ശിവഭഗവാൻ്റെ അനുഗ്രഹത്തിന് നിരവധി വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് പ്രദോഷവ്രതം. അന്ന് പ്രദോഷവേളയിൽ ശിവ പാർവതിമാരെ ഭജിക്കുന്നവർക്ക് സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. സന്താനങ്ങൾ കാരണമുള്ള സൗഭാഗ്യത്തിനും ധനാഭിവൃദ്ധിക്കും പ്രദോഷവ്രതം ഉത്തമമാണെന്ന് ശിവപുരാണത്തിൽ വിവരിക്കുന്നുണ്ട്.
രണ്ടുപക്ഷങ്ങളിലെയും ത്രയോദശി
തിഥി പ്രദോഷസന്ധ്യയിൽ വരുന്ന ദിനം പ്രദോഷമായി ആചരിക്കുന്നു. അന്ന് വ്രതമനുഷ്ഠിക്കുന്നതും ശിവപൂജയിൽ പങ്കെടുക്കുന്നതും ഉത്തമമാണ്. ശനിയാഴ്ച വരുന്ന ശനിപ്രദോഷവും തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും വിശേഷപ്രാധാന്യമുള്ളവയാണ്.
രണ്ടുപക്ഷങ്ങളിലെയും പ്രദോഷ ദിവസങ്ങളിൽ സന്ധ്യാസമയത്താണ് ശിവക്ഷേത്രങ്ങളിൽ പ്രത്യേക പ്രദോഷപൂജ നടത്തുന്നത്.

Antique Brass Shiva Parvati Family Idol (7.5 cm) – Shiva Parivar Brass Statue https://www.okalasha.com/shop/antique-brass-shiva-parvati-family-idol-75-cm-shiva-parivar-brass-statue
2026 നവംബർ 6 വെള്ളിയാഴ്ചയാണ് തുലാം മാസത്തിലെ കറുത്തപക്ഷ പ്രദോഷം. ശുക്രപ്രദോഷം എന്നും അറിയപ്പെടുന്ന ഈ ദിവസം ശിവഭഗവാന്റെ അനുഗ്രഹം തേടി പ്രാർത്ഥിക്കുന്നതിന് വിശേഷപ്പെട്ടതാണ്.
പ്രദോഷസന്ധ്യയിൽ കൈലാസത്തിൽ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ ശിവഭഗവാനെ പ്രാർത്ഥിക്കുന്നത് പരാശക്തിയായ പാർവതീദേവിയുടെയും മഹാദേവന്റെയും മറ്റു ദേവീദേവന്മാരുടെയും അനുഗ്രഹം നേടാൻ സഹായിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
പ്രദോഷവ്രതം എങ്ങനെ വേണം?
ALSO READ
പ്രദോഷവ്രതം ഉപവാസമായോ ആരോഗ്യസ്ഥിതിക്കും കഴിവിനും അനുസരിച്ച് ആഹാരനിയന്ത്രണം പാലിച്ചോ അനുഷ്ഠിക്കാം. പരമ്പരാഗതമായി പ്രദോഷത്തിന്റെ തലേദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നവരുമുണ്ട്.
പ്രദോഷദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദർശനം നടത്തുക. വൈകുന്നേരം വീണ്ടും കുളിച്ച് പ്രദോഷപൂജ നടക്കുന്ന ശിവക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുത് പൂജയിൽ പങ്കെടുക്കുക. ഭഗവാന് കരിക്ക് നേദിക്കുന്നതും ഭക്തിപൂർവം പ്രാർത്ഥിക്കുന്നതും ആചാരത്തിന്റെ ഭാഗമാണ്.
ജപിക്കേണ്ട പ്രധാന മന്ത്രം:
ഓം നമഃ ശിവായ
പഞ്ചാക്ഷരിമന്ത്രം 108 തവണയോ കഴിയുന്നത്ര തവണയോ ജപിക്കാം. ബ്രാഹ്മമുഹൂർത്തത്തിൽ മന്ത്രജപം നടത്തുന്നതും ഉത്തമമാണ്.
പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ഉമാമഹേശ്വരസ്തോത്രം, ശിവാഷ്ടകം തുടങ്ങിയ ശിവസ്തുതികളും ഭജനകളും ഭക്തിയോടെ ചൊല്ലാം.
പ്രദോഷപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് അവിൽ, മലർ, പഴം തുടങ്ങിയവ കഴിച്ച് പാരണ വിടാം. ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്ന പ്രസാദച്ചോറും സ്വീകരിക്കാം.
മാസത്തിൽ ഒരു പ്രദോഷവ്രതമെങ്കിലും ഭക്തിപൂർവം അനുഷ്ഠിച്ച് ശിവഭഗവാനെ പ്രാർത്ഥിക്കുന്നത് മനഃശാന്തിക്കും ആത്മീയോന്നതിക്കും വഴിയൊരുക്കുമെന്നാണ് വിശ്വാസം.
മൂലമന്ത്രം
ഓം നമഃ ശിവായ
പ്രാർത്ഥനാമന്ത്രങ്ങൾ
1.
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാരം
പ്രണതോഽസ്മി സദാശിവം.
2.
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച
വരദം വന്ദേ ശിവം ശങ്കരം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം കേൾക്കാം:
https://youtu.be/US2KsJj3NY8?si=gMRum8-cZdPWEFN-
Story Summary: Significance of Thulam Month Krishna Paksha Pradosha Vritham
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.