പ്രശസ്ത ജ്യോതിഷ പണ്ഡിതനും ഗണിതശാസ്ത്രജ്ഞനും ജ്യോതിർഗണിതാചാര്യനുമായ ഡോ. കെ. ബാലകൃഷ്ണ വാര്യർ (87) അന്തരിച്ചു. ആലപ്പുഴ നങ്ങ്യാർകുളങ്ങരയിലായിരുന്നു അന്ത്യം. ജ്യോതിഷ-ജ്യോതിർഗണിത മേഖലകളിൽ ദീർഘകാലം വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം അധ്യാപകൻ, ഗവേഷകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
കേരള സർക്കാരിന്റെ കലണ്ടർ കൺസൾട്ടന്റായി 28 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം സർക്കാർ കലണ്ടർ തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ജ്യോതിഷഭൂഷണം, ജന്മഭൂമി തുടങ്ങിയവയുടെ പഞ്ചാംഗങ്ങളുടെ ഗണിതകർത്താവായും പ്രവർത്തിച്ചു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ 15 വർഷത്തോളം അധ്യാപകനായിരുന്നു. അഖില കേരള ജ്യോതിഷശാസ്ത്ര മണ്ഡലത്തിന്റെ സംസ്ഥാന പ്രസിഡന്റായും നിരവധി വർഷം സേവനമനുഷ്ഠിച്ചു.
1939 ഏപ്രിൽ 8-ന് കോട്ടയം മറിയപ്പള്ളിയിലാണ് ജനനം. പ്രശസ്ത ജ്യോതിഷ പണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായിരുന്ന പുതുപ്പള്ളിവാര്യത്ത് പി.യു. കൃഷ്ണ വാര്യരുടെയും മറിയപ്പള്ളി വടക്കേടത്ത് വാര്യത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും മൂത്ത മകനാണ്.
ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ ഗവേഷണം നടത്തി. പിന്നീട് കൊച്ചിൻ സർവകലാശാലയിൽനിന്ന് സൂപ്പർകണ്ടക്ടിവിറ്റിയിൽ ഡോക്ടറേറ്റ് നേടി. പന്തളം എൻ.എസ്.എസ്. കോളേജിൽ ഭൗതികശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1994-ൽ വിരമിച്ചു.
ജ്യോതിഷശാസ്ത്ര പരിഷത്ത് നൽകിയ ദൈവജ്ഞൻ ബഹുമതി, ജ്യോതിർഗണിതാചാര്യൻ പദവി, തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ ബ്രഹ്മശ്രീ കെ.പി.സി. നാരായണ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം, ജ്യോതിഷ-താന്ത്രിക വേദിയുടെ ജ്യോതിഷശ്രേഷ്ഠ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കേരള വാര്യർ സമാജം സെന്റർ ഫോർ ആസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ALSO READ
അനുഷ്ഠാന വിജ്ഞാനകോശം, വാസ്തുജ്യോതിഷം തുടങ്ങിയ ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ക്ഷേത്രശക്തി മാസികയുടെ ഉപദേശകസമിതിയിലും പ്രവർത്തിച്ചു. എൻ.എസ്.എസ്. സർവീസ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സമസ്ത കേരള വാര്യർ സമാജം ജില്ലാ പ്രസിഡന്റ്, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ്, രക്ഷാധികാരി തുടങ്ങിയ ചുമതലകളും വഹിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നങ്ങ്യാർകുളങ്ങരയിലെ വീട്ടുവളപ്പിൽ നടക്കും.
ജ്യോതിഷപരമായ പ്രശ്നങ്ങളുമായി സമീപിക്കുന്നവർക്ക് നിസ്വാർത്ഥമായി മാർഗനിർദേശം നൽകുകയും ലളിതവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്ന അദ്ദേഹം ജനകീയനായ ജ്യോതിഷാചാര്യനായിരുന്നു. ജ്യോതിഷത്തെ കേവലം പ്രവചനങ്ങളിൽ ഒതുക്കാതെ അറിവിന്റെയും സേവനത്തിന്റെയും മേഖലയായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം ഏറെ ആദരിക്കപ്പെട്ടിരുന്നു.
സെയിൽടാക്സ് അസിസ്റ്റന്റ് കമ്മീഷണറായി വിരമിച്ച പരേതനായ കെ.സി. പരമേശ്വര വാര്യരുടെയും എൽ. ശ്രീദേവിയമ്മയുടെയും മകൾ എസ്. മായാദേവിയാണ് ഭാര്യ. മുക്ത, മഞ്ജു എന്നിവർ മക്കളാണ്. മരുമക്കൾ: പി ടി രാധാകൃഷ്ണൻ, ഡോ വി വി ഗിരി. മായാദേവി കേരള സർക്കാരിന്റെ പഞ്ചായത്ത് വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വിരമിച്ചു.
ജ്യോതിഷ-ജ്യോതിർഗണിത രംഗത്തെ സമഗ്ര സംഭാവനകളിലൂടെ ശ്രദ്ധേയനായ ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ വിയോഗം കേരളത്തിലെ ജ്യോതിഷലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Story Summary: Jyotirganithacharya Dr. K. Balakrishna Warrier Passes Away
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.