Tuesday, November 17, 2026
Tuesday, November 17, 2026
Home » ഓച്ചിറ 12 വിളക്ക് ചൊവ്വാഴ്ച തുടങ്ങും; തൊഴുതാൽ ശനിദോഷ ശമനം,അഭീഷ്ട സിദ്ധി

ഓച്ചിറ 12 വിളക്ക് ചൊവ്വാഴ്ച തുടങ്ങും; തൊഴുതാൽ ശനിദോഷ ശമനം,അഭീഷ്ട സിദ്ധി

0 comments

എല്ലാ ഈശ്വര സന്നിധികളിൽ നിന്നും വിഭിന്നമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസങ്കല്പം. സമ്പ്രദായിക
രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവും ഒന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ ആൽച്ചുവട്ടിൽ ശ്രീ പരമേശ്വരൻ വാണരുളുന്നു.

2026 നവംബർ 17, വൃശ്ചികം ഒന്നിന് തുടങ്ങുന്ന 12 വിളക്കാണ് ഓച്ചിറയിലെ പ്രധാന ഉത്സവം. അമ്പലമില്ലാതെ, പ്രതിഷ്ഠയില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓച്ചിറ പരബ്രഹ്മ ദർശനം കൈലാസ ദർശനം പോലെ പുണ്യകരമാണെന്ന് ആചാര്യന്മാർ പറയുന്നു. ഓച്ചിറ പരബ്രഹ്മമേ പാഹിമാം എന്ന നാമജപത്തോടെ ഇവിടെ വഴിപാടുകൾ നടത്തിയാൽ ശനിദോഷ ശാന്തിയും സർവ്വാഭീഷ്ട സിദ്ധിയുമുണ്ടാകും. മരത്തടിയിൽ നിർമ്മിച്ച ആൾരൂപങ്ങളും മനുഷ്യ അവയവങ്ങളുടെ ലോഹരൂപങ്ങളും നടയ്ക്കുവച്ച് രോഗശാന്തിയും ദോഷശമനവും തേടുന്ന ഒരേയൊരു ക്ഷേത്രവുമാണിത്. ദുരിതമകലാനും പാപമോചനത്തിനും പിതൃപ്രീതിക്കും ഇവിടെ നടത്തുന്ന വഴിപാടുകൾ സഹായിക്കും.

പറച്ചിപെറ്റ പന്തിരുകുലത്തിലെ 12 പേരും പരബ്രഹ്മത്തെ ധ്യാനിച്ചു നടത്തിയ പൂജകളെ അനുസ്മരിച്ചാണ് വൃശ്ചികം ഒന്ന് മുതൽ 12 വരെ നടക്കുന്ന പന്ത്രണ്ട് വിളക്ക് മഹോത്സവം. ഇതിനെ ഓർമ്മിപ്പിക്കുന്ന പന്ത്രണ്ടു വിളക്കുകളും ഇവിടെയുണ്ട്. ഈ പന്ത്രണ്ട് ദിവസങ്ങളിൽ ഇവിടെ ഭജനമിരുന്ന് വ്രതമനുഷ്ടിച്ചാൽ മുജ്ജന്മ ദോഷം പോലുമകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും. നവംബർ 17 മുതൽ 28 വരെയാണ്
ഓച്ചിറ വിളക്കുത്സവം. ഈ സമയത്തെ ക്ഷേത്ര ദർശനം പുണ്യകരവും ഐശ്വര്യദായകവുമാണ്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരകവാടം മുതല്‍ 22 ഏക്കര്‍ സ്‌ഥലത്ത്‌ 2 ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ക്ഷേത്രം. പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്‌ഥാനമായ ഓച്ചിറയില്‍ എത്തിയാല്‍ ആദ്യം കാണുന്നത്‌ അലങ്കരിച്ച് പ്രദക്ഷിണത്തിന് കൊണ്ട്‌ വരുന്ന ശിവ വാഹനമായ കാളയെയാണ്‌. ശ്രീകോവിലും പ്രതിഷ്‌ഠയും ഇല്ലാത്ത മൂലസ്‌ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഭസ്‌മമാണ്‌ പ്രസാദം. ഇവിടെ ഭസ്‌മം ശിവവിഭൂതിയായും ത്രിശൂലം ഭഗവാന്റെ ആയുധമായും സങ്കല്പിക്കുന്നു.

വൃശ്‌ചിക മഹോത്‌സവം കരകൂടല്‍ ഘോഷയാത്രകളോടെയാണ്‌ തുടങ്ങുന്നത്‌. ക്ഷേത്രത്തിന്‌ വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കില്‍ നിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തില്‍ നിന്നുമാണ്‌ ആരംഭിക്കുന്നത്‌. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്‌ക്ക്‌ പകിട്ടേകും. നൂറനാട്ട്‌ നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്‌മരണ ഉണര്‍ത്തുന്നതാണ്‌ കരകൂടല്‍ ചടങ്ങ്‌. യുദ്ധം നീണ്ടുപോയപ്പോള്‍ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാര്‍ പാഴൂര്‍ മനയിലെത്തി തമ്പുരാനെ മധ്യസ്‌ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട്‌ അവസാനിപ്പിച്ചവെന്ന്‌ ചരിത്രം പറയുന്നു. പാഴൂര്‍ തമ്പുരാന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും വൃശ്‌ചികച്ചിറപ്പിന്‌ കിഴക്കുവശത്തായി കുടില്‍ സ്‌ഥാപിച്ച്‌ അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച്‌ കെടാവിളക്ക്‌ വയ്‌ക്കുന്നത്‌ ഇന്നും തുടരുന്നു.

പി.എം. ബിനുകുമാർ ,
മൊബൈൽ +919447694053

ALSO READ

Story Summary: Ochira Parabrahma Temple 12 Vilakku Festival

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?