എല്ലാവിധ ലൗകിക സുഖങ്ങൾക്കും ആത്മീയ ഉന്നതിക്കും സ്വാമി അയ്യപ്പനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. നിത്യജീവിതത്തിലെ എല്ലാ സാധാരണ പ്രശ്നങ്ങളും കഷ്ടപ്പാടുകളും അയ്യപ്പപ്രാർത്ഥനയിലൂടെ പരിഹരിക്കാം. മന:സമാധാനവും അഭീഷ്ടസിദ്ധിയും പാപശാന്തിയുമാണ് ഫലങ്ങൾ. ശനിദോഷം കാരണം കഷ്ടപ്പെടുന്നവർക്ക് ദുരിതശാന്തിക്ക് അയ്യപ്പപ്രാർത്ഥനയും ശരണം വിളിയും ഏറ്റവും ഗുണകരമാണ്.
പൂർണ്ണ ഫലത്തിന് വ്രതം വേണം
ഏത് ജപത്തിനും പ്രാർത്ഥനയ്ക്കും പൂർണ്ണ ഫലം ലഭിക്കാൻ വ്രതനിഷ്ഠയോടെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. അയ്യപ്പ മൂലമന്ത്രം, ശാസ്തൃ ഗായത്രി എന്നിവ ജപിക്കുന്നവർ വ്രതനിഷ്ഠ പാലിക്കുക തന്നെ വേണം. ശരണം വിളിക്കുന്നതിനും കീർത്തനങ്ങൾ ആലപിക്കുന്നതിനും വ്രതനിഷ്ഠ നിർബന്ധമില്ല. എന്നാൽ മണ്ഡല – മകര വിളക്ക് കാലത്തും മറ്റും ശബരിമല ദർശനത്തിന് പോകുന്നവർ വ്രതനിഷ്ഠ പാലിക്കണം. ഇക്കാലത്തെ അയ്യപ്പ പ്രാർത്ഥനകൾക്ക് അതിവേഗം
ഫലം ലഭിക്കും.
പോകാത്തവർക്കും വ്രതം എടുക്കാം
ശബരിമല തീർത്ഥാടനത്തിന് പോകാത്തവർക്കും ഈ കാലത്ത് 41 ദിവസം വ്രതം എടുക്കാം. അവർ അടുത്തുള്ള
അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യഭിഷേകം, നീരാജനം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കണം.
മണ്ഡല മകരവിളക്ക് കാലത്ത് മത്സ്യമാംസാദികൾ ഉപേക്ഷിച്ച്, ബ്രഹ്മചര്യവും സത്യനിഷ്ഠയും പാലിച്ച്, എന്നും രാവിലെയും വൈകിട്ടും കുളിച്ച്, ശരണം വിളിച്ച് 108 തവണ വീതം രണ്ടുനേരവും അയ്യപ്പ മൂലമന്ത്രവും ശാസ്തൃ ഗായത്രിയും ജപിച്ചാൽ എല്ലാത്തരം ദുരിതങ്ങളും മാറി ജീവിതവിജയം ലഭിക്കും.
അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ALSO READ
അയ്യപ്പമൂല മന്ത്രജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. കടുത്ത കഷ്ടപ്പാടുകൾ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും ജപിക്കാം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്. ജപവേളയിൽ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ജാതിയും മതവും ലിംഗഭേദവും ഇല്ലാത്ത ഭഗവാനാണ് കലിയുഗ വരദൻ. മണ്ഡല – മകരവിളക്ക് കാലത്ത് ഹരിഹരപുത്ര അഷ്ടോത്തര ജപം ഏതൊരു വിഷയത്തിലെയും തടസം അകറ്റുന്നതിനും ഇഷ്ടകാര്യ വിജയത്തിനും നല്ലതാണ്.
ഇഷ്ടകാര്യലബ്ധിക്ക് വഴിപാടുകൾ
മണ്ഡല – മകരവിളക്ക് കാലത്ത് അയ്യപ്പ ക്ഷേത്രങ്ങളിൽ ഇനി പറയുന്ന വഴിപാടുകൾ നടത്തുന്നത് ഇഷ്ടകാര്യലബ്ധിക്ക് അത്ഭുത ഫലം നൽകും: തൊഴിൽ രംഗത്തെ വിജയത്തിന് എള്ളുപായസം, ധനത്തിനും ഐശ്വര്യത്തിനും നെയ് വിളക്ക്, ഇഷ്ട കാര്യസിദ്ധിക്ക് നീരാജനം, സമൃദ്ധിക്കും പാപശമനത്തിനും നെയ്യഭിഷേകം, വിദ്യാവിജയത്തിന് ഭസ്മാഭിഷേകം, പ്രേമതടസ നിവാരണത്തിനും ദാമ്പത്യ ഭദ്രതയ്ക്കും മുല്ലമാല ചാർത്തൽ, സുഖസമൃദ്ധിക്കും ഐശ്വര്യത്തിനും താമരമാല ചാർത്തൽ. മണ്ഡലകാലത്തിനിടയിൽ ഇതിൽ ആവശ്യമുള്ള വഴിപാട് 3,5,7,9,12 തവണ കഴിവിനും സൗകര്യത്തിനും അനുസരിച്ച് ആവർത്തിച്ച് ചെയ്യുക.
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: + 91 9447020655
Story Summary: Blessings of Ayyappa Moola Mantra chanting for 41 days
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.