(2026 നവംബർ 1 – 7 )
മണ്ണാറശാല ആയില്യം, രമാ ഏകാദശി, പ്രദോഷ വ്രതം, ദീപാവലി വ്രതാരംഭം എന്നിവയാണ് 2026 നവംബർ 1 ന് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. നവംബർ 2 തിങ്കളാഴ്ചയാണ് മണ്ണാറശാല ആയില്യം. വാസുകി ഭാവത്തിലുളള നാഗരാജാവിനും സർപ്പയക്ഷിക്കും പൂയം നാളായ ഞായറാഴ്ച രാവിലെ 9.30 ന് തിരുവാഭരണം ചാർത്തി വലിയമ്മയുടെ കാർമ്മികത്വത്തിൽ ഉച്ച പൂജ നടക്കും. അന്ന് രാത്രി ഏഴിന് പൂയം തൊഴലിൻ്റെ ഭാഗമായി വലിയമ്മ ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം ക്ഷേത്രദർശനം നടത്തും. പൂയം നാളിലെ തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക പൂജകളും നൂറും പാലും മണ്ണാറശാല അമ്മ ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന്റെ പ്രത്യേക ദർശനവും ആയില്യം നാളിലെ എഴുന്നള്ളത്തുമാണ് മണ്ണാറശാല ആയില്യത്തിന്റെ വിശേഷങ്ങൾ. നാഗാരാധനയ്ക്ക് പ്രധാന ദിവസമായ തുലാമാസത്തിലെ ആയില്യത്തിന് നാഗപ്രതിഷ്ഠയുളള ഏത് ക്ഷേത്രത്തിലും നൂറും പാലും നാഗപൂജയും നടത്തി പ്രാർത്ഥിച്ചാൽ നാഗദോഷങ്ങൾ മാറി കുടുംബത്തിനും സന്തതികൾക്കും എല്ലാ ഐശ്വര്യങ്ങൾ കൈവരും. തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി നവംബർ 5 വ്യാഴാഴ്ചയാണ്. അന്ന് വെളുപ്പിന് 4:45 മണിക്കും പകൽ 4:37 മണിക്കും മദ്ധ്യേയാണ് ഹരിവാസരം. ഏകാദശി നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കണം. രമാഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോൽക്കുന്നത് ലക്ഷ്മീ പ്രീതിക്ക് വിശേഷമാണ്. മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും, ലക്ഷ്മീനാരായണ സങ്കല്പത്തിൽ ഈ ദിവസം ഭജിക്കുന്നു. ഈ ഏകാദശി ആചരണം ജീവിത വിജയത്തിനും തടസങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. നവംബർ 6 വെള്ളിയാഴ്ചയാണ് ശിവപ്രീതികരമായ തുലാത്തിലെ കറുത്തപക്ഷ പ്രദോഷ വ്രതാചരണം. ഈ ദിവസം ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹങ്ങളും നടക്കും. നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി . അതിന് വ്രതം എടുക്കുന്നവർ 7 ന് ശനിയാഴ്ച വ്രതം തുടങ്ങണം. ചോതി നക്ഷത്രം ആദ്യ പാദത്തിൽ വാരം അവസാനിക്കും. മേടക്കൂറിലെ അശ്വതി മുതൽ മീനക്കൂറിലെ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെയും നവംബർ 1 മുതൽ 7 വരെയുള്ള പൊതുവായ നക്ഷത്രഫലങ്ങളും ദോഷപരിഹാരവും നിർദ്ദേശിക്കാം. ഇത് പരമ്പരാഗത ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള പൊതുവായ ഫലപ്രവചനമാണ്. വ്യക്തിഗത ജാതകത്തിലെ ഗ്രഹനില പ്രകാരം ഫലത്തിൽ വ്യത്യാസമുണ്ടാകാം. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ യാത്രകൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാം. കുടുംബബന്ധങ്ങളിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ക്ഷമയോടെ കൈകാര്യം ചെയ്യുക. പുതിയ നിക്ഷേപങ്ങളിലും വലിയ ചെലവുകളിലും ആലോചിച്ചുമാത്രം തീരുമാനമെടുക്കുക.
