Monday, September 7, 2026
Monday, September 7, 2026
Home » വിനായകചതുർത്ഥി ആചരണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ?

വിനായകചതുർത്ഥി ആചരണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ?

0 comments

ഈ വർഷത്തെ വിനായകചതുർത്ഥി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എന്നൊരു സംശയം പലർക്കുമുണ്ട്. പല പ്രമുഖ കലണ്ടറുകളിലും വ്യത്യസ്ത ദിവസങ്ങളിലാണ് വിനായകചതുർത്ഥി രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മറ്റും വിനായക ചതുർത്ഥി ആചരിക്കുന്നത് 15 ന് ചൊവ്വാഴ്ച ആകാനുള്ള കാരണങ്ങളും കേരളീയ സമ്പ്രദായവും പ്രമാണങ്ങളും ചുവടെ എഴുതുന്നു.

വിനായകചതുർത്ഥി ആഘോഷം കേരളീയ സമ്പ്രദായത്തിൽ തികച്ചും ശാസ്ത്രീയവും പ്രമാണബദ്ധവുമാണ്. കേരളത്തിൽ വിനായകചതുർത്ഥി ആഘോഷിക്കുന്നത് ചതുർത്ഥി തിഥി ഉദയസംബന്ധമായി വരുന്ന ദിവസമാണ്. ഇതിനെ സാധൂകരിക്കുന്ന പ്രധാന പ്രമാണങ്ങളും അവയുടെ മലയാള അർത്ഥങ്ങളും താഴെ നൽകുന്നു:

പ്രമാണങ്ങളും മലയാള തർജ്ജമയും:
കാലതത്ത്വവിവേചനത്തിലെ പ്രമാണം:
“कर्मणो यस्य यः कालस्तत्कालव्यापिनी तिथिः ।
तया कर्माणि कुर्वीत ह्रासवृद्धी न कारणम् ॥
അർത്ഥം: ഏത് കർമ്മത്തിനാണോ കാലം നിശ്ചയിച്ചിട്ടുള്ളത്, ആ കർമ്മത്തിന് ആ കാലത്ത് വ്യാപിച്ചുനിൽക്കുന്ന തിഥിയാണ് സ്വീകരിക്കേണ്ടത്; തിഥിയുടെ ഹ്രാസവൃദ്ധികൾ (കൂടുതലോ കുറവോ) ഇവിടെ കാരണമാകുന്നില്ല.

Divine Vasthu Ganapathi Resin Idol – Antique Gold Finish (11.5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

വിഷ്ണുധർമ്മോത്തരത്തിലെ പ്രമാണം:
“सा तिथिस्तदहोरात्रं यस्यामभ्युदितो रविः ।
तया कर्माणि कुर्वीत ह्रासवृद्धी न कारणम् ॥”
അർത്ഥം: ഏത് ദിവസമാണോ സൂര്യൻ ഉദയം ചെയ്യുന്നത്, ആ ദിവസത്തെ തിഥിയും അഹോരാത്രവുമാണ് കർമ്മങ്ങൾക്ക് സ്വീകരിക്കേണ്ടത്. തിഥിയുടെ ഹ്രാസവൃദ്ധികൾ അതിൽ ബാധകമല്ല.

ശിവപുരാണം
(വിശ്വേശ്വരസംഹിത, അധ്യായം 16):
“परभागस्तु देवानां दिवा युक्तः प्रशस्यते ।
उदयव्यापिनी ग्राह्या मध्याह्ने यदि सा तिथिः ॥”
അർത്ഥം: ദേവകർമ്മങ്ങൾക്ക് പകലുമായി ബന്ധപ്പെട്ട തിഥിയാണ് ശ്രേഷ്ഠം. തിഥി മദ്ധ്യാഹ്നത്തിൽ വ്യാപിച്ചുനിൽക്കുന്ന സാഹചര്യത്തിലും ഉദയവ്യാപിനിയായ തിഥി തന്നെയാണ് സ്വീകരിക്കേണ്ടത്.

ALSO READ

തുടർന്നുള്ള ശ്ലോകം:
“देवकार्ये तथा ग्राह्यास्तिथिरक्षादिकाः शुभाः ।
समयविचार्य वारादीन् कुर्यात् पूजाजपादिकम् ॥”
അർത്ഥം: ദേവകാര്യങ്ങളിൽ ഉദയവ്യാപിനിയായ തിഥിയും ശുഭകരമായ നക്ഷത്രാദികളും സ്വീകരിക്കണം. വാരാദി കാലങ്ങളും സമയവും ചിന്തിച്ച് പൂജയും ജപവും ചെയ്യേണ്ടതാണ്.

മാർക്കണ്ഡേയപുരാണം:
“दैवे कर्मणि संप्राप्ते यस्यामभ्युदितो रविः ।
सा तिथिः सकला ज्ञेया पित्रर्थे चापराह्निकी ॥”
അർത്ഥം: ദേവകർമ്മങ്ങൾ വന്നുചേരുമ്പോൾ സൂര്യോദയം എപ്പോഴാണോ ആ തിഥിയാണ് പൂർണ്ണമായി സ്വീകരിക്കേണ്ടത്. എന്നാൽ പിതൃകർമ്മങ്ങൾക്കായി അപരാഹ്ന വ്യാപിനിയായ തിഥിയാണ് വേണ്ടത്.

