സപ്തർഷികളിൽ ഒരാളായ ഭൃഗുമഹർഷിയുടെ പുത്രനാണ് ശുക്രാചാര്യർ. ഒരിക്കൽ ഭൂമിയിലെ മുനിമാരെല്ലാം കൂടി ത്രിമൂർത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരിൽ ആരാണ് സത്വഗുണപ്രധാനിയായ ശ്രേഷ്ഠനെന്ന് പരീക്ഷിക്കാനുള്ള ചുമതല ഭൃഗുവിനെ ഏൽപ്പിച്ചു. ഈ പരീക്ഷണത്തിനിടയിൽ ഭൃഗു വിഷ്ണുവിന്റെ വക്ഷസ്സിൽ തൊഴിച്ചു. എന്നാൽ വിഷ്ണു അത് ക്ഷമയോടെ സ്വീകരിച്ച് ഭൃഗുവിന്റെ പാദങ്ങൾ തടവിക്കൊടുത്തു. ഇതേത്തുടർന്ന് മഹാവിഷ്ണുവിനെ ത്രിമൂർത്തികളിൽ സർവോത്തമനായി അദ്ദേഹം പ്രഖ്യാപിച്ചു.
ഖ്യാതിയുടെ പുത്രൻ
ഭൃഗു മഹർഷിയുടെ ഭാര്യമാരിൽ ഒരാൾ കർദ്ദമ പ്രജാപതിയുടെ പുത്രി ഖ്യാതിയായിരുന്നു. ലക്ഷ്മിദേവി ഇവരുടെ പുത്രി ഭാർഗ്ഗവിയായി ജനിച്ചുവെന്ന് ഐതിഹ്യമുണ്ട്. ശുക്രാചാര്യർ, ച്യവന മഹർഷി എന്നിവരാണ് ഖ്യാതിയുടെ മറ്റ് മക്കൾ. ഭൃഗുവിന്റെ പരമ്പരയിൽപ്പെട്ടവരെ ഭാർഗ്ഗവന്മാർ എന്ന് വിളിക്കുന്നു. ഭഗവാൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ഈ വംശത്തിലാണ് ജനിച്ചത്. ഇത്രയും പാരമ്പര്യമുള്ള ഒരു മഹർഷിയുടെ മകനായിട്ടും ശുക്രാചാര്യർ എങ്ങനെയാണ് അസുര ഗുരുവായി മാറിയത്? ആ കഥ ഇങ്ങനെ:

ശുക്രൻ്റെ ദിനത്തിൽ ജനനം
നവഗ്രഹങ്ങളിൽ ഒന്നായ ശുക്രൻ്റെ ദിവസമായ വെള്ളിയാഴ്ചയാണ് ശുക്രാചാര്യർ ജനിച്ചത്. അതിനാൽ ആ ദിവസം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. പിതാവ് ഭൃഗു അദ്ദേഹത്തെ അംഗിരസ്സ് മഹർഷിയുടെ അടുത്ത് പഠിക്കാൻ അയച്ചു. സപ്തർഷികളിൽ ഒരാളായ ഭൃഗുവിനെപ്പോലെ ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളായിരുന്നു അംഗിരസ്സ് മഹർഷി. അദ്ദേഹത്തിന്റെ മകൻ ബൃഹസ്പതി പിന്നീട് ദേവഗുരുവായി മാറി.

അവഗണിക്കപ്പെട്ടവൻ്റെ രോഷം
ശുക്രാചാര്യരോടൊപ്പം ബൃഹസ്പതി പഠിച്ചിരുന്നു. ശുക്രാചാര്യർ ബൃഹസ്പതിയേക്കാൾ ബുദ്ധിമാനായിരുന്നെങ്കിലും, ബൃഹസ്പതി ഗുരുവിന്റെ മകനായതുകൊണ്ട് ശുക്രാചാര്യർ അവഗണിക്കപ്പെട്ടു. തനിക്ക് അർഹമായ സ്ഥാനവും പഠനവും ലഭിക്കുന്നില്ലെന്ന് ശുക്രാചാര്യർക്ക് തോന്നി. ഇതിൽ മനംനൊന്ത് അദ്ദേഹം ഗുരുവിനെ ഉപേക്ഷിച്ച് സനകൻ, ഗൗതമ മഹർഷി എന്നിവരുടെ കീഴിൽ പഠനം ആരംഭിച്ചു. ഈ സമയത്ത് അദ്ദേഹം അപാരമായ വിജ്ഞാനം സമ്പാദിച്ചു. പിന്നീട് ബൃഹസ്പതി ദേവന്മാരുടെ ഗുരുവായി മാറിയപ്പോൾ, അദ്ദേഹത്തോടുള്ള മത്സരബുദ്ധി കാരണം ശുക്രാചാര്യർ അസുരന്മാരുടെ ഗുരുസ്ഥാനം സ്വീകരിച്ചു.
