നാവിൽ നിന്ന് അബദ്ധത്തിൽ വീഴുന്ന വാക്കുകൾ സൃഷ്ടിക്കുന്ന കുഴപ്പത്തെയാണ് നാവു ദോഷമെന്ന് പറയുന്നത്. ജ്യോതിഷത്തിൽ ഇതിനെ ജിഹ്വാദോഷം എന്ന് പറയും. നമ്മുടെ നാവിൽ നിന്നും ചിലപ്പോൾ അറിയാതെ വീഴുന്ന വാക്കുകൾ മറ്റുള്ളവർക്ക് ദോഷം ചെയ്യുകയോ അവരിൽ അപ്രീതി സൃഷ്ടിക്കുകയോ ചെയ്യും. അതുവഴി ബന്ധങ്ങൾ വഷളാകും; ഒരു പക്ഷേ ആജീവനാന്ത ശതുതയ്ക്ക് പോലും നാവുദോഷം വിനയാകും. ഗ്രഹപ്പിഴ, ജാതകത്തിലെ പ്രത്യേക ഗ്രഹസ്ഥിതി,
മുജ്ജന്മദോഷങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ജിഹ്വാ ദോഷത്തിന് ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. ഇതിന് കാരണമാകുന്നവർക്ക് വാക്കുകളിൽ കടുപ്പം, സംസാരത്തിൽ തെറ്റിദ്ധാരണ, ബന്ധങ്ങളിൽ കലഹം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ ദോഷത്തിന് വിവിധ തരം പരിഹാരങ്ങൾ ആരാധന സമ്പ്രദായങ്ങളിലും ജ്യോതിഷത്തിലും പറയുന്നുണ്ട്. അതിൽ വൈഷ്ണവ സങ്കല്പത്തിലുള്ള മാർഗ്ഗങ്ങൾ വളരെ ഫലപ്രദമാണ്. മഹാവിഷ്ണുവിന്റെയും ശ്രീകൃഷ്ണന്റെയും മറ്റും നാമങ്ങൾ ജപിക്കുന്നതിലൂടെ നാവിൽ നെഗറ്റീവ് ഊർജ്ജം മാറി പോസിറ്റീവ് ഊർജ്ജം വരുന്നത് ഒട്ടേറെപ്പേരുടെ അനുഭവമാണ്.
വിഷ്ണുസഹസ്രനാമജപം
ഏറ്റവും എളുപ്പവും കൂടുതൽ പ്രചാരത്തിലുള്ളതുമായ വഴി പതിവായി വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയാണ്. വാക്കുകളിലെ നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കാൻ ഇത് സഹായിക്കും. വിഷ്ണുസഹസ്രനാമം മുഴുവൻ ചൊല്ലുന്നത് നല്ലതാണെങ്കിലും, സമയമില്ലാത്തവർ അതിലെ 27 -ാമത്തെ “അമേയാത്മാ മഹാദേവോ ജഗന്നാഥോ ജഗന്മയഃ യജ്ഞാന്തകൃദ് യജ്ഞഗുഹ്യ മന്നമന്നാദ ഏവ ച” – എന്ന ശ്ലോകം ദിവസവും 9 തവണ ജപിക്കുക. ഇത് സംസാര വൈകല്യങ്ങളും നാവ് ദോഷങ്ങളും മാറ്റും.
നാമത്രയാസ്ത്ര ജപം
ദിവസവും രാവിലെയും വൈകിട്ടും 108 തവണ ഓം അച്യുതായ നമഃ, ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ എന്ന് ജപിച്ച് കൈവെള്ള നോക്കി മുഖം തുടയ്ക്കുന്നത് ജിഹ്വാശുദ്ധി വരുത്താൻ ഏറ്റവും ഉത്തമമാണ്. രാവിലെ കുളി കഴിഞ്ഞ ശേഷവും രാത്രി കിടക്കാൻ പോകുന്നതിന് മുൻപും 21 അല്ലെങ്കിൽ 108 തവണ ഈ മൂന്ന് നാമങ്ങൾ ഒരുമിച്ച് ജപിക്കുക. ശേഷം കൈവെള്ളകളിൽ ഊതി മുഖത്തും നാവിലും തടവുക. ഇത് നാവിലൂടെ വരുന്ന അശുഭകരമായ വാക്കുകളുടെ മൂർച്ച ഇല്ലാതാക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. അതുപോലെ ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ദിവസവും 108 തവണ ജപിക്കുക മറ്റൊരു മാർഗ്ഗമാണ്. ശ്രീകൃഷ്ണ മന്തം ഓം ക്ളീം കൃഷ്ണായ നമഃ 108 പ്രാവശ്യം ജപിക്കുന്നതും ഒരു നല്ല പരിഹാരമാണ്.
