Tuesday, April 28, 2026
Tuesday, April 28, 2026
Home » പുഷ്പാഞ്ജലി നടത്തിയിട്ട് ഫലം ലഭിച്ചതായി തോന്നുന്നില്ലേ, കാരണം ഇതാകും !

പുഷ്പാഞ്ജലി നടത്തിയിട്ട് ഫലം ലഭിച്ചതായി തോന്നുന്നില്ലേ, കാരണം ഇതാകും !

0 comments

ക്ഷേത്ര വിശ്വാസികൾ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി/ അര്‍ച്ചന നടത്തിയിട്ടുണ്ടാകും. അതിൽ ഒരു മാനസിക സംതൃപ്തി ലഭിച്ചിട്ടുള്ളവർ എത്ര പേർ..?
കൂടുതൽ ആളുകളും അർച്ചനയെക്കുറിച്ചും പുഷ്പാഞ്ജലിയെ കുറിച്ചും ബോധവാന്മാരല്ല.!

അതിനുമുമ്പ് ഒരു ചെറിയ കാര്യം മനസ്സിലാക്കണം.

അഞ്ചു കാര്യങ്ങൾ പഞ്ചീകരിച്ചതാണ് പ്രപഞ്ചം.

ഏതൊക്കെ..?

പൃഥ്വി, (അഥവാ ഭൂമി തത്വം) ജലം, ആകാശം, വായു, അഗ്നി.

ഇവയെ പഞ്ചഭൂതങ്ങൾ എന്നു പറയുന്നു.
ഈ അഞ്ചു വസ്തുക്കൾ കൊണ്ടാണ് ഈശ്വരൻ പ്രപഞ്ചം സൃഷ്ടിച്ചത്. ഇതിൽ ഒന്നു കൂടുതലോ ഒന്നു കുറവോ ഒരു സൃഷ്ടിയിലുമില്ല.

ALSO READ

ഈ അഞ്ചു കാര്യങ്ങൾ കൊണ്ടാണ് നമ്മളെയും സൃഷ്ടിച്ചിട്ടുള്ളത്.
പൃഥ്വി എന്നാൽ ഖരമായ അവസ്ഥ എന്നാണ് അർത്ഥം. മണ്ണും പാറയും എല്ലാം അതിൽ പെടും.
അഞ്ചു കാര്യങ്ങൾ കൊണ്ട് നമ്മളെ സൃഷ്ടിച്ച ഈശ്വരനെ അതേ അഞ്ചു കാര്യങ്ങൾ കൊണ്ട് നമ്മൾ ആരാധിക്കുന്നു.

അതാണ് പൂജ.

അതിന് അഞ്ചു കാര്യങ്ങൾ നമ്മൾ ഉപയോഗിക്കുന്നു.

പൃഥ്വിക്ക് പകരം ചന്ദനം. ജലത്തിനു പകരം തീർത്ഥം, വായുവിന് പകരം ധൂപം( ചന്ദനത്തിരി) അഗ്നിക്ക് പകരം ദീപം.
ആകാശത്തിന് പകരം പുഷ്പം. കൂടാതെ നമുക്ക് അന്നം തരുന്ന ഈശ്വരന് നിവേദ്യവും സമർപ്പിക്കുന്നു. ഏതു പൂജയും ഇത്രയേ ഉള്ളൂ. ഇതിനപ്പുറം വേറൊന്നുമില്ല.

അപ്പോൾ പുഷ്പാഞ്ജലി എന്നാൽ ആകാശ തത്വം കൊണ്ട് ഈശ്വരനെ പൂജിക്കുന്ന ക്രിയയാകുന്നു.

ആകാശ തത്വം നമ്മുടെ മനസ്സിനെ പ്രതിനിധീകരിക്കുന്നു.

ജപിക്കുമ്പോഴുള്ള ധ്യാനാവസ്ഥ ആകാശ തത്വത്തിന്റെ മറ്റൊരു തലമാണ്

ഇനി നമുക്ക് പുഷ്പാഞ്ജലി യിലേക്ക് വരാം

ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ “അര്‍ച്ചന-പുഷ്പാഞ്ജലി” എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്. പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്.

ഇവിടെ വാക്കുകളുടെ അർത്ഥം എടുത്തു നോക്കിയാൽ

അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം.

കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു.

പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌. ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു.

നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ.

സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്.

എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.

