ഉത്തരായനപുണ്യകാലത്ത് ചെയ്യുന്ന എന്തു കർമ്മവും അങ്ങേയറ്റം ഫലസിദ്ധി നൽകുതാണ്. മകരം മുതൽ മിഥുന മാസം തീരും വരെയുള്ള ആറു മാസം ചെയ്യുന്നതെല്ലാം ശുഭകരവും വിജയ പ്രദവുമാകും. എല്ലാ രീതിയിലും വിശേഷപ്പെട്ട കുംഭഭരണി, മീനഭരണി, വിഷു, പത്താമുദയം, വൈശാഖ മാസം എന്നിവ ഉത്തരായനകാലത്താണ് വരുന്നത്.
മൂലമന്ത്രം ജപിച്ചു തുടങ്ങാം
ഉപാസനകൾക്ക് ഏറ്റവും ഉത്തമമായ ഉത്തരായന കാലത്തെ പ്രാർത്ഥനക്ക് അത്ഭുത ശക്തിയുണ്ട്. ഇഷ്ടമൂർത്തിയുടെ മൂലമന്ത്രം സ്വീകരിച്ച് ജപം ആരംഭിക്കാൻ ഈ സമയം ഏറ്റവും നല്ലതാണ്. പ്രത്യേകിച്ച് ഉത്തരായനത്തിലെ ആറുമാസവും വെളുത്തപക്ഷത്തിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് നിശ്ചയമായും ഉടൻ ഫലസിദ്ധി ലഭിക്കും. അതായത് എല്ലാ മാസവും കറുത്തവാവ് കഴിഞ്ഞ് പ്രഥമ
മുതൽ പൗർണ്ണമി വരെയുള്ള ദിനങ്ങളിൽ ഏത് മന്ത്രം / സ്തോത്രം ജപിച്ചാലും ക്ഷിപ്രഫലം ലഭിക്കുമെന്ന് സാരം. ഉദാഹരണത്തിന് 1201 മകരം 18 ന് (2026 ഫെബ്രുവരി 1) വരെയുള്ള ദിനങ്ങളിൽ നടത്തുന്ന ഉപാസനകൾക്ക് വേഗം ഫലം കിട്ടും. തുടർന്ന് ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ. അതിനാൽ ഈ സമയത്ത് വരുന്ന ഏകാദശി, പ്രദോഷം, പൗർണ്ണമി , തൈപൂയം, കുംഭ ഭരണി, ശീതള ഷഷ്ഠി, ചോറ്റാനിക്കര മകം, ആറ്റുകാൽ പൊങ്കാല എന്നീ വിശേഷങ്ങൾ ആചരിച്ചാൽ അതിവേഗം ആഗ്രഹലബ്ധി കൈവരും.
നിരന്തര ജപം കാര്യസിദ്ധിയേകും
ദൈവികമായ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിന് പ്രാർത്ഥന ഗുണകരമാണ്. നിരന്തരമായ ജപ പ്രാർത്ഥനകൾ അളവറ്റ പുണ്യം നല്കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. എല്ലാ കാര്യങ്ങളിലെയും തടസദുരിതങ്ങൾ അകലാനും വിജയം സുനിശ്ചിതമാക്കാനും ദൈവാനുഗ്രഹം സഹായിക്കും. മിക്കവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ കടബാദ്ധ്യതകൾ മാറ്റാനുള്ള ആരാധനയ്ക്ക് ഏറ്റവും നല്ല സമയമാണ് ഉത്തരായനം.

ലക്ഷ്മീകടാക്ഷം ദാരിദ്ര്യം നിക്കും
എത്ര ധനം കയ്യിൽ വന്നാലും നിലനിൽക്കുന്നില്ല എന്നത് എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ്. ഇത് പരിഹരിക്കാൻ ഉത്തരായന കാലത്ത് ലക്ഷ്മീകടാക്ഷം നേടാൻ ശ്രമിക്കണം. ലക്ഷ്മീകടാക്ഷം ലഭിച്ചാൽ ദാരിദ്ര്യം താനേ നീങ്ങും. ഐശ്വര്യവും ധനവും തരുന്ന സമൃദ്ധിയുടെ ദേവതയാണ് ലക്ഷ്മീ ഭഗവതി. ഓം ശ്രീം നമഃ എന്ന ബീജമന്ത്രമാണ് അതിവേഗം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കുന്ന മന്ത്രം. ഈ മന്ത്രം വൃത്തിയും ശുദ്ധിയും പാലിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും 36 തവണ വീതം ചൊല്ലിയാൽ ലക്ഷ്മീ കടാക്ഷം ഉണ്ടാകും. പൂജാമുറിയും മന്ത്രം ജപിക്കുന്നവരും മാത്രമല്ല വീട് മൊത്തം വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കണം. സ്ത്രീകൾക്ക് അശുദ്ധി മാറിക്കഴിഞ്ഞ് ജപം തുടരാം.
ഈ സ്തോത്രങ്ങൾ ജപിക്കാം
വ്യാഴാഴ്ചകളിൽ അരയാലിന് 7 പ്രദക്ഷിണം ചെയ്യുക, വീട്ടിൽ ഒരു നേരമെങ്കിലും ദീപം തെളിക്കുക, എന്നും 5 മിനിട്ടെങ്കിലും പ്രാർത്ഥിക്കുക, വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബ ദേവതയുടെ സന്നിധിയിൽ പോയി തൊഴുത് വഴിപാടു നടത്തി പ്രാർത്ഥിക്കുക, നിത്യേന കുടുംബദൈവത്തെ പ്രാർത്ഥിക്കുക ഇവയെല്ലാം ഐശ്വര്യാഭിവൃദ്ധിക്ക് ഗുണകരമാണ്. ദാരിദ്ര്യദഹന ശിവ സ്‌തോത്രം, കനകധാരാസ്‌തോത്രം, ശ്രീകൃഷ്ണ അഷേ്ടാത്തര ശതനാമാവലി എന്നിവ ചൊല്ലുന്നതും ദാരിദ്ര്യശമനത്തിന് നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീകൃഷ്ണ അഷേ്ടാത്തരം കേൾക്കാം:
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 09447020655
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.