തിരുമല ക്ഷേത്രത്തിലെ വെങ്കിടേശ്വര ഭഗവാന്റെ നെറ്റിയിലുള്ള വെളുത്ത തിലകം പച്ചക്കർപ്പൂരം കൊണ്ട് അണിയിക്കുന്നതാണ്. ഭഗവാന്റെ താടിയിൽ എല്ലാ ദിവസവും പച്ച കർപ്പൂരം പുരട്ടുകയും ചെയ്യുന്നു.
എന്താണ് അങ്ങനെ ചെയ്യാനുള്ള കാരണം. ?
നിത്യ വൈകുണ്ഠലോകം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിലെ ഏറ്റവും പ്രമുഖമായ സ്ഥാനം അലങ്കരിക്കുന്ന മഹാക്ഷേത്രമാണ് ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 853 മീറ്റർ ഉയരത്തിൽ തിരുമല കുന്നുകളുടെ മുകളിൽ അത്യപൂർവ്വമായ ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർണ്ണിക്കാൻ കഴിയാത്ത പ്രകൃതി സൗന്ദര്യത്തിന്റെയും, അത്ഭുതകരമായ ഭഗവത് കൃപയുടെയും മഹാ സങ്കേതമാണ് ഇവിടം.
ഭഗവാൻ മഹാവിഷ്ണു വെങ്കിടേശ്വരനായി പ്രതിഷ്ഠിതമായിരിക്കുന്ന ഇവിടം
വേദങ്ങളിലും പുരാണങ്ങളിലുമെല്ലാം പരാമർശിക്കപ്പെട്ടിട്ടുള്ള നിത്യ വൈകുണ്ഠ ലോകം തന്നെയാണ്.
ശ്രീ വെങ്കിടേശ്വര ഭഗവാന്റെ മൂലവിഗ്രഹത്തേക്കുറിച്ചും അതിന്റെ അനിതര സാധാരണമായ സൗന്ദര്യത്തെക്കുറിച്ചും വിവരിക്കുന്ന അനേകം കൃതികൾ പൗരാണികമായി നിലവിലുണ്ട്. പൗരാണിക മധ്യകാല കാലഘട്ടങ്ങളിലെ കവികളും, ഗായകരും വിശാലമായ പ്രപഞ്ചത്തിലെ പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്ന ഭഗവാന്റെ സൗന്ദര്യത്തെയും മഹത്വത്തെയും വിവരിക്കുന്ന അനേകം കൃതികൾ എഴുതിയിട്ടും, പാടിയിട്ടുമുണ്ട്..
ALSO READ
ഈ കാരണങ്ങളാലായിരിക്കാം, തിരുമല ക്ഷേത്രത്തിലെ പുരോഹിതന്മാർ, ഭഗവാന്റെ നിത്യസുന്ദരമായ ആ മുഖം, കുങ്കുമം, മഞ്ഞൾ, ഒരു നിശ്ചിത അളവിൽ ചന്ദനം, പച്ചകർപ്പൂരം മുതലായവയാൽ ദിവസവും അലങ്കരിക്കുന്നത്.
അതിനിടയിൽ അതിശയകരമായ മറ്റൊരു കാര്യമുണ്ട്. ഭഗവാൻ നെറ്റിയിൽ ചാർത്തുന്ന തിലകം പച്ചക്കർപ്പൂരം കൊണ്ടാണ് എന്നുമാത്രമല്ല, താടിക്കും പ്രത്യേകമായി പച്ചക്കർപ്പൂരം ചാർത്തുന്നു.
അതെന്താണ് മറ്റെങ്ങും ഇല്ലാത്ത വിധം തിരുപ്പതിയിൽ മാത്രം അമൂല്യമായ ആ പവിത്ര വിഗ്രഹത്തിൽ കർപ്പൂരം കൊണ്ട് തിലകം ചാർത്തുന്നത്..? എന്തിനാണ് ഭഗവാന്റെ താടിയിൽ പച്ച കർപ്പൂരം കൊണ്ട് അലങ്കരിച്ചിരിക്കുന്നത്…?

