഞ്ഞ തിരുവോണം മുതൽ ദശാവതാരച്ചാർത്ത് നടന്നിരുന്നു. ഭഗവാന്റെ അവതാരങ്ങൾ ചന്ദനത്തിൽ ചാർത്തി അലങ്കരിക്കാൻ നേതൃത്വം നൽകാൻ അന്ന് ഭാഗ്യമുണ്ടായി . ഗുരുവായൂർ, ശബരിമല ക്ഷേത്രത്തിലെ മുൻ മേൽശാന്തിമാരായിരുന്നവരുടെ സജീവ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതും ഗുരുവായൂരിൽ മേൽശാന്തിയാവാനുള്ള ഈശ്വര നിയോഗത്തിന് കാരണമാകാം.

മേൽശാന്തി ഭഗവാന് മുന്നിൽ

നാരായണൻ നമ്പൂതിരിയുടെ അനുജൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി 2010 ഏപ്രിൽ മുതൽ ഗുരുവായൂർ മേൽശാന്തി ആയിരുന്നു. (പിന്നീട് ഇദ്ദേഹം ശബരിമല മേൽശാന്തിയായി) അദ്ദേഹം സെപ്റ്റംബറിലെ ഊഴം കഴിഞ്ഞിറങ്ങുമ്പോഴാണ് ചേട്ടനോട് ഗുരുവായൂർ മേൽശാന്തിയാവാൻ അപേക്ഷ നൽകി തുടങ്ങാൻ പറഞ്ഞത്. 2011 മുതൽ നാരായണൻ നമ്പൂതിരി അപേക്ഷ നൽകുന്നു. ഏതാണ്ട് 20 തവണ അപേക്ഷിച്ചു. ഇത്തവണയാണ് ഗുരുവായൂരപ്പൻ അനുഗ്രഹിച്ചത്. അന്നു കണ്ട കുറെ മുഖങ്ങൾ നമ്പൂതിരി ഇന്നും കണ്ടു. മേൽശാന്തിയുടെ സഹായിക്ക് ശ്രീലകത്ത് പൂജയിൽ സഹായിക്കാൻ കഴിയില്ല. പക്ഷേ പുറത്ത് മേൽശാന്തിയെ സഹായിക്കാം. മേൽശാന്തിയാവുന്ന ആറുമാസവും അനുഷ്ഠിക്കേണ്ടത് ഒരു തപസാണ്.

നിലവിലെ മേൽശാന്തിയാണ് വെള്ളിക്കുടത്തിൽ നിന്നും അടുത്ത
മേൽശാന്തിയെ നറുക്കെടുക്കുന്നത്. നമസ്കാരമണ്ഡപത്തിലാണ് ചടങ്ങ് നടക്കുന്നത്. തന്ത്രിയും ദേവസ്വം പ്രതിനിധികളും ഭക്തരും സന്നിഹിതരായിരിക്കും. മേൽശാന്തി കൂടിക്കാഴ്ചയിൽ പങ്കെടുത്ത അൻപതോളം പേരും സന്നിഹിതരായിരിക്കും. മേൽശാന്തി, നറുക്ക് തന്ത്രി വശം ദേവസ്വം അധികാരികൾക്ക് നൽകും: “ ടി.എം നാരായണൻ നമ്പൂതിരി എന്നു പേരു വിളിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ സാക്ഷാൽ ഗുരുവായൂരപ്പനെ കണ്ടു. ആ നിമിഷം എങ്ങനെയാണ് വിവരിക്കേണ്ടതെന്നറിയില്ല.”
മേൽശാന്തി പറഞ്ഞു.

“അനിയൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ആറു മാസവും ഞാൻ സഹായിയായി ക്ഷേത്രത്തിലുണ്ടായിരുന്നു. ഓതിക്കൻമാരും ക്ഷേത്ര ജീവനക്കാരുമായി അടുത്ത ബന്ധം ഉണ്ടായി.അതിനുമുമ്പും ശേഷവും തൊഴാൻ വരാറുണ്ട്.”