ഈ മഹർഷിവചനങ്ങളിലൂടെ ദേവകർമ്മങ്ങൾക്ക് ഉദയസംബന്ധമായ തിഥിയും പിതൃകർമ്മങ്ങൾക്ക് അപരാഹ്നവ്യാപിനിയായ തിഥിയുമാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാകുന്നു. ഗണിത നിർണ്ണായത്തിലെ വ്യാഖ്യാനത്തിൽ, ചതുർത്ഥി സൂര്യോദയാൽ പരം ഏഴര നാഴികയോ, ആറ് നാഴികയോ, മൂന്നേമുക്കാൽ നാഴികയോ, അല്ലെങ്കിൽ മുക്കാൽ നാഴികയോ ഉണ്ടായിരുന്നാലും അന്ന് വിനായക ചതുർത്ഥി ആകുന്നു എന്നത് സ്മരണീയമാണ്.

(ഇത്രയധികം വ്യാപ്തി ആക്കാതെ ‘സൂര്യോദയശേഷം മുക്കാൽ നാഴികയെങ്കിലും ചതുർത്ഥി തിഥി വന്നാൽ അന്ന് വിനായകചതുർത്ഥി’ എന്ന് വളരെ മനോഹരമായി എഴുതിയിരുന്നെങ്കിൽ മതിയായിരുന്നു)

2026-ലെ വിനായകചതുർത്ഥി നിർണ്ണയം:
ഗണപതിഹോമവും പൂർണ്ണാഹുതിയും ദേവകർമ്മമെന്ന നിലയിൽ പരിഗണിക്കുമ്പോൾ, ഉദയവ്യാപിനിയായ തിഥിക്ക് അതീവ പ്രാധാന്യമുണ്ട്.

2026 സെപ്റ്റംബർ 14ന് വിനായകചതുർത്ഥി വ്രതം ആചരിക്കണം: ഈ വർഷം സെപ്റ്റംബർ 14-ാം തീയതി സൂര്യോദയസമയത്ത് 2 നാഴിക 2 വിനാഴിക തൃതീയ തിഥിയും തുടർന്ന് മദ്ധ്യാഹ്നത്തിൽ ചതുർത്ഥി തിഥി വ്യാപിച്ചുനിൽക്കുന്ന അവസ്ഥയുമാണ് ഉള്ളത്. അതിനാൽ വിനായകചതുർത്ഥി വ്രതം പ്രധാനമായി അനുഷ്ഠിക്കുന്നവർക്ക് സെപ്റ്റംബർ 14-ാം തീയതി വ്രതം അനുഷ്ഠിക്കാവുന്നതാണ്.

2026 സെപ്റ്റംബർ 15: അന്ന്, ചൊവ്വാഴ്ച്ച സൂര്യോദയസമയത്ത് 3 നാഴിക 35 വിനാഴിക ചതുർത്ഥി തിഥി ശക്തമായി നിലനിൽക്കുന്നുണ്ട്.

കേരളത്തിന് പുറത്തുള്ള പല പ്രദേശങ്ങളിലും വിനായകചതുർത്ഥി ആഘോഷങ്ങൾ മൂന്നോ നാലോ ദിവസങ്ങളിലായി ദ്വിതീയ, തൃതീയ, ചതുർത്ഥി, പഞ്ചമി ദിവസങ്ങളിൽ മദ്ധ്യാഹ്നവ്യാപിനിയായ ചതുർത്ഥിയെ അടിസ്ഥാനമാക്കി നടത്തുന്ന രീതി കാണാം. എന്നാൽ കേരളീയ സമ്പ്രദായത്തിൽ ഗണപതിഹോമത്തിനും അതിന്റെ പൂർണ്ണാഹുതിക്കും ദേവകർമ്മമെന്ന നിലയിൽ ഉദയവ്യാപിനിയായ തിഥിക്കുള്ള പ്രാധാന്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ആയതിനാൽ, 2026 സെപ്റ്റംബർ 15-ാം തീയതി തന്നെയാണ് കേരളീയ രീതിയിൽ വിനായകചതുർത്ഥിയായി ആചരിക്കേണ്ടത്.

രണ്ട് ദിവസങ്ങളിലായി ചതുർത്ഥി വരുമ്പോൾ രണ്ടാമത്തെ ദിവസം ആറ് നാഴിക ഉദയശേഷം തിഥി വന്നാൽ അന്ന് എടുക്കണമെന്നും അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ആദ്യത്തെ ദിവസം ആറ് നാഴിക ലഭിച്ചാൽ അന്ന് എടുക്കണമെന്നും രണ്ട് ദിവസവും അപ്രകാരം ലഭിച്ചില്ലെങ്കിൽ രണ്ടാമത്തെ ദിവസം തന്നെ എടുക്കണമെന്നുമുള്ള ആചാര്യനിയമപ്രകാരവും ഈ വർഷത്തെ വിനായക ചതുർത്ഥി രണ്ടാംദിവസം തന്നെ വിനായകചതുർത്ഥി ആചരിക്കേണ്ടതാകുന്നു.

കടപ്പാട്: ശ്രീ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ (ഭാരതപഞ്ചാംഗം ഗണിതകർത്താവ്, ജ്യോതിഷ കലാലയം, ചെത്തല്ലൂർ, പാലക്കാട്)

ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ നേരുന്നു.

അനിൽ വെളിച്ചപ്പാടൻ
രക്ഷാധികാരി, അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം (കൊല്ലം ജില്ല)
Mob: 9497 134 134 , www.uthara.in

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?