പച്ചക്കർപ്പൂര ഐതിഹ്യം
അതൊരു കഥയാണ്. കഥയെന്നാൽ ഐതിഹ്യം. കാരണ യുക്തി വേറെയാകാം. പക്ഷേ പാരമ്പര്യമായി പറഞ്ഞു കേട്ട ഒരു കഥ പച്ചക്കർപ്പൂരത്തിനു കാരണമായുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹായോഗിയും മഹാഭക്തനുമായ ശ്രീ രാമാനുജാചാര്യരിലേക്കാണ് ആ ഐതിഹ്യം നീളുന്നത്.
തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ എഡി -1017 – ൽ ജനിച്ച് 1137- ൽ സ്വർഗ്ഗീയനായി എന്നു വിശ്വസിക്കുന്ന വേദാന്ത ദർശനത്തിലെ വിശിഷ്ടാദ്വൈത താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനുമായിരുന്നു രാമാനുജാചാര്യർ.
പുണ്യപുരുഷനായ രാമാനുജാചാര്യർ
ശ്രീ വെങ്കിടേശ്വരന്റെ മഹാഭക്തനായിരുന്നു.
തിരുപ്പതി തിരുമല ക്ഷേത്രത്തെ ഇന്നത്തെ നിലയിൽ ശതകോടി ജനങ്ങളുടെ അഭയ കേന്ദ്രമാക്കി മാറ്റുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന അവിടുത്തെ പൂജാ ക്രമങ്ങളും, ആത്മീയമായ ആരാധനാ പദ്ധതികളുമെല്ലാം ക്രമീകരിച്ചത് ഈ വൈഷ്ണവ ആചാര്യനാണ്.
ഇന്നും ശ്രീ രാമാനുജാചാര്യർ ചിട്ടപ്പെടുത്തിയതിൽ നിന്നും അണുകിട വ്യതിചലിക്കാതെയുള്ള ആരാധനാ രീതികളാണ് രീതികളാണ് ക്ഷേത്ര പുരോഹിതന്മാർ അനുദിനവും ഭക്തിപൂർവ്വം പിന്തുടരുന്നത്.
ഭഗവാനൊരു പൂന്തോട്ടം
അങ്ങനെ ക്ഷേത്രത്തെ ചിട്ടപ്പെടുത്തിയ ആ കാലത്ത് ശ്രീ രാമാനുജാചാര്യർ നിരവധി ഭക്തരെ തിരുപ്പതി ഭഗവാന്റെ ഭക്തരാക്കി വൈഷ്ണവ മതത്തിലേക്ക് കൊണ്ടുവന്നിരുന്നു. വൈഷ്ണവ പ്രസിദ്ധരായ ആഴ്വാർമാരും അതിൽ ഉൾപ്പെട്ടിരുന്നു. അവരിൽ ഏറ്റവും പ്രമുഖനായിരുന്നു
ശ്രീ അനന്താൾവാർ. തിരുപ്പതി ഭഗവാനോട് അകൈതവമായ ഭക്തി പുലർത്തിയ അനന്താൾവാരോട് ഒരിക്കൽ ശ്രീ രാമാനുജാചാര്യർ തിരുമല കുന്നുകളിൽ ഒരു പൂന്തോട്ടം നിർമ്മിക്കാൻ നിർദ്ദേശിച്ചു.
ശ്രീ വെങ്കിടേശ്വര ഭഗവാനുവേണ്ടി മാത്രം ഒരു പൂന്തോട്ടം നിർമ്മിക്കുക. അങ്ങനെ നിർമ്മിക്കുന്ന ഉദ്യാനത്തിലെ എല്ലാ പുഷ്പങ്ങളും ഭഗവാൻ വേണ്ടി മാത്രമുള്ളതായിരിക്കുക. അവിടെ നടക്കുന്ന എല്ലാ പൂജകളിലും ആ ഉദ്യാനത്തിലെ പുഷ്പം മാത്രം ഉപയോഗിക്കുക. ആചാര്യർ തന്റെ ലക്ഷ്യം അനന്താൾവാറിനോട് പറഞ്ഞു…

തന്റെ ഗുരുവായ രാമാനുരാചാര്യരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, അനന്താൾവാർ, ഒരു ശുഭദിനത്തിൽ, ഉദ്യാനത്തിന്റെ നിർമ്മാണം ആരംഭിച്ചു..
ആ വലിയ ദിവ്യ ദൗത്യത്തിൽ അദ്ദേഹത്തിന്റെ കുലീനയായ ഭാര്യയേയും സഹായത്തിനായി ഒപ്പം കൂട്ടി.
