തികഞ്ഞ ഭക്തിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ മാസവും കുറഞ്ഞത് രണ്ട് ത്രയോദശി തിഥി വരും. അതിനാൽ കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും പ്രദോഷ വ്രതം ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. പ്രദോഷങ്ങളിൽ ശ്രേഷ്ഠം കറുത്ത പക്ഷത്തിൽ വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവുമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്. ശിവപാർവതി പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷ വ്രതം. 2026 ഏപ്രിൽ 29 ഞായറാഴ്ചയാണ് മേടമാസത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതം. ഇത് നോറ്റാൽ സമ്പൽ സമൃദ്ധി, ആയുരാരോഗ്യം, സത്കീർത്തി, ദാരിദ്ര്യ ദുഃഖമോചനം,
സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം, പാപമുക്തി തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും.
സർവദേവതാപ്രീതി ലഭിക്കും
മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും അതിലളിതമായി ആചരിക്കാവുന്നതാണ് പ്രദോഷം. പ്രദോഷസന്ധ്യാസമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്, പാർവ്വതി ദേവിയെ രത്നപീഠത്തിലിരുത്തി ദേവിയുടെ മുന്പില് ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന് പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്, അപ്സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ മുപ്പത്തി മുക്കോടി ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. അതിനാൽ ഈ തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും.
വ്രതനിഷ്ഠകൾ, ജപം
മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി പ്രദോഷവ്രതം അനുഷ്ഠിക്കണം. ദുഷിച്ച കൂടുകെട്ടുകൾ, ലഹരി വസ്തുക്കൾ, മത്സ്യമാംസാദികൾ, പരദ്രോഹചിന്ത ഇവ പാടില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരെയും ദ്രോഹിക്കരുത്. മനസ് ഈശ്വരചിന്തയിൽ ഏകാഗ്രമാക്കി കഴിയണം. സ്ത്രീപുരുഷബന്ധം പാടില്ല. പുകവലി, വെറ്റില മുറുക്ക് ഇതൊന്നും പാടില്ല. പ്രദോഷത്തിന്റെ തലേന്ന് ഒരിക്കലെടുക്കണം. പ്രദോഷ ദിവസം ഉപവാസമായി വ്രതം അനുഷ്ഠിക്കണം. രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ പുജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവ സഹസ്രനാമം, ശങ്കര ധ്യാനപ്രകാരം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഉമാ മഹേശ്വര സ്തോത്രം എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രു ദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാവിധ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.
ആദിത്യദോഷങ്ങൾ മാറ്റും
ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന് ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന് അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള് ഒഴിഞ്ഞു പോകും.
ശങ്കരധ്യാനപ്രകാരം ജപിക്കണം
പ്രദോഷ വ്രതം എടുക്കുന്നവർ 11 പ്രദോഷ ദിവസം തുടർച്ചയായി ശങ്കര ധ്യാനപ്രകാരം ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ സർവ്വാഭീഷ്ട സിദ്ധിയാണ് ഫലം പറയുന്നത്. ഇതിന് പുറമെ ഉമാ മഹേശ്വര സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, പ്രദോഷസ്തോത്രം, ശിവസഹസ്രനാമം, ലിംഗാഷ്ടകം, കാലഭൈരവാഷ്ടകം, ദാരിദ്ര്യ ദഹന ശിവ സ്തോത്രം, വിശ്വനാഥാഷ്ടകം, കാലഭൈരവാഷ്ടകം, വൈദ്യനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ചൊല്ലണം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. ഒരു പ്രദോഷമെങ്കിലും ഒരു മാസം എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. മണക്കാട് ഗോപൻ ആലപിച്ച ശങ്കര ധ്യാനപ്രകാരം കേൾക്കാം :
ജോതിഷി പ്രഭാസീന സി പി, മൊബൈൽ: +91 9961442256
ALSO READ
Story Summary: Significance of Sukla Paksha Pradosha Viratham on 2026 April 29
Tags
Highlights
പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും
11 പ്രദോഷ ദിവസം തുടർച്ചയായി ശങ്കര ധ്യാനപ്രകാരം ജപിച്ചാൻ സർവ്വാഭീഷ്ട സിദ്ധിഫലം
എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.