Saturday, July 4, 2026
Saturday, July 4, 2026
Home » നാഗപഞ്ചമിയും ഞായറാഴ്ചയും ഒന്നിച്ച്; ഇരട്ടി ഫലദായകം

നാഗപഞ്ചമിയും ഞായറാഴ്ചയും ഒന്നിച്ച്; ഇരട്ടി ഫലദായകം

0 comments

നാഗാരാധനയുടെ ഭാഗമായുള്ള ഉത്സവമാണ് നാഗപഞ്ചമി. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ ഈ ദിനം കേരളത്തിലും ഉത്തരേന്ത്യയിലും വ്യത്യസ്തമായ ദിവസങ്ങളിലാണ് ആചരിക്കുന്നത്. നാളെ , 2026 ജൂലൈ 5 നാണ് ഇത്തവണ കേരളത്തിൽ നാഗപഞ്ചമി . നാഗദേവതാ ഭജനത്തിന് അതിവേഗം ഫലം കിട്ടുന്ന ഈ ദിവസം ഇക്കുറി
നാഗാരാധനയ്ക്ക് പ്രധാനമായ ഞായറാഴ്ച വരുന്നത് ഇരട്ടി ഫലദായകമായി പറയുന്നു .

https://www.okalasha.com/shop/divine-brass-mural-style-krishna-with-flute-17-cm

കാളിയമർദ്ദന ദിനം
ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ്. എന്നാൽ കേരളത്തിൽ ആഷാഢ മാസത്തിെലെ പഞ്ചമിയാണ് നാഗപഞ്ചമി. സർപ്പപ്രീതിക്ക് പൂജ, വഴിപാട് തുടങ്ങിയവ നടത്തുന്ന നാഗപഞ്ചമി ശ്രീകൃഷ്ണൻ കാളിയന്റെ മേൽ നേടിയ വിജയത്തിന്റെ അനുസ്മരണമാണ് ഒരു കൂട്ടർക്ക്. നാഗകുലത്തെ ഉന്മൂലനം ചെയ്യാൻ കുരുവംശ രാജാവ് ജനമേജയൻ സംഘടിപ്പിച്ച സർപ്പസത്രത്തിൽ നിന്നും ആസ്തിക മുനി നാഗങ്ങളെ രക്ഷിച്ച ദിനമാണ് മറ്റൊരു കൂട്ടർക്ക് ഇത്. പിതാവായ പരീക്ഷത്തിനെ ദംശിച്ച അഷ്ട നാഗങ്ങളിലൊന്നായ തക്ഷകനോട് പകവീട്ടാനാണ് ജനമേജയൻ സർപ്പങ്ങളെ ഒന്നൊന്നായി അഗ്നിയിൽ ഹോമിക്കുന്ന സർപ്പസത്രം നടത്തിയത്.

രാഹു ദോഷം മാറ്റാം
സർപ്പക്കളമെഴുതിയും സർപ്പം തുള്ളലാടിയും സർപ്പംപാട്ട് പാടിയും സർപ്പപൂജയും വഴിപാടുകളും നടത്തിയുമാണ് നാഗപഞ്ചമി ആചരിക്കുന്നത്. രാഹു, കേതു ദോഷങ്ങൾ കാരണമുള്ള വിവാഹതടസം, സന്താനദുരിതം, സന്താന ഭാഗ്യം ഇല്ലായ്മ എന്നീ ദോഷങ്ങൾ പരിഹരിക്കുന്നതിന് നാഗപഞ്ചമി വ്രതാചരണം ഉത്തമമാണ്.

നൂറും പാലും നടത്താം
കേരളത്തിൽ നാഗപഞ്ചമിക്ക് സർപ്പക്കാവിലും നാഗക്ഷേത്രങ്ങളിലും നൂറും പാലും നിവേദ്യവും ആയില്യ പൂജയും നടത്താറുണ്ട്. സര്‍പ്പപുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്.

അതിവിശേഷമായി നാഗപഞ്ചമി
ആഘോഷം പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഈ ദേശങ്ങളിൽ പാമ്പുകളെ കുടത്തിൽ സൂക്ഷിച്ച ശേഷം ഈ ദിവസം തുറന്നു വിടുന്ന പതിവുണ്ട്. അന്ന് പാമ്പുകളെ ഉപദ്രവിക്കരുത്.