തിരുമല കുന്നുകളിൽ രാമനാജുചാര്യർ അനന്താൾവാറിനോട് ഉദ്യാനം നിർമ്മിക്കാൻ നിർദ്ദേശിച്ച സ്ഥലം യഥാർത്ഥത്തിൽ ഒരു കുന്നിൻ പ്രദേശമായിരുന്നു.. അതിനാൽ ആദ്യം അത് നിരപ്പാക്കുകയും, പിന്നീട് മണ്ണ് ഉഴുതുമറിക്കുകയും വേണം പൂന്തോട്ടത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റാൻ വളരെയേറെ പ്രയത്നം ആവശ്യമായിരുന്നു.
തന്റെ പ്രിയപ്പെട്ട ആചാര്യൻ തന്നെ നിയോഗിച്ചത് ഒരു ദൈവിക ദൗത്യത്തിനാരുന്നതിനാൽ, ആ ദൗത്യം നിർവഹിക്കുന്നതിന് പുറത്തുനിന്നുള്ള ആരുടെയും സേവനം സ്വീകരിക്കുകയില്ലെന്ന് അനന്താൾവാർ നിശ്ചയിച്ചു. കുന്നുകളിൽ പൂന്തോട്ടം പണിയുന്നതിനുള്ള മുഴുവൻ ജോലിയും താൻ തന്നെ നിർവഹിക്കുമെന്നും അതിനായി തന്റെ ഭാര്യയുടെ മാത്രം സഹായം തേടുമെന്നും അദ്ദേഹം ഉറപ്പിച്ചു.
പണിയുടെ തുടക്കത്തിൽ തന്നെ അനന്താൾവാർ ഭാര്യയോട് ഇങ്ങനെ പറഞ്ഞു.
“ഇത് നമ്മുടെ ആചാര്യൻ നമ്മളെ ഏൽപ്പിച്ച വളരെ ദൈവികമായ ഒരു ദൗത്യമാണ്. അതിനാൽ നമ്മുടെ കുടുംബത്തിന് പുറത്തുള്ള ആരിൽ നിന്നും സഹായം നമ്മൾ തേടില്ല..
ഈ പൂന്തോട്ടം പണിയുന്നതിന്റെ മുഴുവൻ ഭാരവും ഭഗവാനുവേണ്ടി നമ്മൾ സ്വയം ഏറ്റെടുക്കണം.
ഇത് നമ്മളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നറിയാം, പക്ഷേ ഈ കാര്യം മനസ്സിൽ വയ്ക്കുക, ജോലി ചെയ്യാൻ ആരിൽ നിന്നും സഹായം തേടരുത്..
അദ്ദേഹത്തിന്റെ കുലീനയായ ഭാര്യ ഭർത്താവിന്റെ ആജ്ഞകൾ വിനയപൂർവ്വം അനുസരിച്ചു..
അനന്താൾവാർ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യ അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സഹായിക്കാനും തുടങ്ങി.
അനന്താൾവാർ ഭാര്യയെ ഏൽപ്പിച്ച പ്രധാന ജോലികളിൽ ഒന്ന് മണ്ണ് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക എന്നതായിരുന്നു.
അത് അവൾ വിചാരിച്ചത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിരുന്നാലും, തനിക്ക് എതിരായിരുന്ന എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടുകൊണ്ട് ആ മഹതിയായ സ്ത്രീ തന്റെ ജോലിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ആ സമയത്ത് അവർ ഗർഭിണിയും ആയിരുന്നു. ജോലിക്കിടയിൽ എളുപ്പത്തിൽ ക്ഷീണിതയാകും.
ഭർത്താവായ അനന്താൾവാർ തന്റെ ഭാര്യയുടെ ദുരവസ്ഥ ശ്രദ്ധിച്ചതേയില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ പൂന്തോട്ടത്തിനായി കുന്ന് ഇടിച്ച് നിരത്തുന്നതിൽ മാത്രമായിരുന്നു.
