Tuesday, March 31, 2026
Tuesday, March 31, 2026
Home » ചിത്രാ പൗർണ്ണമിയിലെ ഹനുമദ് ഉപാസന അസാദ്ധ്യമായ കാര്യങ്ങളും നടത്തിത്തരും

ചിത്രാ പൗർണ്ണമിയിലെ ഹനുമദ് ഉപാസന അസാദ്ധ്യമായ കാര്യങ്ങളും നടത്തിത്തരും

by മംഗളഗൗരി
0 comments

ആജ്ഞനേയസ്വാമിയുടെ തിരുഅവതാര ദിവസമായി രാജ്യമെങ്ങും കൊണ്ടാടുന്ന ചൈത്രപൗർണ്ണമിനാളിൽ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ മന:ശാന്തിയും കാര്യസിദ്ധിയും ആഗ്രഹസാഫല്യവും ലഭിക്കും. 2026 ഏപ്രില്‍ 2 വ്യാഴാഴ്ചയാണ് ചിത്രാപൗർണ്ണമി.
ഹനുമാൻ സ്വാമിയെ ഭജിക്കാൻ ശ്രേഷ്ഠമായ വ്യാഴാഴ്ച ഹനുമദ് ജയന്തി കൂടി വരുന്നത് ഇരട്ടി ഫലം തരും.

വ്രതവിധികൾ പാലിക്കണം
ഈ ദിവസം വ്രതം നോൽക്കുന്നവർ തലേന്ന് സൂര്യാസ്തമയത്തിന് മുൻപ് വ്രതം തുടങ്ങണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതം പാലിക്കണം. ജയന്തി ദിവസം പഴങ്ങൾ മാത്രം കഴിക്കുക എന്ന രീതിയില്‍ വ്രതം എടുക്കുന്നത് ഏറ്റവും ഉത്തമം. എത്ര കഠിനവ്രതം പറ്റുമോ അത്രയും നന്ന്. കരിക്ക്, വാഴപ്പഴം എന്നിവ അത്യാവശ്യമെങ്കില്‍ കഴിക്കാം.
ഹനുമാന്‍ സ്വാമി തികഞ്ഞ രാമഭക്തനായതിനാല്‍ വ്രതവേളയിൽ ശ്രീരാമദേവനെയും പ്രാര്‍ത്ഥിക്കണം. ജയന്തി ദിവസം രാവിലെ കുളിച്ച് രാമക്ഷേത്രത്തിലോ, വിഷ്ണുക്ഷേത്രത്തിലോ ഹനുമാൻ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് തൊഴുക.

അസാദ്ധ്യമായതും സാധിക്കും
അചഞ്ചലമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ബുദ്ധിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ അലങ്കാരവും ആയുധവും തിന്മയെ നിഗ്രഹിക്കുന്ന ഗദയാണ്. അസാദ്ധ്യമായ കാര്യങ്ങൾ വരെ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ സാദ്ധ്യമാകുന്നത് ഭക്തരുടെ അനുഭവമാണ്. ഹനുമാൻ സ്വാമിയെ ഭജിച്ചാൽ എല്ലാ ഐശ്വര്യവും നേടാൻ കഴിയും.

വായുവേഗത്തിൽ ഫലം
വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാനുതകുന്ന അതിശക്തമായ ചില ഹനുമദ് മന്ത്രങ്ങളുണ്ട് . ഇതിൽ രണ്ടു മന്ത്രങ്ങൾ ജയന്തി ദിവസം അല്ലെങ്കിൽ ഒരു വ്യാഴാഴ്ച തുടങ്ങി നിത്യവും 36 തവണ വീതം ജപിച്ചാൽ അതിവേഗം ആഗ്രഹങ്ങൾ സാധിക്കും.
1
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖക്ഷയ കരോ ഭവ:

2
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ

ചിത്രാപൗർണ്ണമി പ്രധാനം
ശ്രീരാമജയം എന്ന ഒറ്റ സ്തുതി കൊണ്ട് സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ കാര്യസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് ചിത്രാപൗർണ്ണമി. കേരളത്തിലും തമിഴ്നാട്ടിലും ഹനുമദ് ജയന്തി ആഘോഷിക്കുന്നത് മുഖ്യമായും ധനുമാസത്തിൽ മൂലം നക്ഷത്രത്തിലാണ്. എങ്കിലും ചിത്രാ പൗർണ്ണമി ദിവസത്തെ ആചരണത്തിന് ഒരു കുറവും വരുത്താറില്ല. ഹനുമദ് ജയന്തി ദിവസം നമ്മുടെ സങ്കടങ്ങൾ ശ്രീരാമദാസനായ ഹനുമാൻ സ്വാമിയോട് പറഞ്ഞ് പ്രാർത്ഥിച്ചാൽ മതി തീർച്ചയായും ഫലമുണ്ടാകും. തടസ്സങ്ങൾ നീങ്ങി കാര്യസിദ്ധി ലഭിക്കും. സര്‍വ്വ ഐശ്വര്യങ്ങളും കരഗതമാകും. ദുഃഖദുരിതങ്ങള്‍ അകലും. കുടുംബത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. ആഞ്ജനേയനെ പ്രാര്‍ത്ഥിച്ചാല്‍ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാര്‍ത്ഥിക്കുന്ന ഫലം കിട്ടുമെന്നാണ് വിശ്വാസം. ശ്രീരാമ ജയം ജപിച്ച് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാര്‍ത്തിയും പൂജിച്ചാൽ അസാദ്ധ്യമായ കാര്യങ്ങൾ പോലും സാധിക്കുമെന്ന് കരുതുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ഹനുമദ് സ്തോത്രം കേൾക്കാം:
https://youtu.be/GoEtiHzKGlM?si=_Z5G7GGD-vKqarxc

ALSO READ

മുഖ്യ ഹനുമദ് സന്നിധികൾ
കേരളത്തിൽ ആലത്തിയൂർ, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ ക്ഷേത്രം, കണ്ണൂർ മക്രേരി ക്ഷേത്രം തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയവയാണ് പ്രധാന ഹനുമദ് സന്നിധികൾ. ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറത്ത് തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാനാണ് ഏറെ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. കണ്ണൂരില്‍ നിന്നും18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്. തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ ഹനുമാൻ. ശുചീന്ദ്രം ക്ഷേത്രത്തിൽ ഉള്ളത് എറ്റവും വലിയ ഹനുമദ് വിഗ്രഹമാണ്. പതിനെട്ട് അടി ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ഹനുമാൻ സ്വാമിക്ക് പ്രത്യേകം ക്ഷേത്രം ഇല്ലാത്ത സ്ഥലങ്ങളിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി ഭഗവാന് സ്ഥാനമുണ്ടാകും.

Story Summary: Hanumad Jayanthi on Chitra Poornima; April 2, 2026

Highlights
ഹനുമാന് ഭജനത്തിന് ശ്രേഷ്ഠമായ വ്യാഴാഴ്ച ഹനുമദ് ജയന്തി കൂടി വരുന്നത് ഇരട്ടി ഫലം തരും

വെറ്റിലമാല, വടമാല അണിയിച്ചും വെണ്ണചാര്‍ത്തിയും ഭജിച്ചാൽ അസാദ്ധ്യമായതും സാധിക്കും

ഹനുമദ് മന്ത്രങ്ങൾ വായുവേഗത്തിൽ അഭീഷ്ട സിദ്ധി നേടാൻ സഹായിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?