വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുന്നത് മോക്ഷദായകമാണ്. വിശേഷിച്ച് ഏകാദശി, വ്യാഴാഴ്ച തുടങ്ങി വിഷ്ണു പ്രധാനമായ ദിവസങ്ങളിൽ. ശ്രേയസ്സും ഐഹികസുഖവും ആഗ്രഹിക്കുന്നവർ വിഷ്ണു സഹസ്രനാമസ്‌തോത്രം ഭക്തിയോടും ശ്രദ്ധയോടും കൂടി നിത്യവും ജപിക്കണം. കാരണം വിശ്വേശ്വരനും അജനും ജഗത്തിന്റെ ഉൽപ്പത്തി നാശങ്ങൾക്കു കാരണഭൂതനും നാശരഹിതനും പുഷ്‌ക്കരാക്ഷനുമായ ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ ഭജിച്ചാൽ ഒരിക്കലും ഒരിടത്തും പ്രശ്‌നമുണ്ടാകില്ല. അവന്റെ ജീവിതം ധന്യമായിരിക്കും. ഭഗവാനെ സ്തുതിക്കുന്നതു കൊണ്ട് മാത്രമേ ജന്മസാഫല്യം കൈവരിക്കാനാകൂ.
കർമ്മങ്ങൾ സഫലമാകും
കർമ്മദോഷങ്ങളെല്ലാം വിഷ്ണു സ്മരണം കൊണ്ടകലുകയും കർമ്മങ്ങൾ സഫലമാകുകയും ചെയ്യും. സൃഷ്ടി സ്ഥിതി സംഹാരകർത്താവായ ശ്രീ വിഷ്ണു ഭഗവാനെ ഭക്തിയോടും ശ്രദ്ധയോടും കൂടി ഭജിച്ചാൽ ആർക്കും ബന്ധമോക്ഷം ലഭിക്കും. കാലത്തും വൈകിട്ടും ശരീരവും മനസ്സും ശുദ്ധമാക്കി കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലിരുന്ന് വിഷ്ണു സഹസ്രനാമം നിത്യം പാരായണം ചെയ്യുക. അതിന് സാധിക്കാത്തവർ വ്യാഴാഴ്ച തോറും പാരായണം ചെയ്യുക. സർവൈശ്വര്യങ്ങളും താനെ കൈവരും. ശ്രീഹരി ഭക്തിപ്രിയനാണ്. സർവ്വദു:ഖങ്ങളിൽ നിന്നും മോചനം നൽകുന്നവനാണ്. മരണക്കിടക്കയിലുള്ള വ്യക്തികൾക്ക് വിഷ്ണു സഹസ്രനാമം കേൾപ്പിക്കുന്ന ആചാരം നിലവിൽ വന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വിഷ്ണു സഹസ്രനാമം ജപിക്കുമ്പോൾ ഒരാൾ അർത്ഥം അറിഞ്ഞാണോ ജപിക്കുന്നതെന്ന പ്രശ്‌നമില്ല. അർത്ഥമറിഞ്ഞായാൽ കൂടുതൽ നല്ലതെന്നേയുള്ളൂ.
സംസാര ബന്ധനത്തിൽ നിന്ന് മോചനം
സഹസ്രാരചക്രത്തെ ഉത്തേജിപ്പിക്കാനും അതുവഴി ബ്രഹ്മജ്ഞാനം നേടാനും വിഷ്ണു സഹസ്രനാമം ജപത്തിന് കഴിയും. ജന്തുക്കൾക്ക് ജന്മസംസാര ബന്ധനത്തിൽ നിന്ന് മോചനത്തിന് ജപിക്കേണ്ടത് എന്ത് എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ശരശയ്യയിൽ കിടന്ന് ഭീഷ്മപീതാമഹൻ വിഷ്ണുസഹസ്രനാമം ചൊല്ലിക്കേൾപ്പിക്കുന്നുണ്ട്. മൂലാധാരസ്ഥിതനായ കുണ്ഡലിനിയെ ഉണർത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആധാരങ്ങൾ ഭേദിച്ച് സഹസ്രാരത്തിലെ സദാശിവനുമായി സംഗമിച്ച് അമൃതസ്രവണം നടത്താൻ സഹായകമാണ് വിഷ്ണു സഹസ്രനാമ പാരായണം. സുപ്താവസ്ഥയിൽ വക്ത്രാന്തർ ഭാഗത്ത് പുച്ഛാഗ്രം തിരുകി കിടക്കുന്ന കുണ്ഡലീരൂപത്തിലുള്ള കുണ്ഡലിനി ആലസ്യത്തിന്റെയും താമസിക ഗുണത്തിന്റെയും പ്രതീകമാണ്. പക്ഷെ ധ്യാനാവസ്ഥയിൽ കുണ്ഡലിനി സുഷുപ്തിയിൽ നിന്ന് ഉണർന്ന് സുഷ്മനയിലൂടെ ജാഗരൂകയായി മുകളിലേക്ക് പ്രയാണം നടത്തും. ഇതിനെ കുണ്ഡലിന്യുത്ഥാനം എന്നാണ് പറയുക. ഓരോ ആധാരങ്ങളും ഭേദിച്ച് കുണ്ഡലീനി മുകളിലേക്ക് പോകുമ്പോൾ സമുദ്രം, മേഘം, അരുവി, മദ്ദളം, മണിനാദം, കിങ്കിണി, വേണു വീണ എന്നീ നാദവിശേഷങ്ങൾ കേൾക്കുമെന്ന് നാദബിന്ദു ഉപനിഷത്തിൽ വർണ്ണിച്ചിരിക്കുന്നു.