ഭഗവാൻ്റെ കാരുണ്യം
പക്ഷേ കരുണാമയനായ ശ്രീ വെങ്കിടേശ്വരൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. തന്റെ ഭക്ത, അവൾ അവശയും ക്ഷീണിതയുമാണ്. അവൾ ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു. കഠിനമായി ജോലി ചെയ്യുന്നു. ഭഗവാന് അവരോട് തോന്നിയത് സഹതാപം മാത്രമല്ല സഹാനുഭൂതിയുമായിരുന്നു. ഭഗവാൻ തന്റെ ഭക്തിയെ അങ്ങനെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ ഒരു ദിവസം അവളുടെ വേദന മനസ്സിലാക്കിയ ഭഗവാൻ ഭഗവാൻ
“താൻ ഇടപെടേണ്ട സമയമായി…” എന്ന് തീരുമാനിച്ചു..
12 വയസ്സുള്ള ഒരു ആൺകുട്ടിയുടെ രൂപം സ്വീകരിച്ച് തന്റെ ഭക്തിയോടൊപ്പം കൂടി. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മണ്ണ് ചുമന്ന് അവരെ സഹായിക്കാൻ തുടങ്ങി.
ഇതങ്ങനെ കുറച്ച് ദിവസം വിജയകരമായി തുടർന്നു..
ആഴ്വാർക്ക് സംശയം
അങ്ങനെയിരിക്കെ തന്റെ ഭാര്യയുടെ ദൈനംദിന ജോലികളിൽ ആരോ സഹായിക്കുന്നുണ്ടെന്ന് ആഴ്വാർക്ക്
മനസ്സിലായി.
അദ്ദേഹം നിരീക്ഷിക്കാൻ ആരംഭിച്ചു.
12 വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഭാര്യയ്ക്ക് വേണ്ടി എല്ലാ ജോലികളും ചെയ്യുന്നതെന്ന് അദ്ദേഹം കണ്ടെത്തി..
അദ്ദേഹത്തിന് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല..
ആ ആൺകുട്ടിയോടും ഭാര്യയോടും അദ്ദേഹത്തിന് വളരെയധികം ദേഷ്യം തോന്നി.. തന്റെ നിർദ്ദേശങ്ങൾ മാത്രമല്ല, ഗുരുവായ ശ്രീ രാമാനുജാചാര്യരുടെ വാക്കുകളും ലംഘിക്കപ്പെടുകയായിരുന്നു.
ആ ആൺകുട്ടിക്ക് താൻ ജോലി ചെയ്തിരുന്ന സ്ഥലത്തും,തന്റെ വ്യക്തിപരമായ കാര്യങ്ങളിലും അതിക്രമിച്ചു കടന്നതിന് തക്കതായ ശിക്ഷ കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു.
ആ ആൺകുട്ടിയുടെ നേരെ ഉച്ചത്തിൽ അലറിക്കൊണ്ട് അനന്താൾവാർ കോപത്തോടെ ഓടാൻ തുടങ്ങി. അനന്താൾവാർ തന്റെ അടുത്തേക്ക് ഓടി വരുന്നതു കണ്ട്,
ശ്രീ വെങ്കിടേശ്വരൻ ക്ഷേത്രത്തിലേക്കും ഓടി. കുട്ടി തന്നിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതു കണ്ട ആഴ്വാർ
വലതു കൈ കൊണ്ട് ചെടി നടാൻ കുഴി കുഴിക്കാനായി ഉപയോഗിച്ചിരുന്ന ആയുധം കയ്യിലെടുത്തു.
അങ്ങേയറ്റം കോപത്തോടെ ഒറ്റയേറ്….
ആ നിമിഷം താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് ഓർമ്മയില്ലായിരുന്നു..
ആ മൂർച്ചയുള്ള ആയുധം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ആൺകുട്ടിയുടെ ജീവന് എത്രത്തോളം ഭീഷണിയാകുമെന്ന് അദ്ദേഹം ഓർത്തതേയില്ല.
മഹാജ്ഞാനിയായിരുന്നിട്ടും അദ്ദേഹം ഒരു നിമിഷം അന്ധനായി.
അതും ഭഗവാന്റെ മുന്നിൽ….
ആയുധം പതിച്ചത് ആൺകുട്ടിയുടെ താടിയിലാണ്…

ആൺകുട്ടി അപ്രത്യക്ഷനായി
പ്രകൃതി പോലും നിശ്ചലമായി..
