Thursday, June 25, 2026
Thursday, June 25, 2026
Home » ഈ ശനിയാഴ്ച സന്ധ്യയിൽ ശിവഭഗവാനെ ആരാധിക്കൂ – അഭീഷ്ടങ്ങൾ സഫലമാകും

ഈ ശനിയാഴ്ച സന്ധ്യയിൽ ശിവഭഗവാനെ ആരാധിക്കൂ – അഭീഷ്ടങ്ങൾ സഫലമാകും

by NeramAdmin
0 comments

ശ്രീ മഹാദേവനെ ആരാധിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട സമയമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷകാലം. എല്ലാ മാസത്തിലും രണ്ട് പ്രദോഷമുണ്ട് – കൃഷ്ണപക്ഷ ശുക്ലപക്ഷ ത്രയോദശികളിൽ. അമാവാസിക്കും പൗർണമിക്കും മുമ്പ് വരുന്ന ത്രയോദശി സന്ധ്യകളെയാണ് പ്രദോഷം എന്ന് പറയുന്നത്. 2026 ജൂൺ 27, ശനിയാഴ്ച, അതിവിശേഷമായ ശനി പ്രദോഷമാണ്.

ശ്രീപാർവതിദേവിയെ സന്തോഷിപ്പിക്കാൻ ഭഗവാൻ ശിവൻ നടരാജഭാവത്തിൽ ആനന്ദതാണ്ഡവം ചെയ്യുന്ന ദിവ്യ മുഹൂർത്തമാണിത് എന്നാണ് വിശ്വാസം. ഈസമയത്ത് സകല ദേവഗണങ്ങളും, മഹർഷിമാരും, ദിവ്യാത്മാക്കളും കൈലാസത്തിൽ എത്തി ഭഗവാന്റെ താണ്ഡവം ദർശിച്ച് സ്തുതിക്കുന്നു എന്നും പുരാണങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും പ്രാർത്ഥനയ്ക്കും വ്രതാനുഷ്ഠാനങ്ങൾക്കും ഏറ്റവും ഉത്തമമായ സമയമാണ് പ്രദോഷം. ഈ വേളയിൽ നടത്തുന്ന ആരാധനകൾക്കും പ്രാർത്ഥനകൾക്കും അതിവിശേഷമായ ഫലസിദ്ധി ലഭിക്കുമെന്നാണ് ആചാര്യന്മാർ ഉപദേശിക്കുന്നത്.

Lord Shiva Family Wall Frame – Hindu Devotional Wall Decor – 8 × 12 Inches https://www.okalasha.com/shop?page=2&page_size=18&sort_by=newest&categories=decor-gifts&is_service=false

ശനി പ്രദോഷ മഹിമ
പ്രദോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ശനി പ്രദോഷവും സോമ പ്രദോഷവും. ശനിയാഴ്ച വരുന്ന പ്രദോഷം ശനി പ്രദോഷം എന്നറിയപ്പെടുന്നു. ഈ ദിവസം ശിവാരാധന നടത്തുന്നത് ശനിദോഷ ശമനത്തിനും, കഷ്ടനിവാരണത്തിനും, കാര്യസിദ്ധിക്കും അത്യന്തം ശ്രേഷ്ഠമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ശിവഭക്തർ ഈ ദിവസം വൈകുന്നേരം പ്രദോഷവേളയിൽ വ്രതശുദ്ധിയോടെ ക്ഷേത്രദർശനം നടത്തി പ്രദോഷപൂജയിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം പ്രാപിക്കണം. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷത്തിന് ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

പ്രദോഷത്തിന്റെ ആത്മീയത
മഹാദേവൻ സകല ശാസ്ത്രങ്ങളുടെയും വിദ്യകളുടെയും ഗുരുവാണ്. നൃത്തകല അഭ്യസിക്കുന്നവർക്ക് നടരാജസങ്കൽപത്തിന് അതീവ പ്രാധാന്യമുണ്ട്. ശിവന്റെ ആനന്ദനടനമായ താണ്ഡവം പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. പ്രദോഷ സന്ധ്യയിൽ കൈലാസത്തിൽ ഭഗവാൻ താണ്ഡവമാടുമ്പോൾ ശ്രീപാർവതിദേവിയും, ശ്രീഗണപതിയും, ശ്രീസുബ്രഹ്മണ്യസ്വാമിയും, ശിവഗണങ്ങളും, ദേവന്മാരും, മഹർഷിമാരും ഭക്തിപൂർവം ആ ദിവ്യനൃത്തം ദർശിക്കുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ സമയം അതിപുണ്യമുള്ള ദൈവിക മുഹൂർത്തമാണ്.

എന്തുകൊണ്ട് പ്രദോഷ പൂജ ?
കാലകാലൻ എന്നാണ് ശിവനെ
വിശേഷിപ്പിക്കുന്നത്. മരണത്തിന്റെ ദേവനായ യമധർമ്മനെപ്പോലും അതിജീവിക്കുന്ന ശക്തിയുടെ പ്രതീകമാണ് പരമശിവൻ. അതുകൊണ്ട് മൃത്യുഭയം, ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശങ്ങൾ, ശനിദോഷം, ജീവിതത്തിലെ വിവിധ പ്രതിസന്ധികൾ എന്നിവ അകറ്റുന്നതിനായി പ്രദോഷദിവസം ശിവപാർവതിമാരെ ആരാധിക്കുന്നത് അത്യുത്തമമാണ്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മഹാദേവൻ പ്രദോഷസന്ധ്യയിൽ അതീവ പ്രസന്നനാകുന്നുവെന്നും, ആ സമയത്ത് ഭക്തിപൂർവം പ്രാർത്ഥിക്കുന്നവരുടെ അഭീഷ്ടങ്ങൾ നിറവേറ്റുന്നുവെന്നും വിശ്വാസമുണ്ട്.