സഞ്ജീവനി നേടാൻ തപസ്സ്
അസുരന്മാർ നിരന്തരം ദേവന്മാരാൽ പരാജയപ്പെട്ടിരുന്നു. അതിനാൽ, അവരെ സഹായിക്കാൻ അദ്ദേഹം ശിവനെ പ്രസന്നനാക്കി മൃതിയടഞ്ഞവരെ പുനർജീവിപ്പിക്കാനുള്ള ‘സഞ്ജീവനി മന്ത്രം’ നേടാൻ തപസ്സ് ആരംഭിച്ചു. ശുക്രാചാര്യർ തപസ്സിലായിരുന്ന ഈ സന്ദർഭം മുതലെടുത്ത് ദേവന്മാർ അസുരന്മാരെ നശിപ്പിച്ചു തുടങ്ങി. തങ്ങളുടെ ഗുരു തപസ്സിലാണെന്ന് അറിഞ്ഞ അസുരന്മാർ അദ്ദേഹത്തിന്റെ അമ്മയായ ഖ്യാതിയുടെയടുത്ത് അഭയം തേടി. ഖ്യാതി അവർക്ക് സംരക്ഷണം ഉറപ്പാക്കി. അസുരന്മാരെ നിഗ്രഹിക്കാൻ ശ്രമിച്ച എല്ലാ ദേവന്മാരെയും ദിവ്യശക്തിയാൽ ഖ്യാതി ബോധരഹിതരാക്കി. അല്ലെങ്കിൽ അസ്തപ്രജ്ഞരാക്കി.
വിഷ്ണുവിന്റെ ബദ്ധശത്രു
ഇതിന്റെ ഫലമായി അസുരന്മാർ ശക്തരായി. ‘ഭൂമിയിൽ പാപകർമ്മങ്ങൾ വർദ്ധിച്ചു. ധർമ്മം പുന:സ്ഥാപിക്കാൻ വിഷ്ണുഭഗവാൻ സുദർശന ചക്രം ഉപയോഗിച്ച് ശുക്രാചാര്യരുടെ അമ്മയായ ഖ്യാതിയെ നിഗ്രഹിച്ചു. ഇത് ദേവന്മാരെയും പ്രപഞ്ചത്തെയും അസുര ശക്തിയിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു. ഇതിഞ്ഞ് ദുഃഖിതനും കോപാകുലനുമായ ശുക്രാചാര്യർ ശിവനെ പ്രസന്നനാക്കാൻ കൂടുതൽ കഠിനമായ തപസ്സിൽ ഏർപ്പെട്ടു. ഒടുവിൽ അദ്ദേഹം സഞ്ജീവനി മന്ത്രം കരസ്ഥമാക്കി. അസുര ലോകം പുനഃസ്ഥാപിച്ചു. അമ്മയുടെ മരണത്തിന് പ്രതികാരം ചെയ്യുകയും ചെയ്തു. അന്നുമുതൽ ശുക്രാചാര്യർ വിഷ്ണുഭഗവാന്റെ ബദ്ധശത്രുവായി മാറി. മാത്രമല്ല ഒരു സ്ത്രീയെ വധിച്ച പാപഫലമായി മഹാവിഷ്ണുവിന് ഭൂമിയിൽ മനുഷ്യനായി ജനിച്ച് ജന്മദു:ഖം ആവർത്തിച്ചാവർത്തിച്ച് അനുഭവിക്കേണ്ടി വരുമെന്ന് ഭൃഗുമഹർഷി ശപിച്ചു.
ALSO READ
മനുഷ്യജന്മത്തിൻ്റെ വേദന
ഈ ശാപത്തിന് മുമ്പ് ഭഗവാൻ വരാഹം, മത്സ്യം, കൂർമ്മം, നരസിംഹം തുടങ്ങിയ അവതാരങ്ങൾ എടുത്തത് സ്വയംഭൂവായി , ആരുടെയും ഗർഭപാത്രത്തിൽ ജനിക്കാതെ ആയിരുന്നു. എന്നാൽ, പരശുരാമൻ, രാമൻ, ബലരാമൻ, കൃഷ്ണൻ എന്നീ അവതാരങ്ങളിൽ അദ്ദേഹത്തിന് അമ്മയുടെ ഗർഭപാത്രത്തിൽ കഴിയുന്നതിൻ്റെയും മനുഷ്യ ജന്മം എടുത്താൽ നേരിടേണ്ടി വരുന്ന വേദന അനുഭവിക്കേണ്ടി വരികയും ചെയ്തു.
