Friday, 29 Mar 2024
AstroG.in

കുലദേവത അമ്മ വഴിയോ അച്ഛൻ വഴിയോ ; ദേവിയെ പൂജിച്ചാൽ പ്രസാദം

ജ്യോതിഷരത്നം വേണു മഹാദേവ്
കുലത്തെ സംരക്ഷിക്കുന്ന ദേവതയാണ് കുലദേവത. ഓരോ കുടുംബക്കാരും പരമ്പരാഗതമായി ഓരോ ദേവതയെ കുടിയിരുത്തി ആരാധിക്കുന്നു. കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും ഈ ദേവതയ്ക്ക് പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. ആരാധനകളിൽ അതിവേഗം ഫലസിദ്ധിയുണ്ടാകുന്നത് കുലദേവതാ പൂജയിലാണ്.

പാരമ്പര്യം തെറ്റിക്കാതെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ജീവിക്കുന്ന കുടുംബത്തെ കുലദേവത
ഐശ്വര്യത്തോടെ കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം. കുടുംബത്തിലെ അംഗങ്ങളെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമൂഹത്തെയും കുലദേവത സംരക്ഷിച്ചു പോരുന്നതു കൊണ്ടാണ് കുലദേവതാ പൂജ കുടുംബാംഗങ്ങള്‍ കൃത്യതയോടെ ചെയ്യുന്നത്.

കുലം ച കുലധർമ്മം ച മാം ച പാലയ പാലയ എന്നൊരു ചൊല്ലു തന്നെയുണ്ട്. കുലധർമ്മങ്ങൾ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയും ആകുന്നു. വംശം പാരമ്പര്യമായി സേവിച്ചു വരുന്ന ദേവതയെന്നാണ് ധർമ്മ ദേവതയെ
ശബ്ദതാരാവലിയിൽ വിശദീകരിക്കുന്നത്.
പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത
എന്നീ പദങ്ങൾക്കെല്ലാം ഒരേ അർത്ഥം തന്നെയാണ്.

രണ്ടു വഴിയും ഒരുപോലെ
മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ ഇതിന് ഒരു പ്രസക്തിയുമില്ല. കാരണം പൂർവ്വികാചാര്യന്മാർ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം പറയാത്തതിനാൽ രണ്ടു വഴിയുമുള്ള ആരാധനയും അർത്ഥവത്താണ്. കേരളത്തിൽ ഭൂരിപക്ഷം കുടുംബങ്ങളിലും ഭദ്രകാളിയെയാണ് പരദേവതയായി പൂജിക്കുന്നത്. മിക്ക കുടുംബക്ഷേത്രങ്ങളോടും ചേർന്ന് സർപ്പക്കാവും സർപ്പാരാധനയും നടക്കുന്നു.

ദുരിതങ്ങൾ ഒഴിവാക്കാൻ
പരദേവതാപൂജ ചെയ്തില്ലെങ്കിൽ കുടുംബങ്ങളിൽ ദുരിതങ്ങൾ ഒഴിയില്ല എന്നാണ് വിശ്വാസം.
കുടുംബാംഗങ്ങൾക്ക് ഒഴിയാത്ത രോഗദുരിതങ്ങളും ദാമ്പത്യപ്രശ്നങ്ങളും സന്താനപ്രശ്നങ്ങളും തൊഴിൽ
തടസങ്ങളും ഐശ്വര്യക്ഷയവുമുണ്ടാകും. കടുത്ത
ദോഷങ്ങളുണ്ടെങ്കിൽ അകാല മരണങ്ങളും ദുർമ്മരണങ്ങളും സംഭവിക്കാം. എന്നാൽ വിധി പ്രകാരം ആരാധിച്ചാൽ കുലദേവത എപ്പോഴും പ്രസാദിക്കും. അതുകൊണ്ടാണ് ‘ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ’ എന്ന് പ്രശ്ന രീതിയിൽ പറയുന്നത്. അതായത് പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ
എന്ന് സാരം. ധർമ്മദേവതയെ കഴിയുമെങ്കിൽ
എല്ലാ മാസവും അല്ലെങ്കിൽ വർഷം തോറുമെങ്കിലും
വിശേഷാൽ പൂജിക്കേണ്ടതാണ്. അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധമായി ഉണ്ടാവുകയുള്ളൂ.

പരദേവതയെ കണ്ടെത്താം
കുടുംബ ക്ഷേത്രം ഇല്ലാത്തവരുടെ കുലദേവതയെ ജ്യോതിഷന് കണ്ടെത്താൻ കഴിയും. ജാതകത്തിലെ 4,9 ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്. നാലാം ഭാവാധിപൻ, നാലിൽ നിൽക്കുന്ന ഗ്രഹം
നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവയ്ക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും പരദേവത.
കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കുകയൊന്നും വേണ്ട.
അവർ സകല ദേവതാ സ്വരൂപിണിയായ സാക്ഷാൽ ജഗദംബികയെ, പരാശക്തിയെ പൂജിച്ചാൽ മതി.
പരദേവത, കുലദേവത, ഭരദേവത, ധർമ്മദേവത
എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥം പരിശോധിച്ചാൽ ഇത് ബോദ്ധ്യമാകും.

പരദേവത പരാശക്തി
പരദേവത എന്ന പദത്തിലെ പര എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നീ അർത്ഥങ്ങളുണ്ട്. ദേവതയെന്ന വാക്ക് ‘ദിവ്’ എന്ന ധാതുവിൽ നിന്നാണുണ്ടായതാണ്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നെല്ലാമാണ്
അർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്ന് അർത്ഥം വരുന്നു. ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതാ എന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നു ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്

കുലദേവത സംരക്ഷക
ഒരോ ഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവി. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി. ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം ‘കുലസങ്കേതപാലിനി’ എന്നാണ്. ഇവിടെ സങ്കേതം എന്നതിന് ജ്ഞാനം എന്നർത്ഥം.
പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ

ധർമ്മങ്ങൾക്ക് ആധാരം ദേവി
ലളിതാസഹസ്രനാമത്തിലെ 884-ാം നാമം
ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ഓരോ ദേശത്തും പരമ്പരഗതമായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കും എല്ലാം ഓരോരോ ധർമ്മങ്ങൾ ഉണ്ട്. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. അതുപോലെ ജന്മസ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തി ധർമ്മങ്ങളും വ്യത്യസ്തമാകും. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരു പോലെ ചില ധർമ്മങ്ങളുണ്ട്. അതായത് മാതാ
പിതാ ഗുരു ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കരുതി നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ പാരമ്പര്യം അനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെ. അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ദേവി ധർമ്മദേവതയുമായി.

പരദേവതാ പ്രീതിക്ക് ദേവീ ഉപാസന
തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവരുണ്ട്. മൂലകുടുംബത്തിൽ നിന്നും വേർപെട്ട് പരദേശങ്ങളിൽ താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ഉണ്ട്. ഇവരെല്ലാം ലളിതാംബികാ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു :
ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാ പരാ

ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ എന്ന് സാരം. ദേവീ ഉപാസന തന്നെയാണ് പരദേവതാ പ്രീതിക്ക് ഏറ്റവും നല്ല വഴി. ശ്രീചക്രം, മേരുചക്രം,
ശ്രീ പീഠം ഇങ്ങനെ ഏത് രീതിയിലും ദേവിയെ ഉപാസിക്കാം. കുലദേവതാ പ്രീതിയാൽ സർവ്വ തടസ്സങ്ങളും അകന്ന് ഐശ്വര്യവും സമാധാനവും നിലനിറുത്താനാവും.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

error: Content is protected !!