ALSO READ

നന്ദിദേവന്റെ അനുഗ്രഹം
ശിവക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നന്ദിദേവനെ ഭക്തിപൂർവം വണങ്ങുന്നത് അത്യന്തം പ്രധാനമാണ്. ശിവലിംഗത്തിന് നേരെ ദർശനം നൽകുന്ന നന്ദിദേവൻ ഭക്തരുടെ പ്രാർത്ഥനകൾ പരമശിവനിലേക്ക് എത്തിക്കുന്നവനായി കണക്കാക്കപ്പെടുന്നു.
അതുകൊണ്ട് ക്ഷേത്രത്തിൽ എത്തുമ്പോൾ ആദ്യം നന്ദിദേവനെ തൊഴുത്, മനസ്സിലെ സങ്കടങ്ങളും അഭിലാഷങ്ങളും സമർപ്പിച്ച് ശേഷം ശിവദർശനം നടത്തുന്നത് വളരെ ശ്രേഷ്ഠമാണ്.

പ്രദോഷവ്രതം എങ്ങനെ?

  • രാവിലെ നേരത്തെ കുളിച്ച് ഭസ്മം ധരിക്കുക.
  • വൃത്തിയുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുക.
  • യഥാശക്തി വഴിപാടുകളും ധാരയും സമർപ്പിക്കുക.
  • ദിവസം മുഴുവൻ മിതാഹാരം പാലിക്കുക.
  • അധാർമ്മിക പ്രവൃത്തികളും മോശം ചിന്തകളും ഒഴിവാക്കുക.
  • അസ്തമയസമയത്ത് ക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുക്കാൻ ശ്രമിക്കുക.
  • പ്രദോഷപൂജയുടെ തീർത്ഥം സ്വീകരിച്ച ശേഷം വ്രതം സമാപിക്കുക.

പ്രദോഷ ജപമന്ത്രങ്ങൾ
ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർ വീട്ടിലിരുന്ന് ശിവനെ ധ്യാനിച്ചും മന്ത്രജപം ചെയ്തും പ്രാർത്ഥിച്ചാലും അതേ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.
പരമാവധി ജപിക്കേണ്ട മഹാമന്ത്രം:
ഓം നമഃ ശിവായ.
കൂടാതെ ശക്തിപഞ്ചാക്ഷരീ മന്ത്രവും ജപിക്കാം:
ഓം ഹ്രീം നമഃ ശിവായ

മറ്റ് പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗപ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

ശങ്കരധ്യാന പ്രകാരം ജപിക്കണം
പ്രദോഷ വ്രതം എടുക്കുന്നവർ 11 പ്രദോഷ ദിവസം തുടർച്ചയായി ശങ്കരധ്യാനപ്രകാരം ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ സർവ്വാഭീഷ്ട സിദ്ധിയാണ് ഫലം പറയുന്നത്. ഇതിന് പുറമെ
ശിവ അഷ്ടോത്തര ശതനാമാവലി,
ശിവ സഹസ്രനാമം, ശിവപുരാണം
ഉമാ മഹേശ്വര സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, പ്രദോഷസ്തോത്രം, ശിവസഹസ്രനാമം, ലിംഗാഷ്ടകം, കാലഭൈരവാഷ്ടകം, ദാരിദ്ര്യ ദഹന
ശിവ സ്തോത്രം, വിശ്വനാഥാഷ്ടകം, കാലഭൈരവാഷ്ടകം വൈദ്യനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ചൊല്ലണം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. ഒരു പ്രദോഷമെങ്കിലും ഒരു മാസം എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. മണക്കാട് ഗോപൻ ആലപിച്ച വിശ്വനാഥാഷ്ടകം കേൾക്കാം :

https://youtu.be/qmavh4Iw2g8?si=seo6aR9WinGQ-Kp0

അതിവേഗം അനുഗ്രഹം
പരമശിവൻ സദാ സങ്കടഹരനാണ്. എന്നാൽ പ്രദോഷസന്ധ്യയിൽ ഭക്തരുടെ പ്രാർത്ഥനകൾക്ക് അതിവേഗം അനുഗ്രഹം ചൊരിയുന്ന കരുണാമൂർത്തിയായാണ് ഭഗവാൻ ആരാധിക്കപ്പെടുന്നത്.
ഈ വിശേഷപ്പെട്ട ശനി പ്രദോഷദിനത്തിൽ ഭക്തിപൂർവം ശിവനെ ആരാധിക്കൂ. ഓം നമഃ ശിവായ മന്ത്രം പരമാവധി ജപിക്കൂ. മഹാദേവന്റെ അനുഗ്രഹത്താൽ ജീവിതത്തിലെ ദോഷങ്ങളും ദുരിതങ്ങളും അകന്ന് ഐശ്വര്യവും മനഃശാന്തിയും അഭീഷ്ടസിദ്ധിയും കൈവരട്ടെ.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ: +91 094-470-20655)

Story Summary: Significance of Shani Pradosha on June 27,2026

Highlights
2026 ജൂൺ 27, ശനിയാഴ്ച, അതിവിശേഷമായ ശനി പ്രദോഷം

12 പ്രദോഷ വ്രതം നോറ്റ ഫലം
ഒരു ശനി പ്രദോഷത്തിന്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?