ദോഷപരിഹാരം: നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക. വ്യാഴാഴ്ചകളിൽ വിഷ്ണു സഹസ്രനാമ ജപവും ഉചിതമാണ്.
ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം. തൊഴിൽരംഗത്ത് ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം വേണ്ടിവരും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ സ്വന്തം തീരുമാനങ്ങൾ വിവേകത്തോടെ എടുക്കുക. കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം ഗുണകരമാകും.
ദോഷപരിഹാരം: ബുധനാഴ്ച ഗണപതി ഹോമം നടത്തുക. നിത്യേന ഗണപതി അഷ്ടോത്തരശതനാമാവലി ജപിക്കുക.
മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം പാലിക്കേണ്ട സമയമാണ്. ജോലികളിൽ കാലതാമസം നേരിട്ടാലും പരിശ്രമം ഉപേക്ഷിക്കരുത്. പഠനരംഗത്ത് ഏകാഗ്രത വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകുക. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ദോഷപരിഹാരം: ശിവക്ഷേത്രദർശനം നടത്തുക. നിത്യവും ശിവാഷ്ടോത്തര ശതനാമാവലി ജപിച്ച് പ്രാർഥിക്കാം.
കർക്കടകക്കൂറ്
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സാമ്പത്തികമായി മെച്ചപ്പെടാനുള്ള അവസരങ്ങൾ ലഭിക്കാമെങ്കിലും വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണം. തൊഴിലിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ പരസ്പര ധാരണയോടെ പ്രവർത്തിക്കുക. വിവാഹകാര്യങ്ങളിൽ അനാവശ്യ തിടുക്കം ഒഴിവാക്കുക.
ദോഷപരിഹാരം: ശ്രീഹനുമാനെ ഭജിക്കുക. സുന്ദരകാണ്ഡം പാരായണം ചെയ്യുക. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ശ്രീ മുരുകൻ വേൽ വിളക്ക് ₹299/- https://www.okalasha.com/shop/subhalabham-lord-murugan-vel-diya
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)
പുതിയ ഉത്തരവാദിത്തങ്ങളും അതിൻ്റെ ഫലമായിമാനസിക സമ്മർദവും അനുഭവപ്പെടാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. തൊഴിൽരംഗത്ത് മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുക. ആരോഗ്യവും വിശ്രമവും അവഗണിക്കരുത്.
ദോഷപരിഹാരം: ദുർഗാദേവിയെ ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 ഉരു ജപിച്ച് ഭജിക്കുക. പതിവായി ദേവീക്ഷേത്രദർശനം നടത്തി ദേവീസ്തുതികൾ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ചെലവുകൾ വർധിക്കാനും ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി വൈകാനും സാധ്യതയുണ്ട്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. വിദേശയാത്രയ്ക്കോ തൊഴിൽമാറ്റത്തിനോ ശ്രമിക്കുന്നവർ രേഖകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം പരിശോധിക്കണം. കുടുംബത്തിലെ മുതിർന്നവരുടെ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.
ദോഷപരിഹാരം: എന്നും 108 തവണ ഓം നമഃ ശിവായ ജപിക്കുക. തികളാഴ്ച
ശിവാഷ്ടോത്തരനാമാവലി ജപിക്കുകയും ശിവക്ഷേത്രത്തിൽ ധാര നടത്തി പ്രാർഥിക്കുകയും ചെയ്യണം.
തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
സാമ്പത്തിക നേട്ടങ്ങൾക്കും തൊഴിൽരംഗത്തെ പുരോഗതിക്കും അനുകൂലമായ അവസരങ്ങൾ ലഭിച്ചേക്കാം. പുതിയ പരിചയങ്ങൾ ഗുണകരമാകും. പഠനത്തിലും മത്സരപരീക്ഷകളിലും ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം. എന്നാൽ ആലോചനയില്ലാത്ത തീരുമാനങ്ങളും അനാവശ്യ തർക്കങ്ങളും ഒഴിവാക്കണം.
