Thursday, February 26, 2026
Thursday, February 26, 2026
Home » നാഗദോഷം മാറ്റാൻ കുംഭത്തിലെ ആയില്യം ഏറ്റവും നല്ല ദിവസം

നാഗദോഷം മാറ്റാൻ കുംഭത്തിലെ ആയില്യം ഏറ്റവും നല്ല ദിവസം

0 comments



സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ ഏറ്റവും നല്ല ദിവസമാണ് കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം. കന്നിയിലെ ആയില്യം നാഗരാജാവിന്റെ തിരുന്നാളാണ്. അതിനാൽ നാഗക്ഷേത്രങ്ങളിലെല്ലാം വിശേഷമാണ്. മണ്ണാറശാല മഹോത്സവമാണ് തുലാം ആയില്യത്തിന്റെ പ്രാധാന്യം. മണ്ണാറശാലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും നാഗപ്രതിഷ്ഠയുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും വാർഷിക പൂജ നടക്കുന്നതുമാണ് കുംഭത്തിലെ ആയില്യത്തിൻ്റെ സവിശേഷ പ്രാധാന്യം. 2026 മാർച്ച് 1 ഞായാഴ്ചയാണ് കുംഭ മാസത്തിലെ ആയില്യം.

വ്രതമെടുത്താൽ ഫലം ഉറപ്പ്
ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന ലബ്ധിക്കും സന്താനങ്ങൾ കാരണമുള്ള ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മാർഗ്ഗമില്ല. നാഗദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവര്‍ സങ്കടങ്ങളും ദുരിതങ്ങളുമകറ്റാൻ മാസന്തോറും നാഗസന്നിധികളിൽ ദർശനം നടത്തി ആയില്യപൂജ നടത്തി കരിക്കും കമുകിൻ പൂക്കുലയും സമർപ്പിക്കുന്നതും മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും നൂറുംപാലും വഴിപാട് നടത്തുന്നതും നാഗ ദോഷങ്ങൾ തീരാൻ നല്ലതാണ്. വ്രതമെടുത്ത് ആയില്യ പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാവിധ നാഗദോഷങ്ങളും അവസാനിക്കും.

ക്ഷിപ്രവേഗത്തിൽ ഫലം
അതിവേഗം ഫലം ലഭിക്കുന്നതാണ് സർപ്പപൂജയുടെ ഒരു സവിശേഷത. സർപ്പദൈവങ്ങൾ തൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ലഭിക്കും. പക്ഷേ കോപിച്ചാൽ സന്താനങ്ങൾക്ക് നാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ ഫലം. സർപ്പങ്ങളെ വൈഷ്ണവം, ശൈവം ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. എങ്കിലും പൂജകളിലും ആരാധനയിലും വലിയ വ്യത്യാസമില്ല. ക്ഷേത്രങ്ങളിൽ ഉപദേവത, കാവ് എന്നിങ്ങനെ നാഗ ദേവതകളെ ആരാധിക്കുന്നു. മാസന്തോറും ആയില്യം നക്ഷത്രമാണ് നാഗങ്ങൾക്ക് പ്രധാന ദിവസം.

സർപ്പദോഷം, രാഹു ദോഷം അകറ്റാം
ആയില്യം പൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി, ഇവയാണ്‌ നാഗർക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹൂർദോഷം ഇവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകൾ.

എല്ലാ ദോഷങ്ങൾക്കും പരിഹാരം
രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗശമനത്തിനും മാനസിക പ്രയാസങ്ങൾ മാറുന്നതിനും വിദ്യാഭ്യാസ സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ
നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനും ശത്രു ദോഷ ശാന്തിക്കുമാണ് മിക്ക ഭക്തരും മാസന്തോറും ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത്. രാഹു ദോഷം മാറുന്നതിനും ഉത്തമമാണിത്.


ഇവർ നാഗപൂജ മുടക്കരുത്
തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും ഇനി പറയുന്ന നവനാഗ സ്തോത്രം 12 പ്രാവശ്യം വീതവും നാഗരാജ അഷ്ടോത്തരം, നാഗരാജ കീർത്തനം തുടങ്ങിയവ ജപിക്കണം. എല്ലാ സർപ്പദോഷവും അകലും.

ALSO READ

നാഗരാജാവിന്റെ ധ്യാനം
സഹസ്രവക്ത്രം ദ്വിസഹസ്രജിഹ്വം
പിശംഗ നേത്രം കപിലാംശുകാന്തം
വിഷായുധം പ്രോജ്വല ദംഷ്ട്ര ബാഹും
തം നാഗരാജം പ്രണതോസ്മിനിത്യം

(അർത്ഥം : ആയിരം മുഖവും രണ്ടായിരം നാക്കുകളും ചുവന്ന കണ്ണുകളും ഉള്ളവനും തവിട്ടു നിറമുള്ള പട്ടണിഞ്ഞവനും വിഷം എന്ന ആയുധം പൂണ്ടവനും ഉജ്ജ്വലമായ ദംഷ്ട്രകൾ, ബാഹുക്കൾ എന്നിവയോട്
കൂടിയവനുമായ നാഗരാജനെ എന്നും പ്രണമിക്കുന്നു.)

മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

ഈ ദിനങ്ങൾ നാഗപ്രീതിക്ക് ശ്രേഷ്ഠം
ആയില്യത്തിന് പുറമെ നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസം ഞായറാഴ്ചയാണ്. ബുധനാഴ്ചയും നാഗപ്രീതി നേടാൻ നല്ലതാണ്. തിഥികളില്‍ പഞ്ചമി അതും കറുത്തവാവ് കഴിഞ്ഞുള്ള പഞ്ചമി നല്ലതാണ്. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, കളഭം, കമുകിന്‍ പൂക്കുല, പിച്ചി, മുല്ല, അരളി , തുളസി, തെറ്റി ഇവയെല്ലാം നാഗര്‍ക്ക് സമര്‍പ്പിക്കാം. നിവേദ്യങ്ങളില്‍ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാല്‍ പായസം, അപ്പം, അട, ശര്‍ക്കരപായസം, തെരളി എന്നിവയാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനും ഗൗരി ഗോപനും വിഷ്ണുപ്രിയയും ആലപിച്ച നാഗരാജകീർത്തനം കേൾക്കാം :

ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)

Story Summary: Significance of Kumbham Month Ayilyampuja

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?