നമ്മിലുള്ള ആസുരികമായ വാസനകളേയും അതിന്റെ ഉപോന്നങ്ങളായ പ്രയാസങ്ങളെയും സങ്കടങ്ങളെയും ഭഗവാന് സമർപ്പിച്ച്, ഭഗവാനിലുള്ള ദൈവീക വാസനയേയും അതിന്റെ ഉപോത്പന്നമായ സന്തോഷത്തെയും ഭാഗ്യത്തെയും നമ്മൾ സ്വീകരിക്കുന്ന സമർപ്പണോപാധിയാണ് പുഷ്പാഞ്ജലി.

എങ്ങനെ പുഷ്പാഞ്ജലി ചെയ്യണം..?

പുഷ്പാഞ്ജലിക്ക് വേണ്ടി നമ്മുടെ വീട്ടുമുറ്റത്തെ ചെടികളിൽ നിന്നും പൂക്കള്‍ ഇറുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകളായും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം. കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്. ഇതിനു സൗകര്യം ഇല്ലാത്തവര്‍ മാത്രം പൂക്കള്‍ വാങ്ങണം.

അതെ.
പൂക്കൾ നമ്മൾ പുഷ്പാഞ്ജലിക്കായി നിർബന്ധമായും കൊണ്ടുപോകണം.

കുടുംബ /ഗ്രാമ /ദേശ ദേവതാ ക്ഷേത്രങ്ങളിൽ
ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം. പുഷ്പാഞ്ജലിക്കായി രസീത് എടുത്ത് ഈ പുഷ്പങ്ങളുടെ മുകളിൽ വെച്ചു വേണം നടയിൽ സമർപ്പിക്കേണ്ടത്. പൂക്കൾ നടയിൽ വച്ചശേഷം ഇരു കൈകളും സ്വന്തം നെറുകയിൽ വച്ച് ദേവതയെ വണങ്ങണം. അതാണ് അഞ്ജലി.

നമ്മൾ പൂക്കൾ നടയിൽ വച്ചശേഷം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം. ഒപ്പം എന്റെ എല്ലാ പ്രയാസങ്ങളും, സങ്കടങ്ങളും അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്നതായും സങ്കൽപ്പിക്കണം.
ആ സങ്കല്പം വിശ്വാസത്തോടെയും ആത്മാർത്ഥതയോടെയും ആണെങ്കിൽ അപ്പോൾ തന്നെ നമ്മുടെ മനസ്സ് നിർമ്മലമാകുന്നതായി അനുഭവപ്പെടും. ഒരു തണുത്ത കാറ്റ് വീശും പോലെ.

ആ അനുഭവം ഏറ്റുവാങ്ങിയ ശേഷം
പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം. നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം. ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.

ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്. ഇതിലൂടെ നമ്മിലെ മുഴുവന്‍ പ്രയാസങ്ങളും ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നിറഞ്ഞ സന്തോഷം ഭഗവദ് പ്രസാദമായി നമ്മിൽ എത്തിയിരിക്കുന്ന കാര്യം ദൃഢമായി വിശ്വസിക്കണം.

പുഷ്പാഞ്ജലി എല്ലാവരും ചെയ്യണോ..?

“മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും”

എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്.

മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. രണ്ട് നേരവും തീർത്ഥം വെച്ച്, ഒരു പൂവും പറിച്ചു വെച്ച് വിളക്കുകൊളുത്തി ചന്ദനത്തിരിയും കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരാളിന് പുഷ്പാഞ്ജലി ചെയ്യേണ്ട കാര്യമേയില്ല. ചെയ്യുന്നതിലും വിരോധമില്ല.
പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ ഇറുത്ത് ഭഗവാന് ക്ഷേത്രത്തിൽ അർച്ചിക്കുക, പൂക്കൾ ഇറുക്കുമ്പോൾ “ഓം നമശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ:” മുതലായ മഹാ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടിരിക്കുക. കാലാന്തരത്തില്‍ ചിത്തശുദ്ധിയും, ഐശ്വര്യസമൃദ്ധിയും തീര്‍ച്ചയായും ഉണ്ടാകുന്നതാണ്

സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്. പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു. അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല. അതിനാല്‍ ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി നടത്തുമ്പോൾ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക.

( ആത്മീയാചാര്യനും ഗവേഷകനുമായ അശോകൻ ഇറവങ്കര തയ്യാറാക്കിയത് )

Story Summary: Significance Rituals of Pushpanjali

Highlights
പുഷ്പാഞ്ജലിക്ക് പൂക്കൾ വീട്ടുമുറ്റത്തെ ചെടികളിൽ നിന്നും ഇറുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം

പൂ ഇറുക്കുമ്പോൾ ഓം നമ:ശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ: മഹാമന്ത്രങ്ങള്‍ ജപിക്കണം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?