നാഗരാജാവിന്റെ തിരുനാളായ കന്നി മാസത്തിലെ ആയില്യം എല്ലാ നാഗാരാധനാ സന്നിധികളിലെയും പോലെ മണ്ണാറശ്ശാലയിലും
വളരെയധികം പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. നാഗരാജാവിന്റെ അവതാര ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിവസം എല്ലാ ക്ഷേത്രങ്ങളിലും സവിശേഷമായ ചടങ്ങുകളും വലിയ ഭക്തജനത്തിരക്കും അനുഭവപ്പെടാറുണ്ട്. 2026 ഒക്ടോബർ 6 ചൊവ്വാഴ്ചയാണ് കന്നിയിലെ ആയില്യം.
മുൻകാലങ്ങളിൽ മണ്ണാറശാലയിലെ പ്രധാന ഉത്സവമായ എഴുന്നള്ളത്ത് കന്നിമാസത്തിലെ ആയില്യത്തിന് തന്നെയായിരുന്നു. ഒരു വർഷം തിരുവിതാംകൂർ മഹാരാജാവിന് കന്നിമാസത്തിലെ ആയില്യത്തിന് ഇവിടെ ദർശനം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ വിഷമം മാറ്റാനായി തൊട്ടടുത്ത മാസമായ തുലാം മാസത്തിലെ ആയില്യത്തിന് ഉത്സവ പ്രാധാന്യത്തോടെ ചടങ്ങുകൾ നടത്താൻ തീരുമാനമായി. അങ്ങനെയാണ് മണ്ണാറശാലയിലെ പ്രധാന ഉത്സവം തുലാമാസ ആയില്യമായത്. എങ്കിലും കന്നിമാസത്തിലും സമാനമായ രീതിയിൽ വലിയ ചടങ്ങുകൾ തുടർന്നു വരുന്നു.

കന്നിയിലെ ആയില്യത്തിനും മണ്ണാറശാല
വലിയമ്മ നാഗരാജ വിഗ്രഹവും വഹിച്ചു കൊണ്ട് എഴുന്നള്ളത്തിന് നേതൃത്വം നൽകും. പുറകെ സർപ്പയക്ഷി അമ്മയുടെ വിഗ്രഹവുമായി ചെറിയമ്മയും, മറ്റ് നാഗദൈവങ്ങളുടെ വിഗ്രഹങ്ങളുമായി മുതിർന്ന പുരുഷ അംഗങ്ങളും പങ്കുചേരുന്നു.
കന്നിമാസ ആയില്യം പൂജകളുടെ അവസാനഘട്ടത്തിൽ സർപ്പങ്ങൾക്ക് നിവേദ്യമർപ്പിക്കുന്ന വളരെ വിശേഷപ്പെട്ട
തട്ടിന്മേൽ നൂറും പാലും നടക്കും. ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജയും അന്ന് ഭക്തർക്ക് ദർശന പുണ്യം നൽകുന്നു.
കന്നിമാസ ആയില്യത്തിന് നാഗ ദൈവങ്ങളെ പ്രാർത്ഥിച്ചാൽ ഒരു വർഷം ആരാധിച്ച ഫലം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
നൂറും പാലും, പാൽപ്പായസം, കദളിപ്പഴം, വെള്ളരി എന്നിവയാണ് പ്രധാന വഴിപാടുകൾ. കുട്ടികളില്ലാത്ത ദമ്പതികൾ നാഗദോഷം മാറാനും സന്താനലബ്ധിക്കുമായി മണ്ണാറശാലയിൽ നടത്തുന്ന ‘ഉരുളി കമഴ്ത്തൽ’ വഴിപാട് ഈ ദിവസം ധാരാളം നടത്താറുണ്ട്.
രാഹുദോഷങ്ങൾ മാറാനും കുടുംബ ഐശ്വര്യത്തിനും ഭക്തർ ഈ ദിവസം ഒരിക്കലോടെ വ്രതം അനുഷ്ഠിച്ച് നാഗരാജ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.