Wednesday, February 4, 2026
Wednesday, February 4, 2026
Home » തൈപ്പൂയം ഞായറാഴ്ച; മന:ശുദ്ധി നേടി എല്ലാ ആഗ്രഹങ്ങളും സഫലമാക്കാം

തൈപ്പൂയം ഞായറാഴ്ച; മന:ശുദ്ധി നേടി എല്ലാ ആഗ്രഹങ്ങളും സഫലമാക്കാം

0 comments

എല്ലാ ജീവജാലങ്ങളുടെയും ഹൃദയമാകുന്ന ഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ. ജ്യോതിഷത്തിൽ കാലപുരുഷന്റെ ഹൃദയമായി പറഞ്ഞിരിക്കുന്ന കർക്കടകം രാശിയിലെ സുപ്രധാന നക്ഷത്രമാണ് പൂയം. അതുകൊണ്ടാണ് പൂയം നക്ഷത്രം സ്കന്ദന് ഏറ്റവും പ്രിയപ്പെട്ടതായത്. നക്ഷത്രത്തിന് പൂർണ്ണബലം സിദ്ധിക്കുന്നതും ദേവൻമാർക്ക് ഏറെ പ്രിയപ്പെട്ടതുമാണ് പൗർണ്ണമി തിഥി. പൗർണ്ണമിയും പൂയവും ഒരുമിച്ചു വരുന്നത് തൈമാസത്തിൽ അഥവാ നമ്മുടെ മകരമാസത്തിലാണ് – ഇതാണ് തൈപ്പൂയം സുബ്രഹ്മണ്യന് പ്രിയപ്പെട്ടതായതിൻ്റെ ഒരു
കാരണം. സാക്ഷാൽ പാർവ്വതി ദേവി മകൻ മുരുകന് അതിദിവ്യമായ ശക്തിവേൽ സമ്മാനിച്ച ദിവസമായതിനാലാണ് മകര മാസത്തിലെ തൈപ്പൂയം ശ്രേഷ്ഠമായതിന്റെ മറ്റൊരു കാരണം.

മനോമാലിന്യങ്ങൾ അകറ്റാം
കൃത്തികാ ദേവിമാർ എടുത്തു വളർത്തിയത് കാരണം കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്. അഗ്നി നക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിച്ചാൽ വിഘ്നങ്ങളെല്ലാം അകലും. ജ്ഞാനവും വിവേകവും വർദ്ധിക്കും എന്നാണ് വിശ്വാസം. മകരമാസത്തിലെ പൂയം നാളിൽ മുരുകനെ ഭജിച്ചാൽ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം അകന്നു പോയി മനസ്സ് പരിശുദ്ധമാകുകയും ആഗ്രഹസാഫല്യം സിദ്ധിക്കുകയും ചെയ്യും.

ദാമ്പത്യക്ലേശം ഇല്ലാതാക്കും
ദാമ്പത്യത്തിലെ എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കാനും പ്രണയ സാഫല്യത്തിനും ചൊവ്വാ ഗ്രഹദോഷം പരിഹരിക്കുന്നതിനും മന:ശ്ശാന്തിക്കും തൈപ്പൂയത്തിന് മുരുകനെ  ആരാധിക്കുന്നത് ഉത്തമമാണ്. ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതു കൊണ്ട് ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും ഭൂമി സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുള്ളവരും പൂയം നക്ഷത്ര ദിവസം പ്രത്യേകിച്ചും തൈപ്പൂയം ദിവസം സുബ്രഹ്മണ്യനെ ഭജിച്ചാൽ ദോഷങ്ങൾ അകലും. ചന്ദ്രന് ഏറ്റവും ബലം സിദ്ധിക്കുന്നത് പൗർണ്ണമിയിലാണ്. പൂയവും പൗർണ്ണമിയും ഏറെക്കുറെ ഒന്നിച്ചു വരുന്ന മകരത്തിലെ തൈപ്പൂയദിവസം വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുകയും സുബ്രഹ്മണ്യ കീർത്തനങ്ങൾ, മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ ജപിക്കുകയും ചെയ്താൽ ആഗ്രഹസാഫല്യം കൈവരും .

