Friday, July 24, 2026
Friday, July 24, 2026
Home » പിതാവിന്റെ വേർപാടും ജ്യേഷ്ഠന്റെ വേർപിരിയലും സൃഷ്ടിച്ച മഹാദുഃഖത്തിൽ തളരുന്ന ഭരതൻ

പിതാവിന്റെ വേർപാടും ജ്യേഷ്ഠന്റെ വേർപിരിയലും സൃഷ്ടിച്ച മഹാദുഃഖത്തിൽ തളരുന്ന ഭരതൻ

by മംഗളഗൗരി
0 comments


അധികാരദുരയില്ലാത്ത യഥാർത്ഥ സഹോദര സ്നേഹത്തിന്റെ സ്പന്ദനവും, പിതൃഭക്തിയുടെ തീക്ഷ്ണതയും ആലേഖനം ചെയ്യുന്ന വികാരനിർഭരവും ഹൃദയസ്പർശിയുമായ അയോദ്ധ്യാകാണ്ഡത്തിലെ കഥാസന്ദർഭങ്ങളാണ് കർക്കടകം എട്ടാം ദിവസത്തെ അദ്ധ്യാത്മരാമായണം പാരായണത്തിലുള്ളത്. അയോദ്ധ്യാകാണ്ഡത്തിലെ അതി ദുഃഖതപ്തമായ നിമിഷങ്ങളിലൂടെയുള്ള ഒരു യാത്രയായി ഇന്നത്തെ പാരായണത്തെ രേഖപ്പെടുത്താം. ശ്രീരാമന്റെ വനവാസവാർത്ത താങ്ങാനാവാതെ തകരുന്ന അയോദ്ധ്യയുടെയും, പിതാവിന്റെ വേർപാടും ജ്യേഷ്ഠന്റെ വേർപിരിയലും സൃഷ്ടിച്ച മഹാദുഃഖത്തിൽ തളരുന്ന ഭരതനെയാണ് ഇന്ന് ഭക്തർ കാണുന്നത്.

പിതൃവിയോഗത്തിന്റെ മഹാദുഃഖം
ശ്രീരാമൻ വനത്തിലേക്ക് യാത്രയായതോടെ അയോദ്ധ്യ ഇരുളടഞ്ഞു. പുത്രവിരഹത്താൽ നീറിയ ദശരഥ മഹാരാജാവ് ശ്രീരാമന്റെ ഗുണഗണങ്ങൾ ഓർത്ത് നിരന്തരം വിലപിച്ചു. പണ്ട് താൻ അബദ്ധത്തിൽ ശ്രവണകുമാരൻ എന്ന മുനികുമാരനെ അമ്പെയ്തു കൊന്നപ്പോൾ, ആ മുനികുമാരന്റെ അന്ധരായ മാതാപിതാക്കളുടെ – പുത്രവിരഹ ദു:ഖത്താൽ നീ മരിക്കും എന്ന ശാപം ദശരഥൻ ഓർത്തു വിലപിച്ചു. രാമൻ പോയ ദുഃഖം നെഞ്ചിലേറ്റുവാങ്ങി, “ഹാ! രാമാ… ഹാ! സീതേ… ഹാ! ലക്ഷ്മണാ…” എന്ന് കേണു കരഞ്ഞ്, ആ അർദ്ധരാത്രിയിൽ ദശരഥ രാജൻ സുരാലയം പ്രാപിച്ചു. അയോദ്ധ്യ ദുഃഖസമുദ്രത്തിലാണ്ടു. ആ രാത്രിയിൽ വസിഷ്ഠമഹർഷിയുടെ നിർദ്ദേശപ്രകാരം, ഭരതൻ വരുന്നതു വരെ മഹാരാജാവിന്റെ ഭൗതികദേഹം തൈലത്തോണിയിലാക്കി സൂക്ഷിച്ചു.

ഭരതാഗമനം അസ്വസ്ഥമനസ്സോടെ
അയോദ്ധ്യയിൽ അരുതാത്തതെന്തോ സംഭവിച്ചെന്നറിഞ്ഞ് എത്തുന്ന ഭരതൻ അതുല്യമായ സഹോദര സ്നേഹത്തിന്റെ പ്രതീകമായി മാറുകയാണ്. അവിടെ നടന്ന ദാരുണമായ സംഭവങ്ങളൊന്നും അറിയാതെ, മാതുലഗേഹമായ കേകയരാജ്യത്ത് കഴിയുകയായിരുന്നു ഭരതനും ശത്രുഘ്നനും. എന്നാൽ ചില ദുർനിമിത്തങ്ങളും അശുഭസ്വപ്നങ്ങളും കണ്ട് ഭരതൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു. വസിഷ്ഠമഹർഷിയുടെ ദൂതന്മാർ ചെന്ന് കാര്യങ്ങൾ തുറന്നു പറയാതെ “ഉടൻ അയോദ്ധ്യയിലേക്ക് പുറപ്പെടണം” എന്ന് മാത്രം അറിയിച്ചു. അയോദ്ധ്യയിലെത്തിയ ഭരതനെ വരവേറ്റത് ശൂന്യമായ തെരുവുകളും നിശബ്ദമായ കൊട്ടാരങ്ങളുമായിരുന്നു. കാര്യമറിയാതെ അമ്മയായ കൈകേയിയുടെ അടുക്കലേക്ക് ഓടിയെത്തിയ ഭരതനോട്, സന്തോഷത്തോടെ കൈകേയി രാമന്റെ വനവാസവാർത്തയും ദശരഥന്റെ മരണവിവരവും അറിയിച്ചു! രാജ്യം ഇനി ഭരതന്റേതാണെന്നും പറഞ്ഞു.

