Tuesday, July 28, 2026
Tuesday, July 28, 2026
Home » ഗുരുപൂർണ്ണിമ ബുധനാഴ്ച; നരജന്മം സഫലമാക്കാൻ ഗുരുനാഥന്റെ തുണ വേണം

ഗുരുപൂർണ്ണിമ ബുധനാഴ്ച; നരജന്മം സഫലമാക്കാൻ ഗുരുനാഥന്റെ തുണ വേണം

0 comments

ഭാരതീയ പാരമ്പര്യം ആഷാഢ മാസത്തിലെ ശശിപൂർണ്ണതയെ ഗുരുവിനു സമർപ്പിച്ചിരിക്കുന്നു. ശകവർഷ കലണ്ടർ അനുസരിച്ച് ആഷാഢമാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണ്ണിമ.

പൂർവ്വാഷാഢം
(പൂരാടം) ഉത്തരാഷാഢം (ഉത്രാടം) എന്നീ നക്ഷത്രങ്ങളിൽ പൗർണ്ണമി വരുന്ന മാസത്തെയാണ് ആഷാഢമാസം എന്ന് പറയുന്നത്. 2026 ജൂലൈ 29 ബുധനാഴ്ചയാണ് വ്യാസപൂർണ്ണിമ ആചരിക്കുന്നത്.

സപ്ത ചിരഞ്ജീവികളിൽ ഒരാളായ വ്യാസഭഗവാന്റെ ജന്മദിനമായി ഈ ദിനം കൊണ്ടാടുന്നു. വ്യാസ ഭഗവാൻ ബ്രഹ്മസൂത്രം എഴുതി തുടങ്ങിയ ദിവസമായി ഈ ദിനം ആചരിക്കപ്പെടുന്നു.

അന്ന് എല്ലാ ശിഷ്യന്മാരും സഹപാഠികളോടൊപ്പം ഗുരുകുലത്തിൽ എത്തിച്ചേർന്ന് ശിഷ്യന്റെ പ്രഥമ ധർമ്മമായ ഗുരുപൂജ നടത്തുന്നു. പൂർണ്ണ ദീക്ഷിതൻമാരായ ശിഷ്യന്മാരാണ് ഗുരുപൂജ നടത്തേണ്ടത്.
ഗുരുപൂജ നടക്കുന്ന സങ്കേതത്തിൽ മുപ്പത്തിമുക്കോടി ദേവകളും സാന്നിധ്യപ്പെടും എന്ന് കുളാർണ്ണവ തന്ത്രത്തിൽ പറയുന്നു. ഭാരതത്തിലെ പ്രാചീന സർവകലാകശാലകൾ എല്ലാം ഗുരുപൂർണിമ ഉത്സവമായി കൊണ്ടാടിയിരുന്നു.

ആരാണ് ഗുരു..?

ALSO READ

അനന്തമായി തുടരുന്ന ഉത്തരം തേടുന്ന ചോദ്യമാണത്.

ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം ഗുരു ബോധോദയത്തിനുള്ള ഉപാധിയത്രേ. ശിഷ്യന്റെ ആത്മാവിൽ വർത്തിക്കുന്ന ബുദ്ധിയാണ് ഗുരു എന്ന് വേദപുരാണങ്ങളിൽ പറയുന്നു.

ആദിയിൽ ബ്രഹ്മം നാദമായി. പ്രണവനാദമായ ഓംകാരം പ്രപഞ്ചമായി.
ആ ശബ്ദ പ്രപഞ്ചം
ഘനീഭവിച്ച് ഈ കാണായ ദൃശ്യ പ്രപഞ്ചമായി.

അങ്ങനെയുള്ള ദൃശ്യ പ്രപഞ്ചത്തിലെ ഏറ്റവും മനോഹാരിത ഉൾക്കൊള്ളുന്ന ശബ്ദമത്രേ “ഗുരു”.

