കർക്കടകവാവ് പോലെ പിതൃപ്രീതിക്ക് ഉത്തമമായ ഒരു ദിവസമാണ് മകരവാവ്. 2026 ജനുവരി 18 ഞായറാഴ്ചയ്ക്ക് ഇക്കുറി മകരമാസ അമാവാസി. ഈ കറുത്തവാവ് ദിവസം വ്രതമെടുത്ത് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും അവസാനിക്കുകയും പാപമോചനം ലഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു. അതിലൂടെ അഭീഷ്ടസിദ്ധി കൈവരും. എല്ലാമാസത്തിലെയും അമാവാസി വ്രതമെടുക്കാന്‍ ഉത്തമമാണെങ്കിലും കര്‍ക്കടകം, തുലാം, മകരം, മേടം എന്നീ മാസങ്ങളിലെ കറുത്തവാവ് ഏറെ വിശേഷമാണ്. വാവിന്റെ അധിദേവത ചന്ദ്രനാണ്. കറുത്തവാവിന് സ്ഥിര കരണമായതിനാൽ ശുഭകർമ്മങ്ങൾക്ക് മുഹൂർത്തം എടുക്കില്ല. എന്നാൽ വെളുത്തവാവിന് വിഷ്ടി ഒഴികെയുള്ള എല്ലാ സമയവും ശുഭകർമ്മങ്ങൾക്ക് ഉത്തമമാണ്.
പിതൃദോഷനിവൃത്തി ലഭിക്കും
പിതൃ കര്‍മ്മങ്ങള്‍ക്ക് മകര അമാവാസി ശ്രേഷ്ഠമായതിന് പ്രത്യേക കാരണമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു. കര്‍ക്കടക അമാവാസിക്ക് നമ്മുടെ പൂര്‍വ്വികരെ വരവേല്‍ക്കുകയും മകരത്തിലെ അമാവാസിക്ക് അവരെ യാത്രയാക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം. അമാവാസിക്ക് പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ കടല്‍ത്തീരവും പുഴയോരവുമാണ് ഉത്തമം. ഈ ദിവസം കടലിലും പുഴയിലും മുങ്ങി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍വ്വികര്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചെയ്തുപോയ പാപകര്‍മ്മങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഒപ്പം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിതൃദോഷനിവൃത്തിയും ഒപ്പം പിതൃപ്രീതിയിലൂടെ ദു:ഖദുരിതശാന്തിയും കൈവരും.
വ്രതം മാത്രം എടുക്കുന്നതും നല്ലത്
പിതൃക്കള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രധാന കർമ്മങ്ങൾ ബലിയൂട്ടുക, തിലഹോമം നടത്തുക എന്നിവയാണ്. അന്നദാനം, പുരാണപാരായണം, , നാമജപം, പ്രാര്‍ത്ഥന എന്നിവയും നല്ലതാണ്. തിരുനെല്ലി, തിരുനാവായ, ആലുവ, തിരുമുല്ലവാരം, വർക്കല, തിരുവല്ലം തുടങ്ങിയ പുണ്യതീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വിശേഷമാണ്. ബലിയിടാൻ വ്രതമെടുക്കുന്നവർക്ക് തലേന്ന് ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിക്കണം. ബലിതര്‍പ്പണം പറ്റിയില്ലെങ്കിൽ വ്രതം മാത്രം എടുക്കുന്നതും നല്ലതാണ്. നമ്മുടെ തലമുറയില്‍ ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടി മകര മാസത്തിലെ വ്രതധാരണം ഏറെ വിശേഷമാണ്. 18 അമാവാസി നാളില്‍ വ്രതം സ്വീകരിക്കുന്നവർ ദുരിത, ദുഖ മോചിതരാകും എന്നാണ് വിശ്വാസം. അവരുടെ പൂര്‍വ്വിക തലമുറയിലെ പിതൃക്കൾക്ക് മുഴുവനും മോക്ഷം
ലഭിക്കുകയും ചെയ്യും.
ഉപാസനകൾക്ക് അതിവേഗം ഫലം
പിതൃപ്രീതി നേടാൻ മാത്രമല്ല സര്‍വ്വദേവതാ പ്രാർത്ഥനയ്ക്കും മികച്ച ദിവസമാണ് അമാവാസി. ഈ ദിവസത്തെ ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കും. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡീ, ബഹളാമുഖി, ഹനുമാന്, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്കാണ് ഏറ്റവും ശ്രേഷ്ഠം. ക്ഷിപ്രകാര്യസിദ്ധിക്ക് ഈ ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്തവാവ് വരെ നിത്യവും ഇത് 108 തവണ വീതം ജപിക്കുക. ഇങ്ങനെ 5 മാസം കൃത്യമായി ചെയ്താല്‍ കാര്യസിദ്ധിയുണ്ടാകും. ഈ ദിവസം ഭദ്രകാളി അഷ്ടോത്തരം, ഭദ്രകാളിപ്പത്ത് എന്നിവ ജപിക്കുന്നതും ക്ഷിപ്രകാര്യസിദ്ധിക്ക് നല്ലതാണ്. ശുഭകർമ്മങ്ങൾ ആരംഭിക്കുന്നതിന് ഏറെ മോശമായി കണക്കാക്കുറുണ്ടെങ്കിലും ഉഗ്രമൂര്‍ത്തി ഭജനത്തിന് കറുത്തപക്ഷവും കറുത്തവാവും നല്ലതാണ്. വെളുത്ത പക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമാണെന്നും വിശ്വസിക്കുന്നു. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. ഇത് നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.
അഘോരമന്ത്രം, ഭദ്രകാളി അഷ്ടോത്തരം ജപിക്കാം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ അഞ്ചു മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി അഷ്ടോത്തരം ശ്രവിക്കാം:
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
ALSO READ
Summary: Benefits of observing Makara Vavu Vritham
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . )
Copyright @ 2026 NeramOnline.com . All rights reserved.