Friday, April 24, 2026
Friday, April 24, 2026
Home » ആരാധിക്കുന്നവർക്ക് സുരക്ഷിതത്വം നൽകുന്ന ഭദ്രകാളിയെ താത്കാലിക ലാഭത്തിന് വേണ്ടി മാത്രം ഭജിക്കല്ലെ !

ആരാധിക്കുന്നവർക്ക് സുരക്ഷിതത്വം നൽകുന്ന ഭദ്രകാളിയെ താത്കാലിക ലാഭത്തിന് വേണ്ടി മാത്രം ഭജിക്കല്ലെ !

0 comments

പ്രാചീനകാലം മുതൽ ആരാധിച്ചു
വരുന്ന ദേവിയാണ് കാളി. ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായിത്തീർന്ന പരമശിവൻ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചപ്പോൾ ജന്മമെടുത്തതാണ് ഭദ്രകാളിയെന്നും രണ്ട് വിശ്വാസങ്ങൾ പ്രചാരത്തിലുണ്ട്. ഈ രണ്ടു ഭാവങ്ങൾ കൂടാതെ വേറെയും കാളി ഉപാസന സമ്പ്രദായങ്ങളുണ്ട്. മധുകൈടഭന്മാരെ വധിക്കാനായി അവതരിച്ചതാണ് ഭദ്രകാളി എന്നൊരു വിശ്വാസവുമുണ്ട്. മധുകൈടഭന്മാരെന്ന രണ്ട് അസുരന്മാരുമായുള്ള യുദ്ധത്തിൽ ഭഗവാൻ വിഷ്ണു തളരുകയും ആ സമയത്ത് ഭദ്രകാളി അവതരിച്ചു എന്നുമാണ് ആ ഐതിഹ്യം.
ദേവീ മാഹാത്മ്യത്തിൽ ഈ കഥയാണ് ആദ്യം പറയുന്നത്.

ദക്ഷിണകാളികാ ഭാവം
ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ കാളിയെ ദശമഹാവിദ്യകളിൽ ഒന്നായ ദക്ഷിണകാളിക എന്ന ഭാവത്തിലാണ് ആരാധിക്കുന്നത്. ഇനിയും മറ്റൊരു വിശ്വാസമുണ്ട്. അതിങ്ങനെ: മൂന്നു കൽപ്പങ്ങളിലായി മൂന്ന് മഹിഷാസുരന്മാരുണ്ടായെന്നും അതിൽ ഒന്നാമത്തെ കല്പത്തിൽ ഉഗ്രചണ്ഡ എന്ന കാളിയും രണ്ടാമത്തെ കല്പത്തിൽ ഭദ്രകാളിയും മൂന്നാമത്തെ കല്പത്തിൽ
മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗാ ഭഗവതിയായും അവതരിച്ചാണ് ഈ അസുരന്മാരെ വധിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ഇതിൽ രണ്ടാമത്തെ കല്പത്തിൽ അവതരിച്ച ഭദ്രകാളിയെ വടക്കൻ കേരളത്തിൽ മാന്ത്രിക സാധനകൾക്ക് ആരാധിക്കാറുണ്ട്. ഇനി വേറൊരു ഭദ്രകാളി സങ്കൽപം കൂടിയുണ്ട്. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്.

