രണ്ടു മാസത്തിലധികം നാടെങ്ങും ശരണ മന്ത്രങ്ങൾ നിറയുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൊന്നമ്പലനട നവംബർ 16-ാം തീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും.
താരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം വരെയുള്ള രണ്ടു മാസം. ശനിദോഷവും മറ്റ് ഗ്രഹപ്പിഴകളും കാരണം ദുഃഖ ദുരിതങ്ങളിൽ അകപ്പെട്ട് അലയുകയും വലയുകയും ചെയ്യുന്നവർക്ക് ദുരിതശാന്തി നേടുന്നതിനും ആഗ്രഹസാഫല്യത്തിനും പറ്റിയ ഏറ്റവും ലളിതമായ മാർഗ്ഗമാണ് അയ്യപ്പഭജനം.
ചെറിയ ഒരു ഇടവേളയൊഴിച്ച് തുടർച്ചയായി വൃശ്ചികം, ധനു, മാസങ്ങളിൽ ശബരിമല നട എല്ലാ ദിവസവും തുറക്കും എന്നതാണ് മണ്ഡല – മകരവിളക്ക് കാലത്തിന്റെ പ്രത്യേകത. അതിനാൽ ഈ പുണ്യ കാലത്ത് ചെയ്യുന്ന ശ്രീ ധർമ്മശാസ്താ ഉപാസനാ കർമ്മങ്ങൾക്ക് പത്തിരട്ടി ഫലമാണ്. മന്ത്രജപം, ഉപാസന, ഹോമം, യന്ത്രലേഖനം എന്നിവയ്ക്ക് ഏറ്റവും നല്ല സമയമാണ് വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡലകാലം.

ലക്ഷക്കണക്കിന് തീർത്ഥാടകർ
ശബരിമല, എരുമേലി, ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ, തകഴി, തൃക്കുന്നപ്പുഴ തുടങ്ങിയവയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പക്ഷേത്രങ്ങൾ. ഇവിടെയെല്ലാം ഈ 41 ദിനവും ആഘോഷപൂർവം കൊണ്ടാടുന്നു. ലോകമെമ്പാടും നിന്ന് അറുപത് ലക്ഷത്തോളം തീർത്ഥാടകർ ഈ സീസണിൽ സന്നിധാനത്ത് എത്തുന്നു എന്നാണ് കണക്കാക്കുന്നത്. ദിവസവും പരമാവധി
80,000 പേർക്ക് ദർശനം തരപ്പെടുത്താനാകും എന്നാക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതീക്ഷ.
മാലയിട്ട് വ്രതം വേണം
ALSO READ
അയ്യപ്പമുദ്ര ധരിച്ച് 41 ദിവസത്തെ വ്രതമെടുത്ത് വേണം ശബരിമല തീർത്ഥാടനം എന്നാണ് ആചാരം. അതിന് ആദ്യം വേണ്ടത് മാലയിടുകയാണ്. പരമ്പരാഗതമായി വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. എന്നാൽ ദർശനം കണക്കാക്കി 41 നാൾ മുൻപ് മാലയിടാം. ഏതു ദിവസവും മാലയിടാമെങ്കിലും ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാല അല്ലെങ്കിൽ രുദ്രാക്ഷമാലയാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ധ്യാനം, മൂലമന്ത്രം ജപിക്കണം
സത്യധർമ്മാദികൾ, മന:ശുദ്ധി, ശരീരശുദ്ധി ഇവ പാലിച്ച് മത്സ്യമാംസാദികൾ ത്യജിച്ചു വേണം മണ്ഡലവ്രതം എടുക്കാൻ. ബ്രഹ്മചര്യവും പാലിക്കണം. ലഘുഭക്ഷണം കഴിക്കുക. എല്ലാദിവസവും രാവിലെ കുളികഴിഞ്ഞ് ശരണം വിളിക്കണം. സ്വാമിയേ ശരണമയ്യപ്പാ വിളിച്ച ശേഷം അയ്യപ്പ സ്വാമിയെ പ്രാർത്ഥിക്കുക. ആദ്യം ധ്യാനശ്ലോകം ജപിച്ച ശേഷം അല്ലെങ്കിൽ ശ്രവിച്ച ശേഷം ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എന്ന മൂലമന്ത്രം 108 തവണ ജപിക്കുക. ഒപ്പം ശനിയാഴ്ചവ്രതം നോറ്റ് സാധുക്കൾക്ക് അന്നദാനം, അയ്യപ്പക്ഷേത്ര ദർശനം, നീരാജനം തെളിക്കൽ എന്നിവ നടത്തിയാൽ കഠിനമായ ശനിദോഷങ്ങൾ പോലും അകന്നു പോകും. ശനിയാഴ്ച ദിവസങ്ങളിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. എന്നും രാവിലെ അയ്യപ്പക്ഷേത്രദർശനം നടത്തണം.
