ശ്രീപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതീ ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും കരഗതമാകും. ഭഗവൻ ശ്രീകൃഷ്ണനാണ് ആദ്യമായി വാണീപൂജ നടത്തിയതെന്ന് ദേവീ ഭാഗവതത്തിൽ പറയുന്നുണ്ട്. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ഭഗവാൻ അരുളിയിട്ടുമുണ്ട്. സംഗീതം, നൃത്തം, അഭിനയം, ചിത്രരചന തുടങ്ങി കലാപരമായ നേട്ടങ്ങൾ, ബുദ്ധിശക്തി വർദ്ധന, സാഹിത്യ രംഗത്ത് മികവ്, ബുധ, വ്യാഴ ഗ്രഹങ്ങളുടെ അനുഗ്രഹം, പരീക്ഷാ വിജയം, കുടുംബത്തിൽ സമ്പൽസമൃദ്ധി, ഐശ്വര്യ വർദ്ധനവ്, വിവാഹ ഭാഗ്യം എന്നിവ ശ്രീ പഞ്ചമി അനുഷ്ഠാന ഫലമായി പറയുന്നു. ഐശ്വര്യത്തിൻ്റെയും ശുഭപ്രതീക്ഷയുടെയും ഉത്സവമായ ഈ ദിനം വസന്തപഞ്ചമി എന്ന പേരിലും പ്രസിദ്ധമാണ്.
ശ്രീ പഞ്ചമി വെള്ളിയാഴ്ച
മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ ഈ പുണ്യ ദിനം ഇത്തവണ 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ആഘോഷമാണിത്. അവിടെ, പുസ്തകം പൂജിക്കുന്നതും വിദ്യാരംഭം കുറിക്കുന്നതും ശ്രീ പഞ്ചമി നാളിലാണ്. കേരളത്തിലും ചില ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷ പൂജകൾ നടത്താറുണ്ട്. ഇവിടെ ആഘോഷമില്ലെങ്കിലും സ്വരസ്വതി പ്രീതി നേടാനുള്ള ഉപാസനകൾക്ക് ഈ ദിനം ഉത്തമാണ്. ശ്രീപഞ്ചമിക്ക് വ്രതശുദ്ധിയോടെ ജലം, പുഷ്പം, ധൂപം, നിവേദ്യം എന്നിവ സമർപ്പിച്ച് ഷോഡശ പൂജ ചെയ്യണം എന്നാണ് ആചാര്യവിധി. ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ വരെ വാണീപൂജ ചെയ്തതിട്ടുണ്ട്. ഈ ദിവസം ദേവീ ക്ഷേത്രദര്‍ശനം നടത്തുന്നതും രാവിലെയും വൈകിട്ടും സരസ്വതി സ്‌തോത്രങ്ങളും മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും വിശേഷ ഫലദായകമാണ്.
മൂകാംബികാ ദേവിക്ക് പ്രധാനം
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ശ്രീപഞ്ചമി പ്രധാനമാണ്. വാഗ് ദേവതാ സന്നിധിയായ ഇവിടെ പ്രസ്തുത ദിവസം
വിദ്യാരംഭത്തിനും ദർശനത്തിനും
വലിയ തിരിക്കായിരിക്കും. ചോറ്റാനിക്കര ക്ഷേത്രത്തിലും ശ്രീ പഞ്ചമി നാളിൽ സരസ്വതി പൂജ പ്രാധാന്യത്തോടെ
നടത്തും. ആവണകോട് ക്ഷേത്രത്തിൽ
വിദ്യാരംഭവും സരസ്വതി പൂജയും ഈ
ദിവസം പ്രധാനമാണ്. കേരളത്തിലെ
മറ്റ് സരസ്വതി ക്ഷേത്രങ്ങളിലും ഈ ദിവസം വിദ്യാരംഭത്തിനും സരസ്വതി പൂജയ്ക്കും അവസരമുണ്ടാകും.