പഞ്ചഭൂതങ്ങളും
അഷ്ട ദിക്പാലകരും ഞെട്ടി….
ഏറുകൊണ്ട നിമിഷത്തിലെ ആ ഞെട്ടിക്കുന്ന നിശബ്ദതയിൽ,
ആ 12 വയസ്സുള്ള ആൺകുട്ടി പെട്ടെന്ന് അപ്രത്യക്ഷനായി.
തന്റെ കൺമുന്നിൽ മുറിവേറ്റ ആൺകുട്ടി അപ്രത്യക്ഷനായതു കണ്ട ആഴ്വാർ അന്തിച്ചുനിന്നു.താൻ എന്തോ ഒരു ഗുരുതരമായ തെറ്റു ചെയ്തു എന്ന് അദ്ദേഹത്തിന് മനസ്സിലായി.
അദ്ദേഹം ഉടനെ തിരിഞ്ഞു തിരുമല ക്ഷേത്രത്തിലേക്ക് ഓടി. അവിടുത്തെ വലിയ വാതിലിനു മുന്നിലെത്തി….
ശ്വാസമെടുക്കാൻ വേണ്ടി ആഴ്വാർ അവിടെ ഒന്നു നിന്നു. പിന്നീട് അതേ വേഗതയിൽ തിരുമല ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ഓടിക്കയറി…. പ്രപഞ്ചത്തിലെ ഏറ്റവും പവിത്രമായ സ്ഥലത്ത്….
തിരുപ്പതി ഭഗവാന്റെ ഗർഭഗൃഹത്തിനു മുന്നിൽ..
അവിടെ തന്റെ മുന്നിൽ അതിശയ ഗാംഭീര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ വെങ്കിടേശ്വര ഭഗവാന്റെ ആ കമനീയമായ വിഗ്രഹം അദ്ദേഹം കണ്ടു.
എല്ലാം അറിയുന്ന ഭഗവാൻ
എല്ലാം ഭഗവാന് അറിയാം എന്ന് അറിയാമായിരുന്നിട്ടും നടന്ന മുഴുവൻ കാര്യവും ഒറ്റ ശ്വാസത്തിൽ ആൾവാർ ഭഗവാനോട് പറഞ്ഞു. 12 വയസ്സുള്ള ഒരു ആൺകുട്ടിക്ക് താൻമൂലം വന്നു ഭവിച്ച ദുര്യോഗം വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് ആഴ്വാർ ഭഗവാനോട് പറഞ്ഞു..
താൻ ഉപദ്രവിച്ചതും കുട്ടി അപ്രത്യക്ഷനായതും, അതൊരു സന്ന്യാസി ആയിരിക്കാം എന്ന് താൻ സംശയിക്കുന്നതും ആഴ്വാർ ഭഗവാന്റെ മുന്നിൽ വിങ്ങിക്കൊണ്ട് പറഞ്ഞു….
തന്റെ വാക്കുകൾ കേൾക്കേ, മുന്നിൽ നിൽക്കുന്ന ഭഗവാൻ നിഗൂഢമായി പുഞ്ചിരിക്കുന്നതുപോലെ ആഴ്വാർക്ക് തോന്നി. അദ്ദേഹം ഭഗവാനെ സൂക്ഷിച്ചുനോക്കി.ആ പുഞ്ചിരികൾക്കടിയിൽ ചോരയൊലിക്കുന്ന താടി…..
പിന്നെ അനന്താൾവാർ ഒന്നും മിണ്ടിയില്ല…
തളർന്നിരുന്നു…
ബോധമറ്റ് അനന്താൾവാർ
തന്റെ പ്രിയപ്പെട്ട ഭഗവാൻ ശ്രീ വെങ്കിടേശ്വരനെയാണ് താൻ മുറിവേൽപ്പിച്ചതെന്ന് മനസ്സിലാക്കിയ അനന്താൾവാർ അന്ധനായി… ബോധരഹിതനായി വീണു…
നിലയ്ക്കാതെ കണ്ണുനീർ പ്രവഹിച്ചു കൊണ്ടേയിരുന്നു…
ശ്രീ വെങ്കിടേശ്വര ഭഗവാന്റെ പുണ്യപാദ കമലങ്ങളിൽ പ്രണമിച്ചുകൊണ്ട്, ഭഗവാന്റെ കാരുണ്യത്തിനായി ആഴ്വാർ കേണു….
