സുബ്രഹ്മണ്യ ഭഗവാനെ ആരാധിക്കുന്ന വിശിഷ്ടമായ പുണ്യദിനമാണ് ആടി കാർത്തിക. തമിഴ് കർക്കടക മാസമായ ആടിയിലെ ഈ ദിവസം സുബ്രഹ്മണ്യ സ്വാമി
ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും പതിവാണ്. 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച രാത്രി 8:20 ന് കാർത്തിക നക്ഷത്രം ആരംഭിക്കുന്നതിനാൽ ഇത്തവണ ഇന്നും നാളെയും ആടി കാർത്തിക ആഘോഷം നടക്കും.
മാതൃപൂജയ്ക്ക് വിശേഷം
ശിവഭഗവാന്റെ തൃക്കണ്ണിൽ നിന്നും പുറപ്പെട്ട ദിവ്യരശ്മികളിൽ നിന്നും ശരവണ പൊയ്കയിൽ ജനിച്ച ആറ് ശിശുക്കളെ വളർത്തിയത് ‘ആറ് കൃത്തികമാർ ‘ ആയിരുന്നു എന്ന ഐതിഹ്യമാണ് ഈ ആചരണത്തിന് പിന്നിലുള്ളത്. കാർത്തിക നക്ഷത്ര ദേവതമാരും ഭഗവാൻ്റെ അമ്മമാരുമായ കൃത്തികമാരെ ആദരിക്കുന്ന ദിനമായതിനാൽ അടി കാർത്തിക മാതൃപൂജയ്ക്കും ശ്രീ മുരുക പൂജയ്ക്കും ഏറ്റവും വിശിഷ്ടമാണ്.

ആടി കാർത്തിക വ്രതം
ദിവസം രാവിലെ ഉദയത്തിന് മുൻപ് ഉണർന്ന് കുളിച്ച് വ്രതം ആരംഭിക്കുക. പൂർണ്ണ ഉപവാസമോ അല്ലെങ്കിൽ പാൽ, പഴവർഗ്ഗങ്ങൾ കഴിച്ചുള്ള അല്പാഹാര വ്രതമോ എടുക്കാം. തുടർന്ന് ക്ഷേത്ര ദർശനം നടത്തി യഥാ ശക്തി വഴിപാട് നടത്തുക. പാലാഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവയാണ് ഈ ദിവസത്തെ പ്രധാന വഴിപാടുകൾ. വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്ന് ഓം ശരവണ ഭവായ നമഃ” അല്ലെങ്കിൽ ഓം വചത്ഭുവേ നമഃ , ഓം വള്ളി ദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ നമഃ എന്നീ മന്ത്രങ്ങൾ ജപിക്കുക. സ്കന്ദ ഷഷ്ഠി കവചം കേൾക്കുന്നതും ജപിക്കുന്നതും വളരെ വിശേഷമാണ്.
ഈ ദിവസം അന്നദാനം നടത്തുന്നത് പുണ്യകരമാണ്.
കടബാധ്യതകൾ അകറ്റും
അഗ്നി നക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം അകലും. ജ്ഞാനവും വിവേകവും വർദ്ധിക്കും എന്നാണ് വിശ്വാസം. ആടിമാസത്തിലെ കാർത്തിക നാളിൽ മുരുകനെ ഭജിച്ചാൽ കടബാധ്യതകൾ മാറും, ശത്രുദോഷം അകലും. വിദ്യയിലും ജോലിയിലും പുരോഗതിയുണ്ടാകും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും ഇല്ലാതാക്കാനും പ്രണയ സാഫല്യത്തിനും ചൊവ്വാഗ്രഹദോഷങ്ങൾ
പരിഹരിക്കുന്നതിനും മന:ശ്ശാന്തിക്കും ഈ ദിവസം സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതു കൊണ്ട് ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും ഭൂമി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളവരും കാർത്തിക നക്ഷത്ര ദിവസം സുബ്രഹ്മണ്യനെ ഭജിക്കുകയാണെങ്കിൽ ദോഷങ്ങൾ അകന്നു പോകും.
ആടി കാർത്തിക ജപത്തിന് മന്ത്രങ്ങൾ
ALSO READ
1 ഓം വചത്ഭുവേ നമഃ
( വളരെയധികം ഫലസിദ്ധിയേകുന്ന മൂലമന്ത്രമാണിത്. വിദ്യാവിജയത്തെയും പ്രദാനം ചെയ്യും. വ്രതനിഷ്ഠയോടെ ജപിക്കുക )
2.ഓം ശരവണഭവായ നമഃ
( ഈ മന്ത്രജപം ദാമ്പത്യസൗഖ്യം നൽകും.)
സുബ്രഹ്മണ്യഗായത്രികൾ
1
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്ന: സ്കന്ദ പ്രചോദയാത്
( ഈ മന്ത്രം പ്രവൃത്തികളിലുള്ള തടസ്സങ്ങൾ
ഇല്ലാതാക്കും നിത്യവും 36 തവണ ജപിക്കുക )
2
ഓം തത് കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്ന: സ്കന്ദ: പ്രചോദയാത്
( ഈ മന്ത്രം ദാമ്പത്യസൗഖ്യവും സന്താനലാഭവും പ്രദാനം ചെയ്യും. നിത്യവും 41 തവണ ജപിക്കുക.
3
ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്ന : സ്കന്ദ പ്രചോദയാത്
( ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ് നിത്യവും 108 തവണ ജപിക്കുക
സുബ്രഹ്മണ്യ സഹസ്രനാമം
ദോഷദുരിതങ്ങൾ കൊണ്ടോ, ആരോഗ്യപരമായ വിഷയങ്ങൾ കാരണമോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് ആടി കാർത്തിക വ്രതം നോറ്റ് സുബ്രഹ്മണ്യ പ്രീതി നേടിയാൽ പരിഹാരം ലഭിക്കും. ഇഷ്ടസന്താന ലബ്ധിക്ക് വളരെയധികം ഗുണകരമാണ് മുരുകഭജനം. ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ഏകത്വവും ദിവ്യത്വവും വെളിപ്പെടുത്തുന്നു. ശ്രീസുബ്രഹ്മണ്യൻ്റെ മഹാഗുണങ്ങൾ പ്രകീർത്തിക്കുന്ന ഈ നാമാവലി നിത്യ ജപത്തിനും ധ്യാനത്തിനും ആത്മീയ സാധനയ്ക്കും ഉത്തമം. ആടി കാർത്തിക ദിവസം മാത്രമല്ല ചൊവ്വാഴ്ച, ഷഷ്ഠി, തൈപ്പൂയം, പൂയം, വിശാഖം, സ്കന്ദ ഷഷ്ഠി, എന്നീ ദിവസങ്ങളിൽ ഇത് കഴിയുന്നതും ജപിക്കാൻ ശ്രമിക്കണം പ്രസിദ്ധ ഗായകൻ ന്യാസവും ധ്യാനവും ഉൾപ്പെടെ ജപിച്ച സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി
(മൊബൈൽ: 91 9961442256)
Email ID: prabhaseenacp@gmail.com
Story Summary: Significance of Adi Karthika
Highlights
ആടി കാർത്തിക നാളിൽ മുരുകനെ
ഭജിച്ചാൽ കടബാധ്യതകൾ മാറും
ശത്രുദോഷങ്ങൾ മാറും. വിദ്യയിലും ജോലിയിലും പുരോഗതിയുണ്ടാകും.
ദാമ്പത്യ ക്ലേശം മാറ്റാനും പ്രണയ സാഫല്യത്തിനും
സുബ്രഹ്മണ്യപൂജ ഉത്തമം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.