Sunday, November 1, 2026
Sunday, November 1, 2026
Home » മണ്ണാറശാല ആയില്യം മഹോത്സവത്തിന് തുടക്കമായി; അമ്മയുടെ അനുഗ്രഹം സർപ്പദോഷം തീർക്കും

മണ്ണാറശാല ആയില്യം മഹോത്സവത്തിന് തുടക്കമായി; അമ്മയുടെ അനുഗ്രഹം സർപ്പദോഷം തീർക്കും

by മംഗളഗൗരി
0 comments

മണ്ണാറശാല ആയില്യം മഹോത്സവത്തിന്,
മഹാദീപക്കാഴ്ചയോടെ ഇന്ന് വെള്ളിയാഴ്ച
തുടക്കമായി. ശൈവ-വൈഷ്ണവ സങ്കല്പത്തിൽ അദ്വൈത രീതിയിലാണ്
ഇവിടുത്തെ പൂജ. ആയുരാരോഗ്യം, പുത്രലബ്ധി, സന്താനം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി ഇതെല്ലാം നല്‍കാന്‍ കഴിവുള്ള പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങള്‍. ഫലഭൂയിഷ്ഠത ഉദ്ദേശിച്ച് കായ്കനികള്‍ ഈ ക്ഷേത്രത്തില്‍ നടയ്ക്കു വയ്ക്കാറുണ്ട്.

പാരമ്പര്യപുണ്യം പേറുന്ന ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്ടാണ് യുഗാബ്ദങ്ങളുടെ പാരമ്പര്യപുണ്യം പേറുന്ന വിശ്വപ്രസിദ്ധമായ ഈ നാഗരാജക്ഷേത്രം.  കിഴക്കോട്ട് ദർശനമുള്ള മണ്ണാറശാല നാഗരാജക്ഷേത്രത്തിന് ധാരാളം സവിശേഷതകളുണ്ട്. അതിലൊന്ന് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന്, പ്രകൃതിയെ സംരംക്ഷിച്ചുകൊണ്ടുള്ള നാഗാരാധന ചിട്ടകളാണ്. നാഗാരാധനയുടെ ഭാഗമായി വൻ മരങ്ങൾക്കൊപ്പം ഇവിടെ പുൽപ്പടർപ്പുകളും സംരക്ഷിക്കപ്പെടുന്നു. കാടുകളിൽനിന്ന് ഒരിലപോലും പറിച്ച് മാറ്റാറില്ല. വൈഷ്ണവ സങ്കല്പത്തിൽ നാഗരാജാവ് അനന്തനാണ്. ശൈവ സങ്കല്പത്തിൽ വാസുകിയും. ഇവിടുത്തെ
പ്രധാന പ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ്. ഇല്ലത്തെ നിലവറയിൽ വിഷ്ണുസ്വരൂപമായ അനന്തൻ കുടികൊള്ളുന്നു. മണ്ണാറശാലയിലെ പൂർവ്വിക തലമുറയിൽ പിറന്ന അഞ്ചുമുഖമുള്ള നാഗശിശുവാണ് അവതാര ലക്ഷ്യം പൂർത്തിയാക്കി ഇല്ലത്തെ നിലവറയിലേക്ക് അന്തർധാനം ചെയ്ത സാക്ഷാൽ അനന്തൻ എന്ന് ഐതിഹ്യം. ഇങ്ങനെ വൈഷ്ണവ തേജസ്സാർന്ന അനന്തനും ശൈവ തേജസ്സാർന്ന വാസുകിയും അദ്വൈത ഭാവത്തിൽ അനേകകോടി ഭക്തർക്ക് ആശ്രയാനുഗ്രഹങ്ങൾ ചൊരിഞ്ഞ് അഭീഷ്ടങ്ങൾക്ക് സാഫല്യമേകി വാണരുളുന്നു.


