അദ്ധ്യാത്മരാമായണത്തിൽ ഏറ്റവും പവിത്രവും പാരായണം ചെയ്യുന്നവർക്ക് സർവ്വാർത്ഥി സിദ്ധിദായകവുമായ
സുന്ദരകാണ്ഡം പാരായണം ഇരുപതാം ദിവസമായ ഇന്ന് തുടങ്ങുന്നു. മൂന്ന് ദിവസമായി പൂർത്തിയാകുന്ന സുന്ദരകാണ്ഡത്തിൽ കുരീപ്പുഴ സജീവ് ഇന്ന് വായിക്കുന്നത് ഹനുമാൻ സ്വാമിയുടെ സമുദ്രലംഘനം മുതൽ യുദ്ധത്തിനുള്ള രാവണന്റെ പുറപ്പാട് വരെയാണ്. ശ്രീരാമൻ എല്പിച്ച ദൗത്യം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഹനുമാൻ മഹേന്ദ്രപർവ്വതത്തിൽ നിന്ന് ലങ്കയിലേക്ക് കുതിക്കുന്നു. ശ്രീരാമനാമം ഹൃദയത്തിൽ നിറച്ച്, തന്റെ അപാരമായ ശക്തി തിരിച്ചറിഞ്ഞ ഹനുമാൻ ആകാശമാർഗ്ഗത്തിൽ സമുദ്രം താണ്ടുന്നു. അത് വെറും സമുദ്രലംഘനം ആയിരുന്നില്ല—ഭക്തിക്ക് മുന്നിൽ അസാധ്യമായി ഒന്നും തന്നെയില്ലെന്ന പ്രഖ്യാപനമായിരുന്നു.
രാമകാര്യത്തിനായി പുറപ്പെട്ട ഭക്തന്റെ ഓരോ ചുവടിലും ആത്മവിശ്വാസവും സമർപ്പണവും നിറഞ്ഞുനിന്നു. എല്ലാ
ഈശ്വര കാര്യങ്ങൾക്കും സംഭവിക്കും പോലെ ഇവിടെയും ഹനുമാൻ സ്വാമിക്ക് മാർഗ്ഗവിഘ്നം നേരിടുന്നു. യാത്രയിൽ പല പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും ആഞ്ജനേയൻ അതിജീവിച്ചു. മൈനാകപർവ്വതം വിശ്രമിക്കാനായി ക്ഷണിച്ചെങ്കിലും, രാമകാര്യത്തിന് വൈകാൻ പാടില്ലെന്ന് പറഞ്ഞ് ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. പിന്നീട് സുരസയും സിംഹികയും ആഞ്ജനേയന്റെ വഴിയിൽ പ്രത്യക്ഷപ്പെട്ടു. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിച്ച് ഹനുമാൻ അവയെയും മറികടക്കുന്നു. തികഞ്ഞ ലക്ഷ്യബോധമുള്ള ഒരു മനസ്സിനെ തടയാൻ പുറമേയുള്ള തടസ്സങ്ങൾക്ക് കഴിയില്ല എന്ന മഹനീയ സന്ദേശമാണ് ഈ ഭാഗം നൽകുന്നത്.

തുടർന്ന് സ്വാമി ലങ്കയുടെ കവാടത്തിലെത്തുന്നു. അവിടെ ലങ്കയെ കാത്തുസൂക്ഷിക്കുന്ന ലങ്കാലക്ഷ്മി അദ്ദേഹത്തെ തടയുന്നു. ഹനുമാനുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടപ്പോൾ തന്റെ ശാപമോക്ഷ സമയമായെന്ന് അവൾ തിരിച്ചറിഞ്ഞു. ഹനുമാന്റെ വരവ് ലങ്കയുടെ നാശത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കി അവൾ പവനതനയന് വഴിയൊരുക്കി. ധർമ്മത്തിന്റെ ദൂതൻ കടന്നുവരുമ്പോൾ അധർമ്മത്തിന്റെ കോട്ടയ്ക്ക് തകർച്ച ആരംഭിക്കും. ലങ്കയിൽ സീതാദേവിയെ അന്വേഷിച്ച ഹനുമാൻ ഒടുവിൽ അശോകവനത്തിൽ ദുഃഖിതയായിരിക്കുന്ന ജനകനന്ദിനിയെ കണ്ടു. തുടർന്ന് രാവണന്റെ പുറപ്പാടാണ്. അശോകവനത്തിൽ സീതയെ സമീപിച്ച രാവണൻ ഇളിഭ്യനാകുന്നു. ആഡംബരവും അധികാരവും ഭീഷണിയും ഉപയോഗിച്ചിട്ടും സീതയുടെ പതിവ്രതാ ധർമ്മത്തെയും ശ്രീരാമനിലുള്ള അചഞ്ചലമായ വിശ്വാസത്തെയും തകർക്കാൻ രാക്ഷസരാജന് കഴിയുന്നില്ല. സീതയുടെ മുന്നിൽ രാവണന്റെ ശക്തിയും സമ്പത്തുമെല്ലാം അർത്ഥശൂന്യമാകുന്നു. അധർമ്മം എത്ര ശക്തമായി സ്വാധീനിച്ചാലും, ധർമ്മത്തിൽ ഉറച്ചു നിൽക്കുന്ന ഒരു മനസ്സിനെ കീഴടക്കാൻ അതിന് കഴിയില്ല.
സുന്ദരകാണ്ഡത്തിന്റെ ആദ്യഭാഗം പഠിപ്പിക്കുന്നത് ശ്രീരാമനിൽ അചഞ്ചല വിശ്വാസവും, ലക്ഷ്യത്തിലെത്താൻ ഉറച്ച മനസ്സും, ധർമ്മത്തിൽ സമർപ്പണവും ഉണ്ടെങ്കിൽ എത്ര വലിയ തടസ്സവും മറികടക്കാനാകുമെന്നതാണ്.
ഹനുമാൻ സ്വാമി സമുദ്രം താണ്ടിയത് സ്വന്തം ശക്തിയിൽ മാത്രം വിശ്വസിച്ചല്ല; രാമനാമത്തിന്റെ ശക്തിയാലായിരുന്നു. സീത അശോകവനത്തിൽ പ്രതീക്ഷ കൈവിടാതിരുന്നത് ശ്രീരാമനിലുള്ള വിശ്വാസം കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുന്ദരകാണ്ഡം ഓരോ ഭക്തന്റെയും ഹൃദയത്തിൽ പ്രതീക്ഷയും ധൈര്യവും ഭക്തിയും ഉണർത്തുന്ന അമൃതകാവ്യമായി മാറുന്നു. കേൾക്കാം, രാമായണം ഇരുപതാം ദിവസത്തെ പാരായണം :
Story Summary : Significance and blessings of Sundarakandam Recitation
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.