ഗുരോപാസന എന്ന ഗ്രന്ഥത്തിൽ കക്കാട്ട് ഭട്ടതിരി എഴുതുന്നു.
” പ്രകൃതിയെ അതിന്റെ എല്ലാ ഭാവുകങ്ങളോടും കൂടി സൗന്ദര്യവൽക്കരിക്കുന്നത് ഗുരു എന്ന സങ്കല്പമാണ്. അതി ഗഹനവും വ്യാപ്തവും അനശ്വരവുമായ ആത്മസാക്ഷാത്കാരത്തിലേക്ക് വ്യക്തിയെ നയിക്കാൻ സർവ്വം സാക്ഷിയായ ഗുരുവിന് മാത്രമേ കഴിയുകയുള്ളൂ. “

ഗുരു സങ്കല്പത്തെക്കുറിച്ച് അതിനപ്പുറം ഒരു വിശദീകരണം ആവശ്യമില്ല.

“ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ”

നരജന്മം സഫലമാക്കാൻ ഗുരുനാഥന്റെ തുണവേണമെന്ന് പൂന്താനം നമ്മളോട് നിസംശയം പറഞ്ഞു തന്നു.

“ഇരുട്ടു നീക്കീടുകയാൽ ഗുരുവെന്നരുളുന്നിതേ” എന്ന് അദ്ധ്യാത്മ രാമായണത്തിലൂടെ തുഞ്ചത്തെ മഹാ ആചാര്യനും നമ്മോട് പറഞ്ഞു തന്നു.

“ധർമ്മബോധമാകുന്ന അറിവിനെ ഗുരു എന്നു പറയുന്നു” എന്ന് വിജയമാലിനി തന്ത്രത്തിൽ പറയുന്നു.

ആരാണ് ഗുരു..?
തന്ത്ര ഗ്രന്ഥങ്ങളിൽ ഉത്തരം അതിവിപുലമാണ്. അതി ബൃഹത്തുമാണ്.

“ജ്ഞാനവാൻ ഗുരുരുച്യതേ”
(ജ്ഞാനസ്വരൂപമാണ് ഗുരു)
“ചിന്താ രൂപോ ഗുരുസ്മൃത” (ചിന്തയുടെ പ്രകടരൂപമാണ് ഗുരു)
“ചിദാനന്ദമയോ ഗുരു” (സച്ചിദാനന്ദ സ്വരൂപമാണ് ഗുരു)
“സൂര്യവത് സർവ്വദീപക:”(സൂര്യനെപ്പോലെ സർവ്വതിനെയും പ്രകാശിപ്പിക്കുന്നതിനാൽ ഗുരു)
“ബ്രഹ്മ ഭാവം ഗുരുസ്മൃതി”
(ബ്രഹ്മാവസ്ഥയുടെ ഭാവം ഗുരു)
“ഗുരുരേവ ജഗത് സർവ്വം”
(ജാഗ്രദവസ്ഥയിലുള്ളതെല്ലാം ഗുരു)
“ഗുരുവേ ഹരി” ( ഗുരു തന്നെയാണ് ഹരി)

‘ഗ’കാരം കൊണ്ട് ജ്ഞാന സ്വരൂപത്തെയും ‘ര്’ ശബ്ദംകൊണ്ട് ജ്ഞാനത്തിന്റെ പ്രകാശത്തെയും ‘ഉ’കാരം കൊണ്ട് ശിവ താദാത്മ്യത്തെയും കൽപ്പിക്കുന്നു. അതായത് ശിവസ്വരൂപത്തിലേക്കുള്ള ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നവൻ ഗുരു.
ത്രിമൂർത്തികൾ പോലും ധ്യാനിക്കുന്നതും ആരാധിക്കുന്നതും ഉപാസിക്കുന്നതുമായ പരമ ഗുരുവിനെക്കുറിച്ച് “ഗുരുഗീത” നമ്മോട് പറയുന്നു. ഈശ്വരൻ എന്ന് വിശേഷിപ്പിക്കുന്നതും ഗുരു എന്ന പേരിൽ അറിയപ്പെടുന്നതുമായ പ്രപഞ്ചശക്തി ഒന്നേയുള്ളൂ എന്നും അത് സാക്ഷാൽ ബ്രഹ്മമാണെന്നും ഗുരുഗീത വ്യക്തമാക്കുന്നു.

”ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ ”
ഓരോ ക്ലാസിലും നമ്മുടെ ഗുരുനാഥൻ ചൊല്ലി തരുന്ന ഗുരുഗീതയിലെ ഈ വരികൾ അതാണ് നമ്മളോട് വ്യക്തമാക്കുന്നത്.

Narayaneeyam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/?srsltid=AfmBOorPNdAuc5hDvZdg4AQTm7wd21r_qSYOegkjAhctGcwOs_lLd783

സ്കന്ദപുരാണ’ത്തിലെ ഒരു ഭാഗമാണ്
‘ഗുരുഗീത’ എന്നപേരിൽ അറിയപ്പെടുന്നത്. മഹാഭാരതത്തിലെ ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ.

മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, ‘ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് ‘എന്ന്.
ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ.

പാർവതി ചോദിക്കുന്നു

“ഓം നമോ ദേവ ദേവേശ പരാല്പ‌രജഗദ്ഗുരോ.! ത്വരം നമസ്ക്കുർവ്വതേ ഭക്ത്യാസുരാസുര നരഃ സദാ” (സുരാസുരന്മാരാൽ എപ്പോഴും ഭക്തിയോടുകൂടി നമസ്കരിക്ക പ്പെടുന്ന ഹേ, ഓങ്കാര സ്വരൂപനായ ദേവദേവേശാ, ഹേ പരാൽപ
രനെ, ഹേ ജഗത് ഗുരോ..! അങ്ങയ്ക്ക് നമസ്ക്കാരം.)

“വിധി വിഷ്ണു മഹേന്ദ്രാദൈർവ്വന്ദ്യഃ ഖലുസദാഭവാൻ നമസ്കരോഷി കസ്മൈത്വം നമസ്‌കാരാശ്രയഃ കില”
(ബ്രഹ്മാവ്, വിഷ്ണു, മഹേന്ദ്രൻ എന്നിവർ എപ്പോഴും ഭഗവാനെ വന്ദിക്കുന്നു. അങ്ങിനെയുള്ള ഭഗവാൻ ആരെയാണ് നമസ്ക്കരി ക്കുന്നത്, നമസ്ക്കരിക്കത്തക്കവൻ അങ്ങല്ലാതെ മറ്റാരുമില്ല.)

“ദൃഷ്ട്വെതല്ക്കർമ്മ വിപുലമാശ്ചര്യം പ്രതിഭാതിമേ കിമേതന്ന വിജാനേഹം കൃപയാ വദമേ പ്രഭോ.!” (അങ്ങയുടെ ഈ ആചരണത്തെ കണ്ടിട്ട് എനിക്ക് ഏറ്റവും ആശ്ചര്യം തോന്നുന്നു. ഇതിന് എന്താണ് കാരണമെന്ന് ഞാൻ അറിയുന്നില്ല. അല്ലയോ ഭഗവാനെ അങ്ങ് ദയവ് ചെയ് എനിക്ക് ആ കാര്യം പറഞ്ഞു തന്നാലും.)

“ഭഗവാൻ സർവ്വധർമ്മജ്ഞ..! വ്രതാനാം വ്രതനായകം ബ്രഹിമേ കൃപയാ ശംഭോ ഗുരുമാഹാത്മ്യമുത്തമം” (സർവ്വധർമ്മങ്ങളേയും അറിയുന്ന ഭഗവാനെ എല്ലാ വ്രതങ്ങ ളുടേയും നായകനും ശ്രേഷ്‌ഠനും ആയ ഗുരുമാഹാത്മ്യത്തെ, അല്ലയോ ശംഭോ ദയവായി എനിക്കു പറഞ്ഞുതന്നാലും.)

“കേനമാർഗ്ഗേണ ഭോസ്വാമിൻ ദേഹിബ്രഹ്മമയോഭവേൽ യൽകൃപാം കുരുമേ സ്വാമിൻ നമാമി ചരണൗ തവ” (ഹേ, സ്വാമിൻ ദേഹിയായവൻ എപ്രകാരം ബ്രഹ്മമയമായി തീരു മോ, ആ കാര്യത്തെ എനിക്കു പറഞ്ഞുതരണം. അല്ലയോ സ്വാമിൻ ഞാൻ അങ്ങയുടെ കാലുകളിൽ നമസ്‌കരിക്കുന്നു.)

