വരാഹ രൂപം പൂണ്ട സാക്ഷാൽ ആദിപരാശക്തിയാണ് വാരാഹി, വാർത്താളി, വാരാഹി ലക്ഷ്മി അല്ലെങ്കിൽ പഞ്ചമി ഭഗവതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതി. കാട്ടുപന്നിയുടെ മുഖത്തോട് കൂടിയ ഈ ദേവിക്ക് പഞ്ചുരുളി, പന്നിമുഖി, ദണ്ഡനാഥ, സേനാനായിക, താന്ത്രിക ലക്ഷ്മി, അഷ്ടലക്ഷ്മി സ്വരൂപിണി, ദാരിദ്ര്യനാശിനി, സമയേശ്വരി, പാതിരാ പഞ്ചമി, രാത്രി ഭഗവതി തുടങ്ങി അനേകം പേരുകളുണ്ട്.
വേഗം പ്രസാദിക്കും
പൊതുവേ കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ വേഗം അനുഗ്രഹം ചൊരിയുന്ന വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും മികച്ച ദിവസം രണ്ടു പക്ഷത്തിലെയും പഞ്ചമി തിഥികളാണ്. തുലാമാസത്തിലെ കൃഷ്‌ണപക്ഷ പഞ്ചമി 2026 ഒക്ടോബർ 30 വെള്ളിയാഴ്ചയാണ്. തലേന്ന് വ്യാഴാഴ്ച രാത്രി 10:15 ന് തുടങ്ങുന്ന
പഞ്ചമി 30 ന് രാത്രി 7:30 വരെയുണ്ട്.
രാത്രിയിലാണ് വരാഹി ദേവിയെ കൂടുതലും ആരാധിക്കുന്നത്. പഞ്ചമി തിഥിയിലെ രാത്രി വാരാഹി ദേവിക്ക് അതിവിശേഷം എന്നാണ് പറയുന്നത്. ഈ തിഥി പ്രധാനമായത് കൊണ്ടാണ് പഞ്ചമി എന്ന ദേവി പേരിലും അറിയപ്പെടുന്നത്.
ബിസിനസ് വിജയം നൽകും
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ശക്തി സേനയുടെ സർവ്വ സൈന്യാധിപയായും, വരാഹരൂപം പൂണ്ട ഭദ്രകാളിയായും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായും, കാലത്തിന്റെ അധിപതിയായ സമയേശ്വരിയായും, ഭൂമിയുടെ അധിപതിയായും, ക്ഷിപ്ര പ്രസാദിയായും, ശത്രുക്കളെ സ്തംഭിപ്പിക്കുന്നവളായും, ഇഷ്ട വരദായിനിയായും ഭഗവതി ആരാധിക്കപ്പെടുന്നു. ഐശ്വര്യം, വിജയം, സമ്പത്ത്, ദുഃഖനാശം എന്നിവയുടെ മൂർത്തരൂപമാണ് വാരാഹി ഭഗവതി എന്നാണ് വിശ്വാസം. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും, ബുദ്ധ മതത്തിൽ വജ്ര വാരാഹി എന്ന പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു. ചില പ്രദേശങ്ങളിലെ വ്യാപാരികളുടെയും ബിസിനസ് സമൂഹങ്ങളുടെ ഇടയിൽ വാരാഹി ഉപാസന കാണപ്പെടുന്നുണ്ട്.
സ്ത്രീകളെ ആദരിക്കണം
ഭഗവതിയെ ആരാധിക്കുന്നവർ സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് വിശ്വാസം. വാരാഹി ഭക്തർ സ്ത്രീകളോട് ഒരിക്കലും മോശമായി പെരുമാറാൻ പാടില്ല എന്നാണ് ആചാരം. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

അഷ്ടോത്തരം ജപിക്കണം
ശ്രീ വാരാഹി ദേവിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ശ്രീ വാരാഹി അഷ്ടോത്തര ശതനാമാവലി ജപം. തന്റെ ഭക്തരെ കാത്തുരക്ഷിക്കുന്ന ഉഗ്രമൂർത്തിയും, അതേസമയം അത്യന്തം കരുണാമയിയുമായ വാരാഹി അമ്മയെ ഭജിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് അതിവേഗം ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കാര്യസിദ്ധിയും സംരക്ഷണവും ആഗ്രഹിക്കുന്നവർ നിത്യേന ഈ നാമാവലി ജപിക്കുന്നത് ക്ഷിപ്ര ഫലദായകമാണ്.
എണ്ണിയാൽ തീരാത്ത ഫലസിദ്ധികളാണ് ഈ മന്ത്രജപം വഴി ഭക്തർക്ക് കൈവരുന്നത്. ദിവസവും സന്ധ്യയ്ക്ക് ശേഷം ഇത് ജപിക്കുന്നത് വളരെ നല്ലതാണ്.
ALSO READ
ധ്യാനരൂപം സങ്കൽപ്പിക്കണം
ശ്രീ വാരാഹി അഷ്ടോത്തരം ജപിക്കുന്നവർ ധ്യാനത്തിൽ പറയുന്ന രൂപത്തിൽ വേണം ദേവിയെ മനസ്സിൽ സങ്കൽപ്പിക്കാൻ. എട്ടുകൈകളിൽ ശംഖ്, ചക്രം, ഉലക്ക, ഹലം (കലപ്പ), പാശം, അങ്കുശം എന്നിവ ധരിച്ച്, വരദ-അഭയ മുദ്രകളോടെ, കറുത്ത കാന്തി ചിതറുന്ന ശരീരത്തോടും വരാഹ (പന്നി) മുഖത്തോടും കൂടി, സിംഹവാഹനത്തിലോ മഹിഷവാഹനത്തിലോ ഇരിക്കുന്ന ജഗദീശ്വരിയായ വാരാഹി അമ്മയെ മനസ്സിൽ ധ്യാനിച്ച് വേണം ജപം ആരംഭിക്കാൻ. രാത്രി 7 മണി മുതൽ 9 മണി വരെയുള്ള സമയമാണ് വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമം.
പഞ്ചമി ദേവിയെ ഭജിക്കുന്നവർ എന്നും ഒരേ സമയത്ത് തന്നെ ജപിക്കാൻ ശ്രദ്ധിക്കണം, സമയക്രമം തന്നിഷ്ടം പോലെ മാറ്റരുത്. വാരാഹി ദേവിക്ക് പ്രധാനമായ രണ്ട് പക്ഷങ്ങളിലെയും പഞ്ചമി, അഷ്ടമി തിഥികൾ, നവരാത്രി കാലം, ചൊവ്വാ, വെള്ളി ദിവസങ്ങൾ എന്നിവയിൽ ഇത് ജപിച്ചാൽ അതിവേഗം ഫലം സിദ്ധിക്കും.
ജപിക്കാൻ സാധിക്കാത്തവർക്ക് ഈ നാമാവലി ഭക്തിപൂർവ്വം ശ്രവിക്കുന്നതും
അനുഗ്രഹദായകമാണ്.
പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ വാരാഹി ദേവി അഷ്ടോത്തര ശതനാമാവലി കേൾക്കാം:
https://youtu.be/tcqlFAGgXqM?si=-C6vltAAvgweeEXs
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.