പ്രണയസാഫല്യം ലഭിക്കും
തൈപ്പൂയത്തിന്റെ മൂന്നു ദിവസം മുമ്പേ മത്സ്യമാംസാദി വെടിഞ്ഞ് വ്രതം ആരംഭിക്കണം. തൈപ്പൂയത്തിന്റെ തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം ഭക്ഷിക്കാവൂ. തൈപ്പൂയത്തിന് പൂർണ്ണമായും ഉപവസിക്കുന്നതാണ് ഉത്തമം. അതിനു സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കണം. തൈപ്പൂയത്തിന് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ ആരാധിച്ചാൽ പ്രണയ സാഫല്യം കൈവരും. ദമ്പതിമാർ തമ്മിലുള്ള അനുരാഗം വർദ്ധിക്കും സന്തതികൾക്ക് ഉന്നതിയുണ്ടാകും. സന്താനലാഭത്തിന്  ദമ്പതികൾ ഒരുമിച്ചാണ് വ്രത എടുക്കേണ്ടത്.  ചൊവ്വാ ദോഷം കൊണ്ട് വിവാഹ തടസം നേരിടുന്നവരും സന്താനദുഃഖം അനുഭവിക്കുന്നവരും തൈപ്പൂയം മുതൽ ഒരു വർഷം എല്ലാമാസവും പൂയം നാളിൽ വ്രതമനുഷ്ഠിച്ചാൽ ദോഷം മാറി അഭീഷ്ടസിദ്ധിയുണ്ടാകും. ഈ വർഷം തൈപ്പൂയം 2026 ഫെബ്രുവരി 1 ഞായറാഴ്ചയാണ്.

തൈപ്പൂയത്തിന് ജപിക്കാൻ മന്ത്രങ്ങൾ

1 ഓം വചത്ഭുവേ നമഃ

ALSO READ

( വളരെയധികം ഫലസിദ്ധിയേകുന്ന മൂലമന്ത്രമാണിത്. വിദ്യാവിജയത്തെയും പ്രദാനം ചെയ്യും. വ്രതനിഷ്ഠയോടെ ജപിക്കുക )

2.ഓം ശരവണഭവായ നമഃ

( ഈ മന്ത്രജപം ദാമ്പത്യസൗഖ്യം നൽകും.)

സുബ്രഹ്മണ്യഗായത്രികൾ

1.ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്ന: സ്കന്ദ പ്രചോദയാത്

( ഈ മന്ത്രം പ്രവൃത്തികളിലുള്ള തടസ്സങ്ങൾ ഇല്ലാതാക്കും നിത്യവും 36 തവണ ജപിക്കുക )

2. ഓം തത് കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്ന: സ്കന്ദ: പ്രചോദയാത്

( ഈ മന്ത്രം ദാമ്പത്യസൗഖ്യത്തെയും സന്താനലാഭത്തെയും പ്രദാനം ചെയ്യും. നിത്യവും 41 തവണ ജപിക്കുക.,

3 . ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്ന : സ്കന്ദ പ്രചോദയാത്

( ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ് നിത്യവും 108 തവണ ജപിക്കുക

സുബ്രഹ്മണ്യ സഹസ്രനാമം
ദോഷദുരിതങ്ങൾ കൊണ്ടോ, ആരോഗ്യപരമായ വിഷയങ്ങൾ കാരണമോ സന്താനദുരിതം അനുഭവിക്കുന്നവർക്ക് തൈപ്പൂയം വ്രതം നോറ്റ് സുബ്രഹ്മണ്യ പ്രീതി നേടിയാൽ പരിഹാരം ലഭിക്കും. ഇഷ്ടസന്താന ലബ്ധിക്ക് വളരെയധികം ഗുണകരമാണ് മുരുകഭജനം. ശ്രീകാർത്തികേയൻ, വേലായുധൻ തുടങ്ങി ഭഗവാൻ്റെ 1008 നാമങ്ങളിൽ കോർത്ത ഈ പുണ്യ കീർത്തനം മുരുകൻ്റെ ഓരോ നാമങ്ങളുടെയും ഭാവവും ദീപ്തിയും ആഴവും ഏകത്വവും ദിവ്യത്വവും വെളിപ്പെടുത്തുന്നു. ശ്രീസുബ്രഹ്മണ്യൻ്റെ മഹാഗുണങ്ങൾ പ്രകീർത്തിക്കുന്ന ഈ നാമാവലി നിത്യ ജപത്തിനും ധ്യാനത്തിനും ആത്മീയ സാധനയ്ക്കും ഉത്തമം. തൈപ്പൂയം ദിവസം മാത്രമല്ല ചൊവ്വാഴ്ച, ഷഷ്ഠി, കാർത്തിക, പൂയം, വിശാഖം, സ്കന്ദ ഷഷ്ഠി, എന്നീ ദിവസങ്ങളിൽ കഴിയുന്നതും ജപിക്കാൻ ശ്രമിക്കണം പ്രസിദ്ധ ഗായകൻ ന്യാസവും ധ്യാനവും ഉൾപ്പെടെ ജപിച്ച സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം:

ജ്യോതിഷി പ്രഭാസീന സി പി
മൊബൈൽ: + 91 9961442256
Email ID: prabhaseenacp@gmail.com

Story Summary: Thippooya on February 1, 2026, Sunday.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?