“ഇതി സംപ്രാർത്ഥിതഃ ശശ്വന്മഹാദേവോ മഹേശ്വര
ആനന്ദഭരിതഃ സ്വാന്തേ പാർവ്വതീമിദമബ്രവീത്”

പാർവ്വതി പല തവണ പ്രാർത്ഥിച്ചു ചോദിച്ചപ്പോൾ, മഹേശ്വരൻ ആനന്ദക്കടലായി, പാർവ്വതീദേവിയോട് പറഞ്ഞ ദിവ്യമായ ഉപദേശങ്ങൾ ഗുരുഗീതയായി വ്യാസ ഭഗവാൻ നമുക്ക് പറഞ്ഞു തന്നു

പരമശിവൻ പറയുന്നു, ‘ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട്. അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് ‘.തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നുംഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരുഗീതയിലെ നൂറുകണക്കിന് വരികൾ.

‘ഗുരുഗീത’ നൽകുന്ന സന്ദേശമിതാണ്:
‘പരബ്രഹ്മമെന്ന ആപ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യ രൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു. അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.

‘മാതാപിതാ ഗുരുർ ദൈവം’
എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ, ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് ‘ഗുരുഗീത’ ലോകത്തോടു പറയുന്നു,” ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ്, ആ ഗുരുവുമായി ഗുരുശിഷ്യബന്ധംപുലർത്തുകയാണ്

”.ഗുരുഭാവം പരം തീർത്ഥ മന്യ തീർത്ഥം നിരർത്ഥകം
സർവ്വ തീർത്ഥമയം ദേവി ശ്രീ ഗുരോശ്ചരാനാംബുജം”
ധന്യ മാതാ പിതാ ധന്യോ ഗോത്രം ധന്യം കുലോത്ഭവ:
ധന്യാ ച വസുധാ ദേവി യത്രസ്യാദ് ഗുരു ഭക്തതാ”

ഗുരുഭക്തിയോട് കൂടി എവിടെ ആണോ ഇരിക്കുന്നത് ആ ഭൂമിയും അവന്റെ മാതാപിതാക്കന്മാരും അവന്റെ ശിഷ്യ പ്രശിഷ്യന്മാരും കുലവും ധന്യമായി തീരുന്നു.

ശിഷ്യ: എന്ന പദം ഗുരു എന്ന പദത്തോളം തന്നെ ശ്രേഷ്ഠമാണെന്ന് നമ്മുടെ പൈതൃകം നമ്മെ പഠിപ്പിക്കുന്നു.

“ശാസിതും യോഗ്യ ഇതി ശിഷ്യ ” എന്നാണ് നിരുക്തം പറയുന്നത്. ശാസന ഏൽക്കാൻ യോഗ്യതയുള്ളവൻ. അതാണ് ശിഷ്യൻ.

ശാസന എന്നാൽ ശാസ്ത്രത്തെയും ധർമ്മാചരണങ്ങളെയും വേണ്ടവണ്ണം പഠിക്കുക എന്നാണർത്ഥം.

ഗുരുവിന്റെ വാക്കും ശാസനയാണ്. അപ്പീലില്ലാത്ത നിർദ്ദേശമാണ് ശാസന. അതായത് ഗുരുവിന്റെ അറിവാണ് നിർദ്ദേശം. അതിന് എതിർ ശബ്ദമില്ല. അതാണ് ശാസന.

ശിഷ്യന്റെ മാലിന്യങ്ങളെ നീക്കി ആത്മസംഭവനാക്കാൻ ഗുരു രജോ ഗുണം സ്വീകരിക്കുന്നു. അവിടെ ശിക്ഷ നടപ്പാകുന്നു. എന്നാൽ ആ ശിക്ഷ രക്ഷയാണ് എന്ന് പുരാണങ്ങൾ പറയുന്നു.

ശിഷ്യനെ ലൗകിക വൃത്തിയിൽ നിന്നും രക്ഷിച്ച് ചിത്തവൃത്തിയിലേക്ക്എത്തിക്കുന്നതാണ് ശിക്ഷ. യഥാർത്ഥത്തിൽ അതാണ് രക്ഷ.