ALSO READ

നാഗങ്ങളുടെ തിഥി
പഞ്ചമി നാഗങ്ങളുടെ തിഥിയായാണ് സങ്കല്പിക്കുന്നത്. അനന്തൻ, വാസുകി, മുതലായ സർപ്പ ദേവതകളെ നൂറും പാലും നൽകിയും സുഗന്ധപുഷ്പങ്ങൾ അർച്ചിച്ചും കമുകിൻ പൂക്കുലയും വഴിപാടുകളും സമർപ്പിച്ചാണ് പൂജിക്കുന്നത്. നാഗപഞ്ചമി ദിവസം നാഗദേവതകൾക്ക് ക്ഷീരാഭിഷേകം നടത്തിയാൽ – വാസുകി, തക്ഷൻ, കാളിയൻ, മണിഭദ്രൻ , ഐരാവതൻ, ധൃതരാഷ്ട്രൻ, കാർകോടകൻ , ധനഞ്ജയൻ എന്നീ അഷ്ടനാഗങ്ങളും പ്രസാദിക്കും. അവരുടെ അനുഗ്രഹത്താൽ സകല സൗഭാഗ്യങ്ങളും സമൃദ്ധിയും കൈവരും. നാഗങ്ങൾ മാതാവായ കദ്രുവിന്റെ ശാപത്താൽ ചുട്ടുനീറുകയാണ്. അനുജത്തി വിനതയെ പന്തയത്തിൽ തോല്പിക്കാൻ കള്ളം പറയാൻ കദ്രു മക്കളോട് ആവശ്യപ്പെട്ടു. എന്നാൽ സത്യമുള്ള സർപ്പങ്ങൾ അതിന് തയ്യാറായില്ല. ക്ഷുഭിതയായ കദ്രു നിങ്ങളെ അഗ്നിദഹിപ്പിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ നീറുന്ന സർപ്പങ്ങളെ വെളളത്തിൽ പാലൊഴിച്ചുള്ള സ്നാനം കുളിർപ്പിക്കുന്നു എന്നാണ് വിശ്വാസം.

https://www.okalasha.com/shop/antique-finish-miniature-brass-lord-ganesha-deity-35-cm

അഭിഷേകം പ്രധാനം
സർപ്പങ്ങൾക്ക് അഭിഷേകം സമർപ്പിക്കുന്നവരെയും അവരുടെ കുടുംബത്തെയും സർപ്പ ഭയം തീണ്ടില്ല; എക്കാലവും അവർക്ക് സർപ്പങ്ങൾ അഭയവും നൽകും എന്ന് ഒരു വേള യുധിഷ്ഠിരന്റെ സംശയത്തിന് ഭഗവാൻ ശ്രീകൃഷ്ണൻ മറുപടി നൽകിയതായി പുരാണത്തിലുണ്ട്.

നാഗദോഷ പരിഹാരത്തിന്
നാഗപഞ്ചമി വ്രതം ഉത്തമം ആണെന്നും ഭഗവാൻ അരുളി ചെയ്തിട്ടുണ്ട്. ചതുർത്ഥി നാളിൽ ഒരു നേരം മാത്രം സാത്വിക ഭക്ഷണം കഴിച്ച് പഞ്ചമി നാളിൽ ഉപവസിച്ച് പാലും നിവേദ്യവും പുഷ്പവും ചന്ദനവുമെല്ലാം സമർപ്പിച്ച് ആരാധിക്കണം. നാഗപഞ്ചമി വ്രതമെടുക്കുന്നവർക്കും അവരുടെ സന്തതികൾക്കും ബന്ധുക്കൾക്കും മേൽഗതിയുണ്ടാകും. ഒരു തരത്തിലും സർപ്പഭയം അവരെ ബാധിക്കില്ല. നാഗപഞ്ചമി ദിവസം സർപ്പദോഷ നിവാരണ മന്ത്രം, അഷ്ട നാഗമന്ത്രങ്ങള്‍, നവനാഗ സ്തുതി തുടങ്ങിയ ജപിക്കുന്നത് ഉത്തമമാണ്.

സർപ്പദോഷ നിവാരണ മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹാ

അഷ്ട നാഗമന്ത്രങ്ങള്‍
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

നവനാഗ സ്തുതി
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

പഞ്ചമികൾ വിശേഷം

12 മാസത്തെയും പഞ്ചമികൾ നാഗങ്ങൾക്ക് വിശേഷമാണ്. ഓരോ മാസത്തെയും പഞ്ചമിക്ക് ഒരോ നാഗങ്ങളത്രേ അധിപതി. ഭാദ്രപദത്തിൽ അനന്തൻ, ആശ്വിനത്തിൽ വാസുകി, കാർത്തിക മാസത്തിൽ ശംഖൻ, മാർഗ്ഗശീർഷത്തിൽ പത്മൻ, പൗഷത്തിൽ കംബളൻ, മാഘത്തിൽ കാർക്കോടകൻ , ഫാൽഗുനത്തിൽ അശ്വരഥൻ,  ചൈത്രത്തിൽ ധൃതരാഷ്ട്രൻ , വൈശാഖത്തിൽ ശംഖപാലൻ, ജ്യേഷ്ഠത്തിൽ കാളിയൻ, ആഷാഢത്തിൽ തക്ഷകൻ, ശ്രാവണത്തിൽ പിംഗളൻ ഇങ്ങനെ കണക്കാക്കണം. പ്രശസ്‌ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജ കീർത്തനം കേൾക്കാം:

https://youtu.be/73cAT688DiY?si=RSeTXn1PyY8cl6zv

ജോതിഷി പ്രഭാസീന സി പി,മൊബൈൽ + 91 9961442256

Story Summary: Significance Nagapanchami on July 5, 2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?