സഞ്ജീവനി പഠിക്കാൻ കചൻ
ഇതേ സമയം ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധങ്ങളിൽ, വധിക്കപ്പെടുന്ന അസുരന്മാരെ ശുക്രാചാര്യർ തന്റെ സഞ്ജീവനി വിദ്യ ഉപയോഗിച്ച് ജീവിപ്പിച്ചു. നിരന്തരം പരാജിതനായ ദേവ ഗുരുവായ ബൃഹസ്പതി ഈ വിദ്യ പഠിക്കാൻ മകനായ കചനെ ശുക്രാചാര്യരുടെ സുരഭീവനത്തിലേക്ക് ശിഷ്യനായി അയച്ചു.

വധശ്രമങ്ങൾ അതിജീവിച്ച് കചൻ
ശുക്രാചാര്യരുടെ വാസസ്ഥലമായ അതിമനോഹരമായ വനപ്രദേശമായ സുരഭീ വനത്തിൽ താമസിച്ച് കചൻ വിദ്യ പഠിക്കുന്നത് തടയാൻ അസുരന്മാർ പല രീതിയിൽ ശ്രമിച്ചു. ആദ്യം വനത്തിൽ പശുക്കളെ മേയ്ക്കാൻ പോയ കചനെ അസുരന്മാർ കൊന്ന് മുറിച്ച് ചെന്നായ്ക്കൾക്ക് നൽകി. എന്നാൽ ശുക്രാചാര്യരുടെ മകൾ ദേവയാനിക്ക് കചനോട് പ്രണയമായിരുന്നു. അവളുടെ അപേക്ഷ .പ്രകാരം ശുക്രാചാര്യർ മൃതസഞ്ജീവനി വിദ്യയുപയോഗിച്ച് കചനെ ജീവിപ്പിച്ചു. അവസാനം അസുരന്മാർ കചനെ കൊന്ന് ദഹിപ്പിച്ച്, ആ ചാരം മദ്യത്തിൽ കലർത്തി ശുക്രാചാര്യർക്ക് കുടിക്കാൻ നൽകി. തന്റെ ഉദരത്തിലാണ് കചൻ ഇരിക്കുന്നതെന്ന് ദിവ്യദൃഷ്ടിയിൽ മനസ്സിലാക്കിയ ശുക്രാചാര്യർ പ്രതിസന്ധിയിലായി. കചൻ പുറത്തു വന്നാൽ താൻ മരിക്കും, ഇല്ലെങ്കിൽ ശിഷ്യൻ മരിക്കും. പരിഹാരമായി, ശുക്രാചാര്യർ തന്റെ ഉദരത്തിലുള്ള കചന് മൃതസഞ്ജീവനി വിദ്യ ഉപദേശിച്ചു. വിദ്യ പഠിച്ച കചൻ ഗുരുവിന്റെ ഉദരം പിളർന്ന് പുറത്തുവന്നു. തുടർന്ന് മൃതിയടഞ്ഞ ഗുരുവിനെ ആ വിദ്യ ഉപയോഗിച്ച് പുനർജീവിപ്പിച്ചു.
പരസ്പരം ശപിച്ച് കച ദേവയാനി
പിന്നീട് പഠനം കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ കചനോട് തന്നെ വിവാഹം കഴിക്കാൻ ദേവയാനി ആവശ്യപ്പെട്ടു. എന്നാൽ ഗുരുവിന്റെ ഉദരത്തിൽ നിന്ന് പിറന്നതിനാൽ ദേവയാനി തനിക്ക് സഹോദരിയാണെന്ന് പറഞ്ഞ് കചൻ വിവാഹാഭ്യർഥന നിരസിച്ചു. കോപിഷ്ഠയായ ദേവയാനി കചനെ ശപിച്ചു: “നീ പഠിച്ച സഞ്ജീവനി വിദ്യ നിനക്ക് പ്രയോഗിക്കാൻ കഴിയില്ല”. കചൻ തിരിച്ചും ശപിച്ചു: “ബ്രാഹ്മണകുമാരന്മാരാരും നിന്നെ വിവാഹം കഴിക്കില്ല”. അതിനാൽ വിദ്യ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും കചന് അത് പ്രയോഗിക്കാൻ കഴിഞ്ഞില്ല. എങ്കിലും മറ്റുള്ളവർക്ക് അത് പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചു. ഇത് ഒടുവിൽ അസുരന്മാരുടെ പതനത്തിന് കാരണമായി.
ബീനാരഞ്ജിനി + 91 7559076203,
Story Summary: The identity of Shukracharya and his rise from sage to the guru of Asuras
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.