സീതാദേവിയുടെ കാളീരൂപം
രാവണവധത്തിന് ശേഷം അയോധ്യയിൽ ശ്രീരാമൻ തിരികെ എത്തി ഭരണം നടത്തുന്ന കാലത്ത് സഹസ്രമുഖ രാവണൻ എന്ന അസുരന്റെ ഉപദ്രവം ഉണ്ടായി. മഹർഷിമാർ ശ്രീരാമനോട് സങ്കടമുണർത്തിച്ച സമയത്ത് അദ്ദേഹം സഹസ്രമുഖ രാവണനോട് യുദ്ധത്തിന് പുറപ്പെട്ടു. അപ്പോൾ പത്നിയായ സീത യുദ്ധത്തിൽ ശ്രീരാമനെ സഹായിക്കാൻ കൂടെപ്പുറപ്പെട്ടു. പുരുഷന്മാരാൽ വധിക്കപ്പെടില്ലെന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടൂ എന്ന വരബലമുള്ള അസുരനായിരുന്നു ത്രിലോകീപുരത്തെ സഹസ്രമുഖ രാവണൻ. രാവണനുമായി യുദ്ധം ചെയ്തെങ്കിലും അസുരനെ വധിക്കാൻ സാധിക്കാതെ ശ്രീരാമൻ ക്ഷീണിതനായി മോഹലാസ്യപ്പെട്ടു വീണു. ഇതോടെ സീതാദേവി ഭദ്രകാളീ രൂപം പൂണ്ട് സഹസ്രമുഖ രാവണനെ വധിച്ചു എന്നാണ് ഐതിഹ്യം. സീതാദേവിയുടെ ഈ ഭദ്രകാളി രൂപത്തെ പ്രശംസിച്ചു കൊണ്ട് ഹനുമാൻ രചിച്ച ഭദ്രകാളി സ്തുതിയും പ്രചാരത്തിലുണ്ട്.

രുരുജിത് കാളി ഉപാസന
രുരുജിത് സങ്കൽപ്പത്തിലുള്ള മറ്റൊരു കാളി ഉപാസനയുമുണ്ട്. ഇതിനുള്ള വിധികൾ പറയുന്നത് ശേഷ സമുച്ചയം എന്ന ഗ്രന്ഥത്തിലാണ്. (തന്ത്ര സമുച്ചയത്തിൽ പറയാത്ത മൂർത്തികളുടെ ക്രിയാ പദ്ധതിയാണ് ശേഷ സമുച്ചയത്തിൽ ഉള്ളത്). ഭഗവാന്റെ പത്നിയായി സങ്കൽപ്പിക്കുന്ന കാളീഭാവമാണ് രുരുജിത്. രുരു എന്ന അസുരനെ വധിക്കാനായാണ് ഈ ഭാവത്തിൽ ഭദ്രകകാളി അവതാരം ഉണ്ടായത്. കാശ്മീരി, ടിബറ്റൻ,ബംഗാളി, കേരള എന്നിങ്ങനെ നാലു തന്ത്രങ്ങളാണ് ഉള്ളത്. ഇതിൽ കശ്മീരി തന്ത്രത്തിൽ കാലസംഘർഷിണി എന്ന സങ്കൽപത്തിൽ ആരാധിക്കുന്ന ഭഗവതിയും ഇതുതന്നെയാണ്. കേരളത്തിലെ 13 കാവുകളിൽ രുരുജിത് വിതാനത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയാണുള്ളത്.

ദാരികനെ വധിച്ച കാളി
ഓരോ ഭദ്രകാളിക്കും ഉപാസന പദ്ധതികൾ വേറെയാണ്. എങ്കിലും പരക്കെ ആരാധിക്കുന്നത് ദാരികനെ വധിച്ച ഭദ്രകാളിയെയാണ്. കേരളത്തിന്റെ താന്ത്രിക പാരമ്പര്യത്തിന് കാളി ഉപാസന വഹിച്ച പങ്ക് വലുതാണ്. ഹിന്ദുക്കളിൽ എല്ലാ വിഭാഗത്തിലും ഉള്ളവർ ഭദ്രകാളി ഉപാസന ചെയ്തിരുന്നു എന്നാണ് കരുതപ്പെടുന്നത്. സുരക്ഷിതത്വം നൽകുന്നവളാണ് ഭദ്രകാളി.
താത്കാലിക ലാഭത്തിനുവേണ്ടി മാത്രം ഉപാസന നടത്താൻ പാടില്ല. മഹാകാളിയെ ഉപാസിക്കുന്നവർക്ക് അസാധ്യമെന്ന് തോന്നുന്നതെല്ലാം സാധ്യമായി തീരുമെന്നാണ് വിശ്വാസം. ആകാശമായാണ് ചിലയിടത്ത് കാളിയെ ഉപമിക്കുന്നത്.കാളി തത്വം അത്ര വിസ്തൃതമാണ്. സമ്പ്രദായ ഭേദങ്ങൾ നിരവധിയുണ്ട്. സിദ്ധി നേടാൻ വീരഭാവനയാണ് വേണ്ടത്. ഭക്തിഭാവത്തിലും ആരാധിക്കാം. ഭദ്രകാളിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