ദേവിയുടെ അവതാരദിനം
ഒഡീഷയിലും ബംഗാളിലുമെല്ലാം വീടുകളിലും
പൊതുസ്ഥലങ്ങളിലും വിദ്യാദേവതയുടെ വിഗ്രഹവും ചിത്രവും വച്ച് വിപുലമായാണ് ശ്രീ പഞ്ചമിക്ക് ദേവിയെ പൂജിക്കുന്നത്. ബ്രഹ്മാവിന്റെ വദനത്തിൽ നിന്നും സരസ്വതി ദേവി അവതരിച്ചത് മാഘത്തിലെ ശുക്ലപക്ഷം അഞ്ചാം നാളിലായിരുന്നു എന്നാണ് വിശ്വാസം. ശ്രീ ശബ്ദത്തിന് ലക്ഷ്മിയെന്നും സരസ്വതിയെന്നും അർത്ഥമുണ്ട്. ഇവിടെ ശ്രീ എന്ന പദത്തിന് സരസ്വതി എന്ന അർത്ഥമാണ്. കാളിദാസന് മുന്നില്‍ ദേവി വരം നല്‍കിയത് ശ്രീ പഞ്ചമിനാളിലാണെന്നും കരുതുന്നു.
മഞ്ഞനിറത്തിൽ അലങ്കാരം
വെള്ള വസ്ത്രം ധരിച്ച് സത്വഗുണത്മികയായ സരസ്വതിയെ ശ്രീ പഞ്ചമിനാൾ രാവിലെ വിശേഷാൻ പൂജിക്കണം. വസന്തകാലം ആരംഭിക്കുന്ന മാഘമാസത്തിലെ ശ്രീപഞ്ചമി എല്ലാം മഞ്ഞ നിറത്തിൽ അലങ്കരിച്ചാണ് വടക്കേ ഇന്ത്യയിൽ ആഘോഷിക്കുക. ഭക്തർ മഞ്ഞപ്പട്ടുടയാട അണിഞ്ഞ് സ്വയം കനകപ്രഭ ആർജ്ജിച്ച് മഞ്ഞ പൂക്കളും മഞ്ഞ വസ്ത്രങ്ങളും മഞ്ഞ നിറമുള്ള മധുരപലഹാര നിവേദ്യങ്ങളും വിദ്യാദേവതയ്ക്ക് സമർപ്പിക്കുന്നു. ഭഗവാൻ ശ്രീനാരായണന്റെ നിശ്ചയ പ്രകാരം വെള്ളത്താമരയിൽ ഇരിക്കുന്ന ദേവിയെ വെളുത്ത പൂക്കൾ കൊണ്ട് ആരാധിക്കുന്നതും ശ്രേഷ്ഠമാണ്. വസന്ത പഞ്ചമിയുടെ നാല്‍പതാം ദിനമാണ് ഫാല്‍ഗുന മാസത്തിലെ പൗർണ്ണമിയിൽ വരുന്ന ഹോളി. ഭക്ത പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ മുതിർന്ന ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ രൂപം ശ്രീ പഞ്ചമിനാൾ മുതലാണ് ഉത്തരഭാരതത്തിൽ ഒരുക്കി തുടങ്ങുന്നത്. ഹോളിയുടെ അന്ന് ഈ രൂപം കത്തിച്ച് കളയും. കാമദേവനേയും, രതീദേവിയേയും ചിലർ പൂജിക്കുന്ന ദിനം കൂടിയാണ് ശ്രീ പഞ്ചമി. അതിനാൽ കമിതാക്കൾക്കും ഈ ദിനം വിശേഷമാണ്.
ALSO READ
ജപമന്ത്രങ്ങൾ, സ്തുതികൾ
ദേവിയുടെ മൂലമന്ത്രമായ ഓം സംസരസ്വത്യൈ നമഃ , സരസ്വതി ഗായത്രി, സര്വസതീ വന്ദന സ്തുതി, ശ്രീ സരസ്വതി സ്തോത്രം, ശ്രീ സരസ്വതി അഷ്ടോത്തരം, ശ്രീ ശ്യാമളാ ഷോഡശ നാമ സ്തോത്രം തുടങ്ങിയവ വാണീ പൂജാ ദിനങ്ങളിൽ കഴിയുന്നത്ര തവണ ജപിച്ചാൽ ദേവീകൃപ പൂർണ്ണമായും ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന സരസ്വതി സ്തുതികൾ കേൾക്കാം :
ശ്രീ സരസ്വതി സ്തോത്രം
ശ്രീ ശ്യാമളാ ഷോഡശ നാമ സ്തോത്രം
ശ്രീ സരസ്വതി അഷ്ടോത്തരം
സരസ്വതി ഗായത്രി
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീമഹേ
തന്നോ സരസ്വതി പ്രചോദയാത്
സര്വസതീ വന്ദന സ്തുതി
മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 89217 09017
Summary : Sree Panchmi : Magha month Panchmi, the most auspicious day for Vani Pooja. This is also popular as Vasantha Panchami
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.