ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമായ ചണ്ഡികാദേവിയെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും നടത്തുന്നതാണ് ചണ്ഡികാ ഹോമം. ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ മാറാനും ഐശ്വര്യത്തിനും വിജയത്തിനുമായാണ് ഭക്തർ ചണ്ഡീ ഹോമം വഴിപാടായി നടത്തുന്നത്.
വിശ്വ പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് ചണ്ഡികാ ഹോമം. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിന് ആയിരക്കണക്കിന് ഭക്തരാണ് ഈ ഹോമം വഴിപാടായി നടത്താൻ എത്തുന്നത്.

സംരക്ഷണം ഉറപ്പാക്കാം
മന്ത്രജപം, സ്തോത്രജപം, വഴിപാടുകളുടെ സമർപ്പണം എന്നിവയിലൂടെ ചണ്ഡികാ ദേവിയുടെ ഊർജ്ജത്തെ ഉണർത്തുന്ന ഒരു പ്രത്യേക യജ്ഞം അല്ലെങ്കിൽ ഹവനമാണ് ചണ്ഡികാ ഹോമം. ഹവനം ചെയ്യിപ്പിക്കുന്ന/ ചെയ്യുന്ന സാധകന് /ഭക്തർക്കും അവരുടെ കുടുംബത്തിനും വിജയം, സംരക്ഷണം, എന്നിവ ഉറപ്പിക്കാൻ ഇത് സഹായിക്കുന്നു. നെഗറ്റീവ് എനർജി നശിപ്പിക്കുകയും പോസിറ്റീവ് ശക്തി പ്രധാനം ചെയ്യുകയും ചെയ്യുന്ന ചണ്ഡികാ ദേവിക്ക് (ദുർഗ) സമർപ്പിച്ചിരിക്കുന്ന അതി ഫലപ്രദമായ ഒരു അഗ്ന്യാചാരമാണിത്. ഇത് വെറുമൊരു പൂജയല്ല, മറിച്ച് ഒരു ഊർജ്ജ ശുദ്ധീകരണ പ്രക്രിയയാണ്.
ചണ്ഡീഹോമ സവിശേഷതകൾ
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന ദേവതമാരുടെ ഐക്യരൂപമാണ് ചണ്ഡികാ ശ്രീപരമേശ്വരി. ദുഷ്ടശക്തികളെ നിഗ്രഹിച്ച് ധർമ്മം നിലനിർത്താനാണ് ദേവി ഈ രൂപം സ്വീകരിച്ചത്. ദേവീമാഹാത്മ്യത്തിലെ 13 അദ്ധ്യായങ്ങളിലായുള്ള 700 ശ്ലോകങ്ങളും മന്ത്രങ്ങളും ജപിച്ച്, ഓരോ തവണയും അഗ്നിയിൽ ഹവിസ്സ് അർപ്പിച്ചാണ് ഈ ഹോമം നടത്തുന്നത്.
ചണ്ഡീഹോമ ഗുണങ്ങൾ
നിരവധി ഗുണങ്ങൾ ചണ്ഡികാ ഹോമത്തിന് പറയുന്നുണ്ട്. മുഖ്യമായും പ്രതിബന്ധങ്ങൾ അകറ്റും. കരിയറിലും ബിസിനസ്സിലും
ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കി വൻ വിജയം നൽകും. ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷണം തരും. മന്ത്രവാദം, കണ്ണ് ദോഷം, നെഗറ്റീവ് എനർജി എന്നിവയെ ഇല്ലാതാക്കും. ആരോഗ്യവും ദീർഘായുസ്സും നൽകി കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്നും മോചിപ്പിക്കും. മനസ്സിലെ ഭയം, ആശങ്കകൾ അകറ്റി സമാധാനവും പോസിറ്റീവ് ചിന്തകളും ഉണർത്തും. കലിയുഗത്തിൽ ഭക്തരെ അതിവേഗം അനുഗ്രഹിക്കുന്ന ദേവതയാണ് ചണ്ഡികാദേവി.

