മംഗള ഗൗരി
വെട്ടിക്കോട് ആദിമൂലം നാഗരാജസ്വാമി ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങി. 2025 ഒക്ടോബർ 16 വ്യാഴാഴ്ചയാണ് വെട്ടിക്കോട്
ആയില്യം. ഈ വർഷം കന്നി മാസത്തിൽ രണ്ട് ആയില്യം വന്നതിനാൽ ആദ്യ ആയില്യം മുതൽ രണ്ടാമത്തെ ആയില്യമായ ഒക്ടോബർ 16 വരെ ഇവിടെ ഉത്സവമാണ്.
രണ്ടാമത്തെ പുണര്‍തം, പൂയം, ആയില്യം ദിനങ്ങളായ ഒക്ടോബർ 14, 15, 16 ദിവസങ്ങളിൽ വിശേഷാൽ മഹോത്സവം നടക്കുന്നത്. ആദ്യമായി സര്‍പ്പപ്രതിഷ്ഠ നടന്ന സന്നിധി എന്ന സങ്കല്പത്തിലാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജ സ്വാമി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാവിധ സര്‍പ്പദോഷങ്ങളും പരിഹരിക്കാൻ ഉത്തമമാണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവ കാലത്ത് ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത്. കന്നിയിലെ ആയില്യത്തിന് പുറമെ ഞായറാഴ്ചകള്‍ വെട്ടിക്കോട്ട് വലിയ പ്രാധാന്യമാണ്. മാസന്തോറും ആയിലും നക്ഷത്ര ദിവസങ്ങളില്‍ നൂറും പാലും നടത്താറുണ്ട്. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെ എല്ലാ ഞായറാഴ്ചകളിലും നൂറും പാലും നടത്തും. കുംഭത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ആയില്യം എന്നീ ദിവസങ്ങളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
🟢 ആഗ്രഹസാഫല്യമേകും നാഗരാജാവ്
ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന ദേവനാണ് വെട്ടിക്കോട്ട് ശ്രീനാഗരാജാവ്. സര്‍പ്പരാജനായ അനന്തനെ അതേ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇങ്ങനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന കേരളത്തിലെ ഏക നാഗക്ഷേത്രവും ഇതാണ്. പ്രജാപതിയായ കശ്യപന് ദക്ഷപുത്രി കദ്രുവില്‍ ജനിച്ച പുത്രനാണ് ആദിശേഷനായ അനന്തന്‍. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്‍ അനന്തന്റെ അംശാവതാരമാണ്.
🟢 നാഗ പ്രീതിയാൽ സർവൈശ്വര്യം
ദാരിദ്ര്യം, കഠിനമായ സാമ്പത്തിക ഞെരുക്കം, വിവാഹ തടസം, ഉദര രോഗം, ത്വക് രോഗം, സന്താനഭാഗ്യമില്ലായ്മ തുടങ്ങിയ സർപ്പദോഷങ്ങൾ പരിഹരിക്കാൻ ഉത്തമമായ
മാർഗ്ഗമാണ് വെട്ടിക്കോട് ദർശനവും വഴിപാടുകളും. മണ്ണാറശാല ഒഴികെയുളള മുഖ്യനാഗരാജ സന്നിധികളായ പാമ്പുംമേക്കാട്, അനന്തൻ കാട്, വടക്കുമ്പാട്ട്, പാതിരിക്കുന്നത്ത് എന്നിവിടങ്ങളിലും കന്നിമാസത്തെ ആയില്യമാണ് പ്രധാനം. ഈ ദിവസം പ്രത്യക്ഷദൈവമായ നാഗദേവതകളെ ആരാധനയിലൂടെ പ്രീതിപ്പെടുത്തിയാൽ ധനലാഭം, ദാമ്പത്യസുഖം, സന്താനസൗഖ്യം, ഗർഭാശയ രോഗമുക്തി, ആരോഗ്യ വർദ്ധനവ്, ദീർഘായുസ്, ത്വക്‌രോഗ ശമനം തുടങ്ങി എല്ലാ ഐശ്വര്യവും ലഭിക്കും.
🟢 നാഗരാജാവിന്റെ അവതാരദിനം
ആയില്യം സർപ്പദേവതകളുടെ ജന്മനക്ഷത്രമായാണ് സങ്കല്പിക്കുന്നത്. കന്നിയിലെ ആയില്യം നാഗരാജാവിന്റെ അവതാരദിനമായി കണക്കാക്കുന്നു. അതുകൊണ്ടാണ് കന്നിയിലെ ആയില്യം പ്രധാനമാകുന്നത്. മാസന്തോറും ആയില്യത്തിന് സർപ്പപ്രീതിക്കായി നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും, സർപ്പബലി തുടങ്ങിയവ നടത്താറുണ്ട്.
🟢 ആഗമക്കാവിൽ നൂറും പാലും
മറ്റു സ്ഥലങ്ങളിലെ സര്‍പ്പക്കാവുകളിലെ ചൈതന്യം ആവാഹിച്ച് വെട്ടിക്കോട്ട് കുടിയിരുത്താറുണ്ട്. ഇതിനുള്ള പ്രത്യേക കാവാണ് ക്ഷേത്രകുളത്തിന് സമീപം മതിലിനു വെളിയിലെ ആഗമ സര്‍പ്പക്കാവ്. വര്‍ഷത്തിലൊരിക്കല്‍ തുലാമാസത്തിലെ ആയില്യം കഴിഞ്ഞുള്ള ഞായറാഴ്ച
ഇവിടെ നൂറും പാലും നടത്താറുണ്ട്.
🟢 സര്‍പ്പഭയം മാറ്റാൻ നാഗമന്ത്രങ്ങള്‍
സര്‍പ്പഭീതി ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹത്തിനും ഇനി പറയുന്ന നാഗമന്ത്രങ്ങള്‍ പതിവായി ജപിക്കണം. നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. തിഥികളില്‍ പഞ്ചമി അതും കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി നല്ലതാണ്. നക്ഷത്രങ്ങളില്‍ ആയില്യം നാൾ തന്നെ. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, കളഭം, കമുകിന്‍ പൂക്കുല, പിച്ചി, മുല്ല, അരളി , തുളസി, തെറ്റി ഇവയെല്ലാം നാഗര്‍ക്ക് സമര്‍പ്പിക്കാം. നിവേദ്യങ്ങളില്‍ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാല്‍ പായസം, അപ്പം, അട, ശര്‍ക്കരപായസം, തെരളി എന്നിവയാണ്.

ALSO READ
🟢 നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമ:
🟢 നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:
🟢 സര്‍പ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
🟢 അനന്ത ധ്യാനം
സൗമ്യോ അനന്തശ്ചതുര്‍ ബാഹു:
സര്‍വാഭരണ ഭൂഷിതാ:
ജപാപുഷ്പനിഭാകാര: കരണ്ഡ മകുടാന്വിത:
സിതവസ്ത്രധര: ശാന്തസ്ത്രി നേത്ര:
പത്മ സംസ്ഥിത: അഭയം വരദം ടങ്കം
ശൂലം ചൈവ ധൃതോവതു
🟢 നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സര്‍പ്പ: പ്രചോദയാത്
🟢 അനന്ത ഗായത്രി
ഓം സഹസ്ര ശീര്‍ഷായ
വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്
🟢 ശ്രീ നാഗരാജ അഷ്ടോത്തരം
Story Summary : Significance of Vettikod Ayilyam festival
Copyright 2025 riyoceline.com/projects/Neram/. All rights reserved