ഒരു വ്യക്തി ഗുരുവിനെ കണ്ടെത്തിയാൽ അദ്ദേഹത്തെ വേണ്ടപോലെ മനസ്സിലാക്കണം. ആത്മതൃഷ്ണയുള്ളവനും, ഉപാസ്യ ദേവതയിൽ ഉറപ്പുള്ളവനും അത് പെട്ടെന്ന് സാധിക്കും. തന്റെ മനസ്സും ശരീരവും പൂർണ്ണമായും ഗുരുപാദത്തിൽ സമർപ്പിക്കണം.

അഭിനവഗുപ്താചാര്യർ പറയുന്നു
” ഗുരുവിന്റെ ബുദ്ധിയിൽ ഒളിക്കുന്നവനാണ് യഥാർത്ഥ ശിഷ്യൻ” എന്ന്.

ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം, ധ്യാനത്തിന് ഗുരുസ്വരൂപവും, പൂജിക്കേണ്ടത് ഗുരുപാദുകങ്ങളും, മന്ത്രങ്ങളാക്കേണ്ടത് ഗുരുവിന്റെ വാക്കുകളും, മോക്ഷത്തിനു നിദാനം ഗുരുവിന്റെ കൃപയുമാണ്.

ഗുരു ശിഷ്യനെ തന്റെ മനസ്സാകുന്ന ഗർഭപാത്രത്തിൽ സ്വീകരിക്കുന്നു. ആ ഗർഭത്തിൽ ഗുരുവിന്റെ ജ്ഞാനമാകുന്ന ചൂടേറ്റ്,കൃപാ കടാക്ഷമേറ്റ് ശിഷ്യൻ വളരുന്നു. ഗുരു സുപ്രയത്നത്താൽ ആർജ്ജിച്ച ആത്മീയ ശക്തിയെ ശിഷ്യനിലേക്ക് സന്നിവേശിപ്പിക്കുന്നു. അതാണ് ദീക്ഷ.

ഗുരുവിന്റെ പാത തന്നെയായിരിക്കണം ശിഷ്യന്റെയും പാത. അതിൽ നിന്ന് വ്യതിചലിക്കുന്ന ശിഷ്യൻ ഗുരുവിനു മാത്രമല്ല, ഗുരുകുലത്തിനും സമൂഹത്തിനും ദോഷമാകുന്നു. അതുകൊണ്ടുതന്നെ ഉത്തമ ശിഷ്യന്മാർക്ക് മാത്രമേ ഗുരു ഉത്തമ വിദ്യകൾ പറഞ്ഞു കൊടുക്കാറുള്ളൂ.

പ്രജകളുടെ പാപത്തിന്റെ ഫലം രാജാവും, രാജാവിന്റെ പാപത്തിന്റെ ഫലം പുരോഹിതനും, ഭാര്യയുടെ പാപങ്ങളുടെ ഫലം ഭർത്താവും ശിഷ്യന്റെ പാപത്തിന്റെ ഫലം ഗുരുവും അനുഭവിക്കുന്നു എന്നാണ് ചാണക്യൻ പറയുന്നത്.

വാക്കുകളുടെ നാഥനാണ് ഗുരു. ശിഷ്യന്റെ ഉന്നമനമാണ് ഗുരുവിന്റെ കർത്തവ്യം. ശിഷ്യൻ നിൽക്കുന്ന തലത്തിൽ ഇറങ്ങിച്ചെന്ന് അയാളെ ഉയർത്തിക്കൊണ്ടു വരേണ്ട കർത്തവ്യമാണ് ഗുരുവിൽ നിക്ഷിപ്തമായിരിക്കുന്നത്. ശിഷ്യൻ ഒരു ചുവട് ഗുരുവിലേക്ക് വയ്ക്കുമ്പോൾ, ഗുരു പത്തു ചുവട് ശിഷ്യനിലേക്ക് വയ്ക്കുന്നു എന്ന് ശ്രീരാമകൃഷ്ണ പരമഹംസർ സ്വാമി വിവേകാനന്ദനെ സൂചിപ്പിച്ച് പറഞ്ഞ കാര്യം ഇവിടെ സ്മരണീയമാണ്.

