ഏകാദശി, ആയില്യം, തിങ്കൾപ്രദോഷം, മീനപ്പൂരം, പൂരം ഗണപതി, പൗർണ്ണമി, പൈങ്കുനി ഉത്രം, ഹനുമദ് ജയന്തി തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2026 മാർച്ച് 29 ന് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്നത്.
കാമദ ഏകാദശി മാർച്ച് 29
ശകവർഷത്തിലെ ആദ്യത്തെ ഏകാദശിയായ കാമദ ഏകാദശി 2026 മാർച്ച് 29 ഞായറാഴ്ചയാണ്. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഈ ഏകാദശി അനുഷ്ഠിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാക്കും എന്ന് വിശ്വസിക്കന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, ഈ ദിവസം വ്രതമനുഷ്ഠിക്കുന്നത് പാപങ്ങളിൽ നിന്ന് മോചനം നൽകും; പുണ്യം വർദ്ധിപ്പിക്കും.
മീനത്തിലെ ആയില്യം മാർച്ച് 29
ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനലബ്ധിക്കും സന്താനങ്ങൾ കാരണമുള്ള ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മാർഗ്ഗമില്ല. നാഗദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവര്‍ സങ്കടങ്ങളും ദുരിതങ്ങളും മാറാൻ മാസന്തോറും ആയില്യത്തിന് ക്ഷേത്രത്തിൽ ആയില്യപൂജ നടത്തുന്നത് ഉത്തമമാണ്. 2026 മാർച്ച് 29 ഞായറാഴ്ചയാണ് മീനത്തിലെ ആയില്യം.
തിങ്കൾപ്രദോഷം മാർച്ച് 30
മാർച്ച് 30 നാണ് തിങ്കൾപ്രദോഷം വ്രതം. ശിവപാർവതിമാർ ഏറ്റവും പ്രസന്നരാകുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുക്കുന്നത് സർവാനുഗ്രഹദായകമാണ്. പ്രദോഷവ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം തിങ്കൾ പ്രദോഷവും ശനി പ്രദോഷവുമാണ്.
മീനപ്പൂരം മാർച്ച് 31
ഗണപതിക്കും ശിവ പാർവ്വതിമാർക്കും കാമദേവനും വിശേഷമായ മീന മാസത്തിലെ പൂരം നക്ഷത്രം മാർച്ച് 31 നാണ്. കാമദേവന്റെ ഉത്സവം കൂടിയായ മീനപ്പൂരാചരണം നല്ല വിവാഹം ലഭിക്കുന്നതിനും ദാമ്പത്യ ബന്ധം ഊഷ്മളമായി നിലനിറുത്തുന്നതിനും വളരെ നല്ലതാണ്. മീനപ്പൂരം നാളിൽ വ്രതമെടുക്കുന്നതും കാമദേവന് പുനർജന്മം നൽകാൻ ശിവനെ സമീപിച്ച ദേവിയെ പൂജിക്കുന്നതും വിവാഹതടസ്സം നീങ്ങുന്നതിനും ഇഷ്ടവിവാഹലബ്ധിക്കും കാര്യവിജയത്തിനും ഗുണകരമാണ്.
പൂരം ഗണപതി മാർച്ച് 31
ഗണപതി ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന വിശേഷദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. മാർച്ച് 31 ചൊവ്വാഴ്ച ആണ് ഇത്തവണ പൂരം ഗണപതി.
ALSO READ
പൈങ്കുനി ഉത്രം ഏപ്രിൽ 1
ഏപ്രിൽ 1 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പന്റെ ആറാട്ട് ആഘോഷിക്കുന്ന മീന മാസത്തിലെ ഉത്രം നക്ഷത്രം കലിയുഗവരദനായ അയ്യപ്പ സ്വാമിക്ക് മാത്രമല്ല ശിവനും പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാര ദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണ ദിവസമാണ്. ശിവ പാർവ്വതിമാരുടെയും സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും തൃക്കല്യാണം നടന്നത് പെെങ്കുനി ഉത്രം ദിവസമാണത്രേ. പഴനിയിൽ ഈ ദിവസം ഉത്സവമാണ്. ശ്രീ പത്മനാഭ സ്വാമിയുടെ പള്ളിവേട്ട നടക്കുന്നത് പൈങ്കുനി ഉത്രത്തിനാണ്. പിറ്റേന്നാണ് ഭഗവാൻ്റെ ആറാട്ട്.
ചിത്രാപൗർണ്ണമി ഏപ്രിൽ 1
ചന്ദ്രന്റെ ബലക്കുറവ് കാരണം അനുഭവ യോഗം ഇല്ലാത്തവരും ചഞ്ചലമായ മനസ്, അകാരണ ഭയം, മാനസികമായി എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കൽ, തീരുമാന വൈകല്യം, അനാവശ്യമായി ഒരോന്ന് ചിന്തിച്ച് കൂട്ടുക, അക്ഷമ, പരാജയഭീതി, എന്നിവയാൽ വിഷമിക്കുന്നവർ, അമാവാസിക്ക് ജനിച്ചവർ, മാനസിക വിഷമതകൾ, അലർജി, ആസ്മ ഇവയാൽ ക്ലേശം അനുഭവിക്കുന്നവർ തുടങ്ങിയവർ പൗർണ്ണമി ദിവസം വ്രതം നോറ്റ് ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ ചെയ്ത്
ചന്ദ്രബലം വർദ്ധിപ്പിക്കുക തന്നെ വേണം. ചന്ദ്രന്റെ അനുഗ്രഹത്തിനായി പൗർണ്ണമി ദിവസം ദേവിക്ക് ചന്ദ്രപൊങ്കാല അർപ്പിക്കുന്നതും ദേവീ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം ദീപാരാധന തൊഴുന്നതും ഇവർക്ക് ഉത്തമമായ ദോഷപരിഹാരമാണ്. ഏപ്രിൽ 1 ബുധനാഴ്ചയാണ് മീനത്തിലെ പൗർണ്ണമി വ്രതം.
ഹനുമദ് ജയന്തി ഏപ്രിൽ 2
ഹനുമാൻ സ്വാമിയുടെ പുണ്യാവതാര ദിനമായ ഹനുമദ് ജയന്തി ഏപ്രിൽ 2 വ്യാഴാഴ്ചയാണ് . മന്ത്രജപം, വ്രതം, ഉപാസന, ശ്രീരാമനാമ ജപം, സുന്ദരകാണ്ഡ പാരായണം തുടങ്ങിയ ആത്മീയാനുഷ്ഠാനങ്ങൾക്ക് അത്യന്തം ഫലപ്രദമായ ദിനമാണിത്. ഈ ദിവസം ചെയ്യുന്ന പ്രാർത്ഥനകൾക്കും കർമ്മങ്ങൾക്കും വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്ന് ഭക്തവിശ്വാസമുണ്ട്. അതുകൊണ്ട് മനഃശാന്തി, കാര്യസിദ്ധി, ഭയനിവൃത്തി, ദൈവാനുഭവം എന്നിവ ആഗ്രഹിക്കുന്ന ഭക്തർക്ക് ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്.
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Significance of different festivals and religious rituals coming on this week
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.