“…..അഗ്നാനീനാം മയാ ദോഷം ന ശേഷാൻ വിഹിതാൻ ഹരേ..ക്ഷമസ്സത്വം ക്ഷാമസ്സത്വം ശേഷശൈല ശിഖാ മനേ..”
“..കായേന വാചാ..മനസേന്ദ്രി യൈർവാ…ബുദ്ധ്യാത് മനാ വാ..പ്രകൃതേഃ സ്വഭാവാത്…കരോമി യദ്യദ്..സകലം പരസ്മൈ…നാരായണയേതി സമർപയാമി..”
പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഭഗവാൻ തന്നോട് എന്തോ പറയുന്നതായി അദ്ദേഹത്തിന് തോന്നി.
പറഞ്ഞത് ഇതായിരുന്നു..
എന്നും പച്ച കർപ്പൂരം പുരട്ടണം
ഭക്താ… ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടുള്ള ഒന്നിനും നീ ഉത്തരവാദിയല്ല. ഇന്ന് നീ അറിയാതെ ചെയ്തുവെന്ന് കരുതുന്ന ഈ പാപം ഉൾപ്പെടെ….. അതുകൊണ്ട് വിഷമിക്കേണ്ട..
എന്റെ അടുത്ത് വന്ന് ചോരയൊലിക്കുന്ന എന്റെ താടിയിൽ അവിടെയിരിക്കുന്ന പച്ച കർപ്പൂരത്തിൽ അല്പം പുരട്ടൂ.. അത് എന്റെ മുറിവിനെ തണുപ്പിക്കും.. ഇനി മുതൽ, തിരുമല കുന്നുകളിൽ ഞാൻ താമസിക്കുന്നിടത്തോളം കാലം എല്ലാ ദിവസവും എന്റെ താടിയിൽ പച്ച കർപ്പൂരം പുരട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
അന്ധാളിച്ച അവസ്ഥയിലായിരുന്ന അനന്താൾവാർ..
ആ നിമിഷം വേഗത്തിൽ മുന്നോട്ട് നീങ്ങി.. ഭഗവാന്റെ താടിയിൽ സാവധാനം പച്ച കർപ്പൂരം പുരട്ടി.
അന്നുമുതൽ, തിരുമല ക്ഷേത്രത്തിൽ എല്ലാ ദിവസവും ഭഗവാന്റെ താടിയിൽ പച്ച കർപ്പൂരം പുരട്ടുന്നത് ഒരു പുണ്യമായ പാരമ്പര്യമായി മാറി.
ക്ഷേത്ര പുരോഹിതന്മാർ എല്ലാ ദിവസവും ഈ പച്ച കർപ്പൂരം ശ്രദ്ധാപൂർവ്വം പുരട്ടുകയും, ശ്രദ്ധാപൂർവ്വം സംരക്ഷിക്കുകയും ചെയ്യുന്നു. പിന്നീട്, ഈ കർപ്പൂരത്തിന്റെ വളരെ ചെറിയൊരു ഭാഗം ചെറിയ കവറുകളിലാക്കി തിരുമല ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് പ്രസാദമായി സമർപ്പിക്കുന്നു.
ഭാഗ്യം കൊണ്ടുവരും
ഭഗവാന്റെ താടിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഈ പച്ച കർപ്പൂരം, നിരവധി അത്ഭുത ശക്തികൾ ഉള്ളതാണെന്നും ഇത് ഉപയോഗിക്കുന്ന ഭക്തർക്ക് വലിയ ഭാഗ്യം ഉണ്ടാകുമെന്നും പലരും വിശ്വസിക്കുന്നു.
ഈ കർപ്പൂരത്തിന്റെ ഗുണങ്ങൾ ഇങ്ങനെ വിവരിക്കുന്നു.
ഇത് കുങ്കുമത്തോടൊപ്പം നെറ്റിയിൽ പുരട്ടുമ്പോൾ ഭഗവാന്റെ അനുഗ്രഹം നേരിട്ട് ലഭിക്കുന്നു.
ഇത് ദിവസവും രാവിലെ പാലിനൊപ്പം കഴിക്കുന്നത് ഭഗവാന്റെ നിവേദ്യം നേരിട്ടു കഴിക്കുന്ന കരുതപ്പെടുന്നു.