ALSO READ

ഗുരുപദേശം നേടണം
ദാരികജിത്തായ ഭദ്രകാളിയെ ഉപാസിക്കാൻ ഉത്തമനായ ഗുരുവിൽ നിന്ന് ധ്യാനശ്ലോകവും മൂലമന്ത്രവും ഉപദേശിച്ച് നേടണം. അതിന് ശേഷം ഈ ഉപാസനവിധിയിലേക്ക് കടക്കണം. ഉത്തമനായ ഗുരുവിനെ ലഭിച്ചില്ലെങ്കിൽ ആദിഗുരുവായ ഭഗവാൻ പരമശിവനെ ഗുരുവായി സങ്കൽപ്പിച്ച് മൂലമന്ത്രം ജപിക്കാവുന്നതാണ്. ഉപാസനാ മൂർത്തിയിൽ അകമഴിഞ്ഞ വിശ്വാസം നിർബ്ബന്ധമാണ്. സർവഐശ്വര്യങ്ങളും ശത്രുനാശവുമാണ് ഉപാസന ഫലം.

ഈശ്വര: ഋഷി
പങ്തി: ഛന്ദസ്
ശക്തിഭൈരവി ദേവത

ധ്യാനം
ഓം കാളിം മേഘസമപ്രഭാം
ത്രിനയനാം
വേതാള കണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക
ശിരഃ കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി വിപദാം
സംഹാരിണീമീശ്വരീം

മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ

ചൊല്ലേണ്ട വിധം
ആദ്യം ഋഷി, ഛന്ദസ്, ദേവത എന്നിവയും ധ്യാനശ്ലോകവും ഒരുതവണ ജപിച്ചതിന് ശേഷം മൂലമന്ത്രം ജപിക്കണം. കാളി ഉപാസനയുടെ ഭാഗമായി സ്ത്രീകളോട് ആദരവോടെ പെരുമാറണം.
മന:ശരീരശുദ്ധി അത്യന്താപേക്ഷിതം. ബ്രഹ്മചര്യം നിർബന്ധമല്ലെങ്കിലും അനുഷ്ഠിക്കുന്നതാണ് അഭികാമ്യം.
1001 അല്ലെങ്കിൽ 101 എന്നീ സംഖ്യകളിൽ ഉപാസനക്കായി ദിനവും ജപിക്കണം. അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രനടയിൽ എത്തി കൈകൂപ്പി മേൽപ്പറഞ്ഞ രീതിയിൽ ധ്യാനശ്ലോകം ഒരു തവണയും മൂലമന്ത്രം 11 തവണയും ചൊല്ലുന്നത് ആഗ്രഹസാഫല്യത്തിന് ഉത്തമമെന്നാണ് വിശ്വാസം.

പ്രത്യേകം ശ്രദ്ധിക്കുക
ഒരു ആവേശത്തിനോ, അത്യാഗ്രഹത്തിനോ, ആഗ്രഹസിദ്ധിക്കോ, ദേവീഉപാസന പാടില്ല. അത് ഗുണത്തെക്കാൾ ദോഷത്തെ ചെയ്യും.

( തയ്യാറാക്കിയത്: അശോകൻ ഇറവങ്കര )

Story Summary : Spiritual significance or traditions associated with Bhadrakali worship

Highlights
മഹാകാളിയെ ഉപാസിച്ചാൽ അസാധ്യമെന്ന് തോന്നുന്നതും സാധ്യമാകും

കേരളത്തിൽ പരക്കെ ആരാധിക്കുന്നത് ദാരികനെ വധിച്ച ഭദ്രകാളിയെ

സർവഐശ്വര്യങ്ങളും ശത്രുനാശവും കാളി ഉപാസനാ ഫലം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?