മുൻകൂട്ടി ബുക്ക് ചെയ്യണം
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ
ദിവസവും രാവിലെ 8:00 മണി മുതൽ 11:30 മണി വരെ ചണ്ഡികാ ഹോമം നടക്കുന്നു. സാധാരണ ചണ്ഡികാ ഹോമത്തിന് 10,000 രൂപയാണ് നിരക്ക്. നവചണ്ഡികാ ഹോമത്തിന് 20,000 രൂപ ചെലവ് വരും. ക്ഷേത്രത്തിന് സമീപമുള്ള പ്രത്യേക മണ്ഡപത്തിലാണ് ഹോമം നടക്കുക. ഒരു കുടുംബത്തിന് ഒരു പുരോഹിതൻ എന്ന രീതിയിലാണ് ഇത് ക്രമീകരിക്കുന്നത്. പൂജാസാധനങ്ങൾ ക്ഷേത്രത്തിൽ നിന്ന് തന്നെ നൽകും. പുരുഷന്മാർ മുണ്ടും തോർത്തും ധരിക്കണം ഷർട്ട്, ബനിയൻ എന്നിവ അനുവദിക്കില്ല. സ്ത്രീകൾ സാരിയോ ദുപ്പട്ടയോട് കൂടി ചുരിദാറോ ധരിക്കണം. ചണ്ഡീഹോമം നേരിട്ടെത്തി അപ്പോൾ തന്നെ ബുക്ക് ചെയ്യാൻ സാധിക്കില്ല. ഇതിന് സാധാരണ നീണ്ട കാത്തിരിപ്പ് കാലാവധി ഉണ്ടാകാറുണ്ട്. അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണം. കർണ്ണാടക സർക്കാരിൻ്റെ, കൊല്ലൂർ മൂകാംബിക ഇ-സേവ പോർട്ടൽ https://bookings.kollurmookambikatemple.org/ വഴി ഹോമം ബുക്ക് ചെയ്യാം. അല്ലെങ്കിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് തീയതി ഉറപ്പിച്ച ശേഷം, The Executive Officer, Mookambika Temple, Kollur എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ചെക്ക് അയച്ചും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും തീയതി ലഭ്യമാണോ എന്ന് അറിയാനും ശ്രീ മൂകാംബിക ക്ഷേത്രത്തിൻ്റെ
ഔദ്യോഗിക ഇമെയിൽ eosmtkollur@gmail.com വഴിയോ
08254-258221 എന്ന നമ്പറിലോ ബന്ധപ്പെടാം.
കേരളത്തിൽ വിശേഷ ദിനങ്ങളിൽ
കേരളത്തിൽ ഭദ്രകാളി, ദുർഗ്ഗാ, ചാമുണ്ഡി ക്ഷേത്രങ്ങളിൽ വിശേഷാൽ ദിവസങ്ങളിലും പ്രത്യേകിച്ച് നവരാത്രി കാലങ്ങളിലും വ്യക്തികൾ വഴിപാടായി നടത്തുമ്പോഴുമാണ് ചണ്ഡികാ ഹോമം നടക്കാറുള്ളത്. കൊല്ലൂർ ക്ഷേത്രത്തിലെ പോലെ ദിവസേന ചണ്ഡികാ ഹോമം നടത്തുന്ന ക്ഷേത്രങ്ങൾ ഇവിടെ കുറവാണ്.
ALSO READ
(തയ്യാറാക്കിയത്: അശോകൻ ഇറവങ്കര)
Story Summary: Significance and Procedure of Chandi Homam, the highly powerful and intense Vedic fire ritual dedicated to Goddess Chandika
Highlights
കടുത്ത പ്രതിസന്ധികൾ മാറാനും വിജയത്തിനും ചണ്ഡീഹോമം നടത്താം
കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്നും മോചിപ്പിക്കും.
ഭയം, ആശങ്ക അകറ്റി സമാധാനവും പോസിറ്റീവ് ചിന്തകളും ഉണർത്തും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.