അശോകൻ ഇറവങ്കര
2026 ഏപ്രിൽ 17 വെള്ളിയാഴ്ചയാണ് മേടമാസത്തിലെ അമാവാസി. പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് ഉത്തമ ദിവസമാണ് അമാവാസി. എല്ലാ മാസങ്ങളിലേയും അമാവാസിക്ക് വ്രതം എടുക്കുന്നത് പിതൃപ്രീതിക്ക് നല്ലതാണ്. എന്നാൽ വളരെ ദോഷങ്ങൾ നിറഞ്ഞ ദിവസമായാണ് പൊതുവേ അമാവാസിയെ കണക്കാക്കുന്നത്. അതിനാൽ ആരും തന്നെ ശുഭകാര്യങ്ങൾക്ക് അമാവാസി എടുക്കാറില്ല. പക്ഷേ ഉപാസനാപരമായി ഈ ദിനം ശ്രേഷ്ഠമാണ്. അതിവേഗമുള്ള ഫലസിദ്ധിയാണ് അമാവാസി നാളിലെ ഉപാസനകൾക്ക്. സര്‍വ്വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ഉപാസനാപരമായി അമാവാസി മാത്രമല്ല കറുത്തപക്ഷവും ക്ഷിപ്ര ഫലദായകമാണ്. വെളുത്ത പക്ഷം ദേവീപ്രീതിക്കും കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണകരമായി പറയുന്നു.
ഉഗ്രമൂര്‍ത്തികളെ ഉപാസിക്കാം
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെ ഉപാസിക്കുന്നതിന് അമാവാസി നല്ലതാണ്.
ഓരോ മാസവും ഓരോ ഫലം
ഓരോ മാസത്തിലെയും അമാവാസി അഥവാ കറുത്ത വാവിലെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നുണ്ട്.
മേടം ………………………. ദാമ്പത്യ സൗഖ്യം
ഇടവം ……………………..ദീർഘായുസ്സ്
മിഥുനം ……………………ഭാഗ്യാഭിവൃദ്ധി
കർക്കടകം …………….. കർമ്മഗുണം
ചിങ്ങം ……………………. ഐശ്വര്യം
കന്നി ………………………. മോക്ഷം
തുലാം ……………………..ആരോഗ്യം
വൃശ്ചികം ………………….സമൃദ്ധി
ധനു ………………………. സഹായലബ്ധി
മകരം ……………………..ഗൃഹസുഖം
കുംഭം …………………….. സന്താന സുഖം
മീനം ……………………….രോഗനാശം
സന്ധ്യയ്ക്കു മുൻപ് മൂന്നേമുക്കാൽ നാഴിക പ്രഥമയുള്ള ദിവസത്തെ സ്ഥാലീപാകം എന്നു പറയുന്നു. ഇങ്ങനെ സ്ഥാലീഭാഗം വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് അമാവാസിവ്രതം ആചരിക്കേണ്ടത്. അമാവാസിയില്‍ ക്ഷിപ്രകാര്യസിദ്ധിക്ക് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങളുണ്ട് :
ഭദ്രകാളി മന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം വെളുത്തവാവിന്റെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ എന്നും 108 പ്രാവശ്യം ജപിക്കുക. ഇങ്ങനെ അഞ്ചു മാസം കൃത്യമായി ചെയ്താല്‍ കാര്യസിദ്ധി ഉണ്ടാകും.
അഘോര മന്ത്രം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വീതം കറുത്തപക്ഷത്തിലെ മൂന്നുമാസം മുഴുവനും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.
പിതൃ മന്ത്രം
പിതൃപ്രീതിക്ക് ഓം പിതൃഭ്യോനമഃ എന്നും 108 വീതം നിത്യേന ചൊല്ലാം. നിത്യവും പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല. അച്ഛനോ അമ്മയോ മരിച്ചവർ മാത്രമല്ല ബലിയും, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നര്‍ക്കും അമാവാസിയിൽ ബലിയും, തര്‍പ്പണവും ചെയ്യാം. മുത്തശ്ശനും, മുത്തശ്ശിക്കും വേണ്ടിയോ അതിനുമുമ്പേയുള്ളവര്‍ക്ക് വേണ്ടിയോ ചെയ്യാം. ഏതൊരു ബന്ധുവിനു വേണ്ടിയും ചെയ്യാം. ഇതൊന്നുമല്ലാതെ എല്ലാ പൂര്‍വികര്‍ക്ക് വേണ്ടിയും ചെയ്യാം.
ALSO READ
വീഡിയോ കാണാം
മരണാനന്തര കർമ്മങ്ങളും പിതൃപ്രീതി കർമ്മങ്ങളും സംബന്ധിച്ച് അറിയേണ്ടതെല്ലാം വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ പുരോഹിതൻ വിഷ്ണു മുരളീധർ ശർമ്മ വിവരിക്കുന്ന വീഡിയോ കാണുക:
Story Summary: Significance of Amavasya Upasana
Highlights
വെളുത്തപക്ഷം ദേവീപ്രീതിക്കും
കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണം ചെയ്യും
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്
മേടമാസ അമാവാസിയിലെ ശ്രാദ്ധ കർമ്മഫലം ദാമ്പത്യ സൗഖ്യമാണ്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.