ദോഷപരിഹാരം: എന്നും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക. ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രദർശനം നടത്തി വെറ്റില മാല സമർപ്പിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കാനും പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. കുടുംബബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ വിട്ടുവീഴ്ചയോടെ പരിഹരിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ പരിചയസമ്പന്നരുടെ ഉപദേശം തേടുന്നത് ഗുണകരമാകും.
ദോഷപരിഹാരം: നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
വെള്ളിയാഴ്ച ലളിതാസഹസ്രനാമം ജപിക്കുകയോ ദേവീക്ഷേത്രത്തിൽ
ദർശനം നടത്തി പ്രാർത്ഥിക്കുകയോ ചെയ്യണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
ഭാഗ്യാനുഭവങ്ങൾക്കും പുതിയ അവസരങ്ങൾക്കും പ്രാധാന്യമുള്ള കാലമായി ഇതിനെ കണക്കാക്കാം. തൊഴിൽ, ഉപരിപഠനം, ദീർഘയാത്രകൾ തുടങ്ങിയ കാര്യങ്ങളിൽ മുന്നേറ്റത്തിനായി ശ്രമിക്കാം. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോഴും അമിതച്ചെലവുകൾ നിയന്ത്രിക്കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മാനസിക സന്തോഷം വർധിപ്പിക്കും.
ദോഷപരിഹാരം: ദേവീഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ഗുരുവിനെയും ശ്രീമഹാവിഷ്ണുവിനെയും സ്മരിച്ച് പ്രാർത്ഥിക്കാം.

മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ), തിരുവോണം, അവിട്ടം ആദ്യ പകുതി)
സാമ്പത്തിക ഇടപാടുകളിലും തൊഴിൽപരമായ തീരുമാനങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ജാഗ്രത പാലിക്കുക. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ക്ഷമയും പരസ്പര വിശ്വാസവും ആവശ്യമാണ്. തടസ്സങ്ങൾ വന്നാൽ ധൈര്യത്തോടെ നേരിടുക.
ദോഷപരിഹാരം: ഓം ശരവണ ഭവഃ
108 തവണ എന്നും ജപിക്കുക.
ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യസ്വാമി
ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുക.
കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)
ദാമ്പത്യബന്ധത്തിനും പങ്കാളിത്ത
സംരഭങ്ങൾക്കും പ്രാധാന്യം ലഭിക്കും. പുതിയ കരാറുകളിലും ബിസിനസ് പങ്കാളിത്തങ്ങളിലും വ്യവസ്ഥകൾ വ്യക്തമായി മനസ്സിലാക്കിയശേഷം മുന്നോട്ടുപോകുക. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചേക്കാം. മാനസിക സമ്മർദം ഒഴിവാക്കാൻ വിശ്രമത്തിനും കുടുംബത്തിനും സമയം നൽകുക.
ദോഷപരിഹാരം: എന്നും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക. ശനിയാഴ്ച ധർമ്മശാസ്താ അഷ്ടോത്തരം ജപിക്കുകയും അയ്യപ്പ ക്ഷേത്രദർശനം നടത്തുകയും ചെയ്യാം.
മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
തൊഴിൽപരമായ മത്സരങ്ങളിലും ദൈനംദിന ഉത്തരവാദിത്തങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. ജോലികൾ ക്രമീകരിച്ച് ചെയ്യുന്നതും കുടുംബാംഗങ്ങളുമായി തുറന്ന മനസ്സോടെ സംസാരിക്കുന്നതും ഗുണകരമാകും.
ദോഷപരിഹാരം: എന്നും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം ജപിക്കുകയും ക്ഷേത്രത്തിൻ തുളസിമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യണം.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.