കുങ്കുമപ്പൂവിനൊപ്പം പണപ്പെട്ടിയിൽ വയ്ക്കുമ്പോൾ, ഈ പച്ച കർപ്പൂരം ഭക്തന്റെ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ബിസിനസുകാർ ദിവസവും നെറ്റിയിൽ പുരട്ടുമ്പോൾ, ഈ പച്ച കർപ്പൂരം അവരുടെ ബിസിനസിൽ അത്ഭുതകരമായ വളർച്ചയും ലാഭവും നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ പച്ച കർപ്പൂരം ചേർത്ത് ഒരു മധുര പലഹാരം തയ്യാറാക്കി ഭഗവാന് നൈവേദ്യമായി സമർപ്പിക്കുമ്പോൾ, അത് അവിടുത്തെ വളരെയധികം പ്രസാദിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
അതേ നൈവേദ്യം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പ്രസാദമായി സമർപ്പിക്കുമ്പോൾ, അത് അവരുടെ വീടുകൾക്ക് വലിയ ഐശ്വര്യം നൽകുകയും അവരുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയും ചെയ്യുമെന്നും കരുതപ്പെടുന്നു.
ഇത് കൈവശം വച്ചാൽ അയാൾക്ക് സമൂഹത്തിൽ നിന്ന് വലിയ ബഹുമാനവും ആദരവും ലഭിക്കും.
വന്ധ്യതയുള്ള സ്ത്രീകൾ ഈ പച്ച കർപ്പൂരം പാലിൽ ചേർത്ത് കഴിക്കുന്നതോടെ വന്ധ്യത മാറുന്നു. സുബ്രഹ്മണ്യനെ അഭിഷേകം ചെയ്ത പാലിൽ ഇത് ചേർത്ത് കഴിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമനും ബുദ്ധിയുള്ളവനുമായ കുട്ടി ജനിക്കും എന്ന് വിശ്വസിക്കുന്നു.
ഇങ്ങനെ ഒട്ടേറെ ഫലങ്ങൾ പറയുന്നുണ്ട്..
അടുത്ത തവണ നിങ്ങൾ തിരുമല ക്ഷേത്രം സന്ദർശിക്കുമ്പോൾ, തിരുമല ക്ഷേത്രത്തിന്റെ വലതുവശത്ത് അനന്താൾവാറും പത്നിയും നിർമ്മിച്ച പുഷ്പോദ്യാനം സന്ദർശിക്കുക.
ഈ പൂന്തോട്ടത്തിന് തൊട്ടടുത്തായി അനന്താൾവാർ കുഴിച്ചതാണെന്ന് കരുതപ്പെടുന്ന “ആൾവാർ ടാങ്ക്” എന്നറിയപ്പെടുന്ന ഒരു ജലസംഭരണിയും ഉണ്ട്.
തിരുമല ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലേക്ക് കയറുന്ന പ്രധാന കവാടത്തിന്റെ വലതുവശത്ത് അനന്താൾവാർ ശ്രീ വെങ്കിടേശ്വര ഭഗവാന്റെ താടിയിൽ അടിച്ച ആയുധം തൂക്കിയിട്ട നിലയിൽ സംരക്ഷിച്ചിട്ടുണ്ട്.
“എലാ ലവംഗ ഘനസാര സുഗന്ധി തീർത്ഥം…ദിവ്യം വിയത് സരതി ഹേമഘടേഷു പൂർണം… ദൃത്വാധ്യാ വൈദിക ശിഖാമനയാ പ്രഹൃഷ്ടാ…തിഷ്ഠന്തി വേങ്കടപതേ തവ സുപ്രഭാതം…”
( തയ്യാറാക്കിയത് : അശോകൻ ഇറവങ്കര )
Story Summary: Explaining the tradition of applying camphor to Lord Venkateswara’s chin and the practice stems from the legend of Ramanujacharya and Ananthalwar’s garden construction.
Highlights
ഭഗവാന്റെ താടിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ച കർപ്പൂരം ഭാഗ്യം നൽകും
ഈ കർപ്പൂരം ഭക്തൻ്റെ സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കും
ഇത് പാലിൽ ചേർത്ത് കഴിക്കുന്നതോടെ വന്ധ്യത മാറും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.