Saturday, November 28, 2026
Saturday, November 28, 2026
Home » ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കൂ ആപത്തും ദു:ഖവും ബാധിക്കില്ല

ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കൂ ആപത്തും ദു:ഖവും ബാധിക്കില്ല

by NeramAdmin
0 comments

കാരുണ്യത്തിന്റെയും അനുഗ്രഹവർഷത്തിൻ്റെയും മൂർത്തീഭാവമായ വാരാഹി ദേവിയെ മന്ത്രം ജപിച്ചും വഴിപാടുകൾ നടത്തിയും പ്രീതിപ്പെടുത്തിയാൽ എല്ലാത്തരം
ശത്രുദോഷങ്ങളിൽ നിന്നും മുക്തരാകാനും അതിവേഗം ആഗ്രഹ സാഫല്യം നേടാനും സാധിക്കും. ആന്തരികമായ ദോഷങ്ങൾ അകറ്റി സ്വയം ശുദ്ധീകരിക്കാനും നമ്മെ സഹായിക്കുന്ന ഈ ദേവിയെ ഭജിക്കാൻ ഏറ്റവും പ്രധാനമായ ദിവസം മാസന്തോറും രണ്ടു പക്ഷത്തിലും വരുന്ന പഞ്ചമികളാണ്. ഈ വൃശ്ചികമാസം കൃഷ്ണ പക്ഷത്തിലെ പഞ്ചമി 2026 നവംബർ 28  ശനിയാഴ്ചയാണ്.

കാമം (ആഗ്രഹം), ക്രോധം (കോപം), ലോഭം (അത്യാഗ്രഹം), മോഹം (മമത), മദം ( ലഹരി), മാത്സര്യം (അസൂയ), അഹങ്കാരം (അഹന്ത), കൂടാതെ അജ്ഞാനം (അറിവില്ലായ്മ) എന്നിയാണ് ഏത് വൃക്തിയെയും പിടികൂടാൻ ഒരുങ്ങി നിൽക്കുന്ന ആന്തരിക ശത്രുക്കൾ. ഇവയുമായുള്ള ആന്തരിക യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ, ബാഹ്യലോകത്തിലുള്ള ശത്രുക്കളെ നമുക്ക് നേരിടേണ്ടി വരില്ല. ഒരുപക്ഷേ നമ്മൾ അവരെ ശ്രദ്ധിക്കുക പോലും ചെയ്യില്ല. ലളിതാ സഹസ്രനാമത്തിൽ, വാരാഹി ദേവിക്ക് നിരവധി പേരുകളുണ്ട്: പഞ്ചമി , ദണ്ഡനാഥ, സങ്കേത, സമയേശ്വരി, സമയസങ്കേത, വാരാഹി, പോത്രിണി, വാർത്താളി, ശിവ,ആഗ്നാ ചക്രേശ്വരി അരിഘ്‌നി എന്നിങ്ങനെ നീളുന്നു ആ പേരുകൾ. സന്തോഷത്തോടെയും സമൃദ്ധിയോടെയും നീതിപൂർവ്വം ജീവിക്കാൻ ഒരാൾക്ക് വാരാഹിയുടെ
കൃപാകടാക്ഷം ധാരാളമാണ്. ശ്രീ ലളിതാംബികാ ദേവിയുടെ സർവ്വസൈന്യാധിപയാണ് വാരാഹി ദേവി. ത്രിപുര സുന്ദരിയുടെ വില്ലിൽ നിന്നും അമ്പിൽ നിന്നും ഉത്ഭവിക്കുന്ന അഞ്ച് വ്യത്യസ്ത ശക്തികൾ സംയോജിച്ചാണ് വാരാഹി ദേവിയായി മാറുന്നത്. ദേവിയുടെ രഥത്തെ കിരി ചക്ര രഥം എന്ന് വിളിക്കുന്നു. 1000 വരാഹങ്ങൾ ചേർന്നു വലിക്കുന്ന ഈ രഥം നിയന്ത്രിക്കുന്നത് സ്തംബിനി ദേവിയാണ്. നീല നിറമുള്ള വാരാഹി ദേവിക്ക് കാട്ടുപന്നിയുടെ മുഖവും യൗവനയുക്തയായ യുവതിയുടെ ദേഹവുമാണ്. എരുമയുടെ (മഹിഷം) പുറത്താണ് സഞ്ചാരം. 4, 6, 8, 16 കൈകളിൽ സങ്കല്പം. ഒരു വലതു കൈ താഴെ നിന്ന് മുകളിലേക്ക് ഉയർത്തി, വരമുദ്ര പ്രദർശിപ്പിക്കുന്നു. ആഗ്രഹങ്ങൾ നിറവേറ്റട്ടെ എന്ന അനുഗ്രഹ കല. ഒരു ഇടതു കൈ അഭയ മുദ്ര – ഭയം അകറ്റി, സംരക്ഷണം നൽകുന്നു. വാൾ, വലിയ ദണ്ഡ്, പരിച, കലപ്പ (ഹല), പാശം എന്നിവയാണ് മറ്റ് കൈകളിലുള്ളത്. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം അവരെ ബാധിക്കുന്ന അഹങ്കാരം ഇല്ലാതാക്കുകയും അവരുടെ തിന്മകളെ ശിക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റ് ദേവതാ സങ്കല്പങ്ങളിൽ നിന്നും വാരാഹി ദേവിയെ വ്യത്യസ്തയാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വാരാഹി അമ്മ ദുരിതങ്ങളിൽ നിന്ന് നമ്മെ കൈപിടിച്ചു കയറ്റുകയും വഴിതെറ്റിപ്പോകുമ്പോഴെല്ലാം ശരിയായ വഴിയിലേക്ക് നമ്മെ നയിക്കുകയും, ആത്മീയതയുടെയും ഭൗതിക വിജയത്തിന്റെയും ഉന്നത നില കൈവരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. തമിഴ്നാട്ടിൽ വാരാഹി ദേവിയെ മാരിയമ്മ എന്നാണ് പറയുന്നത്.

സപ്തമാതൃക്കളിൽ ഒന്നായ വാരാഹി ദേവിയെ ഭജിക്കാൻ പഞ്ചമി പോല ഉത്തമമായ ദിനങ്ങളാണ് വെള്ളിയാഴ്ച, അഷ്ടമി എന്നിവ ഇതിൽ ഏത് ദിവസമായാലും രാത്രി 7 മുതൽ 9 വരെയാണ് ശ്രീ വാരാഹി ഭജനത്തിന് പറ്റിയ സമയം. ഈ സമയത്ത് തന്നെ ഉപാസിക്കണം. തന്നിഷ്ടം പോലെ സമയക്രമം മാറ്റരുത്. ഭക്തിക്ക് മുന്നിൽ അതിവേഗം പ്രസാദിക്കുന്ന വാരാഹി ദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാം അദ്ധ്യായത്തിലുണ്ട്. അതാണ് ശ്രീ വാരാഹി ദ്വാദശ നാമവും സ്തോത്രവും. ഈ ദ്വാദശ നാമത്തിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഈ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം ദേവി സൃഷ്ടിക്കും. ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്നവരെ ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ ഒരു തരത്തിലും ആർക്കും തന്നെ തകർക്കാനും കഴിയില്ല. ഈ ദ്വാദശ നാമവും സ്തോത്രവും നിത്യേന ജപിക്കാം. ദേവീ പ്രധാന ദിവസങ്ങളിൽ ജപിച്ചാൽ വേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?