ശിവപാർവതി പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷവ്രതം. ഭക്തിയോടെ, ശുദ്ധിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച് ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. 2026 ഒക്ടോബർ 8 വ്യാഴാഴ്ച കന്നി മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷമാണ്. കൃഷ്ണ പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. ഈ ദിവസം ശിവപാർവതി ഭജനം നടത്തിയാൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാം ഫലമാണ്. ദശാദോഷം, ജാതകദോഷം എന്നിവ മൂലമുള്ള ദുരിതകാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതാനുഷ്ഠാനം.

വ്രതം സാധിക്കാതെ വന്നാൽ
ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന
ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യയിലെ ശിവപൂജ, ക്ഷേത്രദർശനം എന്നിവ പുണ്യദായകമാണ്. അന്ന് വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷ ദിവസം ശിവഭജനവും ശിവക്ഷേത്രദർശനവും നടത്തി സ്വന്തം കഴിവിനൊത്ത വഴിപാടുകൾ കഴിപ്പിക്കുന്നത് നന്മയേകും. പ്രദോഷസന്ധ്യയിൽ ക്ഷേത്ര ദർശനം കഴിഞ്ഞില്ലെങ്കിലും
ശിവഭജനം മുടക്കരുത്. സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് വളരെ വിശേഷമാണ്. കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവഅഷ്ടോത്തരം, ഉമാമഹേശ്വര സ്തോത്രം,
ശങ്കരധ്യാനപ്രകാരം, ശിവസഹസ്രനാമം, ശിവാഷ്ടകം, ലിംഗാഷ്ടകം, ബില്വാഷ്ടകം, വിശ്വനാഥാഷ്ടകം
എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു വ എന്നാണ് പ്രദോഷ വ്രത അനുഷ്ഠാനത്തെ പറ്റിയുള്ള ഒരു വിശ്വാസം .
ഒരിക്കൽ എടുക്കണം
ഈ ദിനത്തില്‍ വിധിപൂർവം വ്രതമനുഷ്ഠിക്കുന്നതിലൂടെ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവർ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്ക്, ജലധാര എന്നിവ നടത്തുക. അന്ന് പകൽ മുഴുവൻ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവർ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ചോറു വാങ്ങി കഴിക്കണം.
സൂര്യദശാദോഷം മാറ്റാം
ആദിത്യദശയുള്ളവര്‍ പ്രദോഷ വ്രതമനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ട ദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്
ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. ഈ ദിവസം തിരുനീലകണ്ഠം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കും.
ശങ്കരധ്യാന പ്രകാരം കേൾക്കാം
ആബാലവൃദ്ധം ശിവഭക്തർക്കും ഒരു പോലെ പ്രിയപ്പെട്ട, ശിവശങ്കരന്റെ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം…. എന്ന് ആരംഭിക്കുന്ന കീർത്തനം, കാര്യസിദ്ധിക്ക് നല്ലതാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കര
ധ്യാനപ്രകാരം കേൾക്കാം :
ALSO READ
മൂലമന്ത്രം
ഓം നമഃ ശിവായ
പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം
ശിവപഞ്ചാക്ഷര സ്തോത്രം
Story Summary: Significance of Pradosha Vritham On October 8,2026
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.