ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതു പൂജ ജൂലൈ 17 വെള്ളിയാഴ്ച നടക്കും. അന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭഗവാനുള്ള പൂജകളെല്ലാം സ്വര്‍ണ്ണം വെള്ളി പാത്രങ്ങളിലാണ് നടത്തുക. രത്‌നം പതിച്ച സ്വര്‍ണ്ണപാത്രത്തില്‍ ആറുമാസത്തിലൊരിക്കല്‍ നടത്തുന്ന ദിവ്യവും വിശിഷ്ടവുമായ ചടങ്ങാണ് പെരുന്തിരമൃതു പൂജ. നാലുകൂട്ടം വറുത്തുപ്പേരിയടക്കം ഭഗവാന് സമര്‍പ്പിക്കുന്ന മഹാസദ്യയാണിത്. വര്‍ഷത്തില്‍ രണ്ടുതവണ കളഭാഭിഷേകത്തിനുശേഷമാണ്
പെരുന്തിരമൃതു പൂജ നടത്തുന്നത്. ആദ്യത്തേത് മകരമാസത്തിലാണ്.
രണ്ടാമത്തേതാണ് കർക്കടകം ഒന്നിന് നടക്കുന്ന ആടി പെരുന്തിരമൃതു പൂജ.
അഞ്ചുകൂട്ടം പ്രഥമന്‍
തലേദിവസം വൈകുന്നേരം ഈ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും. വെളുപ്പാന്‍കാലത്ത് പാചകം തുടങ്ങും. അഞ്ചുകൂട്ടം പ്രഥമന്‍ ഇതില്‍ പ്രധാനമാണ്. ഈ പൂജയിലെ പ്രധാന നിവേദ്യമാണ് നവരത്‌നപ്പായസം. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണ്ണപ്പറ നിറയെ പായസമെടുത്ത് മണ്ഡപത്തില്‍ വച്ചാണ് നിവേദിക്കുന്നത്. ഉച്ച പൂജയോടനുബന്ധിച്ചാണ് സവിശേഷമായ ഈ നിവേദ്യം. ഭഗവാന്റെ വിശേഷാല്‍ സദ്യയും പായസഊട്ടും കണ്ടു തൊഴുവാന്‍ ഭക്തര്‍ തടിച്ചു കൂടാറുണ്ട്. ധനുമാസത്തിലെയും മിഥുനത്തിലെയും കളഭാഭിഷേകത്തിനു പിന്നാലെയാണ് ഭഗവാന്റെ വിശേഷാല്‍ സദ്യയും നവരത്‌നപ്പായസ ഊട്ടും നടക്കുന്നത്. തന്ത്രിമാരായ തരണനെല്ലൂര്‍ തെക്കിന് കുടുംബക്കാരാണ് കളഭാഭിഷേകവും പെരുന്തമൃത്പൂജയും നടത്തുന്നത്.

സ്വര്‍ണ്ണക്കുടങ്ങളാല്‍ കലശം
ശ്രീപത്മനാഭന്റെ രണ്ടുബിംബങ്ങളിലും ലക്ഷ്മീദേവി, ഭൂമിദേവി എന്നിവരുടെ ബിംബങ്ങളും അഭിശ്രവണ മണ്ഡപത്തില്‍ വച്ച് 81 സ്വര്‍ണ്ണക്കുടങ്ങളാല്‍ കലശം ആടുന്നു. തുടര്‍ന്ന് വിഗ്രഹങ്ങള്‍ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഉച്ചപൂജയോടൊപ്പം സദ്യയിലെ വിഭവങ്ങള്‍ മണ്ഡപത്തില്‍ വയ്ക്കുകയും നിവേദ്യം,പൂജ, ദീപാരാധന എന്നിവ നടത്തുകയും ചെയ്യും. പൂജ കഴിഞ്ഞാലുടന്‍ നാലമ്പലത്തില്‍ ഇലവച്ച് ബ്രാഹ്മണര്‍ക്ക് സദ്യ വിളമ്പും. അന്ന് വൈകിട്ട് നട തുറക്കുംമുമ്പ് ഒറ്റക്കല്‍ മണ്ഡപവും നാലമ്പലവും കഴുകി വൃത്തിയാക്കും. ഈ ചടങ്ങ് കന്നിമാസത്തില്‍ നടന്നിരുന്നതായി മതിലകം രേഖകളില്‍ കാണുന്നു.
അര്‍ദ്ധയാമ പൂജ
രാത്രി ഏഴരക്കും എട്ടിനുമിടയില്‍ അത്താഴ ശീവേലി കഴിഞ്ഞശേഷം ശ്രീപത്മനാഭന് നടത്തുന്ന പൂജയാണ് അര്‍ദ്ധയാമപൂജ. അത്താഴപ്പൂജക്കും ഇവിടെ പ്രത്യേകതകളുണ്ട്. അപ്പം, അട, അരവണ തുടങ്ങിയവ നിവേദിക്കും. ദിവസവും എരിശ്ശേരി, പുളിശ്ശേരി
ഉപ്പേരികള്‍ എന്നിവയോടെ നാലുകൂട്ടം കറികളുമായുള്ള സദ്യയും ശര്‍ക്കരയും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന തുലാമേനിപ്പായസവും വിശേഷമാണ്.
കുടശാന്തി
ശ്രീപത്മനാഭന്റെ ശാന്തിക്കാരായ പെരിയ നമ്പിമാരെ കുടശാന്തി എന്നു പറയുന്നു. പുഷ്പാഞ്ജലി സ്വാമിയാര്‍ നല്‍കുന്ന ഓലക്കുട പെരിയ നമ്പിമാരുടെ സ്ഥാനചിഹ്‌നമാണ്. അതിരാവിലെ നമ്പിമഠത്തിലെ മിത്രാനന്ദപുരം കുളത്തില്‍ സ്‌നാനം ചെയ്ത പെരിയ നമ്പി ക്ഷേത്രത്തിലേക്ക് ഓലക്കുട ചൂടി വരുമ്പോള്‍ മുന്നില്‍ വിളക്കു പിടിച്ചുകൊണ്ട് കാര്യക്കാരുണ്ടാവും. കുടശാന്തിപദം ഏറ്റെടുത്തുകഴിഞ്ഞാല്‍ കുടുംബത്തില്‍ നിന്നും മാറി പുറപ്പെടാശാന്തിയായി പ്രത്യേകം വസിക്കണം. കുടശാന്തി പിതൃകര്‍മ്മത്തിനല്ലാതെ മറ്റെങ്ങും നമസ്‌ക്കരിക്കാറില്ല.
ALSO READ
ദർശനം നിയന്ത്രണം
ആടി പെരുന്തിരമൃതു പൂജ ദിവസം ഭക്തർക്ക് വെളുപ്പിന് നിർമ്മാല്യദർശനം കഴിഞ്ഞ് 06.30 മണി മുതൽ 07.00 മണി വരെയും ശേഷം രാവിലെ 09.30 മണി മുതൽ 10.30 മണി വരെ മാത്രമേ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 4.30 മണി മുതൽ 6.15 മണി വരെ ദർശനം തുടർന്ന് ശ്രീഭൂതബലിയും 08.30 മണിക്ക് ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടാകും. അത്താഴ ശീവേലിക്ക് ശേഷം ദർശനം ഇല്ല. കലശാഭിഷേക ദർശനം രാവിലെ 8 മണി മുതൽ 9 മണി വരെ
Story Summary: Significance of perumthiramurthu puja of Sree Padmanabha Swamy temple
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )
Copyright @ 2026 NeramOnline.com. All rights reserved.