അതിവേഗം അനുഗ്രഹിക്കുന്ന ഭദ്രകാളി ഭഗവതിയെ പൂജിച്ച് തൃപ്തിപ്പെടുത്താൻ ഉത്തമമായ മകരച്ചൊവ്വ നാളെയാണ് : 2026 ജനുവരി 20 ന്. മകരത്തിലെ ആദ്യ ചൊവ്വാഴ്ചയെയാണ് മകരച്ചൊവ്വ എന്ന് പറയുന്നത്. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയുടെ ഉച്ചരാശിയാണ് മകരം. അതിനാൽ ഇതിൻ്റെ സ്വാധീന ശേഷി ഏറ്റവും കൂടുന്ന ദിവസമാണിത്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിദേവതകൾ. മകരം യുഗ്മരാശിയായതിനാൽ ഭദ്രകാളിക്കാണ് പ്രധാന്യം.
പ്രശസ്ത കാളീ ക്ഷേത്രങ്ങൾ
വിശേഷാൽ പൂജകൾ, ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല, ഉത്സവം എന്നിവ മകരച്ചൊവ്വ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളിൽ പതിവാണ്. ഈ ദിവസം ഏതൊരു ഭദ്രകാളി ക്ഷേത്രത്തിലും ദർശനം നടത്തുന്നത് വിശേഷമാണ്. കേരളത്തില്‍ ഏറ്റവുമധികം ഉപാസിക്കുന്ന ദേവിയായ ഭദ്രകാളിക്ക് പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര , ചെന്തിട്ട, ആറ്റുകാൽ, ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, കാട്ടിൽ മേക്കേതിൽ എന്നിവ പ്രസിദ്ധമായ ഭദ്രകാളി സന്നിധികളാണ്.
മിക്കവരുടെയും പരദേവത
ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങളുള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രകാളിയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും.
വഴിപാടുകൾ, ഫലം
മകരച്ചൊവ്വ. ദിവസം ക്ഷേത്രത്തിൽ ചെയ്യാവുന്ന ചില പ്രധാന വഴിപാടുകൾ. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാടുകൾ നടത്താൻ വിശേഷമാണ്. വഴിപാടുകളും ഫലങ്ങളും:
കടും പായസം ………………. കാര്യവിജയം
പുഷ്പാഭിഷേകം …………… ഐശ്വര്യം
സഹസ്രനാമാർച്ചന ………..കാര്യവിജയം, കർമ്മലാഭം
ഭാഗ്യസൂക്താർച്ചന ……….. ഭാഗ്യവർദ്ധന
അഷ്‌ടോത്തരാർച്ചന …….. തടസനിവാരണം
ചുവന്നപട്ട് …………………….. തടസ നിവാരണം
കരിക്ക് അഭിഷേകം ………. രോഗശാന്തി
മഞ്ഞൾ അഭിഷേകം- ……..കുടുംബഭദ്രത
ചാന്താട്ടം ………………… ശത്രുദോഷശാന്തി
കുങ്കുമാഭിഷേകം …..ദാമ്പത്യഭദ്രത, പ്രേമസാഫല്യം
കുങ്കുമാർച്ചന- ……………. കാര്യസിദ്ധി
പനിനീരാഭിഷേകം ………. കർമ്മവിജയം
കളഭം ചാർത്ത് …………….. ധനാഭിവൃദ്ധി,
കാളീസൂക്തം ……..ശത്രുദോഷം മാറാൻ
പട്ടുംതാലിയും …… വിവാഹം, ദാമ്പത്യഭദ്രത
ചെമ്പരത്തിമാല ….. ദൃഷ്ടിദോഷമോചനം
എണ്ണ അഭിഷേകം ………… രോഗശാന്തി
രക്തപുഷ്പാഞ്ജലി ……… ദുരിത മോചനം
ഗുരുതി …………… ശത്രുദോഷനിവാരണം
പൂമൂടൽ ……………… ……… ദുരിതശാന്തി
വഴിപാട്, ജപം പ്രധാനം
ദുരിതങ്ങൾ നീങ്ങാൻ മകരച്ചൊവ്വ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നതും ലളിതാസഹസ്രനാമം, ഭദ്രകാളിപ്പത്ത്, ഭദ്രകാളി അഷ്ടോത്തരം തുടങ്ങിയവ ജപിക്കുന്നതും നല്ലതാണ്. ഭദ്രകാളി ഭക്തർ ജപിക്കേണ്ട സവിശേഷ കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. പത്ത് ശ്ലോകങ്ങളുള്ള ഈ സ്തോത്രം വീട്ടിലും ക്ഷേത്രത്തിലും വച്ച് ജപിക്കാം. ദേഹശുദ്ധിയോടെ നിലവിളക്കു കത്തിച്ചു വച്ചാണ് വീട്ടിൽ ജപിക്കുക. മകരച്ചൊവ്വ നാളിൽ ഇങ്ങനെ ചെയ്താൽ ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷവും ബാധിക്കില്ല. ജാതകത്തിൽ യുഗ്മരാശികളായ ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശികളിൽ ചൊവ്വ നില്ക്കുന്നവർ, ചൊവ്വ ദശാകാലം ഉള്ളവർ, അവിട്ടം, ചിത്തിര, മകയിരം നക്ഷത്രങ്ങളിൽ ജനിച്ചവർ തുടങ്ങിയവർ നിത്യവും ഭദ്രകാളി ഭഗവതിയെ ഭജിക്കേണ്ടത് അത്യാവശ്യമാണ്. അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി, കാർത്തിക, ഉത്രം, ഉത്രാടം, നക്ഷത്രജാതർക്ക് ചൊവ്വ ശുഭകാരിയല്ല. ചന്ദ്രന് പക്ഷബലമില്ലാത്ത സമയത്ത് ജനിച്ച ഭരണി, പൂരാടം, പൂരം, ആയില്യം, തൃക്കേട്ട, രേവതി, പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർക്കും ചൊവ്വ അശുഭനാണ്. അതിനാൽ ഈ രണ്ടു കൂട്ടരും പതിവായി ഭദ്രകാളിയെ പതിവായി ഭജിക്കുകയും മകരച്ചൊവ്വ നാളിൽ ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുകയും വേണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം :
ALSO READ
ഭദ്രകാളിപ്പത്ത് വരികൾ
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ദാരുകാദി മഹാദുഷ്ട –
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഓം ശ്രീ ഭദ്രകാള്യൈ നമ:
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655
Story Summary: Significance of Makara Chowa.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500)
Copyright @ 2026 NeramOnline.com . All rights reserved.