ഭക്തിയും വിശ്വാസവും മുഖ്യം
വിഷ്ണു സഹസ്രനാമത്തിലെ ഏതു നാമം എടുത്താലും ശ്രീഹരിയുടെ നാമം തന്നെ. ഓരോ നാമത്തിലും ഭഗവാന്റെ മഹിമ ഉള്ളടക്കം ചെയ്തിട്ടുണ്ട്. അർത്ഥം അറിയാതെ ചൊല്ലിയാലും ഫലം ഉണ്ടെന്ന് പുരാണേതിഹാസങ്ങൾ പറയുന്നു. സ്‌തോത്രാലാപത്തിന് ഭക്തിയും വിശ്വാസവുമാണ് മുഖ്യമായും വേണ്ടത്.
ലളിതമായ നാമങ്ങളാണ് വിഷ്ണു സഹസ്രനാമത്തിൽ ഉള്ളത്. പക്ഷേ, ഓരോ നാമവും അനേകമനേകം ദർശനങ്ങളെയും മന്ത്രങ്ങളെയും ഉദ്ധരിക്കുന്നു. അനന്തമായ വിശ്വാസത്തിന്റെ ആയിരം ഭാവങ്ങളാണ് ഈ നാമങ്ങൾ അവതരിപ്പിക്കുന്നത്. ജപിക്കുമ്പോഴുള്ള മനോഭാവമാണ് ഭക്തന് ഫലം നൽക്കുന്നത്. അതുനന്നാവാൻ ഭക്തിവിശ്വാസങ്ങളാണ് ആവശ്യം. ഭക്തിവിശ്വാസമില്ലെങ്കിൽ അർത്ഥബോധത്തോടെയുള്ള പണ്ഡിത പ്രവാഹം യാന്ത്രികമാകും. ഈ തത്ത്വത്തിലാണ് അനാദികാലം മുതൽ കേരളത്തിൽ വിഷ്ണു സഹസ്രനാമജപം നടന്നുവരുന്നത്.
ഓരോ നക്ഷത്രത്തിനും ശ്ലോകങ്ങൾ
ഏത് പാദത്തിലാണ് ഒരാൾ ജനിക്കുന്നത് എന്നതനുസരിച്ച് വിഷ്ണുസഹസ്രനാമത്തിലെ നിശ്ചിത ശ്ലോകങ്ങൾ ചൊല്ലിയാൽ ആ നക്ഷത്രജാതന് (27 നക്ഷത്രങ്ങളും 108 പാദങ്ങളും) സർവ്വതോമുഖമായ അഭിവൃദ്ധി ഉണ്ടാക്കും എന്ന് പറയുന്നു. . ഉദാഹരണത്തിന് വിശാഖജാതർക്ക് 61 മുതൽ 64 വരെ ശ്ലോകങ്ങളാണ് ഉത്തമമായി വരിക. തിരുവാതിരക്ക് 21 മുതൽ 24 വരെ എന്നിങ്ങനെയാണ്. വിഷ്ണു സഹസ്രനാമത്തിൽ പുനരുക്തിദോഷം (76 നാമങ്ങൾ 2 തവണ, 13 നാമങ്ങൾ 3 തവണ, രണ്ടു നാമങ്ങൾ നാലുതവണ) ഉണ്ടെങ്കിൽക്കൂടി അതിന്റെ ശക്തിയും സ്വാധീനവും അപാരമാണ്. സർവ്വചരചര പ്രപഞ്ചത്തിന്റെ നിയാമകശക്തിയായ ഭഗവാന്റെ വൈശിഷ്ട്യങ്ങൾ പ്രസ്താവിക്കുന്ന വിഷ്ണുസഹസ്രനാമം പഠിക്കുന്നതും ശ്രവിക്കുന്നതും കേമമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണുസഹസ്രനാമം സ്‌തോത്രം കേൾക്കാം: https://youtu.be/8WgdMb-udz8
ALSO READ
Story Summary: Blessings of Vishnu Sahasranamam Recitation
Highlights
വിഷ്ണു സഹസ്രനാമം ജപിച്ചാൽ
സർവ്വദു:ഖങ്ങളിൽ നിന്നും മോചനം ലഭിക്കും
നിത്യവും പാരായണം ചെയ്താൽ
സർവൈശ്വര്യങ്ങളും താനെ കൈവരും
ഒരോ നക്ഷത്രത്തിനും പറഞ്ഞിട്ടുളള ല്ലോകങ്ങൾ ജപിച്ചാൽ ആ നക്ഷത്രജാതർക്ക് അഭിവൃദ്ധി
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.