ഭാരതീയമായ ആചരണങ്ങളെല്ലാം ആരംഭിക്കുന്നത് ഗുരുപാദത്തിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടാണ്.

താന്ത്രിക സമ്പ്രദായത്തിൽ ഭ്രൂ മദ്ധ്യത്തിൽ അഞ്ജലീ മുദ്രകാട്ടി ഗുരുവിനെ വന്ദിക്കുന്നു. അസ്ത്രവിദ്യയിൽ ശിഷ്യൻ അമ്പുകളയച്ച് ഗുരു പാദത്തിനു വെളിയിൽ അപ്പുറവും ഇപ്പുറവും കൊള്ളിച്ചു നിർത്തിയാണ് അഭിവാദ്യം. എല്ലാ കലകളും ആരംഭിക്കുന്നത് ഗുരുവന്ദനത്തോടെയാണ്. ഗുരുവന്ദനമില്ലാതെ ഒരു ഗ്രന്ഥവും ഭാരതത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടില്ല. ഒരു വ്യക്തിയുടെ ദിനാരംഭം ഗുരുവന്ദനത്തോടെയാണ് ആരംഭിക്കുന്നത്.

ഗുരുചരണമാണ് ശിഷ്യന്റെ അഭയ കേന്ദ്രം.
“ഗുരോരനുഗ്രഹേണൈവപൂമാൻ പൂർണ്ണ പ്രശാന്തയേ”
ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടാണ് ഒരുവൻ പൂർണ്ണതയെ പ്രാപിക്കുന്നത്.

പലപല ജന്മങ്ങളിൽ ആർജ്ജിച്ച സദ്ഗുണങ്ങളാണ് ഈ ജന്മത്തിലെ ഗുരുലബ്ധിക്കു നിദാനം എന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്.

അക്കാര്യം മനസ്സിൽ വച്ചുകൊണ്ട് തന്നെ ഈ ഗുരുപൂർണ്ണിമയിൽ നമ്മുടെ ഏറ്റവും പ്രിയ ഗുരുനാഥനും, ഗുരു പത്നിക്കും അവരുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗം പ്രേണിച്ചുകൊണ്ട് ഈ ചെറിയ കുറിപ്പ് ഇവിടെ നിർത്തുന്നു.

ഇതിൽ എഴുതിയതൊന്നും എന്റെ ചിന്തയിൽ വന്നതല്ല.
ഇത് എഴുതുമ്പോൾ എന്റെ മുന്നിൽ നാലു ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. ഗുരുഗീത, കക്കാട്ട് ഭട്ടേരിയുടെ ഗുരോപാസന, സ്വാമി വിവേകാനന്ദന്റെ സമ്പൂർണ്ണ കൃതികൾ,
ഒരു യോഗിയുടെ ആത്മകഥ.
ഇതിൽ നാലെണ്ണത്തിലുള്ള കാര്യങ്ങൾ മാത്രമാണ് ഞാൻ ഇവിടെ കുറിച്ചത് എന്റേതായി ഇതിൽ ഒന്നുമില്ല.

ഈ കുറിച്ചതിലെ ഓരോ അക്ഷരങ്ങളും, ഓരോ പുഷ്പങ്ങളായി സങ്കൽപ്പിച്ചുകൊണ്ട്
എന്റെ എല്ലാ ഗുരുക്കന്മാരുടെയും പാദുകങ്ങളിൽ ഞാനിത് സമർപ്പിക്കുന്നു

(അശോകൻ ഇറവങ്കര)

Story Summary: Significance and Blessings of Gurupornima on Ashada Powrnami the Vayas Poornima

Highlights
ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഗുരുവിനെ കണ്ടെത്തുകയാണ്

ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടാണ് ഒരുവൻ പൂർണ്ണതയെ പ്രാപിക്കുന്നത്

ദൃശ്യ പ്രപഞ്ചത്തിലെ ഏറ്റവും മനോഹാരിത ഉൾക്കൊള്ളുന്ന ശബ്ദമത്രേ ഗുരു

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?