Friday, April 17, 2026
Friday, April 17, 2026
Home » അക്ഷയപുണ്യം വൈശാഖ മാസം; വിഷ്ണു സായുജ്യത്തിൻ്റെ വസന്തകാലം

അക്ഷയപുണ്യം വൈശാഖ മാസം; വിഷ്ണു സായുജ്യത്തിൻ്റെ വസന്തകാലം

by മംഗളഗൗരി
0 comments

വിഷ്ണു പൂജയ്ക്ക് സുപ്രധാനമാണ് വൈശാഖ മാസം. ഇക്കാലം മുഴുവൻ ലക്ഷ്മീ ഭഗവതിയോടൊപ്പം ഭഗവാൻ ഭൂമിയിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. മാധവന് പ്രിയങ്കരമായതിനാല്‍ ഇത് മാധവ മാസമെന്നും അറിയപ്പെടുന്നു.

വൈശാഖ മാസാചരണം
തിരുപ്പതി, ഗുരുവായൂർ, ശ്രീരംഗം , ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ക്ഷേത്രങ്ങളിലും വൈശാഖ മാസാചരണം വളരെ വിശേഷമാണ്. ഈ വർഷം ഏപ്രിൽ 18 ശനിയാഴ്ച മുതൽ മേയ് 16 തിങ്കളാഴ്ച വരെയാണ് വൈശാഖമാസം ആചരിക്കുന്നത്. എല്ലാ വിദ്യകളിലും ശ്രേഷ്ഠം വേദവും എല്ലാ മന്ത്രങ്ങളിലും ശ്രേഷ്ഠം പ്രണവവും എല്ലാ വൃക്ഷങ്ങളിലും ശ്രേഷ്ഠം കൽപവൃക്ഷവും എല്ലാ പക്ഷികളിലും ശ്രേഷ്ഠം ഗരുഡനും എല്ലാ നദികളിലും ശ്രേഷ്ഠം ഗംഗയും എല്ലാ രത്നങ്ങളിലും ശ്രേഷ്ഠം കൗസ്തുഭവും എല്ലാ മാസങ്ങളിലും ശ്രേഷ്ഠം വൈശാഖവുമാണെന്ന്
സ്കന്ദ പുരാണം പറയുന്നു. വൈശാഖമാസ മഹിമയെപ്പറ്റി പത്മപുരാണത്തിലും പരാമർശമുണ്ട്.

3 അവതാരമാസം
വിഷ്ണുഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം പറയുന്നു.
അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയ നാളിലും നരംസിംഹാവതാരം വെളുത്ത പക്ഷ ചതുര്‍ദ്ദശിക്കും നടന്നതായാണ് പറയുന്നത് .

ആഗ്രഹസാഫല്യം നേടാം
വിഷ്ണുഭജനത്തിന് ഏറ്റവും നല്ല സമയമായ വൈശാഖമാസം മുഴുവനും പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി അഷ്ടാക്ഷരി മന്ത്രം, ഓം നമോ നാരായണായ , ദ്വാദശാക്ഷരി മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ എന്നിവ ജപിക്കണം. വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യുന്നത് ആഗ്രഹസാഫല്യം നൽകും.

ശ്രേയസും സമ്പത്തും ലഭിക്കും
ഈ മാസം മുഴുവന്‍ വ്രതം നോറ്റ് വിഷ്ണു ഭഗവാനെ ധ്യാനിക്കുന്നത് എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. ഇത് തികഞ്ഞ നിഷ്‌ഠയോടെ അനുഷ്ഠിച്ചാൽ ശ്രേയസും സമ്പത്തും ഉണ്ടാകും. വൈശാഖത്തിലെ വെളുത്ത ദ്വാദശി, പൗർണ്ണമി ദിവസങ്ങളിൽ വ്രതം എടുക്കുന്നവര്‍ക്കും ഇതിന് തുല്യമായ ഫലം ലഭിക്കുമെന്നും പറയുന്നു.

ദാനധർമ്മങ്ങൾക്കുത്തമം
മംഗള കർമ്മങ്ങൾ ആരംഭിക്കാൻ ഉത്തമമാസമാണ് വൈശാഖം. കൂടാതെ വൈശാഖമാസത്തിലെ പ്രഭാത സ്‌നാനത്തിനു വളരെയധികം പ്രാധാന്യം കൽപിച്ചിരിക്കുന്നു. ഈ മാസം മുഴുവൻ എല്ലാ പുണ്യ തീർഥങ്ങളുടേയും സാന്നിധ്യം നദികളിലും കിണറുകളിലും തുടങ്ങി എല്ലാ ജലാശയങ്ങളിലും ഉണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ പ്രഭാതസ്നാനത്തിലൂടെ സർവതീർത്ഥ സ്‌നാനഫലം ലഭിക്കും. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ട കാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും.