ഹയഗ്രീവ ഭജനം
ബുദ്ധിയുടെയും വാക്കിന്റെയും വൈഷ്ണവ മൂർത്തിയായ ഹയഗ്രീവ സ്വാമിയെ ഭജിക്കുന്നത് ജിഹ്വാദോഷം മാറാൻ വളരെ നല്ലതാണ്. മഹാവിഷ്ണുവിൻ്റെ കുതിരയുടെ മുഖമുള്ള അവതാരമാണ് ഹയഗ്രീവൻ. വേദങ്ങളെ തിരിച്ചു പിടിച്ച് സരസ്വതി ദേവിക്ക് നൽകിയ മൂർത്തിയായതിനാൽ ഈദോഷം മാറാൻ ഹയഗ്രീവ ഭജനം ഏറെ പ്രധാനമാണ്. സരസ്വതി നാവിൽ നിന്നാൽ വികട സരസ്വതി അടുക്കില്ല. ഹയഗ്രീവ ശ്ലോകം നിത്യവും 108 തവണ ജപിക്കണം.
ഹയഗ്രീവ ശ്ലോകം
ജ്ഞാനാനന്ദമയം ദേവം
നിർമ്മല സ്ഫടികാകൃതിം
ആധാരം സർവ്വവിദ്യാനാം
ഹയഗ്രീവമുപാസ്മഹേ
ഭാഗവത പാരായണം
നിത്യേന ശ്രീമദ് ഭാഗവതത്തിലെ കൃഷ്ണാവതാരം ഭാഗം അല്ലെങ്കിൽ ഏതെങ്കിലും ഒരു അധ്യായം വായിക്കുക. ഭാഗവത വായന നാവിന് സരസ്വതി പ്രസാദവും വിഷ്ണുപ്രീതിയും നൽകും.
ALSO READ
വ്യാഴാഴ്ച വ്രതം
വ്യാഴാഴ്ചകളിൽ മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി പാൽപായസം വഴിപാടായി കഴിച്ച് പ്രസാദം കഴിക്കുക. ദിവസവും വിഷ്ണുഭഗവാനെ ഭജിച്ച ശേഷം തുളസി തീർത്ഥം സേവിക്കുന്നത് വാക്കിന് ശുദ്ധി നൽകും. തിരുവോണം നക്ഷത്രവും വഴിപാടിന് ഉത്തമമാണ്.
നാരായണ കവചം
കടുത്ത ജിഹ്വാ ദോഷമുള്ളവർ ദിവസവും ശ്രീമദ് ഭാഗവതത്തിലെ നാരായണകവചം പാരായണം ചെയ്യുക. അല്ലെങ്കിൽ കേൾക്കുക. ഇത് ആ വ്യക്തിക്ക് ചുറ്റിലും വാക്കുകളിലും ചിന്തകളിലും ദിവ്യമായ സംരക്ഷണം തീർക്കും.
വ്രതാനുഷ്ഠാനം
മാസത്തിൽ രണ്ട് തവണ വരുന്ന ഏകാദശി വ്രതം നോൽക്കുക. ഏകാദശി ദിവസം പൂർണ്ണമായി ഉപവസിക്കുക. കഴിയുമെങ്കിൽ മൗന വ്രതം പാലിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നാവിന് പൂർണ്ണമായ നിയന്ത്രണവും ശുദ്ധിയും ലഭിക്കും.
പ്രത്യേകശ്രദ്ധയ്ക്ക്
ഈ പരിഹാരങ്ങളിൽ കഴിയുന്നത് ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ ദ്രോഹിക്കുന്ന വാക്കുകൾ അറിഞ്ഞോ അറിയാതെയോ പറയാതിരിക്കാനും, ദേഷ്യം വരുമ്പോൾ നിയന്ത്രിക്കക്കാനും മൗനം പാലിക്കാനും ബോധപൂർവ്വം ശ്രമിക്കുക. മനപ്പൂർവം വാക്കുകളിൽ ശുദ്ധിയും ഈശ്വരചൈതന്യവും നിറച്ചാൽ ഈ ദോഷം പൂർണ്ണമായി മാറ്റാൻ ഏതൊരാൾക്കും കഴിയും.
Story Summary: Some Vishnu Pooja remedies to remove the evil tongue/ speech dosha
Highlights
നാവു ദോഷം മാറാൻ വൈഷ്ണവ പരിഹാരമാർഗ്ഗങ്ങൾ ഫലപ്രദമാണ്
വാക്കുകളിലെ നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കാൻ വിഷ്ണുസഹസ്രനാമം സഹായിക്കും
എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ നാമത്രയാസ്‌ത്രം ജപിക്കുക
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.