പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച ഗുരുവായൂർ
ദേവസ്വം വക ഉദയാസ്തമന പൂജ, വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഗീതാദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും.
ഏകാദശി നാളിലെ ക്ഷേത്ര ദർശനം
ഏകാദശി നാളിൽ ഗുരുവായൂരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാർത്ഥിക്കുക ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്യൂ നിന്ന് തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം തീരുമാനം. രാവിലെ 5 മുതൽ വൈകിട്ട് 5 മണിവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, പ്രദക്ഷിണം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം. സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് പൂർത്തിയാക്കും
ദശമി നാൾ മുതൽ ദ്വാദശി ദിനം
രാവിലെ വരെ തുടർച്ചയായ ദർശനം
ദശമി ദിവസമായ നവംബർ 20 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം, പൂജാ സമയങ്ങൾ ഒഴികെ ദ്വാദശി ദിവസമായ നവംബർ 22ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ 8 മണിക്ക് ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടാകില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.
ALSO READ
ഏകാദശി പ്രസാദ ഊട്ട്
ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ അന്നലക്ഷമി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഭക്തർക്കായി നൽകും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള ക്യൂ അവസാനിപ്പിക്കും. തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും.
പ്രസാദ ഊട്ടിൽ ക്യൂ നിൽക്കേണ്ട പന്തൽ വടക്കേ നടയിൽ ക്രമീകരിക്കും. വരി നീണ്ടാൽ സമീപത്തേക്ക് ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല. ഏകാദശി, ദ്വാദശി, ത്രയോദശി
ദിവസങ്ങളിൽ പ്രസാദ ഊട്ടിനായി 42.75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
ദ്വാദശി പണം സമർപ്പണം
ദ്വാദശിപണം ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്ര നട രാവിലെ അടക്കുന്നത് വരെ ഭക്തർക്ക് ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണം സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതൽ തുടങ്ങും. ദ്വാദശി ദിവസം രാവിലെ 8 മണി വരെ മാത്രമെ ദർശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അന്നേ ദിവസം 8 മണിക്ക് നട അടക്കേണ്ടതിനാൽ വിവാഹങ്ങൾ അതിന് മുൻപായി നടക്കേണ്ടതുണ്ട്. 70ലേറെ വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. വിവാഹസംഘങ്ങൾ ശ്രദ്ധിക്കേണം. പുലർച്ചെ തന്നെ വിവാഹങ്ങൾക്കായി മണ്ഡപങ്ങൾ സജ്ജമാക്കാൻ നിർദേശിച്ചിട്ടുണ്ട്.
പ്രഥമ ശുശ്രൂഷാ കേന്ദ്രം
ഗുരുവായൂർ ഏകാദശി ദിവസം രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ ദേവസ്വം ആയുർവ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക ആഭിമുഖ്യത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കും. അടിയന്തര ഘട്ടത്തിൽ ഭക്തർക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും. മണ്ഡല തീർത്ഥാടന കാലത്ത് ഭക്തർക്കായി ക്ഷേത്രം കിഴക്കെനടയിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കും.
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം
ഗജരാജൻ ഗുരുവായൂർ കേശവൻ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത് 1976 ഡിസംബർ മാസം 2-ാം തിയതിയിലെ ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു. ഗജരാജൻ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരൻമാർ ഭരണസമിതി ഗുരുവായൂർ കേശവൻറ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട്. ശ്രീവത്സം അതിഥി മന്ദിരത്തിന് മൂന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവൻറ പ്രതിമയിൽ സ്മരണാഞ്ജലി അർപ്പിക്കും. ഗുരുവായൂർ ദേവസ്വം അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഗജ ഘോഷയാത്രയിൽ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഇന്ദ്രസെൻ, ബൽറാം, ചെന്താമരാക്ഷൻ, കൃഷ്ണ, നവനീത് കൃഷ്ണൻ, രവികൃഷ്ണൻ, വലിയ വിഷ്ണു, പിതാംബരൻ, ശ്രീധരൻ, രശ്മി, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകൾ പങ്കെടുക്കും. കൊമ്പൻ ബൽറാം ഗുരുവായൂരപ്പൻറെ ഛായാചിത്രവും, ഇന്ദ്രസെൻ കേശവൻറ ഛായാചിത്രവും, ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടർന്ന് ആനയൂട്ട് പുന്നത്തൂർ കോട്ടയിൽ നടക്കും.
Story Summary: Guruvayur Ekadashi 2026 festival updates
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.