Visit: https://www.okalasha.com/shop/divine-brass-ananthasayanam-lord-padmanabha-in-reclining-posture

അനുജന്റെ കണ്ണീരും ക്രോധവും
അമ്മയുടെ വാക്കുകൾ കേട്ട ഭരതൻ ഞെട്ടിത്തരിച്ചു പോയി. സിംഹാസനമോ കാമിച്ച സുഖങ്ങളോ അല്ല, തന്റെ ജ്യേഷ്ഠനായ രാമന്റെ പാദസേവയാണ് തനിക്ക് വലുതെന്ന് ഭരതൻ ഉറക്കെ അലറി. “ജ്യേഷ്ഠനായ രാമനെ കാട്ടിലേക്കയച്ച്, പിതാവിന്റെ മരണത്തിന് കാരണക്കാരിയായ നീ എന്റെ അമ്മയല്ല, രാക്ഷസിയാണ്!” എന്ന് പറഞ്ഞ് ഭരതൻ കൈകേയിയെ കടുപ്പത്തിൽ ശകാരിച്ചു. സാന്ത്വനിപ്പിക്കാനെത്തിയ കൗസല്യാദേവിയുടെ കാൽക്കൽ വീണ് വിങ്ങിപ്പൊട്ടിയ ഭരതൻ, ഈ അപരാധത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഭരതന്റെ നിഷ്കളങ്കമായ രാമഭക്തി കണ്ട കൗസല്യ അവനെ നെഞ്ചോടടക്കി ആശ്വസിപ്പിച്ചു. താൻ രാജ്യം ഭരിക്കില്ലെന്നും, കാട്ടിൽ പോയി രാമനെ തിരികെ കൊണ്ടുവന്ന് അയോദ്ധ്യയുടെ സിംഹാസനത്തിൽ ഇരുത്തുമെന്നും ഭരതൻ പ്രഖ്യാപിച്ചു.

ദശരഥന് അന്തിമോപചാരം
തുടർന്ന് വസിഷ്ഠമഹർഷിയുടെ നിർദ്ദേശപ്രകാരം ഭരതൻ ദശരഥമഹാരാജാവിന്റെ അന്തിമകർമ്മങ്ങൾക്ക് തുടക്കമിട്ടു. തൈലത്തോണിയിൽ നിന്ന് രാജാവിന്റെ മൃതദേഹം എടുത്ത് സർവ്വാലങ്കാരങ്ങളോടെയും, വേദമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സരയൂനദിക്കരയിലേക്ക് എഴുന്നള്ളിച്ചു. വസിഷ്ഠന്റെ കാർമ്മികത്വത്തിൽ ഭരതൻ പിതാവിന് വേണ്ട ഉദകക്രിയകൾ ശാസ്ത്ര വിധിയനുസരിച്ച് നിർവ്വഹിച്ചു. പതിനാലു ദിവസത്തെ ശ്രാദ്ധാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ശ്രീരാമനെ കൊണ്ടിങ്ങു പോരുവാൻ നാളെ പുലകാലെ താൻ വനത്തിലേക്ക് പുറപ്പെടുകയാണെന്ന് ഭരതൻ അറിയിച്ചപ്പോൾ അത് കേട്ടു നിന്നവരെല്ലാം ഉത്തമന്മാരിൽ അത്യുത്തമനല്ലോ നീ എന്ന് യുവരാജനെ പുകഴ്ത്തുകയാണ്.

ഭക്തമാനസങ്ങളെ വല്ലാതെ നോവിക്കുന്ന ഈ രംഗങ്ങൾ ഉള്ളുലയ്ക്കും വിധത്തിൽ കുരീപ്പുഴ സജീവ് കർക്കടകം എട്ടാം ദിവസം പാരായണം ചെയ്യുന്നത് കേൾക്കാം:

ALSO READ

Story Summary : Bharata, breaking down due to the grief caused by the demise of father and the separation from elder brother Sriram

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?