ALSO READ

കലിദോഷം നീക്കാം
വൈശാഖമാസത്തിൽ എല്ലാ ദിവസവും കലിസന്തരണ മന്ത്രം 8 തവണ വീതം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ പ്രകാശിക്കും. 16 തവണ ജപിച്ചാൽ ഹൃദയ കമലത്തിൽ ഭഗവാൻ തെളിഞ്ഞു വരും. 108 തവണ ജപിക്കുന്നവരുടെ കൂടെ കണ്ണൻ സദാ ആനന്ദ നടനമാടും എന്നാണ് കലിസന്തരണ മന്ത്രത്തിന്റെ ഫലശ്രുതി. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ മന്ത്രമാണിത്. ശനി ദോഷങ്ങളാകുന്ന കലിദോഷങ്ങൾ ഒഴിഞ്ഞു പോകാനും ബാധിക്കാതിരിക്കാനും ഈ മന്ത്രം ഏറ്റവും ഉത്തമമാണ്.

കലിസന്തരണ മന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

വീഡിയോ കാണുക
ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ ആത്മീയാചാര്യൻ എം നന്ദകുമാർ വൈശാഖമാസ മാഹാത്മ്യം വിവരിച്ച വീഡിയോ കാണാം. കഴിഞ്ഞ വൈശാഖമാസ കാലത്ത് റിലീസ് ചെയ്ത ഈ വീഡിയോയിൽ തീയതിക്ക് മാത്രം വ്യത്യാസമുണ്ട്. ഇത്തവണ വൈശാഖ മാസം 2026 ഏപ്രിൽ 18 മുതൽ മേയ് 16 ശനിയാഴ്ച വരെയാണ്.

വൈശാഖ മാസവിശേഷങ്ങൾ
2026-ലെ ഏപ്രിൽ 18 ന് ആരംഭിച്ച് മേയ് 17 ന് അവസാനിക്കുന്നു. ഭഗവാൻ മഹാവിഷ്ണുവിനെ ആരാധിക്കാൻ ഏറ്റവും ഉത്തമമെന്ന് കരുതപ്പെടുന്ന വൈശാഖ പുണ്യ മാസത്തിലെ പ്രധാന ദിവസങ്ങൾ താഴെ നൽകുന്നു.
1
വൈശാഖ പുണ്യകാലാരംഭം: 2026 ഏപ്രിൽ 18 (ശനിയാഴ്ച).
2
അക്ഷയ തൃതീയ, പരശുരാമ അവതാരം, ബലരാമ അവതാരം: ഏപ്രിൽ 19 (ഞായറാഴ്ച). സ്വർണ്ണം വാങ്ങുന്നതിനും പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനും ഏറ്റവും ശുഭകരമായ ദിനം.
3
വൈശാഖ ശുക്ലപക്ഷ ചതുർത്ഥി:
ഏപ്രിൽ 20 (തിങ്കളാഴ്ച) ഗണപതിയെ ഭജിച്ചാൽ സർവസൗഭാഗ്യം
4
വാരാഹി പഞ്ചമി, ശങ്കരാചാര്യ ജയന്തി: ഏപ്രിൽ 21 (ചൊവ്വാഴ്ച).
5
പത്താമുദയം, ഗംഗാ സപ്തമി: ഏപ്രിൽ 23 (വ്യാഴാഴ്ച).
6
സീതാ നവമി: ഏപ്രിൽ 25 (ശനിയാഴ്ച).
7
മോഹിനി ഏകാദശി: ഏപ്രിൽ 27 (തിങ്കളാഴ്ച).
8
പ്രദോഷം: ഏപ്രിൽ 29 ( ബുധൻ).
9
നരസിംഹ ജയന്തി: ഏപ്രിൽ 30 (വ്യാഴാഴ്ച).
10
ബുദ്ധപൂർണ്ണിമ (വൈശാഖ പൗർണ്ണമി)
കൊട്ടിയൂർ വൈശാഖോത്സവം ആരംഭം
മേയ് 1 (വെള്ളിയാഴ്ച).
11
അപരാ ഏകാദശി: മേയ് 13
(ബുധനാഴ്ച).
12
പ്രദോഷം: മേയ് 14 ( വ്യാഴാഴ്ച).
13
വൈശാഖ അമാവാസി: മേയ് 16 (ശനിയാഴ്ച). പിതൃതർപ്പണത്തിന് പ്രധാനമായ ദിനം.

വിഷ്ണുസഹസ്രനാമജപം
ഗുരുവായൂർ ക്ഷേത്രം പോലുള്ള മഹാവിഷ്ണു ക്ഷേത്രങ്ങളിൽ വൈശാഖ പുണ്യ മാസത്തിൽ വിശേഷാൽ പൂജകളും ഭാഗവത സപ്താഹങ്ങളും നടക്കാറുണ്ട്. സൂര്യോദയത്തിന് മുൻപുള്ള സ്നാനവും (പ്രാതഃസ്നാനം) വിഷ്ണുസഹസ്രനാമ പാരായണവും ഈ മാസത്തിൽ ഏറെ ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Story Summary : Significance of Madahava Masam or Vishaka Masam Rituals

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?