Wednesday, May 6, 2026
Wednesday, May 6, 2026
Home » ദുരിതങ്ങൾ തീർക്കും ചണ്ഡികാദേവി; ഈ നക്ഷത്രക്കാർ ഉപാസന മുടക്കരുത്

ദുരിതങ്ങൾ തീർക്കും ചണ്ഡികാദേവി; ഈ നക്ഷത്രക്കാർ ഉപാസന മുടക്കരുത്

by NeramAdmin
0 comments

തോണ്ടൻകുളങ്ങര ജി.പരമേശ്വരന്‍ നമ്പൂതിരി

ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സന്താന നന്മയ്ക്കും സന്താനലാഭത്തിനും കുടുബക്ഷേമത്തിനും ശത്രുദോഷം മാറുന്നതിനും ചണ്ഡികാദേവിയെ പൂജിച്ചാല്‍ പെട്ടെന്ന് ഫലം കിട്ടും. ദുര്‍ഗ്ഗാദേവിയുടെ ഉഗ്രമൂര്‍ത്തീഭേദമാണ് ചണ്ഡിക. മഹിഷാസുര നിഗ്രഹത്തിന് ദുര്‍ഗ്ഗാ ദേവി കൈകൊണ്ട രൂപമാണിത്. അത്യുഗ്രമായ കോപമുള്ളവള്‍ എന്നാണ് ചണ്ഡിക എന്ന പദത്തിന് അര്‍ത്ഥം. ചണ്ഡന്‍ എന്ന അസുരനെ നിഗ്രഹിച്ചതു കൊണ്ടാണ് ദേവിക്ക് ഈ പേര് വന്നത് എന്നും ഐതിഹ്യമുണ്ട്. രക്ത ബീജ വധേ ദേവീ ചണ്ഡമുണ്ഡ വിനാശിനി എന്ന് സ്തുതിയുണ്ട്. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കപ്പെടുന്ന പാര്‍വതി ദേവിയെയാണ് യഥാര്‍ത്ഥത്തില്‍ ചണ്ഡികാദേവിയായി ആരാധിക്കുന്നത്.

കാളി, ദുര്‍ഗ്ഗ, ഭൈരവി, ശ്യാമ തുടങ്ങിയവയാണ് ദേവിയുടെ മറ്റ് രൗദ്രഭാവങ്ങള്‍. വിവിധ രൂപങ്ങളില്‍ ചണ്ഡികാദേവിയെ ആരാധിക്കുന്നുണ്ട്. 20, 18, 16, 10 കൈകളോടു കൂടിയ ചണ്ഡികാ വിഗ്രഹങ്ങളുണ്ട്. ഇരുപത് കൈകളോടു കൂടിയ സങ്കല്പത്തില്‍ വലതുകൈകളില്‍ ശൂലം, വാള്‍, വേല്, ചക്രം, പാശം, പരിച, ആയുധം, അഭയം, ഡമരു, ശക്തി എന്നിവയും ഇടതുകൈകളില്‍ നാഗപാശം, ചെറിയപരിച, മുഴ, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, ഇരുമ്പുലക്ക എന്നിവയും ധരിച്ചിരിക്കുന്നു. പത്തു കൈകളോടുകൂടിയതാണ് മറ്റൊരു സങ്കല്പം. കീഴ്ഭാഗത്ത് തലമുറിഞ്ഞു കിടക്കുന്ന മഹിഷാസുരന്‍, മുറിഞ്ഞ കഴുത്തില്‍ നിന്ന് ഒരു പുരുഷന്‍ ഉണ്ടായി ക്രൂദ്ധനായി ആയുധമോങ്ങി നില്‍ക്കുന്നു. കൈയില്‍ ശൂലം. രക്തം നാവിലൂടെ ഒഴുക്കിയും രക്തമാല അണിഞ്ഞു രക്തവര്‍ണ്ണമായും പുരുഷന്‍ നില്‍ക്കുന്നു. സിംഹത്തിന്‍റെ പുറത്തിരിക്കുന്ന ദേവി താഴെക്കിടക്കുന്ന അസുരനെ ചവിട്ടിയിട്ടുണ്ട്. ശത്രുസംഹാരിണി ആണ് പൊതുവേ തൃക്കണ്ണുകളോടു കൂടിയ ദേവി അറിയപ്പെടുന്നത്. പതിനെട്ടു കൈകളുള്ളതാണ് മറ്റൊരു ചണ്ഡിക സങ്കല്പം. വലത്തേ കൈയില്‍ തലയോട്ടി, പരിച, കണ്ണാടി, ചൂല്‍, വില്ല്, കൊടി, ഡമരു, പാശം, അഭയം എന്നിവയും ഇടത്തേ കൈയില്‍ വേല്‍, ഇരുമ്പുലക്ക , വാള്‍, തോട്ടി, ശരം , ശൂലം , വജ്‌റം, ചക്രം, ശലാക എന്നിവയുമുണ്ട്.

ഇതിനു പുറമേ ഇതേ ആയുധങ്ങളേന്തി നില്‍ക്കുന്ന 16 കൈകളുള്ള ഒമ്പതു ദുര്‍ഗ്ഗമാര്‍ വേറെയുണ്ട്. രുദ്രചണ്ഡ, പ്രചണ്ഡ, ഉഗ്രചണ്ഡ, ചണ്ഡനായിക, ചണ്ഡ, ചണ്ഡവതി, ചണ്ഡരൂപ, അതി ചണ്ഡിക, ചാണ്ഡാഗ്ര എന്നിവരാണ് ഈ 9 പേര്‍. ഈ നവദുര്‍ഗ്ഗമാരെ മനം നിറച്ച് പൂജിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. വിവിധ ദുര്‍ഗ്ഗാ മന്ത്രങ്ങള്‍, ലളിതാസഹസ്രനാമം, ത്രശതി തുടങ്ങിയവ കൊണ്ടുള്ള പുഷ്പാഞ്ജലി, കുങ്കുമാര്‍ച്ചന, പട്ട്, താലി സമര്‍പ്പണം തുടങ്ങിയവയാണ് ദുര്‍ഗ്ഗ, ചണ്ഡികാദേവി ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകള്‍. ഭഗവതി കുസുമപ്രിയ ആയതിനാല്‍ പുഷ്പാഞ്ജലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പൗര്‍ണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളാണ് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ പ്രധാനം. ഭരണി, പുണര്‍തം, ആയില്യം, പൂരം വിശാഖം, അനിഴം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി നക്ഷത്രജാതര്‍ പതിവായി ദുര്‍ഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്.

പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍
1
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രംബകേ ഗൗരീ
നാരായണീ നമോസ്തുതേ
2
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം
ച മാം ച പാലയ പാലയ

ദുര്‍ഗ്ഗയുടെ മൂലമന്ത്രം
ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ

ALSO READ

ദ്വാസ്ഥ മന്ത്രങ്ങള്‍
ചണ്ഡികായൈ നമഃ
അംബികായൈ നമഃ
ജയായൈ നമഃ
വിജയായൈ നമഃ

തോണ്ടൻകുളങ്ങര ജി.പരമേശ്വരന്‍ നമ്പൂതിരി,

91 9847082144
(വൈദിക, താന്ത്രിക ആചാര്യനും ശബരിമലയിലെ മുൻമേൽശാന്തിയുമാണ് ആലപ്പുഴ തോണ്ടൻകുളങ്ങര ജി.പരമേശ്വരൻ നമ്പൂതിരി)
Story Summary: Significance of Chamundi Devi Worship


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?