അയ്യപ്പനും ഭക്തനും ഒന്നാകും
മാലയിട്ടാൽ സ്വാമി അയ്യപ്പനും ഭക്തനും ഒന്നാകും. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ നെയ്ത്തേങ്ങയും ഇരുമുടിക്കെട്ടും നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു. എന്നാൽ ഇപ്പോൾ മിക്കവരും 41 ദിവസം വ്രതം എടുക്കാറില്ല. കഴിയുന്നത്ര ദിവസം വ്രതമെടുക്കുവാൻ ഭൂരിപക്ഷം ഭക്തരും ശ്രമിക്കാറുണ്ട്. ഗുരുസ്വാമി അല്ലെങ്കിൽ ക്ഷേത്രത്തിലെ പൂജാരിയാണ് ഇരുമുടിക്കെട്ടു നിറച്ച് ശിരസ്സിലേറ്റി
കൊടുക്കുന്നത്.
നെയ്യഭിഷേകം പ്രധാനം
ശ്രീഅയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് നെയ്യഭിഷേകം ആണ്. ശബരിമല ദർശനം നടത്തുന്നവർ നെയ് തേങ്ങ കൊണ്ടു പോകണം. ചിലർ നെയ്യഭിഷേകം നടത്തുകയും ചെയ്യാറുണ്ട്. ശബരിമലയിൽ മാത്രമല്ല എല്ലാ ശാസ്താ ക്ഷേത്രത്തിലും നെയ്യഭിഷേകം നടത്താം. മൂന്ന് നാഴി നെയ്യ് അഭിഷേകത്തിന് നൽകണം. തലേന്ന് ക്ഷേത്രപൂജാരിയെ നെയ്യ് ഏല്പിച്ച് അഭിഷേകത്തിന് ചുമതലപ്പെടുത്തണം. അഞ്ച് ശനിയാഴ്ച ഇങ്ങനെ ചെയ്യുന്നത് പാപശമനത്തിന് ഗുണകരമാണ്. അഭിഷേകം ചെയ്ത നെയ് വാങ്ങി 21 ദിവസം പുലർച്ചെ കുളി കഴിഞ്ഞ് സേവിക്കുക. ഇത് ആരോഗ്യത്തിനും രോഗശാന്തിക്കും പ്രയോജനകരമാണ്.
കരിക്കഭിഷേകം ഉത്തമം
അയ്യപ്പപ്രീതിക്ക് ഉത്തമമായ മറ്റൊരു വഴിപാട് കരിക്കഭിഷേകമാണ്. ഏഴു കരിക്ക് അഭിഷേകം ചെയ്യണം. രോഗശാന്തിയും ആരോഗ്യസിദ്ധിയും ഫലം. അഞ്ചുദിവസം തുടർച്ചയായി ചെയ്യുക.
ഭസ്മാഭിഷേകം
വിഘ്ന നിവാരണം, ത്വക്രോഗശാന്തി, വിദ്യാവിജയം എന്നിവയ്ക്ക് ഗുണകരമാണ് ശാസ്താവിന് ഭസ്മാഭിഷേകം നടത്തുക.12 പിടി (2 കൈകളും കൂടി) ഭസ്മം കൊണ്ടാണ് ഭസ്മാഭിഷേകം നടത്തേണ്ടത്. തുടർച്ചയായി 7 ദിവസം ചെയ്യിക്കുക.
എള്ളുപായസം
എള്ളു ചേർന്ന ശർക്കര പായസം അയ്യപ്പസ്വാമിയുടെ ഇഷ്ടനിവേദ്യമാണ്. 7 ശനിയാഴ്ച ഉത്രം നക്ഷത്രം, ബുധനാഴ്ച എന്നീ ദിവസങ്ങൾ ഈ വഴിപാട് നടത്താൻ ഗുണകരമാണ്. പാപശമനം, അഭീഷ്ടസിദ്ധി എന്നിവ ഉണ്ടാകും.
ശംഖുപുഷ്പം അർച്ചന
നീല ശംഖുപുഷ്പം കൊണ്ട് അർച്ചന നടത്തുന്നത് അഭീഷ്ടസിദ്ധിക്കും വിഘ്നനിവാരണത്തിനും നല്ലതാണ്.
നീരാജനം
എള്ളു കിഴിയുണ്ടാക്കി ശാസ്താവിന് നീരാജനം കത്തിക്കുന്നത് അഭിഷ്ടസിദ്ധിക്ക് പ്രയോജനകരമാണ്. തുടർച്ചയായി 12 ദിവസം ചെയ്താൽ വേഗം ഫലം കിട്ടും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ : +91 09447020655
Story Summary: Significance Of Ayyappa Upasana During Mandala – Maksravilakku Period; Benefits of Ghee, Tender Coconut, Ash etc Offering
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.