അഗ്നിഹോത്രം, ഭട്ടവൃത്തി അവകാശമുള്ളവർക്ക് മാത്രമേ ഗുരുവായൂരിൽ അപേക്ഷ നൽകാൻ കഴിയുകയുള്ളു. ശുകപുരം, പെരുവനം ഗ്രാമക്കാർ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. അനിയന്റെ പ്രചോദനം അപേക്ഷക്ക് പിന്നിലുണ്ട്. എല്ലാ മാസവും ഗുരുവായൂരിലെത്തി തൊഴാറുണ്ട്. 15 വർഷമായി ചെർപ്പുള്ളശേരി ഇല്ലിക്കോട്ടുകുറിശി ശിവക്ഷേത്രത്തിൽ മേൽ ശാന്തിയാണ്. ഇല്ലം പാലക്കാട് കാറൽ മണ്ണയിലാണ്. തിരുമുല്ലപള്ളി മഹാദേവ ക്ഷേത്രം എന്ന പ്രശസ്തമായ ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. എന്റെ കുടുംബത്തിലെ ഊരാൺമ ക്ഷേത്രമാണ് ഇത്. മഹാദേവന്റെ അനുഗ്രഹം.

ഗുരുവായൂരിലെ ആചാരങ്ങൾക്ക് ചിട്ട കൂടുതലാണോ?
ഭൂലോക വൈകുണ്ഠമാണ് ഗുരുവായൂർ. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തം. പഴയ കാലങ്ങളിൽ തുടർന്നു വന്ന ആചാരങ്ങളിൽ അണുവിട പോലും ഇവിടെ വ്യതിചലിക്കുന്നില്ല. ഗുരുവായൂരിലെ ശാന്തിമാർ കുളിച്ചുവരുമ്പോൾ ഭക്തരെ മാറ്റി നിർത്തി അവർക്ക് വഴിയൊരുക്കുന്നത് കണ്ടിട്ടില്ലേ? അത് പവിത്രതയും ശുദ്ധിയും ഉറപ്പാക്കാനാണ്. ഇവിടെ കാര്യങ്ങൾക്ക് ചിട്ട കൂടുതലാണ്. ഓരോ പൂജയും മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ഭക്തർ ഒഴുകിയെത്തുന്നു. എനിക്ക് ചന്ദന ചാർത്തിൽ വൈദഗ്ദ്യമില്ല. ഗുരുവായൂരപ്പന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ചാർത്തണം. ഏതെല്ലാം രൂപത്തിൽ ഭഗവാൻ എന്നെ ചാർത്തിക്കുമെന്ന് അറിയില്ല.

ഗുരുനാഥൻ ?
ഗുരുനാഥൻ അച്ഛനാണ്. വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിയാണ് മറ്റൊരുഗുരു. അവരുടെ അനുഗ്രഹം എനിക്കുണ്ട്. ഇളംതുരുത്തി മഹാവിഷ്ണുക്ഷേത്രത്തിൽ അച്ഛൻ മേൽശാന്തിയായിരുന്നു. അവിടെത്തെ അനുഗ്രഹം എനിക്ക് കിട്ടിയിട്ടുണ്ട്.

മേൽശാന്തി പദം ഏറ്റെടുക്കുന്നതിന് മുമ്പ്?
12 ദിവസം ഭജനം നടത്തണം. ക്ഷേത്രത്തിൽ നിന്നും പുറത്തുപോകരുത്. പ്രധാനപൂജകൾ തൊഴണം. ധാരാളം ജപം നടത്തണം. 12 ദിവസത്തെ ഊർജം കൊണ്ടാണ് ഭഗവാനെ സേവിക്കേണ്ടത്. കഴിഞ്ഞമാസം 20 ന് ഞാൻ ഭജനം ആരംഭിച്ചു.

കുടുംബം ?
ഭാര്യ ശ്രീജ മാങ്കോട് സ്കൂൾ അധ്യാപികയാണ്. മകൻ ശ്രീനാഥ് ബാംഗ്ലൂർ ഫാർമ കമ്പനിയിൽ ജോലിചെയ്യുന്നു.

ഗുരുവായൂരിൽ നിന്നും പി എം ബിനുകുമാർ ,
മൊബൈൽ: +91 94476 94053

Story Summary : An Introduction to New Chief Priest of Guruvayur Srikrishna Temple

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?