https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

അമ്മയുടെ അനുഗ്രഹം നേടാം
വിസ്തൃതമായ കാവുകളാൽ ചുറ്റപ്പെട്ട ഈ  ക്ഷേത്രത്തെ ഇതര നാഗരാജക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആചാരവിധികളാണ്. സ്ത്രീകൾ മുഖ്യ പൂജാരിണിമാരാകുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ദ്വാപരയുഗത്തിലെ പുരാണ പ്രസിദ്ധമായ ഖാണ്ഡവ ദഹനകാലത്തോളം നീളുന്നതാണ് ഈ നാഗരാജ ക്ഷേത്രത്തിലെ ആചാരപ്പഴമ. ആശ്രയിക്കുന്നവർക്കെല്ലാം അഭയമായി വർത്തിക്കുന്ന മണ്ണാറശാല അമ്മ നാഗാരാധനാ സംസ്‌കാരത്തിലെ അത്യപൂർവ്വ സാന്നിദ്ധ്യമാണ്. ഭഗവാന്റെ അമ്മ എന്ന നിലയിൽ അനന്യവും ദൈവീകവുമായ പാരമ്പര്യത്തിന്റെ കണ്ണികളാണ് മണ്ണാറശാലയിലെ അമ്മമാർ. ഊഷ്മളമായ മാതൃ–പുത്ര–വാത്സല്യ ബന്ധത്തിന്റെ ശക്തി വിളിച്ചോതുന്ന അനുപമമായ ഈ സങ്കല്പം ആരാധനയുടെ ഭാഗമായി മറ്റൊരിടത്തും കാണാൻ ഇടയില്ല. അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയാൽ സർപ്പദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം. എല്ലാ വിശേഷങ്ങളിലും മുഖ്യ പൂജകളുടെ കാർമ്മികത്വം അമ്മയ്ക്കാണ്.

ആയില്യം എഴുന്നള്ളത്ത്
ആയില്യം നാളിൽ അമ്മ ക്ഷേത്രത്തിൽ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തേക്ക് എഴുന്നള്ളിക്കാറുണ്ട്. ഭക്തിനിർഭരമായ ഈ അനുഷ്ഠാനമാണ് ആയില്യം എഴുന്നള്ളത്ത്. ഇല്ലത്തെ നിലവറയിൽ കുടികൊള്ളുന്ന അനന്തചൈതന്യത്തിന്റെയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന വാസുകി ചൈതന്യത്തിന്റെയും സംയോജനമായി ഇത് സങ്കല്പിക്കപ്പെടുന്നു. രാജപ്രൗഢിയോടെ നടത്തുന്ന തുലാം
മാസത്തിലെ ആയില്യം എഴുന്നള്ളത്ത് ദർശിച്ച് മടങ്ങിയാൽ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗ ശമനം, ധനാഭിവൃദ്ധി, ദാമ്പത്യസൗഖ്യം, മാനസിക–ശാരീരിക ആരോഗ്യവർദ്ധനവ്, വിദ്യാഭ്യാസോന്നതി, മന:സുഖം, ദീർഘായുസ്‌സ് തുടങ്ങി സർവ്വ ഗുണങ്ങളും കൈവരുമെന്നാണ് വിശ്വാസം.

തട്ടിന്മേൽ നൂറും പാലും
മണ്ണാറശാല ആയില്യം പൂജകളുടെ അവസാന ഘട്ടത്തിൽ നടത്തുന്ന മറ്റൊരു വിശേഷപൂജയാണ് തട്ടിന്മേൽ നൂറും പാലും. ആയില്യം പൂജകൾക്ക് ശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറും പാലോടെയാണ് ആയില്യം ചടങ്ങുകൾ പൂർത്തിയാകുന്നത്. നാല് ദിക്കിലും ഒപ്പം ആകാശത്തും ഉള്ള സർപ്പങ്ങളെ സങ്കല്പിച്ചാണ് ഈ പൂജ നടത്തുന്നത്. ഈ വർഷത്തെ മണ്ണാറശാല ആയില്യം നവംബർ 2 തിങ്കളാഴ്ച സമാപിക്കും.

ALSO READ

എഴുന്നള്ളത്ത് തിങ്കളാഴ്ച
മണ്ണാറശാല ആയില്യത്തിലെ പ്രധാന ചടങ്ങായ എഴുന്നള്ളത്തും ആയില്യം പൂജയും ആയില്യം നാളായ നവംബർ രണ്ടിന് തിങ്കളാഴ്ച നടക്കും. അന്നു പുലർച്ചെ നാലിനു നട തുറക്കും. ഉച്ചയ്ക്കാണ് വലിയമ്മ സാവിത്രി അന്തർജനം ആയില്യം എഴുന്നള്ളത്തിന് ഇറങ്ങുന്നത്. രാവിലെ എട്ടു മുതൽ ഇല്ലത്തെ നിലവറയ്ക്കു സമീപം വലിയമ്മ ഭക്തർക്കു ദർശനം നൽകും. ഉച്ചയ്ക്ക് ഒന്നിനു ശേഷം ആയില്യം എഴുന്നള്ളത്തു തുടങ്ങും. ക്ഷേത്രത്തിൽ നിന്ന് മണ്ണാറശാലയിലെ പുരാതനമായ ഇല്ലത്തിൻ്റെ നിലവറത്തളത്തിൽ എഴുന്നള്ളത്ത് സമാപിക്കും. പിന്നീട് നാഗപദ്‌മക്കളങ്ങളിൽ എഴുന്നള്ളത്ത് ബിംബങ്ങൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങും. ഇത് ഒൻപതു മണിക്കൂറിലധികം നീളും

