Wednesday, February 4, 2026
Wednesday, February 4, 2026
Home » ദുഷ്ടശക്തികളിൽ നിന്നുള്ള രക്ഷയ്ക്കും വിജയത്തിനും സമ്പത്തിനും വാരാഹി പൂജ

ദുഷ്ടശക്തികളിൽ നിന്നുള്ള രക്ഷയ്ക്കും വിജയത്തിനും സമ്പത്തിനും വാരാഹി പൂജ

0 comments

വരാഹി ദേവിയെ ആരാധിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിവസമാണ് വാരാഹി പഞ്ചമി. ഓരോ മാസത്തെയും ശുക്ലപക്ഷ, കൃഷ്ണപക്ഷ പഞ്ചമി തിഥികളെയാണ് വാരാഹി പഞ്ചമി എന്ന് പറയുന്നത്. ഈ ദിവസം വാരാഹി ദേവിയുടെ ക്ഷേത്രങ്ങളിലും വാരാഹി ദേവി ഭക്തരും പ്രത്യേക പൂജകൾ നടത്തുക പതിവാണ്. കൃഷ്ണപക്ഷ പഞ്ചമിയെ തേയ്പിറ പഞ്ചമിയെന്നും ശുക്ലപക്ഷ പഞ്ചമിയെ വളർപിറ പഞ്ചമി എന്നും തമിഴിൽ പറയുന്നു. ഏറ്റവുമധികം വാരാഹി ഭക്തരുള്ളത് തമിഴകത്താണ്. അനുദിനം വാരാഹി ഉപാസകരുടെ സംഖ്യ തമിഴ്നാട്ടിൽ
വർദ്ധിച്ചു വരുന്നത് അത്ഭുതകരമായ അനുഭവമാണ്.

ബൃഹദീശ്വരത്തെ വരാഹി സന്നിധി
ദുഷ്ടശക്തികളിൽ നിന്നുള്ള സംരക്ഷണത്തിനും, വിജയത്തിനും, സമ്പൽസമൃദ്ധിക്കുമായാണ് പ്രധാനമായും വരാഹി ആരാധന നടത്തുന്നത്. ലോകപ്രശസ്തമായ തഞ്ചാവൂർ ബൃഹദീശ്വര
ക്ഷേത്രത്തിലെ വരാഹി സന്നിധി വളരെയധികം പ്രാധാന്യമുള്ളതാണ്. ചോള രാജാവായിരുന്ന രാജരാജ ചോളൻ ഓരോ യുദ്ധങ്ങൾക്കും മുൻപ് വരാഹി ദേവിയുടെ അനുഗ്രഹം തേടിയിരുന്നു എന്ന് പറയുന്നു. അതുപോലെ തന്നെ പ്രസിദ്ധമാണ് രാമനാഥപുരം ഉതിരകോശമങ്കെ ക്ഷേത്രം. ഇവിടെയുള്ള സ്വയംഭൂ വരാഹി അമ്മൻ ക്ഷേത്രത്തിന് ഏതാണ്ട് 3200 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഇവിടുത്തെ മഞ്ഞൾ പ്രസാദം പ്രസിദ്ധമാണ്.

ഫെബ്രുവരി 6 ന് തേയ്പിറ പഞ്ചമി
1201 മകരമാസത്തിലെ കൃഷ്ണപക്ഷ വാരാഹി പഞ്ചമി 2026 ഫെബ്രുവരി 6, വെള്ളിയാഴ്ചയാണ്. കുംഭ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി 2026 ഫെബ്രുവരി 21, ശനിയാഴ്ച വരും. ജീവിത വഴിയിലെ തടസ്സങ്ങൾ നീക്കാനും എല്ലാത്തരം ശത്രുദോഷങ്ങൾ അകറ്റാനും വാരാഹി പഞ്ചമി ദിവസം ദേവിയെ ആരാധിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ദേവിക്ക് ചെമ്പരത്തി പൂക്കൾ, മഞ്ഞൾ, നാരങ്ങ വിളക്ക് എന്നിവ സമർപ്പിക്കുന്നത് വിശേഷമാണ്. കേരളത്തിൽ തിരുവനന്തപുരം പേട്ട കല്ലുംമൂട്ടിലുള്ള പഞ്ചമി ദേവി ക്ഷേത്രം വാരാഹി ആരാധനയ്ക്ക് പ്രസിദ്ധമാണ്.

ശത്രുദോഷം മാറാൻ ഇത് ചെയ്യാം
പ്രത്യേക തരത്തിലുള്ള ആരാധകൾ വാരാഹി ഉപാസനയിലുണ്ട്. പഞ്ചമി ദിവസം വൈകുന്നേരം മഞ്ഞൾപ്പൊടി കലക്കിയ വെള്ളത്തിൽ നാരങ്ങ മുറിച്ചു വെച്ച് അതിൽ ദീപം തെളിക്കുന്നത് ശത്രുദോഷം മാറാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കിഴങ്ങ് വർഗ്ഗങ്ങൾ ദേവിക്ക് നൈവേദ്യമായി സമർപ്പിക്കുന്നത് വിശേഷമാണ്. വറുത്തത് അല്ലെങ്കിൽ പുഴുങ്ങിയ കറുത്ത കടല സർപ്പിക്കുന്നത് ഉത്തമമാണ്. നെയ്യ് ചേർത്ത അന്നം, പാനകം (ശർക്കര പാനീയം), മാതളനാരങ്ങ എന്നിവയും സമർപ്പിക്കാം. രാത്രിയിൽ അല്ലെങ്കിൽ സന്ധ്യാ സമയത്ത് വാരാഹി അമ്മയെ ആരാധിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. വരാഹി പഞ്ചമിയിൽ ഭക്തിയോടെ ദേവിയുടെ ഗായത്രി മന്ത്രം, ധ്യാനം, ശ്രീ വാരാഹി ദ്വാദശ നാമം, സ്തോത്രം എന്നിവ ജപിക്കുന്നത് സർവസിദ്ധി പ്രദമാണ്.

വാരാഹി ഗായത്രി മന്ത്രം

ഓം മഹിഷധ്വജായ വിദ്മഹേ
ദണ്ഡഹസ്തായൈ ധീമഹീ
തന്നോ വാരാഹി പ്രചോദയാത്

ALSO READ

വാരാഹി ദ്വാദശനാമ സ്തോത്രം
വാരാഹി ദ്വാദശ നാമത്തിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശ നാമ സ്തോത്രം. ഈ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം ദേവി സൃഷ്ടിക്കും. ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്നവരെ ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ ഒരു തരത്തിലും ആർക്കും തന്നെ തകർക്കാനും കഴിയില്ല. ദ്വാദശ നാമവും സ്തോത്രവും പഞ്ചമി, അഷ്ടമി ദിനങ്ങളിൽ മാത്രമല്ല നിത്യേന ജപിക്കാം. ദേവീ പ്രധാന ദിവസങ്ങളിൽ ജപിച്ചാൽ വേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:

Story Summary: Varahi Panchami of Makaram Month Krishna Paksha on February 6, 2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?