നൂറുംപാലും പ്രധാന വഴിപാട്
മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ നിരവധി വഴിപാടുകൾ ചെയ്യാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു വഴിപാടാണ് നൂറുംപാലും. ജന്മ ജന്മാന്തരങ്ങളിലെ സർപ്പദോഷങ്ങൾ അകറ്റാനും, സന്തതി പരമ്പരകളെ സർപ്പശാപ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും, കുടുംബത്തിലെ ഐശ്വര്യാഭിവൃദ്ധിക്കും, ഉദ്ദിഷ്ടകാര്യ സിദ്ധിക്കുമായി ചെയ്യാവുന്ന ഉത്തമവഴിപാടാണിത്. മറ്റ് വഴിപാടുകൾ:
ഉപ്പും മഞ്ഞളും: വിഷഹാരിയായതിനാല്‍ ത്വക്‌രോഗങ്ങള്‍ക്ക് നടത്തുന്ന വഴിപാട്.
ഉരുളി കമഴ്ത്ത്: സന്താനഭാഗ്യം.
പാലും പഴവും: ഇവിടത്തെ ആദ്യനിവേദ്യം ഇതാണ്. വിഷം ഏല്‍ക്കാതിരിക്കാനാണ് ഈ വഴിപാട് നടത്തുന്നത്.
സര്‍പ്പബലി: ഏറ്റവും കഠിനമായ സര്‍പ്പശാപത്തിനുള്ള പരിഹാരമാണിത്.
പാല്‍പ്പായസം: സര്‍പ്പഹിംസ. കാവിലെ മരം നശിപ്പിക്കുക. (ദോഷകാഠിന്യം അനുസരിച്ച്)

നിത്യജപമന്ത്രങ്ങള്‍

അനന്തന്‍
സഹസ്രവക്ത്രം
ദ്വിസഹസ്രജിഹ്വം
പിശംഗനേത്രം
കപിലാംശുകാന്തം
വിഷായുധം
പ്രേജ്വലദംഷ്ട്രബാഹും
തം നാഗരാജം
പ്രണതോസ്മി നിത്യം

വാസുകി
ഫണാഷ്ടശതശേഖരം ധൃതസുവര്‍ണ്ണപുഞ്ജപ്രഭം
സ വജ്രവരഭൂഷണം നവസരോജരക്തേക്ഷണം
സുവര്‍ണ്ണമകുടോജ്വലം സകലവാഞ്ചിതാര്‍ത്ഥപ്രദം
നമാമി ശിരസാ സുരാസുര
നമസ്‌കൃതം വാസുകിം

നവനാഗമന്ത്രം
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധാര്‍ത്തരാഷ്ട്രം
തക്ഷകം കാളിയം നമഃ
ഏതാനി നവ നാമാനി
നാഗാനാം ച മഹാത്മനാം
സായംകാലേ പഠേന്നിത്യം
പ്രാതഃ കാലേ വിശേഷഃ
തസ്‌മൈ വിഷഭയം നാസ്തി
സര്‍വ്വത്ര വിജയീ ഭവേത്

സര്‍പ്പഗായത്രി (വാസുകി)
ഭുജംഗേശായ വിദ്മഹേ
സര്‍പ്പരാജായ ധീമഹി
തന്നോ നാഗ പ്രചോദയാത്

സര്‍പ്പഗായത്രി (അനന്തന്‍)
ഓം ദംഷ്ട്രാഫണായ വിദ്മഹേ
സുവര്‍ണ്ണ പുഞ്ജായ ധീമഹി
തന്നോ സര്‍പ്പ പ്രചോദയാത്

Story Summary: Mannarasala Ayilyam Fest bignes with Maha Deepakazha

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?